Monday, July 22, 2019 Last Updated 44 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 04.41 PM

സ്വരനന്ദിനി

പ്രശസ്ത ശാസ്ത്രീയസംഗീതജ്ഞന്‍ വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യയ്യരുടെ പിന്മുറക്കാരിയാണ് നന്ദിനി. കാംബോജിയെന്ന ചിത്രത്തിലെ കഥകൡപ്പദത്തിലൂടെ ശ്രദ്ധേയയായ ഗായിക.
uploads/news/2017/08/139224/nandiniINW.jpg

തിരുവനന്തപുരത്തെ ശ്രീവരാഹം അഗ്രഹാരത്തെരുവില്‍ സംഗീതം മണക്കുന്ന വീട്. സരിഗമകളുടെ ഗമകങ്ങളും ആരോഹണാവരോഹണങ്ങളും സ്വരം വിന്യസിക്കുന്ന അകത്തളത്തില്‍ അനഘയും അനുപമയും അനാമികയും ശ്രവികയും ഹരിതയുമെല്ലാം സ്വരഭംഗമില്ലാതെ വര്‍ണവും അലങ്കാരവും പാടിപഠിക്കുന്നു.

ഇത് നന്ദിനിയുടെ വീട്. സംഗീതം പഠിക്കാനെത്തിയ കുട്ടികളോടൊപ്പം പാടിയും പിഴവുകള്‍ തിരുത്തിയും അവര്‍ കൂടെയുണ്ട്. സംഗീതം നന്ദിനിക്ക് തപസാണ്. കാംബോജി എന്ന ചിത്രത്തില്‍ പാടിയ കഥകളിപ്പദം ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടി.

സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞു പാടിയതിനാലാവാം അവസരങ്ങള്‍ അനവധി. എങ്കിലും ക്ലാസിക്കല്‍ വിട്ടുപോകാന്‍ തീരെ മനസില്ല. പ്രശസ്ത കര്‍ണാടക സംഗീതജ്ഞ എന്‍.ജെ.നന്ദിനിയുടെ വിശേഷങ്ങളിലേക്ക്.

സംഗീതമാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞത്?


എന്റെ അച്ഛനോ അമ്മയോ സംഗീതജ്ഞരല്ല. എന്നാല്‍ മുത്തശ്ശന്‍ വെച്ചൂര്‍ ഹരിഹര സുബ്രഹ്മണ്യ അയ്യര്‍ പ്രശസ്ത സംഗീതജ്ഞനാണ്. അദ്ദേഹത്തിന്റെ കച്ചേരികള്‍ ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. മുത്തശ്ശനാണ് എന്നെ എഴുത്തിനിരുത്തിയത്.

എനിക്ക് സംഗീത വാസനയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ എന്നെ സംഗീതം പഠിപ്പിച്ചു തുടങ്ങി. പഠനത്തോടൊപ്പം സംഗീതത്തില്‍ എന്തെങ്കിലുമായിത്തീരണമെന്ന ആഗ്രഹവും വളരുകയായിരുന്നു.

സംഗീതത്തെ കൂടുതല്‍ അടുത്തറിയാന്‍ പ്രചോദനമായത് ?


അച്ഛനും അമ്മയും തന്നെയാണ്. നല്ല ആസ്വാദകരാണവര്‍. അവര്‍ക്ക് ലഭിക്കാത്ത സംഗീതവാസന എനിക്ക് കിട്ടിയതില്‍ അവര്‍ ഏറെ സന്തോഷിച്ചു. എന്റെ ജ്യേഷ്ഠന്‍ നന്ദഗോപാല്‍ പാടുമായിരുന്നു.

തിരുവനന്തപുരത്തും പരിസരത്തുമൊക്കെ കച്ചേരികളില്‍ പാടുന്ന ഏതെങ്കിലും ഒരു കീര്‍ത്തനം ചൂണ്ടിക്കാട്ടി അച്ഛന്‍ ചോദിക്കും ഏതു രാഗമെന്ന്. ശരിയുത്തരം പറഞ്ഞാല്‍ ഒരു രൂപ സമ്മാനം. ഒരു രൂപ കിട്ടാന്‍ ഞങ്ങള്‍ മത്സരിച്ച് രാഗങ്ങള്‍ മനസിലാക്കാന്‍ പരിശ്രമിച്ചിരുന്നു.

ഏത് രാഗത്തിനോടാണ് കൂടുതല്‍ പ്രിയം?


എല്ലാ രാഗങ്ങളും ഇഷ്ടമാണ്. ഓരോന്നിനും വ്യത്യസ്ത ഭാവങ്ങളാണല്ലോ. എങ്കിലും തോടി രാഗത്തോട് എനിക്ക് പ്രത്യേക താല്പര്യമുണ്ട്. എന്നെ അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ടത് തോടിയിലെ കീര്‍ത്തനങ്ങളാണ്. അതൊരു കാരണമാകാമെന്ന് ഞാന്‍ കരുതുന്നു.
uploads/news/2017/08/139224/nandiniINW2.jpg

വളരെ പ്രചാരമുളള ഒരു മേഖലയാണല്ലോ ലളിതസംഗീതം. അതിനോടെന്താ വിരക്തി?


വിരക്തിയൊന്നുമില്ല. ഞാന്‍ ലളിതസംഗീതം പഠിച്ചിട്ടുണ്ട്, പാടിയിട്ടുണ്ട്. പിന്നീട് ശാസ്ത്രീയഗാനത്തിലേക്ക് തിരിഞ്ഞു. എന്തായാലും സംഗീതത്തിന്റെ അടിത്തറയെന്നു പറയുന്നത് ശാസ്ത്രീയ സംഗീതമാണല്ലോ.

കാംബോജി എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ടല്ലോ, പിന്നീട് സിനിമയില്‍ പാടിയില്ലേ ?


പാട്ട് കിട്ടിയില്ല എന്നതുകൊണ്ടുതന്നെ. ഒരു സാധാരണ സിനിമാപാട്ടുപാടാന്‍ ആഗ്രഹമില്ല. കാംബോജിയില്‍ വളരെ വ്യത്യസ്തതയുളള ഒരു പാട്ടാണ്. അത്തരം പാട്ടുകള്‍ വന്നാല്‍ ഇനിയും പാടും.

അനവധി രാജ്യങ്ങളില്‍ കച്ചേരിക്ക് പോയിട്ടുണ്ടല്ലോ, എങ്ങനെയാണ് നമ്മുടെ ക്ലാസിക്കല്‍ സംഗീതത്തെ അവര്‍ കാണുന്നത് ?


നമ്മേക്കാളധികം ഭക്തിയും ബഹുമാനത്തോടെയുമാണ് അവര്‍ നമ്മുടെ കലയെ വീക്ഷിക്കുന്നത്. നമ്മളില്‍ പലര്‍ക്കും മതിപ്പില്ലെങ്കിലും അവര്‍ക്ക് വേണ്ടുവോളമുണ്ട്.

സ്ത്രീയെന്ന നിലയില്‍ കലാസപര്യയുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുകളുണ്ടോ?


സമൂഹത്തിന്റെ ചില ഇടപെടലുകള്‍ നമുക്ക് ബുദ്ധിമുട്ടാണ്. ഞാനതു കാര്യമാക്കാറില്ല. എല്ലാം ഒരു പോസിറ്റീവായി കാണാന്‍ എന്റെ മനസ് പാകമാണ്. പിന്നെ നമ്മെ നമ്മള്‍ തന്നെ സൂക്ഷിക്കണം.
Tuesday 22 Aug 2017 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW