Tuesday, September 05, 2017 Last Updated 0 Min 37 Sec ago English Edition
Todays E paper
അഡ്വ.അനില്‍ കുമാര്‍
Friday 25 Aug 2017 01.45 PM

ഇരുപത്തിമൂന്ന് വയസ്സിനുള്ളില്‍ റസ്‌ന കുടിച്ചുതീര്‍ത്ത കണ്ണീരിന് കണക്കില്ല, ഒടുവില്‍ പിഞ്ചുകുഞ്ഞുങ്ങളുമായി അവള്‍ ആ തീരുമാനത്തിലെത്തി

''നിക്കാഹിന് ഒരാഴ്ച മുന്‍പ് ആ പെണ്‍കുട്ടി മറ്റൊരാളുമായി ഒളിച്ചോടിേപ്പായി.''
uploads/news/2017/08/140192/Weeklyfamilycourt250817.jpg

ഒരിക്കല്‍ റസ്‌ന എന്ന യുവതി എന്നെ കാണാന്‍ വന്നു. അവര്‍ക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. വന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് ഞാന്‍ അന്വേഷിച്ചു.

''എന്റെ ഭര്‍ത്താവിന് എന്നെയും മക്കളെയും വേണ്ട. ഒരു കാരണത്താലും അദ്ദേഹവുമായി ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ല. നിയമപരമായി ഞങ്ങളുടെ ബന്ധം വേര്‍പെടുത്തി തരണം സര്‍.''

''ഈ ചെറുപ്രായത്തിലെ ബന്ധം പിരിഞ്ഞാല്‍ രണ്ട് കൊച്ചുകുട്ടികളുമായി ഇനിയുളള കാലം എങ്ങനെ ജീവിക്കും?'' ഞാന്‍ ചോദിച്ചു.
എനിക്ക് പിരിയാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല. സാഹചര്യം അതായതുകൊണ്ടാണ്. ആ യുവതി അവളുടെ ജീവിതാനുഭവങ്ങള്‍ പറഞ്ഞു.

ബാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് ഞാനുണ്ടായത്. എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും അവര്‍ എന്നോടൊപ്പം നിന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് ബാപ്പച്ചി എന്നെ വളര്‍ത്തിയത്.

എനിക്ക് പതിനാറു വയസ്സുളളപ്പോള്‍ ജോലിക്കു പോകാന്‍ സാധിക്കാത്തവിധം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അദ്ദേഹത്തിന് പിടിപെട്ടു. എങ്കിലും അതൊന്നും കാര്യമാക്കാതെ ബാപ്പ ജോലിക്കു പോയി.

ഞാന്‍ പ്ലസ്ടു കഴിഞ്ഞ സമയത്താണ് ഞങ്ങളുടെ ബന്ധത്തിലുളള സിയാദ് ഇക്കയുടെ വിവാഹം നിശ്ചയിച്ചത്. നിക്കാഹിന് ഒരാഴ്ച മുന്‍പ് ആ പെണ്‍കുട്ടി മറ്റൊരാളുമായി ഒളിച്ചോടി പോയി. അതോടെ ഇക്കയുടെ വിവാഹം മുടങ്ങി.

എന്നാല്‍ ഒളിച്ചോടിപ്പോയ പെണ്ണിനോടുളള വാശി തീര്‍ക്കാനായി എല്ലാവരും കൂടി ഇക്കായ്ക്ക് വേണ്ടി എന്നെ ആലോചിച്ചു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രായവ്യത്യാസം ഉളളതുകൊണ്ട് ബാപ്പച്ചി അതിനെ എതിര്‍ത്തു.

പ്രായമായ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അനാഥയാകുമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ബാപ്പച്ചി നിക്കാഹിന് സമ്മതിച്ചു. നേരത്തെ നിശ്ചയിച്ച ദിവസം തന്നെ ഞങ്ങളുടെ വിവാഹം നടന്നു.

എന്നാല്‍ ഇക്കായ്ക്ക് എന്നെ ഇഷ്ടമായിരുന്നില്ല. വിവാഹശേഷം അദ്ദേഹം വിദേശത്ത് ജോലിക്ക് പോയി. എന്തോ കാരണത്തിന് അവിടുത്തെ സര്‍ക്കാര്‍ 2 ലക്ഷം രൂപ പിഴ ചുമത്തി. അത്രയും പണം ബാപ്പച്ചിയില്‍ നിന്ന് വാങ്ങികൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു.

ബാപ്പച്ചിയുടെ കൈയിലുളളതും മറ്റുളളവരോട് കടം വാങ്ങിയുമാണ് നിക്കാഹിന് 35 പവന്‍ സ്വര്‍ണ്ണം തന്നത്. അങ്ങനെയുളളപ്പോള്‍ പെട്ടെന്ന് എങ്ങനെ രണ്ട് ലക്ഷംരൂപ ഞാന്‍ ആവശ്യപ്പെടും? എങ്കിലും ഇക്കയുടെ നിര്‍ബന്ധപ്രകാരം ഞാന്‍ ഉമ്മച്ചിയെ വിളിച്ച് വിവരമറിയിച്ചു. ഞാന്‍ വിഷമിക്കുമെന്ന് കരുതി വീടിന്റെ ആധാരം പണയപ്പെടുത്തി രണ്ട് ലക്ഷംരൂപ തന്നു.

ആ പണം അദ്ദേഹത്തിന് അയച്ചു കൊടുത്തു. കുറച്ച് നാള്‍ കഴിഞ്ഞ് ഇക്ക നാട്ടില്‍ തിരിച്ചെത്തി. പുതിയ ബിസിനസ് തുടങ്ങാനായി എന്റെ ആഭരണങ്ങള്‍ പണയപ്പെടുത്തി.

അതുകൊണ്ടും പണം തികയില്ലെന്നും വീട്ടില്‍ നിന്ന് 5 ലക്ഷം രൂപ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ബാപ്പച്ചിയുടെ കൈയില്‍ പണമില്ലെന്ന് അറിയാവുന്നതുകൊണ്ട് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.

ആ സമയത്താണ് മൂത്തമകന്റെ ജനനം. കുഞ്ഞ് ജനിച്ചപ്പോള്‍ പോലും എന്നോട് സ്‌നേഹത്തോടെ പെരുമാറിയില്ല. മാനസ്സിക സമ്മര്‍ദ്ദം സഹിയ്ക്കവയ്യാതെ കുഞ്ഞിനെക്കൂട്ടി ഞാനെന്റെ വീട്ടിലേക്ക് പോയി. ഒരു വര്‍ഷക്കാലം മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കഴിഞ്ഞു.

പിന്നീട് ഇക്കയുടെയും ബന്ധുക്കളുടെയും നിര്‍ബന്ധ പ്രകാരം ഞാന്‍ തിരിച്ച് ചെന്നു. വീട്ടിലെത്തി ഒരാഴ്ച കുഴപ്പമില്ലായിരുന്നു. മദ്യപിച്ച് രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന അദ്ദേഹം എന്നെ ശാരീരികമായും ഉപദ്രവിക്കും.

ചിലപ്പോള്‍ മൂന്നും നാലും ദിവസങ്ങള്‍ കൂടിയാണ് വീട്ടിലെത്തുക. ചോദിച്ചാല്‍ അദ്ദേഹത്തിന് ഇഷ്ടമാവില്ല. പിന്നെ അതിന്റെ പേരില്‍ എന്നെ ഉപദ്രവിക്കും. ആ സമയത്ത് ഞങ്ങള്‍ക്ക് ഒരു മകളു കൂടി ജനിച്ചത്. കുട്ടികളെ രണ്ടുപേരെയും ഓര്‍ത്ത് എല്ലാം സഹിച്ച് ഞാനവിടെ നിന്നു.

ഇക്കയ്ക്ക് എന്നെ മടുത്തു, അദ്ദേഹത്തിന് മറ്റൊരു സ്ത്രീയെ ഇഷ്ടമാണെന്നും അതുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി പോകണമെന്നും എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികളെയും കൂട്ടി ഞാന്‍ ആ വീട്ടില്‍നിന്ന് ഇറങ്ങി.

പ്രായമായ ബാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും സംരക്ഷണയിലാണ് ഞങ്ങള്‍ കഴിയുന്നത്. ബാങ്കില്‍ നിന്നെടുത്ത പണം തിരിച്ചടയ്ക്കാത്തതു മൂലം വീട് ജപ്തി ഭീഷണിയിലാണ്.

ഇതിനിടയില്‍ പലപ്പോഴും അദ്ദേഹം മദ്യപിച്ച് വീട്ടില്‍ വന്ന് ചീത്തവിളിക്കുകയും, പൊതു സ്ഥലങ്ങളില്‍ വച്ച് ഉപദ്രവിക്കുകയും ചെയ്യുന്നു. നിയമപരമായി ബന്ധം വേര്‍പിരിയുകയാണെങ്കില്‍ പിന്നെ ഭാര്യയെന്ന അവകാശം പറഞ്ഞ് വരില്ലല്ലോ. അത്രയ്ക്ക് വേദനയും കഷ്ടപ്പാടും ഞാനനുഭവിച്ചു. അതുകൊണ്ട് എത്രയും പെട്ടെന്ന് നിയമപരമായി ബന്ധം വേര്‍പ്പെടുത്തി തരണം.

മൂത്തമകന് അഞ്ച് വയസ്സും ഇളയ കുട്ടിക്ക് രണ്ടു വയസ്സുമേയുളളൂ. ഇനിയുളള കാലം എന്തെങ്കിലും ജോലി ചെയ്ത് മക്കളെയും മാതാപിതാക്കളെയും എനിക്ക് സംരക്ഷിക്കണം.

ഇരുപത്തിമൂന്ന് വയസ്സിനുളളില്‍ റസ്‌ന ഒരുപാട് വേദനകള്‍ അനുഭവിച്ചു. തെളിവുകളും സാക്ഷിമൊഴികളും എല്ലാം റസ്‌നയ്ക്ക് അനുകൂലമായതുകൊണ്ട് പെട്ടെന്ന് തന്നെ വിവാഹ മോചനം ലഭിച്ചു.

അഞ്ജു രവി

Ads by Google
TRENDING NOW