Thursday, November 02, 2017 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 24 Aug 2017 03.15 PM

വിവാഹശേഷം കന്യാചര്‍മം പൊട്ടിപോകാതിരുന്നാല്‍ ഗര്‍ഭധാരണം സാധ്യമാകുമോ?

uploads/news/2017/08/139864/askdrgalacolgy240817.jpg

കുട്ടികളിലെ ബുദ്ധിമാന്ദ്യം പാരമ്പര്യമോ?

എനിക്ക് 26 വയസ്. വിവാഹിതയാണ്. എന്റെ കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യമുണ്ട്. അച്ഛന്റെ സഹോദരിയുടെ കുട്ടിക്കും, അമ്മയുടെ സഹോദരന്റെ കുട്ടിക്കും ബുദ്ധി വളര്‍ച്ചയില്ല. ഇത് അടുത്ത തലമുറയിലുള്ള കുട്ടികള്‍ക്കും ഉണ്ടാകുമോ? പാരമ്പര്യമായി ബുദ്ധിമാന്ദ്യം ഉണ്ടാകാനിടയുണ്ടോ? രണ്ട് കുടുംബത്തിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉള്ളതിനാല്‍ ഭാവിയില്‍ എനിക്ക് ജനിക്കുന്ന കുഞ്ഞിനും ബുദ്ധിമാന്ദ്യമുണ്ടാകുമോ? ഗര്‍ഭിണിയാകുന്നതിനു മുന്‍പും ഗര്‍ഭാവസ്ഥയിലും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
------ അപര്‍ണ , കോട്ടയം

ബുദ്ധിമാന്ദ്യമെന്നു പറയുന്നത് ഒരു ജനിതക വൈകല്യമാണ്. 21 -ാം ക്രോമസോമിലുണ്ടാകുന്ന തകരാര്‍ മൂലമാണ് സാധാരണഗതിയില്‍ ബുദ്ധിമാന്ദ്യമുണ്ടാകുന്നത്. ഇതു കൂടാതെ പാരമ്പര്യമായി വരാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, വളരെ കുറഞ്ഞ സാധ്യത മാത്രമാണുള്ളത് എന്നും ഓര്‍ക്കുക.

മറ്റു ചില ഘടകങ്ങള്‍ കൂടി കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടാകാന്‍ ഇടയാക്കും. അതില്‍ പ്രധാനമാണ് അമ്മയുടെ പ്രായം. 35 വയസിനു ശേഷം ഗര്‍ഭിണിയാകുന്നവരില്‍ ജനിതക വൈകല്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കുട്ടിയുടെ കാര്യത്തില്‍ പ്രായത്തിന്റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. പാരമ്പര്യമായി കുഞ്ഞിന് ബുദ്ധിമാന്ദ്യം ഉണ്ടാകുമോയെന്ന് അറിയാന്‍ ഗര്‍ഭസ്ഥശിശുവായതിനു ശേഷം സ്‌കാനിംഗിലൂടെ കണ്ടെത്താവുന്നതാണ്.

അഞ്ച് മാസത്തിനുള്ളില്‍ രണ്ട് സ്‌കാനിംഗും, രണ്ട് രക്തപരിശോധനയും നടത്താറുണ്ട്. ആദ്യ സ്‌കാനിങ് ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസത്തില്‍ ചെയ്യുമ്പോള്‍, ജനിതക വൈകല്യമുള്ള കുട്ടിയാണെങ്കില്‍ ചില അടയാളങ്ങള്‍ സ്‌കാനിംഗില്‍ കാണാറുണ്ട്. അതില്‍ പ്രധാനമാണ് എന്‍. ടി (ന്യൂക്കല്‍ ട്രാന്‍സുസെന്‍സി).

മൂന്ന് മാസമുള്ള ഗര്‍ഭസ്ഥശിശുവിന്റെ കഴുത്തിന് പുറകിലുള്ള കൊഴുപ്പിന്റെ അളവാണ് എന്‍. ടി. അത് നിശ്ചിത അളവില്‍ കൂടുതലാണെങ്കില്‍ ജനിതക വൈകല്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ മൂന്നാം മാസത്തില്‍ ശിശുവിന് വളര്‍ച്ചയില്ലാതെ വരിക, അമ്മയ്ക്ക് രക്തസ്രാവം ഉണ്ടാകുക തുടങ്ങിയ അടയാളങ്ങളും കാണാറുണ്ട്. രക്തസ്രാവമുണ്ടാകുന്ന എല്ലാവര്‍ക്കും ബുദ്ധിമാന്ദ്യമുള്ള കുഞ്ഞ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല.

രണ്ടാമതായി അമ്മയുടെ രക്തമെടുത്ത് പരിശോധിക്കുന്ന ടെസ്റ്റാണ് ഡബിള്‍ മാര്‍ക്കര്‍. ഈ സ്‌കാനിംഗിലൂടെയും കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടെന്ന് ഉറപ്പ് നല്‍കാനാകില്ല. എന്നാല്‍ സ്‌കാനിംഗ്, രക്ത പരിശോധന ഇവ രണ്ടും നിരീക്ഷിക്കുമ്പോള്‍ സാധ്യത കുറച്ചു കൂടി വ്യക്തമാകും.

