Friday, June 01, 2018 Last Updated 23 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 01.43 AM

ഇതെല്ലാം എന്റെ കുഴപ്പമാണ്‌...

uploads/news/2017/08/140653/re5.jpg

അപ്പനും അമ്മയും മൂന്നു പെണ്‍മക്കളും അടങ്ങിയ കുടുംബം. അപ്പന്‌ കൂലിപ്പണിയാണ്‌. അമ്മയ്‌ക്ക് പ്രത്യേക ജോലി ഒന്നുമില്ല. ഒരു ദിവസം രാവിലെ മൂന്നു സഹോദരിമാരും ഒന്നിച്ച്‌ സാരിത്തുമ്പില്‍ അവരുടെ ജീവിതം അവസാനിപ്പിച്ചു.
കല്യാണപ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍. കെട്ടിച്ചയയ്‌ക്കാന്‍ നിവൃത്തിയില്ല. എന്നാല്‍ അതു മാത്രമല്ല അതിനു പിന്നിലുള്ള കഥ. അയല്‍പക്കക്കാര്‍ പറയുന്നത്‌. എല്ലാ ദിവസവും ആ വീട്ടില്‍ കേള്‍ക്കുന്ന ശബ്‌ദം കുറ്റാരോപണവും താഴ്‌ത്തിക്കെട്ടലുമാണ്‌ എന്നാണ്‌. ഇവര്‍ ജനിച്ചില്ലായിരുന്നെങ്കില്‍ എത്ര സമാധാനം ഉണ്ടായേനേം. ഈ ഭാരമൊക്കെ ആരു വഹിക്കും? എങ്ങനെ ഇതുങ്ങളെ മൂന്നിനെയും കെട്ടിച്ചു വിടും? ഇതു കേട്ടിട്ട്‌ ഈ പെണ്‍കൊച്ചുങ്ങള്‍ തമ്മില്‍ ഇങ്ങനെ പറയുവാന്‍ തുടങ്ങി: നമ്മള്‍ ആരും ജനിക്കാതിരുന്നു എങ്കില്‍ അപ്പനും അമ്മയും സന്തോഷമായി ജീവിച്ചേനേം. ഇപ്പോള്‍ നാം നിമിത്തം അവര്‍ ദുഃഖിക്കുന്നു. ഒടുവില്‍ അവര്‍ ഒരു തീരുമാനമെടുത്തു. മറ്റുള്ളവര്‍ക്ക്‌ ഭാരമായിത്തീര്‍ന്നിരിക്കുന്ന ഈ ജീവിതം അവസാനിപ്പിക്കുക.
ഒരിക്കല്‍ വളരെ ഗൗരവമായ ഒരു കുടുംബപ്രശ്‌നം എനിക്കു കൈകാര്യം ചെയ്യേണ്ടി വന്നു. ഒരു ദിവസം രാവിലെ ഒരു ഭാര്യയും ഭര്‍ത്താവും എന്നെ കാണുവാന്‍ സഭയുടെ ഓഫീസില്‍ വന്നു. അയാള്‍ ഒരു ലക്ഷപ്രഭുവാണ്‌. വിദ്യാസമ്പന്നന്‍, കുടുംബശ്രേഷ്‌ഠതയുള്ളവന്‍. പ്രശ്‌നത്തെക്കുറിച്ച്‌ രണ്ടുപേരും ഒന്നും മിണ്ടുന്നില്ല. ഞാന്‍ പറഞ്ഞു: ആരെങ്കിലും സംസാരിക്ക്‌. ഉടനെ അയാള്‍ പറഞ്ഞു. തിരുമേനീ, അവള്‍ തന്നെ ആദ്യം പറയട്ടെ.
