Saturday, May 19, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 09.27 AM

അധ്യാപക നിയമനത്തിലെ വിരട്ടല്‍ ഏറ്റു, മദ്യനയത്തില്‍ മെത്രാന്മാര്‍ കണ്ണടച്ചു, ഇനിയുള്ള സമരം നയമറിഞ്ഞ്

സുപ്രീം കോടതി ഉത്തരവിനെ മറയാക്കി 466 ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടത്താനായിരുന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ തീരുമാനം.
liquor policy

കോട്ടയം :മദ്യനയത്തില്‍ നിലപാടു കടുപ്പിച്ചാല്‍ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പി.എസ്.സിക്കു വിടുമെന്ന സര്‍ക്കാരിന്റെ വിരട്ടലിനു മുന്നില്‍ ക്രൈസ്തവ സഭകള്‍ മുട്ടുമടക്കി. ബാറുകള്‍ തുറക്കുന്നതിനെതിരേ പ്രക്ഷോഭം കടുപ്പിക്കുമെന്നു വീരസ്യം മുഴക്കിയ ക്രൈസ്തവ സഭകളുടെയും മെത്രാന്മാരുടെയും പ്രതിഷേധം ഇതോടെ പേരിനുമാത്രമായി.

സുപ്രീം കോടതി ഉത്തരവിനെ മറയാക്കി 466 ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടത്താനായിരുന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ തീരുമാനം. എന്നാല്‍, വെള്ളിയാഴ്ച എറണാകുളത്തു മാത്രമാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ഇതിനു മുമ്പ് ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ജൂെലെ ഒന്നിന് ബാറുകള്‍ തുറന്നപ്പോഴും ബാറുകള്‍ക്കു മുമ്പില്‍ സമരം നടത്തുമെന്നാണ് സഭാ നേതൃത്വങ്ങള്‍ പ്രഖ്യാപിച്ചത്. പക്ഷേ, സംസ്ഥാനത്തെ ഒരു ബാറിനു മുമ്പില്‍ പോലും സമരം നടത്താന്‍ ക്രൈസ്തവ സഭകള്‍ക്കു കഴിഞ്ഞില്ല. സഭകള്‍ക്ക് പിന്തുണയുമായി ബാറുകള്‍ക്കു മുമ്പില്‍ സമരം നടത്തുമെന്നു കെ.പി.സി.സിയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളും സമരത്തിനെത്തിയില്ല.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എയ്ഡഡ് മേഖലയ്ക്ക് അനുവദിച്ച 1796 ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പകരമായി സര്‍ക്കാര്‍ മദ്യനയം മുന്നോട്ടുവയ്ക്കുകയായിരുന്നു. സ്‌കൂളുകള്‍ക്ക് നിയമന അംഗീകാരം ലഭിച്ചാല്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ അടക്കമുള്ള സാമുദായിക വിഭാഗങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുന്നത്. നിയമനം നടത്തുന്നത് ചൂണ്ടിക്കാട്ടി അടുത്തിടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് അധ്യാപക നിയമനത്തിന് ബദലായി മദ്യനയത്തില്‍ മൗനമെന്ന നിര്‍ദേശം വന്നത്.

അതിനിടെ, സഭകളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായി അധ്യാപക നിയമനം പി.എസ്.സിക്കു വിടണമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുള്ളത്. അധ്യാപക സംഘടനകളും ഇതേ ആവശ്യമാണ് ഉയര്‍ത്തുന്നത്. എന്നാല്‍, അധ്യാപക നിയമനം നടത്താനുള്ള അവകാശം മാനേജ്‌മെന്റിന് വേണമെന്നായിരുന്നു സര്‍ക്കാരിലെ പ്രമുഖരെ കണ്ട പ്രതിനിധികള്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാരിന് വലിയ ബാധ്യത വരുത്തുന്ന വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാകണമെങ്കില്‍ മദ്യനയത്തില്‍ അടക്കം വിട്ടുവീഴ്ച വേണ്ടിവരുമെന്ന് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അറിയിച്ചതായാണ് വിവരം. ഓരോ സ്‌കൂളിലും 12 ഉം 13 ഉം അധ്യാപക നിയമനമാണ് നടക്കാനുള്ളത്. കുറഞ്ഞത് 25 ലക്ഷം രൂപയാണ് നിയമനത്തിനു വാങ്ങുന്നത്. മൂന്നരയും നാലും കോടി വരെയാണ് ഓരോ സ്‌കൂളിലുംനിന്ന് മാനേജ്‌മെന്റുകള്‍ കൊയ്തത്. ഓരോ മാനേജ്‌മെന്റിനു കീഴിലും അഞ്ചും പത്തും സ്‌കൂളുകള്‍ വരെയുണ്ട്.
എല്ലാ സ്‌കൂളിലും ഇതിനകം പണം വാങ്ങി നിയമനം നടത്തിയിട്ടുണ്ട്. ഇതിന് അംഗീകാരം നല്‍കുന്ന നടപടിമാത്രമേ സര്‍ക്കാരിന് ഉണ്ടായിരുന്നുള്ളു. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ മദ്യനയത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയവരെ മെരുക്കാന്‍ നീക്കം തുടങ്ങിയത്.

നയമറിഞ്ഞശേഷം സമരം ശക്തമാക്കും

കോട്ടയം: ഇടതു സര്‍ക്കാരിന്റെ മദ്യനയത്തില്‍ കൂടുതല്‍ വ്യക്തത വന്നശേഷം സമരപരിപാടികള്‍ ശക്തമാക്കുമെന്നു കെ.സി.ബി.സി. മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ''മംഗള'ത്തോട് പറഞ്ഞു.
മദ്യനിരോധന സമിതി സമരത്തില്‍നിന്നു പിന്നോട്ടുപോയിട്ടില്ല. എന്നാല്‍, സമരം വിജയിക്കണമെങ്കില്‍ പൊതുജനത്തിന്റെ പിന്തുണകൂടി അനിവാര്യമാണ്. മുന്‍കാലങ്ങളിലെപ്പോലെ സമരത്തിനിറങ്ങാനുള്ള പൊതുജനത്തിന്റ െവെമനസ്യം സമരത്തിന്റെ വീര്യം കുറച്ചിട്ടുണ്ട്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ ഏറെ ബാധിക്കുന്നത് പൊതുജനങ്ങളെയാണ്. ഇതു മുന്നില്‍ കണ്ട് ബോധവല്‍ക്കരണ പരിപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് മദ്യവിരുദ്ധസമിതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

*ഷാലു മാത്യു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW