Tuesday, November 21, 2017 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 12.02 PM

എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കില്ല; ഇടതുമുന്നണിയുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തും, തീരുമാനം അതിനുശേഷം

നിതീഷ്‌കുമാര്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെതോടെ പ്രതിസന്ധിയിലാണ് ജെ.ഡി.യു കേരളഘടകം ഇനി എന്തുചെയ്യണമെന്നതിനെ സംബന്ധിച്ച് കഴിഞ്ഞദിവസം നേതാക്കളും ജില്ലാ പ്രസിഡന്റമാരും യോഗം ചേര്‍ന്ന് ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചില നീക്കങ്ങള്‍ ശക്തിപ്പെടുത്താനായി പാര്‍ട്ടി ആലോചിക്കുന്നത്.
JDU

തിരുവനന്തപുരം: ജെ.ഡി.യു സംസ്ഥാനഘടകം എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കില്ല. പകരം പുതിയ പാര്‍ട്ടി. ഭാവി പരിപാടികളെക്കുറിച്ച് ഇടതുമുന്നണിയുമായി അനൗപചാരിക ചര്‍ച്ചകള്‍ക്കും തീരുമാനിച്ചു. ഉടന്‍ തന്നെ ഈ ദിശയിലേക്കുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. മിക്കവാറും പാര്‍ട്ടി സംബന്ധിച്ച തീരുമാനം ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായി മാത്രമായിരിക്കുമുണ്ടാകുക. അതുവരെ ദേശീയതലത്തിലെ രാഷ്ട്രീയചലനങ്ങള്‍ നിരീക്ഷിക്കാനാണ് തീരുമാനം.

നിതീഷ്‌കുമാര്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെതോടെ പ്രതിസന്ധിയിലാണ് ജെ.ഡി.യു കേരളഘടകം ഇനി എന്തുചെയ്യണമെന്നതിനെ സംബന്ധിച്ച് കഴിഞ്ഞദിവസം നേതാക്കളും ജില്ലാ പ്രസിഡന്റമാരും യോഗം ചേര്‍ന്ന് ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചില നീക്കങ്ങള്‍ ശക്തിപ്പെടുത്താനായി പാര്‍ട്ടി ആലോചിക്കുന്നത്.

ഫലത്തില്‍ ഇപ്പോള്‍ ജെ.ഡി.യുവിലില്ലാതായ സംസ്ഥാന ഘടകം പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ആദ്യപാര്‍ട്ടിയായ എസ്.ജെ.ഡിയുടെ പുനരുജ്ജീവനം അസാദ്ധ്യമാണ്. ജെ.ഡി.യുവില്‍ ആ പാര്‍ട്ടി ലയിച്ച സാഹചര്യത്തില്‍ അത് പുനരുജ്ജീവിപ്പിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പുതിയ സംവിധാനമാണ് ചിന്തയില്‍. എന്നാല്‍ ചാടിക്കയറി അത്തരമൊരു നീക്കത്തിനും തയാറല്ല.

കേരളത്തില്‍ പാര്‍ട്ടിയുടെ ഭാവി വല്ലാത്ത ചോദ്യചിഹ്‌നമായി നില്‍ക്കുന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. പാര്‍ട്ടിയില്‍ ഭൂരിഭാഗത്തിനും വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യു.ഡി.എഫില്‍ തുടരാന്‍ താല്‍പര്യമില്ല. എന്നാല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും മുന്‍ മന്ത്രി കെ.പി. മോഹനനും യു.ഡി.എഫ് വിടുന്നതിനോടും താല്‍പര്യമില്ല. യു.ഡി.എഫ് വിടേണ്ടതില്ലെന്ന് പറയുന്നത് ന്യൂനപക്ഷമായതുകൊണ്ട് ഇടതുമുന്നണിയിലേക്കുള്ള സാദ്ധ്യത പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇടതുമുന്നണിയുമായി ബന്ധപ്പെട്ട നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചകള്‍ അതീവരഹസ്യമാക്കി വയ്ക്കാനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചകളുടെ അന്തിഘട്ടത്തില മാത്രം അത് പുറത്തുപറഞ്ഞാല്‍ മതിയെന്നാണ് തീരുമാനം.

ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാര്‍ട്ടി സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക. സംസ്ഥാനതലത്തില്‍ ഒരു പാര്‍ട്ടിയെന്നതിനോട് ജെ.ഡി.യു സംസ്ഥാനഘടകത്തിലെ ആര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ദേശീയതലത്തിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെ സസൂക്ഷമം വീക്ഷിക്കാനാണ് നീക്കം. ശരദ്‌യാദവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് പുതിയൊരു ദേശീയപാര്‍ട്ടി എന്ന ആശയം മുന്നിലുണ്ട്. എന്നാല്‍ ഇടതുമുന്നണിക്ക് അത് സ്വീകാര്യമാകുമോയെന്ന സംശയം സംസ്ഥാനത്തിലുള്ളവര്‍ക്കുണ്ട്. അങ്ങനെയാണെങ്കില്‍ ഒന്നുകില്‍ ഒരു സംസ്ഥാനപാര്‍ട്ടിയുണ്ടാക്കുകയോ, ജനതാദളി(എസ്)ല്‍ ചേരുകയോ ചെയ്തുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. എന്തായാലും ചാടിക്കയറി തീരുമാനം വേണ്ട എന്ന നിലപാടിലാണ് പാര്‍ട്ടി. അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാത്രമേ നീക്കം സജീവമാകുകയുള്ളു.

എം.ആര്‍ കൃഷ്ണന്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW