Friday, February 23, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 02.53 PM

പ്രണയമഴ പെയ്തിറങ്ങുന്ന 'എന്നും'

uploads/news/2017/08/139202/CiniLOCTEnnum1.jpg

ശ്രീനാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന്റ ആഘോഷം സംസ്ഥാന സര്‍ക്കാര്‍ വന്‍ പ്രചാരത്തോടെ നടത്തുന്നുണ്ടെങ്കിലും വര്‍ത്തമാന കേരളീസമൂഹം ജാതീയമായ വേര്‍തിരിവില്‍ അഭിരമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

മലയാളി സമൂഹത്തെ അര്‍ബുദം പോലെ ഗ്രസിച്ചിരുന്ന ജാതിചിന്തയ്‌ക്കെതിരെ നവോത്ഥാന നായകന്‍ന്മാര്‍ കൊടുത്തിയ ദീപശിഖയുടെ അനുരണനങ്ങളാണ് ഇന്നത്തെ കേരളീയസമൂഹത്തിന്റെ ചിന്താസരണിക്ക് വിത്തുപാകിയത്.

കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പ്രവചനവും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി... ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന ശ്രീനാരായണ ഗുരുദേവന്റെ ഉദ്‌ബോധനവും മലയാളി സമൂഹത്തിന്റെ സാമൂഹ്യപരമായ ജീവിതചര്യകളെ മാറ്റിമറിക്കുകയായിരുന്നു.

ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാരുടെ സ്വപ്നവും ചിന്തകളുമൊക്കെ പകര്‍ന്നു നല്‍കിയ നന്മയുടെയും മാനവികതയുടെയും വിളക്കുകള്‍ കെട്ടുപോകുന്ന കാലത്താണ് നാം ജീവിക്കുന്നത്.

സവര്‍ണ്ണനും അവര്‍ണ്ണനും തമ്മിലുള്ള വേര്‍തിരിവുകളും തൊട്ടുകൂടായ്മയും കേരളത്തില്‍ വാര്‍ത്തയാകുന്ന കാലത്താണ് ചണ്ഡാളനായ ശ്മശാനം സൂക്ഷിപ്പുകാരന്റെ ജീവിതകഥയുമായി ഒരു സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. ചണ്ഡാളനും മനുഷ്യനാണെന്ന ശങ്കരാചാര്യരുടെ ദാര്‍ശനിക ബോധമാണ് സിനിമയുടെ സ്പാര്‍ക്കായി മാറുന്നത്.

പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങള്‍ ഗ്രാമ്യസംസ്‌കൃതിയുടെ ഉറവിടമാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും പാലക്കാട്ടെ കിഴക്കന്‍ മേഖലയിലെ മുഖമുദ്രയാണ്.

നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടിയാണ്. നെല്ലിയാമ്പതി മലനിരകള്‍ നയനമനോഹരമാണ്. ഇംഗ്ലീഷ് സായിപ്പന്മാരുടെ സുഖവാസകേന്ദ്രമായിരുന്നു നെല്ലിയാമ്പതി.നെല്ലിയാമ്പതി മലനിരകളുടെ പശ്ചാത്തലത്തിലാണ് കൊല്ലങ്കോട്. അടുത്തകാലത്തായി കൊല്ലങ്കോടും പരിസരപ്രദേശങ്ങളും ഒട്ടേറെ സിനിമകളുടെ ചിത്രീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കൊല്ലങ്കോട് ടൗണില്‍നിന്നും പത്തുകിലോമീറ്റര്‍ അകലെയുള്ള നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്താണ് അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ എന്നും ചിത്രീകരണം പുരോഗമിക്കുന്നത്.

എന്നും എന്ന ചിത്രത്തിന്റെ സെറ്റില്‍ ഞങ്ങളെത്തുമ്പോള്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുധീര്‍ കരമനയുടെ വിവിധ ഭാവങ്ങള്‍ സംവിധായകന്‍ അനീഷ് വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഛായാഗ്രാഹകന്‍ ടി.എസ്. ബാബു ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു.

ശ്മശാനത്തില്‍ ശവം സംസ്‌കരിക്കുന്ന അധഃകൃതന്റെ കഥയായതിനാല്‍ സുധീര്‍ കരമന തന്റെ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ സൂക്ഷ്മതയോടെയാണ് അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. തീവ്രമായ പ്രണയവും പ്രണയത്തിന് പശ്ചാത്തലമൊരുകകുന്ന കാറ്റും മഴയും പുഴയും ചിത്രത്തിലെ ശക്തമായ പ്രമേയങ്ങളാണ്.

ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ എന്നും എന്ന സിനിമയുടെ കഥാവഴികളെക്കുറിച്ച് തിരക്കഥാകൃത്ത് വി.എച്ച്. ദിരാറാണ് സിനിമാമംഗളത്തോട് സംസാരിച്ചത്.തൊള്ളായിരത്തി എഴുപതുകളില്‍ തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ ഒരു കുഗ്രാമത്തില്‍ നടക്കുന്ന കഥയാണിത്.

ഗ്രാമത്തില്‍ ശവം ദഹിപ്പിക്കുന്ന ചണ്ഡാളവിഭാഗക്കാരനാണ് കുമാരന്‍. കുമാരന്റെ അച്ഛന്‍ രാമനും ശവം ദഹിപ്പിക്കലായിരുന്നു ജോലി. തന്റെ തൊഴിലിലേക്ക് മകന്‍ വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന രാമന്‍ കുമാരനെ പഠിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു.

സ്‌കൂളില്‍ ശവം ദഹിപ്പിക്കുന്ന രാമന്റെ മകനെന്ന പേരില്‍ ജാതീയമായ പരിഹാസങ്ങള്‍ അനുഭവിച്ചാണ് കുമാരന്‍ സ്‌കൂളില്‍ പഠിച്ചിരുന്നത്. ക്ലാസിലെ കുട്ടികള്‍ കളിയാക്കുമ്പോള്‍ കുമാരന് സ്‌നേഹത്തിന്റെ പിന്തുണയുമായി മുന്നിലുണ്ടായിരുനനത് സഹപാഠിയായ മാളുവായിരുന്നു.

മാളുവിന് കുമാരനെ ഇഷ്ടമായിരുന്നു. പഠിച്ച് വലുതാകണമെന്ന അച്ഛന്റെ ആഗ്രഹമാണ് കുമാരനെ മുന്നോട്ടു നയിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി രാമന്‍ മരിക്കുന്നു. ഇതോടെ കുമാരന്‍ സ്വന്തം അച്ഛന് ചിതയൊരുക്കി അച്ഛന്റെ തൊഴിലിലേക്ക് കടന്നുവരുകയായിരുന്നു. ആളുകള്‍ പുച്ഛത്തോടെ കാണുന്ന ശവം ദഹിപ്പിക്കുന്ന ജോലി ചെയ്യണമെന്ന് കുമാരന് ആഗ്രഹമുണ്ടായിരുന്നില്ല.

കൂട്ടുകാരിയായ മാളുവിന്റെ അച്ഛന്‍ കടത്തുകാരനായിരുന്നു. അച്ഛന്‍ മരിച്ചതോടെ വഞ്ചി കടത്തുകാരിയുടെ ജോലി മാളു ഏറ്റെടുത്തു. കുമാരന്റെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാളുവിന്റെ വഞ്ചിയിലിരുന്ന നടുപുഴയിലേക്ക് കുമാരനും പോകുമായിരുന്നു.

uploads/news/2017/08/139202/CiniLOCTEnnum.jpg

നിലാവുള്ള രാത്രിയുടെ യാമങ്ങളില്‍ കുമാരന്‍ മാളുവുമായി തന്റെ സങ്കടങ്ങള്‍ പങ്കിട്ടു. നിശബ്ദവും ശക്തവുമായ പ്രണയം തുറന്നുപറയാന്‍ ഇരുവരും തയാറായില്ല. എന്നെങ്കിലുമൊരിക്കല്‍ കുമാരന്‍ തന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലായിരുന്നു മാളു.

എന്നാല്‍ കല്യാണം കഴിക്കണമെന്ന അമ്മയുടെ നിരന്തരമായ ആഗ്രഹത്തിന് മുന്നില്‍ കുമാരന്‍ നിസ്സഹായനാകുന്നു. അങ്ങനെ അമ്മ കണ്ടെത്തിയ അകന്ന ബന്ധത്തിലുള്ള വള്ളിയെന്ന പെണ്‍കുട്ടിയെ കുമാരന്‍ വിവാഹം കഴിക്കുന്നു. സങ്കടങ്ങള്‍ ഉള്ളിലൊതുക്കാനേ മാളുവിനു കഴിയുന്നുള്ളു.

കല്യാണം കഴിഞ്ഞ് കുമാരനും വള്ളിയും ബന്ധുക്കളോടൊപ്പം വഞ്ചിയില്‍ വരുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന കുശുമ്പിത്തള്ള മാളുവിനെ ചൂണ്ടി വള്ളിയുടെ കാതില്‍ ഇവളെ സൂക്ഷിക്കണമെന്നും കുമാരനെ ഇവള്‍ വശത്താക്കുമെന്നും പറയുന്നു. കുശുമ്പിത്തള്ളയുടെ വാക്കുകള്‍ വിഷമഴയായി വള്ളിയുടെ മനസ്സില്‍ പെയ്തു നിറയുകയാണ്.

ഭാര്യ വള്ളിയുടെ നിസ്വാര്‍ത്ഥമായ സ്‌നേഹത്തിനും മാളുവെന്ന പ്രണയിനിയുടെ സത്യസന്ധമായ പ്രണയത്തിനിടയിലും അകപ്പെട്ട് കുമാരന്‍ വീര്‍പ്പുമുട്ടുന്നതോടെ സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ എന്നും കടന്നുപോകുകയാണ്.

തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ഇതിവൃത്തമാണ് എന്നും എന്ന ചിത്രത്തിന്റെ കഥയായി മനസ്സില്‍ രൂപാന്തരപ്പെട്ടതെന്നും തനിക്കേറെ പ്രതീക്ഷയുള്ള എന്നും പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സംവിധായകന്‍ സിനിമാമംഗളത്തോട് പറഞ്ഞു.

ഗാനരചയിതാവായ മോഹന്‍ സി. നീലമംഗലം സംഗീതസംവിധായകനാവുന്ന പ്രഥമചിത്രംകൂടിയാണ് എന്നും. സുരേന്ദ്രന്‍ നായികയായി ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു.

അഭിലാഷ് പുന്നകുഴിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സക്കീര്‍ ഹുസൈന്‍ നിര്‍മ്മാണ നിയന്ത്രണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയരാജ് വെട്ടമാണ്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കുമാരനായി സുധീര്‍ കരമനയും മാളുവായി ശിവാനിയും വള്ളിയായി ശ്രീയ സുരേന്ദ്രനും വേഷമിടുന്നു. സിദ്ധിഖ്, പ്രേമന്‍, വര്‍ഗീസ്, വീണ, ബേബി വൈഗലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

പാലക്കാട്, കൊല്ലങ്കോട്, എലവഞ്ചേരി, അണപ്പാറ എന്നിവിടങ്ങളിലായാണ് എന്നും എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗിക്കുന്നത്.

തിരക്കഥ- വി.എച്ച്. ദിരാര്‍, ക്യാമറ- ടി.എസ്. ബാബു, കല- പി.ടി. ബാബു, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അശോകന്‍, എഡിറ്റര്‍- കബില്‍, ഗാനരചന- മോഹന്‍ സി. നീലമംഗലം, മധു ആലപടമ്പ്, സംഗീതം- മോഹന്‍ സി. നീലമംഗലം, സ്‌പോട്ട് എഡിറ്റര്‍- അനീഷ് ടി. എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജയരാജ് വെട്ടം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അഭിലാഷ് പുന്നകുഴി, പ്രൊഡക്ഷന്‍ മാനേജര്‍- സിജു ഗോപിനാഥ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീനാഥ്, അസോസിയേറ്റ് ഡയറക്ടര്‍- മോഹന്‍ സി. നീലമംഗലം, സഹസംവിധാനം- പ്രസൂണ്‍ പ്രകാശ്, എം.കെ. ഷൈജു, വിജേഷ് തോട്ടിങ്ങല്‍, യൂണിറ്റ്- സൈനാസ്റ്റി കാലിക്കറ്റ്, ക്രെയിന്‍- റെയിന്‍ബോ ആലപ്പുഴ, പ്രൊഡക്ഷന്‍ യൂണിറ്റ്- എല്‍ദോ വയനാട്, സ്റ്റില്‍സ്- ഷിബു മാറോലി.

- എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പാലക്കാട് ദുരൈ

Ads by Google
TRENDING NOW