വളരെ ലജ്‌ജാശീലയായിരുന്ന ആ സ്‌ത്രീ എന്റെ മുഖത്തേക്ക്‌ നോക്കാതെ തന്നെ പറഞ്ഞു: തിരുമേനീ, എന്റെ പ്രശ്‌നം ഇതാണ്‌. എന്റെ ഭര്‍ത്താവ്‌ എന്നെ സ്‌നേഹിക്കുന്നു എന്നു പറയുന്നു. പക്ഷേ, വേറെ ഒരു സ്‌ത്രീയെയും കൊണ്ടു നടക്കുന്നു.
ഞാന്‍ ഒന്നു ഞെട്ടി. ഉടനെ അയാള്‍ ചാടിക്കയറി പറഞ്ഞു: തിരുമേനീ, അത്‌ അങ്ങനെയല്ല. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്‌ ചില വര്‍ഷങ്ങളായി. എനിക്കിത്രയും പ്രായമേയുള്ളു. പക്ഷേ, എന്റെ ഇഷ്‌ടപ്രകാരം കാര്യങ്ങള്‍ ചെയ്യുവാനോ പ്രവര്‍ത്തിക്കുവാനോ ഇവള്‍ക്കു കഴിയുന്നില്ല.
ഇവള്‍ ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പെണ്ണാണ്‌. ഞാനാണെങ്കില്‍ പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവനും. ഞാന്‍ വിദേശരാജ്യത്ത്‌ പോയി പഠിച്ച്‌ ജീവിച്ചവനാണ്‌. ഇവളോടു എത്ര പറഞ്ഞാലും കാര്യങ്ങള്‍ മനസിലാകുകയില്ല. അതുകൊണ്ട്‌ എന്നെ മനസിലാക്കുന്ന, എനിക്ക്‌ ഇടപെടാന്‍ കൊള്ളാവുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്‌ അത്രേയുള്ളു.
വെറും കൂട്ടുകാരിയാണോ? ഞാന്‍ ചോദിച്ചു.
ബാക്കി ഒന്നും വിവരിക്കുന്നില്ല. സംസാരം മുന്നോട്ടു നീങ്ങിയപ്പോള്‍ ഈ സ്‌ത്രീ കരയാന്‍ ആരംഭിച്ചു. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. അവള്‍ കരഞ്ഞു കൊണ്ടു പറഞ്ഞ ഒരു വാചകം ഞാന്‍ ഓര്‍ക്കുന്നു: തിരുമേനീ, ഞാന്‍ കാരണമാണ്‌ എല്ലാം സംഭവിച്ചത്‌. ഞാന്‍ കാരണമാണ്‌.
ഉടനെ ഞാന്‍ പറഞ്ഞു: ദയവുചെയ്‌ത് നിങ്ങള്‍ എങ്ങനെ പറയരുത്‌. അല്ല. ഇദ്ദേഹത്തിന്റെ ഇഷ്‌ടം അനുസരിച്ച്‌ എനിക്കു പ്രവര്‍ത്തിക്കാന്‍ അറിയാമായിരുന്നെങ്കില്‍ എനിക്കിത്‌ സംഭവിക്കുമായിരുന്നില്ല.
ഈ പെണ്‍കൊച്ചു വീടിനുള്ളില്‍ നൂറു പ്രാവശ്യം കേട്ടുകാണും, എടീ, നിന്നെ എന്തിനു കൊള്ളാം? നിനക്കെന്തറിയാം? നിന്റെ അപ്പനും അമ്മയും നിന്നെ പഠിപ്പിച്ചു വിട്ടത്‌ എന്താണ്‌? ഇതു കേട്ടിട്ട്‌ അവള്‍ അവളോടു തന്നെ പറഞ്ഞു: ശരിയാ, ഇതെല്ലാം എന്റെ കുഴപ്പമാണ്‌. ദൈവം ഒരു കുടുംബത്തെപ്പറ്റി എന്തു പറയുന്നു എന്നു ദൈവത്തിന്റെ വചനമായ ബൈബിളില്‍ നിന്നും ഞാന്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു.
എല്ലാ ഭവനങ്ങളിലും പ്രശ്‌നങ്ങളുണ്ടാകും എന്നാല്‍ ഇതിന്റെ പരിഹാരം, അയ്യോ ഞാനാണ്‌ കാരണക്കാരി, ഞാന്‍ മാത്രമാണ്‌ കാരണക്കാരന്‍ എന്നു പറഞ്ഞ്‌ നിരാശപ്പെട്ട്‌ കഴിയുന്നതല്ല. ദൈവത്തിന്റെ വചനം എന്തു പറയുന്നുവോ അതനുസരിച്ചു ജീവിക്കുവാന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ തീരുമാനിക്കുക എന്നുള്ളതാണ്‌.
തമ്മില്‍ തമ്മില്‍ കുറ്റം പറയുകയും താഴ്‌ത്തിക്കെട്ടുകയും ചെയ്യുന്ന ഭവനങ്ങളില്‍ സാധാരണ സംഭവിക്കുന്ന മറ്റൊരു കാര്യമാണ്‌ അന്യോന്യം ശാപത്തിന്റെ വാക്കുകള്‍ പറയുക എന്നത്‌.
നിന്റെ സന്തതിക്കു ഗുണം പിടിക്കത്തില്ല... എടാ നീയും നിന്റെ പിള്ളേരെ വളര്‍ത്തുന്നുണ്ടല്ലോ. അവരും നിന്നോടു ഇതു തന്നെ പ്രവര്‍ത്തിച്ചോളും. അന്നു നീ അനുഭവിച്ചോളും- ശാപത്തിന്റെ വാക്കുകള്‍.
ഇതാ! ആ കുട്ടികള്‍ വളരുന്നു, കല്യാണം കഴിക്കുന്നു. അവര്‍ക്കു മക്കള്‍ ഉണ്ടാകുന്നു. അവരുടെ മനസ്സില്‍ ചെറുപ്പകാലത്തു കേട്ട ശാപങ്ങള്‍, മക്കളിലൂടെ നിവൃത്തിയാകുന്നു.
ഇനിയെങ്കിലും നിങ്ങളുടെ ഭവനത്തില്‍ അങ്ങനെ ചെയ്യരുതേ. അനുഗ്രഹങ്ങള്‍ പകരുക. ബലഹീനരെ വിടുവിക്കുക. തെറ്റു ചെയ്‌തവരോടു ക്ഷമിക്കുക, കൈത്താങ്ങ്‌ കൊടുത്തു ബലപ്പെടുത്തേണ്ടവരെ അങ്ങനെ സഹായിക്കുക. അവരെ നിന്റെ സ്വന്ത രക്‌തമായി കരുതി അവര്‍ക്കുവേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുക ഈശ്വാരാശ്രയം ഉള്ളവരാക്കുക.
ഇനി ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ തെറ്റു ചെയ്‌തിട്ടു അതു സമ്മതിക്കുവാന്‍, സ്വയം പരിശോധന ചെയ്യുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നിങ്ങളുടെ കുടുംബത്തില്‍ എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും?
പ്രശ്‌നങ്ങളും തകര്‍ച്ചയും ഉണ്ടായിട്ടില്ലാത്ത ഒരു കുടുംബവുമില്ല. എന്നാല്‍ അതു സംഭവിക്കുമ്പോള്‍ മറ്റുള്ളവരെ താറടിക്കുകയും നീ കാരണം ഇതു സംഭവിച്ചു എന്നു പറഞ്ഞു കുറ്റപ്പെടുത്തുകയും ചെയ്‌താല്‍ നിങ്ങളുടെ വീടും അവിടെ ജീവിക്കുന്നവരും തകര്‍ച്ചയുടെ വക്കിലാണെന്ന്‌ നീ ഓര്‍മിച്ചിരിക്കണം.

Ads by Google
Sunday 27 Aug 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW