Saturday, May 19, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 03.13 PM

അമിതവണ്ണത്തിന് കാരണം മാറിമറിഞ്ഞ ഭക്ഷണരീതി

'' കുഞ്ഞ് വയറുനിറച്ച് ഭക്ഷണം കഴിക്കണ്ടേയെന്നു കരുതി മാംസാഹാരവും മത്സ്യവും വറുത്തുകൊടുത്ത് ശീലിപ്പിക്കും. വളരുന്തോറും ഇവയില്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് കുട്ടിവാശിപ്പിടിക്കും. അതോടെ കുട്ടിയുടെ ഭക്ഷണഭ്രമത്തെക്കുറിച്ചായിരിക്കും അമ്മയുടെ പരാതികള്‍''
uploads/news/2017/08/139530/fatybody230817.jpg

ശരീരം തടിച്ചു കാണണമെന്ന മോഹം മിക്കവരുടെയും ഉള്ളിലുണ്ട്. അതിനാലാണ് മുലപ്പാല്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു തുടങ്ങുന്നതോടെ അമ്മമാര്‍ കുഞ്ഞിന്റെ പ്രായവും വിശപ്പും കണക്കാക്കാതെ ഭക്ഷണം വാരിവലിച്ചു കഴിപ്പിക്കുന്നത്. കുഞ്ഞിന് ഒട്ടും വിശപ്പില്ലെന്ന പരാതിയാണ് അവര്‍ക്ക് എപ്പോഴും.

അതിനാല്‍ അനുനയിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും കഴിയുന്നത്ര അന്നം കുഞ്ഞിനെ കഴിപ്പിക്കുന്നു. കുട്ടികളുടെ വയര്‍ വീര്‍ത്തിരുന്നാല്‍ മാത്രമേ അമ്മമാര്‍ക്ക് തൃപ്തിയാകൂ.

എങ്കില്‍ മാത്രമേ കുഞ്ഞ് വളരുകയുള്ളൂ എന്നാണ് മിക്ക അമ്മമാരുടെയും ധാരണ. ഇത് ചെറുപ്രായത്തിലേ കുഞ്ഞില്‍ ഒരു ദുഃശീലം വളര്‍ത്തിയെടുക്കുന്നതിനു തുല്യമാണ്.

ഇങ്ങനെ മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്നശീലം 3-4 വയസാകുമ്പോഴേ അവനില്‍ ഉണ്ടാകുന്നു. ഈ ശീലം ഒരു സ്വഭാവമായി രൂപപ്പെടുകയാണ്. കുഞ്ഞ് വയറുനിറച്ച് ഭക്ഷണം കഴിക്കണ്ടേയെന്നു കരുതി മാംസാഹാരവും മത്സ്യവും വറുത്തുകൊടുത്ത് ശീലിപ്പിക്കും.

വളരുന്തോറും ഇവയില്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് കുട്ടിവാശിപ്പിടിക്കും. അതോടെ കുട്ടിയുടെ ഭക്ഷണഭ്രമത്തെക്കുറിച്ചായിരിക്കും അമ്മയുടെ പരാതികള്‍.

മാറിമറിഞ്ഞ ഭക്ഷണരീതി


കേരളത്തിലെ പരമ്പരാഗതമായ ഭക്ഷണക്രമം 30 വര്‍ഷംകൊണ്ട് മാറിമറിഞ്ഞിരിക്കുന്നു. ഒരു സ്ഥലത്തെ ഭക്ഷണരീതി ആ നാട്ടിലെ ലഭ്യമായ വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരകണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ടതാണ്. അതിന് ആ പ്രദേശത്തെ കാലാവസ്ഥ, ജീവിതരീതി എന്നിവയുമായി ബന്ധമുണ്ട്.

അവിടുത്തെ ജനങ്ങളുടെ ജനിതക ഘടനയുമായിപോലും ഭക്ഷണശീലങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായ ഭക്ഷണശീലത്തില്‍ പൊടുന്നണെ ഉണ്ടാകുന്ന ഏത് വ്യതിയാനവും ആരോഗ്യം തകര്‍ത്തു കളഞ്ഞേക്കാം.

അരി, പച്ചക്കറി, മത്സ്യം ഇവയാണ് കേരളീയര്‍ പരമ്പരാഗതമായി ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ അമിത മസാല, എണ്ണ, നെയ്യ് മുതലായവയും വറുത്ത ഭക്ഷണവും നമ്മുക്ക് പരിചയമുള്ളതല്ല. മാംസാഹാരം വിശേഷ ദിവസങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു.

എന്നാല്‍ ആ ചിട്ടവട്ടങ്ങളൊക്കെ ഇന്ന് തകിടം മറിഞ്ഞു. അതിനൊപ്പം ഫാസ്റ്റ് ഫുഡ് കൂടിയാകുമ്പോള്‍ ശരീരത്തിന് ഗുണകരമായതൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥ സംജാതമായി.

ലോകത്ത് സ്വന്തം ഭക്ഷണശീലം ഇത്രയുമധികം താറുമാറാക്കിയ ജനതയെ കണ്ടെത്താന്‍ പ്രയാസമാണ്. ഇതിനുപുറമേ വ്യായാമം തീര്‍ത്തും അലക്ഷ്യമാണെന്ന ഒരു ചിന്താഗതിയും നമ്മള്‍ സ്വയം വളര്‍ത്തിയെടുത്തു കഴിഞ്ഞു. ഇത് പലവിധ രോഗങ്ങളിലേക്ക് ശരീരത്തെ തള്ളിവിടുന്നതിനു കാരണമായി.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തില്‍ കൊഴുപ്പിന്റെ അംശം കൂടുക, ഹൃദ്രോഗം, മുട്ടുതേയ്മാനം, നട്ടെല്ലിനും ഡിസ്‌കിനും ഉണ്ടാകുന്ന തകരാറുകള്‍, ഉപ്പൂറ്റിയില്‍ ഉണ്ടാകുന്ന അസഹ്യമായ വേദന മുതലായവ അമിതവണ്ണമുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അമിത വണ്ണം ആയുര്‍വേദ വീക്ഷണത്തില്‍


ശരീരം രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യ ധാതുവില്‍നിന്ന് ധാതുപാചനം സംഭവിച്ചാണ് അടുത്തത് ഉണ്ടാകുന്നത്.

അതായത് രസധാതുവില്‍നിന്ന് രാസാഗ്നിയില്‍പചനം സംഭവിച്ച് രക്തധാതു ഉണ്ടാകുന്നു. അതുകഴിഞ്ഞുള്ള എല്ലാ ധാതുക്കളും ഇപ്രകാരം രാസാഗ്നി പചനം സംഭവിച്ച് രൂപപ്പെടുന്നതാണ്.

uploads/news/2017/08/139530/fatybody230817a.jpg

ധാതുപരിണാമം സുഗകരമായിരിക്കണമെങ്കില്‍ രാസാഗ്നികള്‍ സമ്പുഷ്ടമായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ശരിയായ രീതിയിലുള്ള വ്യായാമമാണ് ആവശ്യം. ശരിയായി വ്യായാമം ലഭിക്കുന്നവരില്‍ മാത്രമേ ധാതുക്കള്‍ ദീപ്തമായിരിക്കുകയുള്ളൂ.

ദീപ്തമല്ലാത്ത രാസാഗ്നി ധാതുപരിണാമം വികലമാക്കുകയും മേദോധാതുവിനാല്‍ ധാതുവാഹ സ്രോതസുകള്‍ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഭക്ഷിക്കുന്ന വസ്തുവില്‍നിന്ന് മേദോ ധാതു മറ്റ് ധാതുക്കളിലേക്ക് എത്തിച്ചേരാനാകാതെ മേദോ ധാതു മാത്രമായി വര്‍ധിക്കുന്നു. ഇങ്ങനെ മേദോധാതു മാത്രമായി വര്‍ധിക്കുന്ന അവസ്ഥയാണ് ദുര്‍മേദസ് എന്ന് പറയുന്നത്.

ആഹാരവും വ്യായാമവും


ആയുര്‍വേദം ഒരു വ്യക്തിയോട് 2 കാര്യങ്ങളാണ് പ്രാഥമികമായി നിര്‍ദേശിക്കുന്നത്. വ്യായാമവും ആഹാരമിതത്വവും. വ്യായാമവും ആഹാരമിതത്വവും ശീലിച്ചാല്‍ പൊണ്ണത്തടിയെക്കുറിച്ചോര്‍ത്ത് ഒരിക്കലും ടെന്‍ഷനടിക്കേണ്ടിവരില്ല.

ശരീരഭാരം ബോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ആധുനികകാലത്തെ നിശബ്ദകൊലയാളികളായ പ്രമേഹം രക്തസമ്മര്‍ദം ഇവയെ അകറ്റി നിര്‍ത്താന്‍ സാധിക്കും. അതുവഴി ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാം.

നമ്മുടെ അശ്രദ്ധയും അച്ചടക്കമില്ലാത്ത ഭക്ഷണശീലവും കാരണം ഉണ്ടാകുന്ന പ്രമേഹം, ശൂലത ഇവ ചികിത്സിച്ചു ഭേഭമാക്കാന്‍ കഴിയില്ലെന്നു മാത്രമല്ല അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യുന്നു.

''ശൗല്യകാശേ പ്രകൃത്യാദി ഘൃതാം സപ്താഘൃതം വിധി'' ശൗല്യവും ഒരു ജനിതക പ്രശ്‌നമാണെന്ന് ആയുര്‍വേദം വീക്ഷിക്കുന്നു.

''കാര്‍ശ്വമേവവരം ശൗല്യാദി നഹി സ്്തൂലസ്ഥ ഭേദകം'' അമിതവണ്ണത്തേക്കാള്‍ നല്ലത് കൃശതയാണെന്നും അമിത ശൂലത ചികിത്സിച്ചു ഭേദമാക്കാന്‍ ദുഷ്‌കരമാണെന്നും ശരിയായ ഒരു ഔഷധവും അമിതവണ്ണത്തിന് ഇല്ലെന്നുമാണ് ഈ ആപ്തവാക്യത്തിന്റെ അര്‍ഥം.

അതിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളാനും വരുംതലമുറയിലേക്കുപകര്‍ന്നു നല്‍കാനും നമ്മുക്ക് കഴിഞ്ഞാല്‍ മലയാളിയ്ക്കു നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

ഭക്ഷണക്രമവും വ്യായാമവും ശീലമാക്കുന്നതിനൊപ്പം കന്മദം, ഗുല്‍ഗുലു, രക്താഞ്ചനം, ഗോമൂത്രം, ലോഹാഭസ്്മം, ചെറുപയര്‍, ചാമ, തേന്‍, വരക്, യാമം, ബാര്‍ലിരി എന്നീ ദ്രവ്യങ്ങള്‍ യഥാസമയം ഭക്ഷണമായും ഔഷധമായും ഉപയോഗിച്ച് ക്ഷമയോടുകൂടി ഇച്ഛാശക്തിയോടെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് പൊണ്ണത്തടി നിയന്ത്രണവിധേയമാക്കാം.

1. ഇലക്കറി, പച്ചക്കറികള്‍, ചേമ്പ്, താള് ഇവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
2. മത്സ്യവും മാംസവും വറത്തു കഴിക്കാതെ കറിവച്ചു മാത്രം കഴിക്കുക. മാംസത്തിന്റെ അളവ് പരമാവധി കുറയ്ക്കുക.

3. മസാല അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
4. മലര്, ചെറുപയര്‍, മുതിര, വാഴപ്പിണ്ടി, തഴുതാമ തുടങ്ങിയവ ആരോഗ്യദായകമാണ്.

5. ധാരാളം വെള്ളം കുടിക്കുക. - അരിയാഹാരം പാടേ ഉപേക്ഷിക്കേണ്ടതില്ല. കാരണം ഇത് നമ്മുടെ പരമ്പരാഗത ഭക്ഷണമാണ്. അതില്‍നിന്നുള്ള വ്യതിയാനം രോഗകാരണമാകും. അതിനാല്‍ അരിഹായാരം് നിയന്ത്രിതമായ അളവില്‍ കഴിക്കുക.
6. രാവിലത്തെ ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കണം. ഒരു ദിവസത്തെ അധ്വാനം തുടങ്ങുന്നതിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ആ ആഹാരത്തില്‍നിന്നാണ്. പരമ്പരാഗതമായ ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് ഉത്തമം.

7. ഉച്ചയ്ക്ക് ചോറിന്റെ അളവ് നിയന്ത്രിച്ചു കഴിക്കുക. വയറില്‍ പകുതി ഭക്ഷണവും കാല്‍ ഭാഗം വെള്ളവും കാല്‍ ഭാഗം ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന രീതിയിലാകണം ഉച്ചഭക്ഷണം.
8. രാത്രിയില്‍ കട്ടിയുള്ള ആഹാരങ്ങള്‍ വേണ്ട. പച്ചക്കറിവേവിച്ചതോ സാലഡ്, വാഴപ്പിണ്ടി നീര്, പഴങ്ങള്‍ ഇവയൊക്കെ രാത്രിഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

9. വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനും ഒപ്പം ഉദ്വര്‍ത്തനം ചെയ്യുന്നത് മേദസിനെ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.
10. മനോനിയന്ത്രണമാണ് ഏറ്റവും പ്രധാനം. ഇഷ്ടഭക്ഷണങ്ങളോട് മുഖം തിരിച്ച് ആരോഗ്യകരമായ ഭക്ഷണശീലം പിന്‍തുടരാന്‍ മനസിന്റെ നിയന്ത്രണത്തിലൂടെ സാധിക്കും.
11. പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള വ്യഗ്രതയില്‍ അമിതവ്യായാമം വേണ്ട. ഇത് ശരീരത്തിന് ഹാനികരമാണ്.
മറ്റ് രോഗങ്ങളുള്ളവര്‍ വൈദ്യനിര്‍ദേശപ്രകാരം മാത്രം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാവൂ.

കടപ്പാട്:
ഡോ. സനല്‍കുമാര്‍
ചീഫ് ഫിസിഷന്‍
കുറിഞ്ഞിക്കാട്ടില്‍ ആയുര്‍വേദ ആശുപത്രി, വേങ്ങര

Ads by Google
Wednesday 23 Aug 2017 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW