Friday, June 08, 2018 Last Updated 58 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 04.23 PM

ആനവണ്ടിയില്‍ കലാലയവര്‍ണ്ണങ്ങളിലേക്ക്...

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/08/140217/lena15clum.jpg

നൃത്തവും പാട്ടുമൊക്കെ ഇടയ്ക്കു ജീവിതത്തിലേക്ക് വന്നു പോയെങ്കിലും മറക്കാനാവാത്ത ഒന്നായത് കലാലയജീവിതമാണ്. ഒരിക്കലും മറക്കാനാവാത്ത ക്യാമ്പസ്സായിരുന്നു എനിക്ക് പുതുക്കാട് പ്രജ്യോതി നികേതന്‍.

ക്യാമ്പസ്സിന്റെ വാതില്‍ തുറന്ന്...


അച്ഛന്റെ ട്രാന്‍സ്ഫറനുസരിച്ച് യാത്രകള്‍ ഏറെ ചെയ്‌തെങ്കിലും പിന്നീടുള്ള എന്റെ സ്‌കൂള്‍-ക്യാമ്പസ് ജീവിതമെല്ലാം തൃശൂരില്‍ ചുറ്റിപ്പറ്റിയായിരുന്നു. പ്രജ്യോതി നികേതനിലേക്ക് എത്തുന്നതും അങ്ങനെയാണ്. സൈക്കോളജി പുസ്തകങ്ങളോടുള്ള താത്പര്യം കാരണം ബിരുദത്തിന് മറ്റൊന്നും തെരഞ്ഞെടുക്കാന്‍ മനസ്സനുവദിച്ചില്ല.

കേരളത്തിലന്ന് ബി.എസ്.സി സൈക്കോളജിയുള്ള കോളജുകള്‍ വളരെ കുറവായിരുന്നു. അതുകൊണ്ടാണ് കുറച്ചു ദൂരെയാണെങ്കിലും പുതുക്കാട് പ്രജ്യോതി തെരഞ്ഞെടുത്തത്. അഡ്മിഷന്‍ കിട്ടി ചേരാന്‍ ചെല്ലുമ്പോള്‍ അധികൃതരോട് ഒരു കാര്യം മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്.

അന്ന് ഞാന്‍ നാലഞ്ചു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. അതു കൊണ്ട് സിനിമയ്ക്കു വേണ്ടി ചിലപ്പോഴൊക്കെ അവധിയെടുക്കേണ്ടി വരും അതിനു സമ്മതിക്കണം. എന്നാല്‍ അവിടെയുള്ള അദ്ധ്യാപകര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.

മുടങ്ങാതെ ക്ലാസ് അറ്റന്റ് ചെയ്തില്ലെങ്കില്‍ സൈക്കോളജി പഠിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും, ഹാജരില്ലാത്തത് വിഷയമാകുമെന്നും, ഈസി ടു ലേണ്‍ വിഷയങ്ങളാണ് നല്ലതെന്നും, സൈക്കോളജിക്കു പകരം ഇംഗ്ലീഷെടുത്താല്‍ വായിച്ചു പഠിച്ചാല്‍ മാത്രം മതിയാകുമെന്നും അവര്‍ അറിയിച്ചു.

പക്ഷേ എന്റെ നിര്‍ബന്ധം സൈക്കോളജി തന്നെയായിരുന്നു. അങ്ങനെ പ്രിന്‍സിപ്പല്‍ ഫാ. കുരിശ്ശേരിയോട് സംസാരിച്ചു. അദ്ദേഹവും പിന്തിരിപ്പിക്കാന്‍ തന്നെ ശ്രമിച്ചു.

എങ്കിലും രണ്ടു മൂന്നു മാസം നോക്കാമെന്നും, മാര്‍ക്കു വാങ്ങിയാല്‍ തുടരാമെന്നും അല്ലെങ്കില്‍ സിനിമയോ പഠനമോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കണമെന്നും ഫാദര്‍ പറഞ്ഞു. മാര്‍ക്ക് വാങ്ങിക്കൊള്ളാമെന്ന് ഞാന്‍ വാക്കു കൊടുത്തു.

സത്യത്തില്‍ എനിക്കതൊരു വെല്ലുവിളി കൂടിയായി. ആദ്യ പരീക്ഷയില്‍ തന്നെ ഞാന്‍ കോളജ് ടോപ്പറായി. പിന്നീടു മൂന്നു വര്‍ഷം അതാര്‍ക്കും വിട്ടുകൊടുത്തുമില്ല.

പണ്ടേ 'പഠിപ്പിസ്റ്റായതു' കൊണ്ട് എനിക്കതില്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. സിനിമയും പഠനവും ഒരുമിച്ചു കൊണ്ടു പോയി. ആ സമയത്താണ് ഇന്ദ്രിയത്തിലൊക്കെ അഭിനയിക്കുന്നത്.

മാര്‍ക്കിന്റെ കാര്യത്തില്‍ പരിഹാരമായപ്പോള്‍ ഹാജര്‍ ഒരു പ്രശ്‌നമായി. അതുകൊണ്ട് ആ മൂന്നു വര്‍ഷം വളരെ സെലക്ടീവായേ ഞാന്‍ സിനിമ ചെയ്തുള്ളു.

പച്ചപ്പിന്റെ മണമുള്ള ക്യാമ്പസ്സ്


പ്രജ്യോതി നികേതന്‍ മറ്റു കോളജുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഫൗണ്ടര്‍ പ്രിന്‍സിപ്പലായ ഫാ. ഹര്‍ഷജന്‍ ഒരു ഹോളിസ്റ്റിക്ക് അപ്രോച്ചിലാണ് അത് പണിതിരിക്കുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണത്. കുന്നിന്റെ മുകളിലുള്ള ആ കോളജിന്റെ സൗന്ദര്യം വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ല.

മരങ്ങളും പച്ചപ്പും നിറഞ്ഞ അന്തരീക്ഷം. ഓഡിറ്റോറിയം പോലും ഓപ്പണ്‍ എയര്‍ ഫീലിംഗിലാണ്. മരങ്ങളൊക്കെ ചുറ്റും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിരമണീയമെന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും. അത്രയ്ക്കും മനോഹരമാണത്.

ചുറ്റുമുള്ള മരങ്ങളും പച്ചപ്പും മനസ്സില്‍ കുളിര്‍മ്മ നിറയ്ക്കും. ശരിക്കും പ്രകൃതിദേവിയുടെ അനുഗ്രഹം കിട്ടിയ ക്യാമ്പസ്. ഒരു കുട്ടി അവരിഷ്ടപ്പെടുന്ന എല്ലാ മേഖലകളിലും വികസിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവിടുത്തെ ഗുരുക്കന്മാര്‍.

അതുകൊണ്ടാണ് എന്റെ കലാവാസനയ്ക്കും അവര്‍ വിലങ്ങുതടിയാകാഞ്ഞത്. മൂന്നു വര്‍ഷവും സിനിമ കാരണം പഠനത്തില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകരുതെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതും അവിടുത്തെ അദ്ധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ കൊണ്ടാണ്.

ആനവണ്ടിയിലെ യാത്ര


തൃശൂരില്‍ നിന്ന് പുതുക്കാട്ടേക്കുള്ള ആനവണ്ടി യാത്രയായിരുന്നു ഏറ്റവും രസകരം. ഞാനന്ന് സ്‌നേഹം, കരുണം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളൊക്കെ ചെയ്തു കഴിഞ്ഞ സമയം. ചിലരൊക്കെ എന്നെക്കണ്ടാലന്ന് തിരിച്ചറിയുമായിരുന്നു.

അതുകൊണ്ടു എനിക്ക് ബസ്സിലെ യാത്ര ബുദ്ധിമുട്ടാണെന്ന് കരുതി വീട്ടിലെ വണ്ടിയില്‍ കോളജില്‍ പോകുന്നതാണ് നല്ലതെന്ന് അച്ഛനും പറഞ്ഞു. പക്ഷേ സിനിമയില്‍ അഭിനയിച്ചുവെന്നു കരുതി സാധാരണ ജീവിതം വിട്ടു മാറരുതെന്ന് ഞാന്‍ തീരുമാനമെടുത്തിരുന്നു.

കൂട്ടുകാര്‍ക്കൊപ്പം ബസ്സിലിരുന്ന് കോളജിലെത്താനായിരുന്നു എന്റെ ഇഷ്ടം. ബസ്സ് ഓടുമ്പോള്‍ പിന്നിലേക്കു യാത്ര ചെയ്യുന്ന മരങ്ങളും കെട്ടിടങ്ങളും ആളുകളുമൊക്കെ ഇന്നും മനസ്സിലുണ്ട്. ക്യാമ്പസ് ജീവിതത്തിന്റെ മാധുര്യം ഇരട്ടിയാകാന്‍ ആ യാത്രകളായിരുന്നു മറ്റൊരു കാരണം.

രണ്ടാം ഭാവം റിലീസ് ചെയ്ത സമയത്ത് ആ യാത്രയിലെ മറ്റൊരു രസം ഞാനറിഞ്ഞു. പോകുന്ന വഴിയില്‍ സിനിമയുടെ വലിയ പോസ്റ്ററൊക്കെ ഉണ്ടാകും. ഇതിന്റെ മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ബസ്സിലിരിക്കുന്നവര്‍ പോസ്റ്ററിലേക്കും എന്നെയും മാറിമാറിനോക്കും.

ഒരു തവണ എന്നെ നോക്കും, പിന്നെ ഒന്നു കൂടെ പോസ്റ്ററില്‍ നോക്കി ഉറപ്പിക്കും. ആ സമയത്ത് അവരുടെ മുഖത്ത് മാറിമറിയുന്ന ഭാവഭേദങ്ങള്‍ നല്ല രസമാണ്.

വിചിത്രമായ അത്തരം അനുഭവങ്ങള്‍ക്കൊക്കെ ബസ് യാത്ര സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും പിന്നെ സെല്‍ഫി ഭ്രാന്തുണ്ടായിരുന്നില്ല. ഓട്ടോഗ്രാഫായിരുന്നു ആകെ ഉണ്ടായിരുന്നത്.

ബസ്സിലിരുന്ന് ഓട്ടോഗ്രാഫ് എഴുതി, കാഴ്ചകളും കണ്ട് കൂട്ടുകാര്‍ക്കൊപ്പം വര്‍ത്തമാനമൊക്കെ പറഞ്ഞുള്ള യാത്ര ശരിക്കും രസകരമായിരുന്നു. ഓര്‍മ്മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന കാലം.

എത്രയൊക്കെ സെല്‍ഫിയെടുത്താലും അന്നെഴുതിക്കൊടുത്ത ഓട്ടോഗ്രാഫിന്റെ മാധുര്യമൊന്നും അതിനുണ്ടാവില്ല. അതു പറഞ്ഞപ്പോഴാണ് മറ്റൊന്ന് ഓര്‍ത്തത്, സിനിമാനടിയാകും മുമ്പ് ഓട്ടോഗ്രാഫ് എഴുതിയ കഥയുണ്ട്, അത് അടുത്ത ലക്കത്തില്‍...

തയാറാക്കിയത് - ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW