Sunday, May 20, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 04.51 PM

പ്രാര്‍ഥന തിരിച്ചുനല്‍കിയ സ്‌നേഹത്തണല്‍

വിയര്‍ത്തുകുളിച്ചിരുന്ന ഡോക്ടറുടെ കൈയ്യില്‍പിടിച്ച് ഞാന്‍പറഞ്ഞു. പേടിക്കണ്ട,ദൈവം രക്ഷിക്കും. ആശുപത്രയിലെത്തിയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയാറായിരുന്നു അവിടെയുള്ള എല്ലാ ജീവനക്കാരും.
uploads/news/2017/08/139542/marupathi230817.jpg

പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ.വി.പി ഗംഗാധരനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും ഗൈനക്ക് ഓങ്കോളജിസ്റ്റുമായ ഡോ. ചിത്രതാര...

ഒരു സുന്ദര പ്രണയം ചേര്‍ത്തുവച്ച രണ്ട് ജീവിതങ്ങള്‍.
കാരുണ്യവും സ്നേഹവും ദയയും ഒക്കെ കോര്‍ത്തുവച്ച രണ്ട് മനസുകളുടെ ഒത്തുചേരലും കൂടിയായിരുന്നു അത്. ഡോക്ടര്‍ ഗംഗാധരന്റെയും, ഡോ.ചിത്രതാരയുടേയും സ്ഥാനം മലയാളികളുടെ മനസില്‍ ദൈവങ്ങള്‍ക്കൊപ്പമാണ് .

ക്യാന്‍സറെന്ന മഹാ വിപത്തിനാല്‍ വിഷമിക്കുന്നവര്‍ക്കായി സ്വന്തം ജീവിതംതന്നെ ഉഴിഞ്ഞുവച്ച ഡോക്ടര്‍ ഗംഗാധരനെ എത്രകണ്ട് സ്നേഹിച്ചാലും മതിയാവില്ല. ക്യാന്‍സര്‍ ബാധിച്ചവര്‍ക്കായി സ്വന്തം ജീവതം മാറ്റിവയ്ക്കണമെന്നത് പഠനകാലത്തുതന്നെയുള്ള അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

ആ തീരുമാനം ഇന്ന് ആനേകരുടെ പ്രാര്‍ഥനയായി അദ്ദേഹത്തോടൊപ്പമുണ്ടെന്നതില്‍ അത്ഭുതമില്ല. അടുത്തിടെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി അദ്ദേഹത്തെ ഒന്ന് തളര്‍ത്തിയപ്പോള്‍ അദ്ദേഹവും കുടുംബവും അനുഭവിച്ച വിഷമങ്ങളില്‍ അവര്‍ക്കൊപ്പം സ്നേഹത്തണലായി നിന്നത് ആ പ്രാര്‍ഥനകളുടെ പിന്‍ബലമാണ്.

പക്ഷേ ആ തേങ്ങല്‍ ഇനിയും അടങ്ങിയിട്ടില്ല ഡോ.ചിത്രതാരയുടെ മസില്‍നിന്ന്. ഡോ. ഗംഗാധരന്റെ ജീവന്റെ തുടിപ്പ് നെഞ്ചോട് ചേര്‍ത്ത് കാവലിരുന്ന ദിവസം. ജീവിതത്തെയാകെയുലച്ച ആ സംഭവത്തെക്കുറിച്ചും മനുഷ്യസ്നേഹിയായ ഗംഗാധരന്‍ ഡോക്ടറെക്കുറിച്ചും ഭാര്യ ചിത്രതാര മനസുതുറക്കുന്നു.

എന്റെ നല്ല പാതി.....


ഞങ്ങള്‍ക്കിടയില്‍ മധുരമുള്ള ഒരു കോളജ് കാലഘട്ടമുണ്ട്. മെഡിക്കല്‍ പഠനകാലത്താണ് ഞാനും ഡോ. ഗംഗാധരനും പരിചയപ്പെടുന്നത്. അദ്ദേഹം ഡിഗ്രി കഴിഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി. എസിന് എത്തിയത്. അതേ ബാച്ചില്‍തന്നെ എനിക്കും അഡ്മിഷന്‍ കിട്ടി.

ഞാന്‍ അന്ന് തനി നാട്ടിന്‍ പുറത്തുകാരി. റാഗിംഗിന്റെ ഭയപ്പെടുത്തലുകള്‍ താങ്ങാനുള്ള ധൈര്യം പോലും ഇല്ലാതിരുന്ന എന്റെയടുത്തേക്ക് അക്കാര്യത്തില്‍ രക്ഷകനായാണ് അദ്ദേഹം എത്തിയത്.

അങ്ങനെ ഞങ്ങള്‍ പ്രണയത്തിലായി. ക്ലാസ്നോട്ടുകള്‍ എഴുതിക്കൊടുത്തും , സംശയങ്ങള്‍ പരിഹരിച്ചും ഒക്കെ ഞങ്ങള്‍ നല്ലകൂട്ടുകാരായി. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം.

പഠന കാലത്തുതന്നെ ക്യാന്‍സര്‍ രോഗികള്‍ക്കായി ജീവിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അക്കാര്യത്തില്‍ ഞാനും അദ്ദേഹത്തെ പിന്‍തുണച്ചു. മെഡിക്കല്‍ ഓങ്കോളജിയില്‍ ഉപരിപഠനത്തിന് അഡയാറിലേക്ക് ഞങ്ങള്‍ ഒന്നിച്ചാണ് പോയത്.

അഡയാറിലെ പഠനകാലത്തും കുറഞ്ഞ ശമ്പളത്തില്‍ ലാളിത്യമുള്ള ഒരു ചെറിയ ജീവിതമാണ് ഞങ്ങള്‍ നയിച്ചത്. ഇന്നും അതേ ലാളിത്യം നിറഞ്ഞ ജീവിതം തുടരുന്നു.

രണ്ട് മക്കളാണ് ഞങ്ങള്‍ക്ക് മൂത്തമകന്‍ ഗോകുല്‍ ബിസിനസ് അനലിസ്റ്റാണ് . ഭാര്യ ഉമ. അവര്‍ക്കൊരു മകളുണ്ട് ചിത്രാണി ആര്യ. രണ്ടാമത്തെ മകന്‍ ഗോവിന്ദ് അച്ഛന്റെ പാത പിന്‍തുടരുന്നു. മണിപ്പാലില്‍ ഓങ്കോളജിയില്‍ എം.ഡി ചെയ്യുന്നു.

മറക്കാനാഗ്രിക്കുന്ന ആ ദിവസം....


ഡോക്ടര്‍ക്ക് എപ്പോഴും തിരക്കാണ്. ആശുപത്രിയിലെ ഡ്യൂട്ടി, കുട്ടികള്‍ക്ക് ക്ലാസെടുക്കല്‍, യാത്രകള്‍, പല മീറ്റിംഗുകള്‍. വീട്ടിലിരിക്കാന്‍ സമയമില്ല. ഒന്ന് അടങ്ങിയിരുന്നുകൂടെ എന്ന് ഞാനോ മക്കളോ ഒരിക്കലും പറയാറില്ല. കാരണം .

എത്രയോ രോഗികളാണ് അദ്ദേഹത്തെ വിശ്വസിച്ചിരിക്കുന്നത്. അവര്‍ക്കുവേണ്ടിയുള്ളതാണ് അദ്ദേഹത്തിന്റെ ജീവിതംതന്നെ. ജീവിതത്തിന്റെ നൂല്‍പാലത്തിലൂടെ കടന്നുപോകുമ്പോള്‍ രോഗികള്‍ക്കുവേണ്ടി ദൈവത്തിനോട് മുട്ടിപ്പായി പ്രാര്‍ഥിക്കാന്‍ അദ്ദേഹം മറക്കാറുമില്ല.

ആ ഓട്ടത്തിനിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുപോലും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.

ഒരു ദിവസം ഞായറാഴ്ചയാണ് ഡോകടര്‍ പറയുന്നത് നെഞ്ചില്‍ ഒരു വേദനയുണ്ട്. ഒന്ന് ടെന്‍ഷനായെങ്കിലും പെട്ടന്നുതന്നെ വേദന പോയതുകൊണ്ട് കാര്യമാക്കിയില്ല.

