Tuesday, August 29, 2017 Last Updated 4 Min 1 Sec ago English Edition
Todays E paper
Friday 25 Aug 2017 05.22 PM

റോക്ക്സ്റ്റാര്‍ സ്വാമിക്ക് ​കേരളത്തിലും ആരാധകര്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം അടക്കം ദുരൂഹതാത്പര്യങ്ങള്‍ ?

വിശ്രമത്തിനും ആത്മീയകാര്യങ്ങള്‍ക്കുമായാണ് ഗുര്‍മീത് കേരളത്തിലേക്ക് വരുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നതെങ്കിലും റിയല്‍ എസ്റ്റേറ്റ് കച്ചവടം അടക്കം ദുരൂഹമായ പല താത്പര്യങ്ങളും കേരളത്തിലേക്കുള്ള ഇയാളുടെ വരവിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Gurmit singh

റോക്ക്‌സ്റ്റാര്‍ സ്വാമി എന്നറിയപ്പെടുന്ന ആത്മീയഗുരു ഗുര്‍മീത് റാം റഹീം സിങ്ങിന് പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് അനുയായികളുണ്ട്. കേരളത്തിലും അദ്ദേഹത്തിന് അനുയായികളുണ്ട്. അവരുടെ ക്ഷണം സ്വീകരിച്ച് അനവധി തവണ ഗുര്‍മീത് കേരളം സന്ദര്‍ശിച്ചിട്ടുണ്ട് സംസ്ഥാനത്തിന്റെ പലഭാഗത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയുണ്ടെന്നാണ് പറയുന്നത്. 2010ല്‍ മൂന്നാറിലെത്തിയ ഗുര്‍മീതും സംഘവും രണ്ട് ദിവസം അവിടെ ചിലവിട്ട ശേഷം കൊച്ചിയിലെത്തി.

എന്നാല്‍ മൂന്നാറില്‍ വച്ചും പിന്നീട് മൂന്നാറില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലും ഗുര്‍മീതിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് തവണയും ഇടിച്ച വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചു പോയി. മൂന്നാറിനടുത്ത് പോതമേട് കവലയില്‍ വച്ച് റിസോര്‍ട്ട് ജീവനക്കാരനായ റഷീദിനെയാണ് അകമ്പടി വാഹനം ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വലതുകാല്‍ ഒടിഞ്ഞ് ഇയാള്‍ ആശുപത്രിയിലായി. അപകടശേഷം നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. വാഹനം വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറാവാതെ വന്നതോടെ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തുകയും റഷീദിനെ എറണാകുളത്ത് കൊണ്ട് പോയി വിദഗ്ദ്ധ ചികിത്സാ നല്‍കാമെന്നും ചിലവ് വഹിച്ചോളാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ പോലീസില്‍ പരാതി നല്‍കാതെ ആ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

മൂന്നാര്‍ വാസം കഴിഞ്ഞ് ഗുര്‍മീതും സംഘവും കൊച്ചിയിലേക്ക് പോകുന്ന വഴിയായിരുന്നു അടുത്ത അപകടം. കട്ടപ്പനയില്‍ ശശീധരന്‍ എന്നയാളെ ഇടിച്ചിട്ട ഗുര്‍മീതിന്റെ അകമ്പടി വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ കുമളി-മൂന്നാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് അപകടമുണ്ടാക്കിയ വാഹനം വണ്ടന്‍മേട് പോലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടു കൊടുക്കുകയും ചെയ്തു.

2012ല്‍ വയനാട്ടില്‍ സുഖചികിത്സയും വിശ്രമമവും കഴിഞ്ഞ് കോഴിക്കോടേക്ക് വന്ന ഗുര്‍മീത് നഗരത്തെ നിശ്ചലമാക്കി. റാം മോഹന്‍ റോഡിലേയും മാവൂര്‍ റോഡിലേയും വ്യാപാരസ്ഥാപനങ്ങളിലും നഗരത്തിലെ ചില മാളുകളിലും അദ്ദേഹം അന്ന് സന്ദര്‍ശനം നടത്തി. 2014ല്‍ വാഗമണില്‍ സംഘടിപ്പിച്ച ഒരു മെഡിറ്റേഷന്‍ ക്യാംപില്‍ സംസാരിക്കവേ കേരളത്തില്‍ മദ്യപാനം കൂടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് രാജ്യത്തൊട്ടാകെ അഞ്ച് കോടി അനുയായികളുണ്ടെന്നും ഇതില്‍ 90 ശതമാനം പേരും മദ്യത്തില്‍ നിന്ന് മുക്തി നേടിയവരാണെന്നും ഗുര്‍മിത് സിങ് അന്ന് അവകാശപ്പെട്ടു.

2015ല്‍ ദേശീയ ഗെയിംസ് നടക്കുന്നതിനിടെ കേരളത്തിലെത്തിയ സിംഗ് ഹരിയാന നീന്തല്‍ ടീമിന്റെ ക്ഷണം സ്വീകരിച്ച് അവരുടെ മത്സരം കാണാനെത്തുകയും ആ സമയത്ത് അവിടെയെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. മത്സരം മുഴുവന്‍ ഇരുന്ന കണ്ട ഗുര്‍മീത് ശേഷം നടന്ന സമ്മാനദാന ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. വിശ്രമത്തിനും ആത്മീയകാര്യങ്ങള്‍ക്കുമായാണ് ഗുര്‍മീത് കേരളത്തിലേക്ക് വരുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നതെങ്കിലും റിയല്‍ എസ്റ്റേറ്റ് കച്ചവടം അടക്കം ദുരൂഹമായ പല താത്പര്യങ്ങളും കേരളത്തിലേക്കുള്ള ഇയാളുടെ വരവിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Ads by Google
Friday 25 Aug 2017 05.22 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW