Friday, November 24, 2017 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 04.09 PM

വേദന തിന്ന് കല്യാണം നടത്തിയപ്പോള്‍...

''എങ്ങും സന്തോഷം അലയടിക്കുന്നു... ഞാന്‍ മാത്രം നെഞ്ചില്‍ കനലുമായി നടന്നു.''
uploads/news/2017/08/139219/Weeklyaanmanasu220817.jpg

പെണ്‍മക്കളുള്ള ഏതൊരച്ഛന്റെയും സ്വകാര്യസ്വപ്നമാണ് അവളുടെ വിവാഹം. കന്യാദാനം നടത്തി, സുമംഗലിയായി അവളെ ഇറക്കിവിടുന്ന നിമിഷം ഏതൊരച്ഛനും ഒന്ന് മനസ്സുതുറന്നു സന്തോഷിക്കും.

പക്ഷേ, കാലം എനിക്കുവേണ്ടി കരുതിവച്ചതാവട്ടെ ഒരിക്കലും മറക്കാനാവാത്ത, വീണ്ടും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ഒരു ദിനം. ഒരുപക്ഷേ, ലോകത്ത് ഒരു മനുഷ്യനും ഇന്നേവരെ അഭിമുഖീകരിക്കാത്ത ഒരനുഭവം.

2007 ആഗസ്റ്റ് 30. ഒരു ഓണക്കാലം. അന്നെനിക്ക് സിന്ധുഗംഗ എന്ന നാടകസമിതി ഉണ്ടായിരുന്നു. ഓണക്കാലത്ത് ഏതാണ്ട് എല്ലാ ദിവസവും കളികള്‍ കാണും. ഓടിനടന്നാണ് അഭിനയിക്കുന്നത്. ഏറ്റെടുത്തു കഴിഞ്ഞാല്‍പ്പിന്നെ എന്തു സംഭവിച്ചാലും അതില്‍നിന്നു പിന്തിരിയാനാവില്ല.

വളരെ പെട്ടെന്നാണ് എന്റെ മൂത്തമകളുടെ കല്യാണം നിശ്ചയിച്ചത്. ആഗസ്റ്റ് 30. അന്ന് രണ്ടു സ്ഥലത്ത് നാടകത്തിനു ബുക്കിങ്ങുണ്ട്. കല്യാണവും മാറ്റിവയ്ക്കാനാവില്ല.

തലേന്നു രാത്രിയും നാടകം ഉണ്ടായിരുന്നു. അത് അടുത്തായിരുന്നതിനാല്‍ തീര്‍ന്നതിനുശേഷം വീട്ടിലെത്തി കല്യാണത്തിന്റെ ഒരുക്കങ്ങളില്‍ പങ്കാളിയായി.

രാവിലെ ഏതാണ്ട് നാലുമണി ആയിക്കാണും, എന്റെ ഇളയമകള്‍ വന്നു മുറിവാതിലില്‍ കൊട്ടിവിളിച്ചു. വാതില്‍ തുറന്നപ്പോ ള്‍ എന്റെ കൈപിടിച്ച് അവള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എന്റെ അമ്മയുടെ മുറിയിലേക്ക് അവള്‍ ഓടി. ഞാന്‍ അമ്മയെ തട്ടിവിളിച്ചു. അനക്കമില്ല.

ഉടന്‍തന്നെ ഞാന്‍ അനന്തരവനെ വിളിച്ചുവരുത്തി. അവനുമായി ആശുപത്രിയിലെത്തി. അഞ്ചുമണിയായപ്പോള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി; അമ്മ മരിച്ചിരിക്കുന്നു. വല്ലാത്ത ഷോക്കായിരുന്നു അത്. വീട്ടില്‍ മരണം നടന്നാല്‍പ്പിന്നെ ഒരു വര്‍ഷം കഴിയാതെ ഒരു മംഗളകര്‍മ്മവും പാടില്ല എന്നാണ്.

മകളുടെ കല്യാണം അവിടെവരെ എത്തിച്ചത് കടംവാങ്ങിയും അതുവരെയുള്ള സമ്പാദ്യം സ്വരൂപിച്ചുമൊക്കെ ആയിരുന്നു. എന്റെ മനസ്സ് ശൂന്യമായി. പ്രിയപ്പെട്ട അമ്മ പോയിരിക്കുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കേണ്ട മകളുടെ കല്യാണം അനിശ്ചിതത്വത്തില്‍. അതിനുശേഷം രണ്ടിടങ്ങളില്‍ നാടകം കളിക്കണം. മരണവാര്‍ത്ത വീട്ടില്‍ അറിഞ്ഞാല്‍ കല്യാണം മുടങ്ങും. മുടങ്ങിയാല്‍ മകളുടെ ഭാവി!

എനിക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. അനന്തിരവന്‍ അടുത്തുവന്നു പറഞ്ഞു: 'അമ്മയെ മോര്‍ച്ചറിയില്‍ കിടത്താം. കല്യാണം നടക്കട്ടെ. അതിനുശേഷമാകാം അമ്മയുടെ കര്‍മ്മങ്ങള്‍.'

പിന്നെ എന്റെ പ്രവൃത്തികള്‍ യാന്ത്രികമായിരുന്നു. വീട്ടിലെത്തി, എന്റെ സഹോദരങ്ങളെ അമ്മ ഐ.സി.യുവിലാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. താമസിയാതെ കല്യാണത്തിന് എന്റെ മകളെ വീട്ടില്‍നിന്ന് കൈപിടിച്ചിറക്കി. എങ്ങും സന്തോഷം അലയടിക്കുന്നു. ഞാന്‍ മാത്രം നെഞ്ചില്‍ കനലുമായി നടന്നു.

കല്യാണം കഴിഞ്ഞ് പെണ്ണിന്റെ അടുത്ത ബന്ധുക്കള്‍ ചെറുക്കന്റെ വീട്ടില്‍ പോയി വധൂവരന്മാരെ വിരുന്നുവിളിക്കുന്ന ചടങ്ങുണ്ട്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ്.

അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ കുറച്ചുനാള്‍ മാംസഭക്ഷണം കഴിക്കാന്‍ പാടില്ല. അമ്മ മരിച്ചതറിയാതെ ഞാനൊഴികെ എല്ലാവരും മാംസാഹാരം കഴിച്ചു. എങ്ങനെ അവരോടു പറയും?

തിരികെ വീട്ടിലെത്തി എല്ലാവരോടും കാര്യം പറഞ്ഞു. ഉടന്‍ തന്നെ അമ്മയുടെ മൃതശരീരം വീട്ടിലേക്കു വരുത്തി ശവദാഹം നടത്തി. ചിത കത്തിത്തീരുന്നതിനു മുമ്പുതന്നെ നാടകവണ്ടി വന്നു. ശവദാഹ സമയത്തുതന്നെ നാട്ടുകാരും ചില ബന്ധുക്കളും മുറുമുറുപ്പുകള്‍ തുടങ്ങിയിരുന്നു.

എല്ലാ കൂരമ്പുകളും എത്തിയത് എന്റെ നെഞ്ചിലേക്ക്. ആദ്യത്തെ കളികഴിഞ്ഞ് രണ്ടാമത്തെ വേദിയിലേക്കു പോകുമ്പോള്‍ ഞാ ന്‍ ആകെ തളര്‍ന്നിരുന്നു.

അര്‍ദ്ധരാത്രിയി ല്‍ മുഖത്തു ചായം തേച്ച് സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ പൊട്ടിച്ചിരിക്കേണ്ട സീനിലും കണ്ണില്‍നിന്നു കണ്ണുനീര്‍ അണപൊട്ടി. അവസാനത്തെ സീനില്‍ ഞാന്‍ ആടിത്തിമിര്‍ക്കുമ്പോള്‍ സദസില്‍നിന്നുയര്‍ന്ന നീണ്ട കരഘോഷത്തില്‍ ഞാന്‍ എന്നെത്തന്നെ മറക്കുകയായിരുന്നു.

തയ്യാറാക്കിയത്: ഡോ. അബേഷ് രഘുവരന്‍

Ads by Google
TRENDING NOW