Thursday, June 07, 2018 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 24 Aug 2017 03.47 PM

സിനിമ ചെറുതായാലും വലുതായാലും കൊടുത്ത വാക്ക് പാലിക്കും : സുധീര്‍ കരമന

uploads/news/2017/08/139870/CiniINWKaramana.jpg

സുധീര്‍ കരമന തിരക്കിലാണ്. ഒന്നിനു പുറകെ മറ്റൊന്നായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ തേടിയെത്തുമ്പോള്‍ ആരെയും നിരാശരാക്കാതെ സുധീര്‍ കരമന കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയുകയാണ്.

ഇപ്പോള്‍ സുധീര്‍ കരമനയെന്ന നടന്റെ സമയമാണ്. അഭിനയിക്കാന്‍ കഴിയുന്ന കരുത്തുറ്റ കഥാപാത്രങ്ങളാണ് ഈ നടന്റെ കൈയില്‍. ഓരോ കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ അനുപമമായ ഭാവാഭിനയ പൂര്‍ണിമയോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള പരിശ്രമമാണ് സുധീര്‍ നടത്തുന്നത്.

അടുത്ത കാലത്ത് മികച്ച ഓഫറുകള്‍ നിരസിക്കേണ്ടി വന്നെങ്കിലും സംവിധായകര്‍ക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കുന്നതിലാണ് അധ്യാപകന്‍ കൂടിയായ സുധീര്‍ കരമന ശ്രമിക്കുന്നത്.

'എന്നും...' എന്ന ചിത്രത്തിന്റെ കൊല്ലങ്കോട്ടെ സെറ്റിലാണ് സുധീറിനെ കണ്ടത്.

? 'എന്നും...' എന്ന ചിത്രത്തിലെ കുമാരനെന്ന കഥാപാത്രത്തെ എങ്ങനെ വിലയിരുത്തുന്നു.


ഠ 'സുഖമാണോ ദാവീദേ...' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് 'എന്നും' എന്ന ചിത്രത്തിന്റെ കഥ കേട്ടത്. കഥ കേട്ടപ്പോള്‍ ശരിക്കും ഷോക്ക്ഡ് ആയി. ഇത് റിയലായി നടന്ന സംഭവമാണെന്നറിഞ്ഞപ്പോള്‍ കൗതുകം തോന്നി. കാരണം യഥാര്‍ത്ഥമായി നടന്ന കാര്യങ്ങള്‍ സിനിമയാക്കുമ്പോള്‍ അതിനൊരു യാഥാര്‍ത്ഥ്യബോധത്തോടെയുള്ള മധുരമുണ്ട്.

ഈ ചിത്രത്തിന്റെ കഥയാണ് എന്നെ സ്പര്‍ശിച്ചത്. തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ട കുമാരനെന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളുമായി പൊരുത്തപ്പെടാന്‍ എനിക്കു രണ്ടുദിവസം വേണ്ടി വന്നു.

? കുമാരനെന്ന കഥാപാത്രത്തെക്കുറിച്ച് നിരീക്ഷണം നടത്തിയോ...


ഠ ഒരിക്കലുമില്ല. കാരണം മറ്റേതെങ്കിലും തൊഴില്‍ ചെയ്യുന്ന പ്രത്യേക സ്വഭാവ സവിശേഷതയുള്ള കഥാപാത്രങ്ങളെ പഠിക്കാന്‍ നമുക്ക് ഒരുപാട് സാധ്യതകളുണ്ട്. പക്ഷേ ജീവിതം മുഴുവന്‍ ശ്മശാനത്തില്‍ ചെലവഴിച്ച് മൃതദേഹം ദഹിപ്പിക്കുകയെന്ന ജോലിയില്‍ വ്യാപൃതനാകുന്ന ഒരാളെ എങ്ങനെയാണ് നിരീക്ഷിക്കാന്‍ കഴിയുക.

അതുകൊണ്ടുതന്നെ ഒബ്‌സര്‍വ് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള കുമാരനെന്ന കഥാപാത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കുകയാണ്. റഫറന്‍സിനു പോലും നിര്‍വത്തിയില്ലാത്ത കുമാരനെന്ന കഥാപാത്രത്തെ എന്റെ ഉള്ളിന്റെയുള്ളില്‍ ക്രിയേറ്റ് ചെയ്ത മാനറിസങ്ങളുമായി ബന്ധിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

മുഖഭാവത്തില്‍ നോട്ടത്തില്‍ ശരീരചലനങ്ങളില്‍ ഉള്‍പ്പെടെ ശ്മശാനത്തില്‍ ജീവിതം ഉഴിഞ്ഞുവച്ച് കുമാരന്‍ യഥാര്‍ത്ഥത്തില്‍ എനിക്കൊരു വെല്ലുവിളി തന്നെയാണ്.

? പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളോരോന്നും വ്യത്യസ്തതയുള്ളതാണോ...


ഠ അതെ എനിക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളൊക്കെ വേറിട്ട സ്വഭാവസവിശേഷതയുള്ളതാണ്. ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ വരുമ്പോള്‍ പരമാവധി ഒഴിഞ്ഞുമാറാറുണ്ട്. കാരണം കൂടുതല്‍ സിനിമകളില്ലെങ്കിലും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

മൂന്നു കാലഘട്ടത്തിന്റെ കഥപറയുന്ന വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മാവനായും കമാരസംഭവത്തില്‍ അബ്കാരി കോണ്‍ട്രാക്ടറായും അഭിനയിക്കുന്നുണ്ട്.

uploads/news/2017/08/139870/CiniINWKaramana1.jpg

മമ്മുക്ക നായകനായ ശരത്തിന്റെ പരോള്‍ എന്ന ചിത്രത്തില്‍ വട്ടക്കണ്ണന്‍ സുകുവെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഉട്ടോപ്യയിലെ രാജാവിനു ശേഷം ഞാന്‍ മമ്മുക്കയോടൊപ്പം അഭിനയിക്കുന്ന ചിത്രമാണ് പരോള്‍.

അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കരനില്‍ തളര്‍ന്നുകിടപ്പിലായ ലീഫ് വാസുവിന് ദിവാന്‍ജി മൂലയെന്ന ചിത്രത്തിലൂടെ വീണ്ടും പുനര്‍ജനി നല്‍കുകയാണ്.

ജിത്തുജോസഫിന്റെ ആദിയിലും നല്ലൊരു വേഷമാണ്. മുരളീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മീനാക്ഷിയെന്ന ചിത്രത്തില്‍ വെളിച്ചപ്പാടായാണ് അഭിനയിക്കുന്നത്.

ഒരേ ടൈപ്പ് കഥാപാത്രങ്ങളെ ചെയ്യാന്‍ എനിക്കു താല്പര്യമില്ല. ജയില്‍ പുള്ളിയായി ഒട്ടേറെ സിനിമകള്‍ ചെയ്തു. എന്നും എന്ന ചിത്രത്തിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ച് ജീവിതം മുന്നോട്ടു നയിക്കുമ്പോഴും മനസില്‍ റൊമാന്‍സ് സൂക്ഷിക്കുന്ന കുമാരനും പരോളിലെ വട്ടക്കണ്ണന്‍ സുകുവും ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.

? വ്യത്യസ്തമായ കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ വെറുതെ അഭിനയിച്ച് പോവുക എന്നതിലുപരി കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയാന്‍ ശ്രമിക്കാറുണ്ടോ...


ഠ തീര്‍ച്ചയായും. സംവിധായകന്‍ കഥ പറഞ്ഞുകഴിഞ്ഞ് ആ സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ എനിക്കു ലഭിച്ച കഥാപാത്രത്തെക്കുറിച്ച് ഞാന്‍ പഠിക്കാറുണ്ട്.

ചിരിയും ചിന്തയുമുണര്‍ത്തുന്ന തരത്തില്‍ കഥാപാത്രങ്ങളുമായി ഞാന്‍ സംവദിക്കുമെങ്കിലും ഓരോ ലൊക്കേഷനില്‍ എത്തുമ്പോഴും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. കാരണം ഓരോ സംവിധായകരുടെയും സംവിധാന രീതി വ്യത്യസ്തമായിരിക്കും.

? ചെറിയ സെറ്റപ്പിലുള്ള സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിളിക്കുമ്പോള്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നാറില്ലേ.


ഠ എനിക്കു വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് സൂപ്പര്‍താരങ്ങളുടെ ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ ഡേറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ പല ഓഫറുകളും നിരസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ നല്ല വിഷമം തോന്നാറുണ്ട്.

എങ്കിലും എത്ര ചെറിയ പടങ്ങളാണെങ്കിലും എന്നെ വിശ്വസിച്ച് സിനിമയെടുക്കുന്നവര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

? നടിയെ ആക്രമിച്ച കേസില്‍ പ്രതികരിക്കാതിരുന്നതിന് അമ്മ സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്...


ഠ യഥാര്‍ത്ഥത്തില്‍ ഇതുസംബന്ധിച്ച് അഭിപ്രായം പറയാന്‍ താല്പര്യമില്ല. എങ്കിലും സംഭവത്തില്‍ അമ്മ ഖേദം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ ഒരുപക്ഷത്തും ചേരുന്നില്ല. സത്യം പുറത്തുവരണം. നിരപരാധികള്‍ ക്രൂശിക്കപ്പെടരുത്. പിന്നെ അമ്മയെന്നത് വളരെ വലിയൊരു സംഘടനയാണ്.

എന്റെ അച്ഛന്‍ അംഗമായിരുന്ന സംഘടനയാണിത്. അതുകൊണ്ടുതന്നെ അമ്മയോട് എനിക്ക് മാനസികമായ പ്രതിബദ്ധതയുണ്ട്. അമ്മ എന്നും നിലനില്‍ക്കേണ്ട സംഘടനയാണ്.

ഇപ്പോഴത്തെ സിനിമയ്ക്കകത്തെ പൊട്ടിത്തെറികള്‍ ഒരുകാരണവശാലും സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കരുതെന്നാണ് എന്റെ അഭിപ്രായം.

- എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പാലക്കാട് ദുരൈ

Ads by Google
Ads by Google
Loading...
TRENDING NOW