ഇതിനു ശേഷം 16 - 22 ആഴ്ചയ്ക്കിടയില്‍ അനോമിലി സ്‌കാന്‍ ചെയ്യാറുണ്ട്. ഈ സ്‌കാനില്‍ ജനിതക വൈകല്യമുണ്ടോ എന്നറിയാന്‍ കുറേയധികം സൂചനകള്‍ നോക്കാറുണ്ട്.

ഉദാഹരണത്തിന് ഗര്‍ഭസ്ഥശിശുവിന്റെ മൂക്കിന്റെ പാലം, മസ്തിഷ്‌കത്തിലെ നീര്‍ക്കെട്ട്, കിഡ്‌നിയുടെ വലിപ്പക്കൂടുതല്‍, ഹൃദയത്തിന്റെ പ്രത്യേകതകള്‍ തുടങ്ങി സ്‌കാനിങിലൂടെ കണ്ടെത്താവുന്ന സൂചകങ്ങളുണ്ട്.

ആദ്യം ചെയ്യുന്ന സ്‌കാന്‍, ഡബിള്‍ മാര്‍ക്കര്‍, മൂന്നാമത്തെ സ്‌കാന്‍ കൂടിയാകുമ്പോള്‍ ജനിതക വൈകല്യം ഉണ്ടോ ഇല്ലയോയെന്ന് ഏറെക്കുറെ മനസിലാക്കാനാകും.

അനോമിലി സ്‌കാനിനു ശേഷം 20 ആഴ്ചയ്ക്ക് മുന്‍പ് ചെയ്യുന്ന ടെസ്റ്റാണ് ട്രിപിള്‍ മാര്‍ക്കര്‍ അല്ലെങ്കില്‍ കോണ്‍ട്രിപ്പിള്‍ മാര്‍ക്കര്‍. പേര് സൂചിപ്പിക്കുന്നതു പോലെ 3 കാര്യങ്ങളാണ് ട്രിപ്പിള്‍ മാര്‍ക്കറില്‍ പരിശോധിക്കുന്നത്.

അമ്മയുടെ രക്തത്തിലെ മൂന്ന് കാര്യങ്ങളായിരിക്കും. കോണ്‍ട്രിപ്പിള്‍ മാര്‍ക്കറില്‍ 4 കാര്യങ്ങള്‍ പരിശോധിക്കും. ഈ ടെസ്റ്റുകളിലൂടെ കടന്നു പോകുന്നതാണ് ഉചിതം. കാരണം പാരമ്പര്യമായി കുടുംബത്തില്‍ ബുദ്ധിമാന്ദ്യമുള്ളതുകൊണ്ട് മാത്രം.

ഈ പരിശോധനകളില്‍ എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ചെയ്യുന്ന ടെസ്റ്റാണ് അമിനോ സിന്തെസിസ്. കുഞ്ഞ് കിടക്കുന്ന ഫ്‌ളൂയിഡ് അള്‍ട്രാ സൗണ്ടിന്റെ സഹായത്തോടെ വളരെ ചെറിയ സൂചി വഴി കുത്തിയെടുത്ത് ക്രോമസോം ഘടന പരിശോധിക്കുന്ന ടെസ്റ്റാണ് അമിനോ സിന്തെസിസ്.

മറ്റൊന്നാണ് സി.വി. എസ്. അമിനോ സിന്തെസിസും സി.വി.എസും ഗര്‍ഭാശയത്തിന്റെ ഉള്ളിലേക്ക് പോകുന്ന ടെസ്റ്റുകളായതുകൊണ്ട് അപൂര്‍വമായേ അനുവദിക്കാറുള്ളൂ.

നേരത്തെ പറഞ്ഞ സ്‌കാനിംഗുകളോ രക്തപരിശോധനയോ കുഞ്ഞിനെ ഒരു രീതിയിലും ബാധിക്കാത്തതുകൊണ്ട്, ആ്യ പരിശോധനകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം സി.വി.എസിലേക്ക് പോവുക.

കുടുംബത്തില്‍ രണ്ടുകുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യമുള്ളതിനാല്‍ ഈ ടെസ്റ്റുകളിലൂടെ കടന്നുപോകുന്നതാണ് നല്ലത്. നാല് ടെസ്റ്റുകളിലും കാര്യമായ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല.

ഗര്‍ഭപാത്രത്തില്‍ കൊഴുപ്പ് അടിയുന്നു


23 വയസ്. വിവാഹിതയാണ്. വിവാഹം കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ല. എന്റെ ശരീരഭാരം 80 കിലോ ആണ്. പൊക്കം അഞ്ച് അടി. അടുത്തിടെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭപാത്രത്തില്‍ കൊഴുപ്പുണ്ടെന്നാണ് പറയുന്നത്. മൂന്ന് മാസത്തേക്കുള്ള ഗുളിക തന്നിരുന്നു. വണ്ണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഗര്‍ഭപാത്രത്തില്‍ കൊഴുപ്പുണ്ടാകുന്നത്? മൂന്ന് മാസം മരുന്ന് കഴിച്ചാല്‍ ഗര്‍ഭധാരണം സാധ്യമാണോ? ശരീരഭാരം കുറച്ചാല്‍ കൊഴുപ്പടിയുന്നത് കുറയുമോ?
അഖില ,കാസര്‍കോഡ്

പൊക്കത്തിനനുസരിച്ചാണ് ഓരോരുത്തരുടെയും ശരീരഭാരം എത്രയാകാമെന്ന് നിശ്ചയിക്കുന്നത്. കുട്ടിക്ക് അഞ്ച് അടിയാണ് നീളമെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇതനുസരിച്ച് ശരീരഭാരം വളരെ കൂടുതലാണ്.

ശരീരഭാരം, അടിവയര്‍ ചാടുക, അടിവയറ്റില്‍ കൊഴുപ്പടിയുക എന്നിങ്ങനെയുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിനാണ് പി.സി.ഒ.ഡി എന്നു പറയുന്നത്.

ഗര്‍ഭപാത്രത്തില്‍ കൊഴുപ്പടിയുന്ന പ്രശ്‌നം ഉണ്ടാകില്ല. അത് ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കിയതില്‍ വന്ന അപാകതയാണ്. ഗര്‍ഭാശയത്തില്‍ കൊഴുപ്പടിയുക എന്നല്ല, അണ്ഡാശയത്തില്‍ അണ്ഡോത്പാദനം നടക്കാത്തതിന്റെ പ്രശ്‌നങ്ങളാണ്.

ഈ അവസ്ഥയാണ് പി.സി.ഒ.ഡി. അമിതഭാരം മൂലം താല്‍കാലികമായി സംഭവിക്കുന്ന പ്രശ്‌നം മാത്രമാണിത്. അണ്ഡോത്പാദനം കൃത്യമായി നടക്കാനുള്ള മരുന്നുകളാണ് നല്‍കുക.

പക്ഷേ 80 കിലോയില്‍ നിന്നും 60 കിലോയിലേക്ക് കുറയാതെ ചികിത്സ ഫലപ്രദമാകുമെന്നു തോന്നുന്നില്ല. കുട്ടിയുടെ കാര്യത്തില്‍ ആദ്യനടപടി ശരീരഭാരം കുറയ്ക്കുകയെന്നതാണ്.

ജീവിതസാഹചര്യങ്ങള്‍ മാറ്റുക, മധുരം പരമാവധി ഒഴിവാക്കുക, അരിയാഹാരങ്ങള്‍ നിയന്ത്രിക്കുക, എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ശരീരഭാരം കുറയുന്നതാണ്.

അതുകൂടാതെ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. ഭക്ഷണക്രമീകരണവും വ്യായാമവും കൃത്യമായി പാലിച്ചെങ്കില്‍ മാത്രമേ ശരീരഭാരം കുറയൂ.

80 കിലോയില്‍ നിന്നും ശരീരഭാരം കുറയ്ക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഒരു എന്റക്രനോളജിസ്റ്റിന്റെയോ ഡയറ്റീഷന്റെയോ സഹായം തേടാവുന്നതാണ്.

കന്യാചര്‍മ്മം പൊട്ടാതിരുന്നാല്‍


എനിക്ക് 20 വയസ്. എന്റെ വിവാഹം ഉടന്‍ ഉണ്ടാകും. വിവാഹശേഷം കന്യാചര്‍മം പൊട്ടിപോകാതിരുന്നാല്‍ ഗര്‍ഭധാരണം സാധ്യമാകുമോ?
----- ആര്‍. ജെ ,അങ്കമാലി

യോനി കവാടത്തില്‍ സ്ഥിതിചെയ്യുന്ന നേര്‍ത്തപാടയാണ് കന്യാചര്‍മ്മം. ഓരോ സ്ത്രീകളിലും ഇതിന്റെ കട്ടി കൂടിയും കുറഞ്ഞും കാണുന്നു.

സാധാരണഗതിയില്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കന്യാചര്‍മം പൊട്ടിപ്പോകും. ചിലരില്‍ കൗമാരകാലത്തുതന്നെ പല കാരണങ്ങള്‍കൊണ്ട് കന്യാചര്‍മം പൊട്ടിപ്പോയെന്നുവരാം.

പക്ഷേ, പൊട്ടിപ്പോകാതെ തന്നെ ലൈംഗികബന്ധം സാധ്യമാകുന്ന വിധത്തില്‍ വഴങ്ങിക്കൊടുക്കുന്ന കന്യാചര്‍മ്മവുമുണ്ട്. ഇവരില്‍ കന്യാചര്‍മ്മം നിലനിന്നാലും ലിംഗ - യോനി സംയോഗം സാധ്യമാവുകയും ഗര്‍ഭധാരണത്തിന് ആവശ്യമുള്ള ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും.

ഡോ. ഷെറിന്‍ വര്‍ഗീസ്്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റല്‍ , കോട്ടയം

Ads by Google
Ads by Google
TRENDING NOW