എങ്കിലും അക്കാരണം കൊണ്ടുതന്നെ അദ്ദേഹം മക്കളേയും കൂട്ടി ആശുപതത്രിയിലേക്ക് പോയി. തിരിച്ചുവന്ന് എന്നോടുപറഞ്ഞു. ആന്‍ജിയോഗ്രാം ചെയ്യേണ്ടിവരും. പേടിക്കാനൊന്നുമില്ലന്ന്. ഭയത്തോടെയാണ് ഞാനത് കേട്ടത്.

uploads/news/2017/08/139542/marupathi230817a.jpg

ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച ലേക്‌ക്ഷോര്‍ ആശുപത്രിയിലെ ഡോ .സിബി എന്നെ വിളിച്ച് പരിശോധനയില്‍ ചില പ്രശ്നങ്ങള്‍ കണ്ടതായി പറഞ്ഞു. മാഡം ഗംഗാധരന്‍ ഡോക്ടറോട് പറയണം അദ്ദേഹം.

അദ്ദേഹം ആന്‍ജിയോഗ്രാം ചെയ്യാന്‍ തയാറായേ പറ്റൂ. എനിക്ക് പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. കാര്യം അല്‍പ്പം സീരിയസാണെന്നു മനസിലായ ഞാന്‍ കോട്ടയത്തുള്ള അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെക്കൊണ്ട് പറയിപ്പിക്കാമെന്നുകരുതി. അങ്ങനെ മെയ് ഒന്നിന് ആന്‍ജിയോഗ്രാം ചെയ്തേക്കാം എന്ന് സമ്മതിപ്പിച്ചു.

ഒരുവിധത്തില്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് വീണ്ടും മനസില്‍ പേമാരിയുമായി ആ രാത്രി എത്തിയത്. രാത്രി ഉറക്കത്തിനിടയില്‍ ഡോക്ടര്‍ക്ക് വീണ്ടും വേദന വന്നു. കാര്‍ഡിയാക് അറസ്റ്റാണ് ഞങ്ങള്‍ക്ക് മനസിലായി. പക്ഷെ ഞാന്‍ ഭയം പുറത്തുകാട്ടിയില്ല.

എന്റെ കയ്യിലേക്ക് കാറിന്റെ താക്കോല്‍ തന്നിട്ട് പറഞ്ഞു. നമുക്ക് വേഗം ആശുപത്രിയിലേക്ക് പോകണം വേദനയുണ്ട്. ആ നിമിഷം ഞാനൊരു ഭാര്യയാണെന്ന ചിന്തതന്നെ വെടിഞ്ഞു. മനസുകൊണ്ട് ഡോക്ടറുടെ കുപ്പായമണിഞ്ഞു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. കാറെടുത്ത് വേഗം ആശുപത്രിയിലേക്ക് പോയി.

വിയര്‍ത്തുകുളിച്ചിരുന്ന ഡോക്ടറുടെ കൈയ്യില്‍പിടിച്ച് ഞാന്‍പറഞ്ഞു. പേടിക്കണ്ട,ദൈവം രക്ഷിക്കും. ആശുപത്രയിലെത്തിയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയാറായിരുന്നു അവിടെയുള്ള എല്ലാ ജീവനക്കാരും.

അദ്ദേഹത്തെ ആന്‍ജിയോഗ്രാം ചെയ്യാന്‍ അകത്തേക്കു കൊണ്ടുപോയി ഞാന്‍ മനസിലെ വേദന കടിച്ചമര്‍ത്തി പ്രാര്‍ഥനയോടെ കാത്തിരുന്നു. ദൈവാനുഗ്രഹംകൊണ്ടും അദ്ദേഹത്തെ സ്നേഹിക്കുന്ന ആയിരങ്ങളുടെ പ്രാര്‍ഥനകൊണ്ടും എല്ലാം ഭംഗിയായി.

പ്രാര്‍ഥനയുടെ സ്നേഹവലയം തീര്‍ത്ത എല്ലാവരോടും നന്ദിയുണ്ട് . ആരെയാണ് പേരെടുത്ത് പറയേണ്ടതെന്നറിയില്ല അതുകൊണ്ടാണ്. ജാതിമത വ്യത്യസമില്ലാതെ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW