Monday, November 13, 2017 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 03.18 PM

ഉത്തമവാസഭൂമി ലക്ഷണം

പൊതുവേ ഭൂമിയുടെ കിടപ്പ്, ദേശം, ജലസമൃദ്ധി, രൂപത്തെപ്പോലെതന്നെ മണ്ണിന്റെ ഗന്ധം, മാര്‍ദ്ദവം, ശബ്ദം, രസം, വര്‍ണ്ണം എന്നിവയും സൂക്ഷ്മപരിശോധന പരിഗണനയില്‍പ്പെട്ടവയാണ്. ഉദാഹരണത്തിന് ക്ഷീരം, തൈര്, തേന്‍, നെയ്യ്, ഗോമയം, ഗോമൂത്രം മുതലായവയുടെ ഗന്ധങ്ങള്‍ ഉള്ള ഭൂമി/മണ്ണ് ഉത്തമവാസയോഗ്യമാണെന്ന് ശാസ്ത്രം പറയുന്നു.
uploads/news/2017/08/138903/joythi210817a.jpg

വാസ്തുവിദ്യാടിസ്ഥാനത്തില്‍ ഏതൊരു വാസ്തു നിര്‍മ്മാണത്തിനും ആകൃതി, രൂപം, ഉറപ്പ്, ഭംഗി, അളവ്, അനുപാതം എന്നിവ അനിവാര്യമാണ്. ഈ ഘടകങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ വാസ്തുവിദ്യയില്‍ മാന അനുപാത വ്യവസ്ഥകളുണ്ട്.

ഒരു വസ്തുവിനെ ശില്പി, മനോസങ്കല്പമനുസരിച്ച് രൂപപ്പെടുത്തുമ്പോള്‍ വാസ്തുവാകുന്നു. വാസ്തു ആദ്യം മനസ്സിലാണ് രൂപം കൊള്ളുന്നത്. ആ സങ്കല്പരൂപത്തെ പ്രാവര്‍ത്തികമാക്കുമ്പോള്‍ മര്‍ത്ത്യ അമര്‍ത്ത്യരുടെ വാസസ്ഥലങ്ങള്‍ ഉറപ്പിലും ഭംഗിയിലും സൗകര്യത്തിലും പ്രകൃതിയുമായി സമരസപ്പെടുത്തിയും സമന്വയപ്പെടുത്തിയും ഉണ്ടാക്കപ്പെടുന്നു.

ഗൃഹനിര്‍മ്മാണത്തിന് ആദ്യമായി ഏറ്റവും ആവശ്യമായത് നിര്‍മാണസ്ഥലം/ഭൂമിയാണല്ലോ? ആയതിനാല്‍ വാസ്തുശാസ്ത്രത്തില്‍ ഏറ്റവും പ്രധാനം കെട്ടിടനിര്‍മ്മാണത്തിനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പും രൂപവും മറ്റു ലക്ഷണങ്ങളുമാണ്.

വാസ്തുവിദ്യയില്‍ ശില്പിയുടെ രൂപകല്‍പ്പന നിര്‍മാണവൈദഗ്ദ്ധ്യംപോലെ പരമപ്രധാനമാണ്; നിര്‍മാണസ്ഥലത്തിന്റെ ഗുണഗണങ്ങളും ലക്ഷണങ്ങളും. അതുകൊണ്ട് സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ത്തന്നെ ഒരു ആചാര്യന്റെ ഉപദേശം തേടേണ്ടതാണ്.

''മംഗലപാഠം'' എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നപോലെ ഭൂമിയുടെ ഗുണദോഷങ്ങള്‍ പരിശോധിക്കുമ്പോള്‍ മണ്ണിന്റെയും വൃക്ഷലതാതികളുടെയും ചുറ്റുപാടുകളുടെയും ലക്ഷണങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതും അവശ്യമാണ്. പറമ്പിന്റെ ലക്ഷണങ്ങളോടൊപ്പം ചുറ്റുപാടുകളുടെ വാസ്തു കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

പറമ്പ്/ദേശങ്ങള്‍ പ്രധാനമായി മൂന്നുവിധമായി കാണപ്പെടുന്നു. ഒന്ന് വളരെദൂരത്തുമാത്രം വെളളം കിട്ടുന്നതും വൃക്ഷലതാദികള്‍ വേണ്ടത്ര വളരാത്തതും രൂക്ഷമായ ചൂട് കാറ്റു വീശുന്നതും കറുത്ത മണ്ണുള്ളതുമായ പ്രദേശങ്ങളെ ജാംഗല്യം എന്നറിയപ്പെടുന്നു.

രണ്ടാമത്തേത് അനൂപം എന്നറിയപ്പെടുന്ന ദേശങ്ങള്‍. വളരെ താഴ്ന്നതും ധാരാളം വെള്ളം കിട്ടുന്നതും മത്സ്യങ്ങള്‍ ഉള്ളതും വൃക്ഷലതാദികള്‍ ധാരാളം വളരുന്നതും ശൈത്യം അനുഭവപ്പെടുന്നതും ആകുന്നു.

മുകളില്‍ പറഞ്ഞ രണ്ടു ദേശലക്ഷണങ്ങള്‍ കലര്‍ന്ന മിതശിതോഷ്ണപ്രദേശത്തെ ''സാധാരണ'' എന്നറിയപ്പെടുന്നു. പൊതുവേ ഭൂമിയുടെ കിടപ്പ്, ദേശം, ജലസമൃദ്ധി, രൂപത്തെപ്പോലെതന്നെ മണ്ണിന്റെ ഗന്ധം, മാര്‍ദ്ദവം, ശബ്ദം, രസം, വര്‍ണ്ണം എന്നിവയും സൂക്ഷ്മപരിശോധന പരിഗണനയില്‍പ്പെട്ടവയാണ്.

ഉദാഹരണത്തിന് ക്ഷീരം, തൈര്, തേന്‍, നെയ്യ്, ഗോമയം, ഗോമൂത്രം മുതലായവയുടെ ഗന്ധങ്ങള്‍ ഉള്ള ഭൂമി/മണ്ണ് ഉത്തമവാസയോഗ്യമാണെന്ന് ശാസ്ത്രം പറയുന്നു.മണ്ണിന്റെ പരീക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ഭൂമിയുടെ മാര്‍ദ്ദവം കണ്ടുപിടിക്കല്‍.

ഭൂമിയില്‍ ഒരുകോല്‍ നീളത്തിലും വീതിയിലും ആഴത്തില്‍ കുഴിയുണ്ടാക്കി അതില്‍ നിറയെ വെള്ളം നിറയ്ക്കുക. ഉടനെ ഒരാള്‍ 100 അടി നേരെ സമനില പറമ്പില്‍ നടന്നുവരിക. അപ്പോള്‍ വെള്ളം തീരെ വറ്റാതെ (കുറയാതെ) കണ്ടാല്‍ ഭൂമി ഉത്തമം.

കാല്‍ഭാഗം വറ്റിയെങ്കില്‍ മദ്ധ്യമമെന്നും പകുതിവരെ വറ്റിയാല്‍ അധമമെന്നും പറയാം.രണ്ടാംപരീക്ഷണമായി ഒരു കോല്‍ കുഴിച്ചമണ്ണ് വീണ്ടും കുഴിയില്‍ നിറയ്ക്കുക. നിറയ്ക്കുമ്പോള്‍ മണ്ണ് ശേഷിക്കുന്നുവെങ്കില്‍ ശുഭമെന്നും സമമെങ്കില്‍ മദ്ധ്യമമെന്നും മണ്ണ് നിറഞ്ഞില്ലെങ്കില്‍ ഭൂമി അധമമെന്നും മനസ്സിലാക്കണം.

ആവശ്യമെങ്കില്‍ മൂന്നാം പരീക്ഷണം കൂടി നടത്തി ശുഭാശുഭഫലങ്ങളെ തീരുമാനിക്കാവുന്നതാണ്. കുഴിയില്‍ വെള്ളം നിറച്ച് ചെറുപുഷ്പങ്ങള്‍ നിക്ഷേപിക്കുക. പൂവ് വെള്ളത്തിനു മുകളില്‍ അതേ ദിക്കില്‍ സ്ഥിതി ചെയ്താലും പ്രദക്ഷിണമായി ഒഴുകിയാലും ഉത്തമഭൂമിയാണെന്ന് കരുതണം.

അപ്രദക്ഷിണമായി ഒഴുകിയാലോ, കോണുകളില്‍ നില്‍ക്കുകയോ ചെയ്താല്‍ ഭൂമി വാസയോഗ്യമല്ലെന്നനുമാനിക്കാം. മേല്‍പ്പറഞ്ഞ പരീക്ഷണങ്ങള്‍ വഴി ഉത്തമ ഭൂമി തെരഞ്ഞെടുക്കാം.

അടുത്തതായി ഭൂമിയുടെ കിടപ്പ്, ഉയര്‍ച്ച താഴ്ചയ്ക്കനുസരിച്ചുള്ള ഗുണദോഷഫലങ്ങള്‍ പരിശോധിക്കേണ്ടതാണ്. ഭൂമിയുടെ കിടപ്പിനനുസരിച്ച് ഭാഗങ്ങള്‍ വശങ്ങള്‍ എന്നിവകള്‍ ഉയര്‍ന്നതാണോ, താഴ്ന്നതാണോ എന്ന് കണ്ടുപിടിച്ച് ഗൃഹനിര്‍മ്മാണത്തിന് ഉപയോഗ്യമാണോ എന്നു തീരുമാനിക്കാനുള്ള പ്രമാണങ്ങളും തത്വങ്ങളും വാസ്തുവിദ്യാ 'വിശ്വകര്‍മീയ' ത്തില്‍ വിശദീകരിക്കുന്നു. ഭൂമിയുടെ ഉയര്‍ച്ചതാഴ്ച/ചരിവുകള്‍ അനുസരിച്ച് വാസസ്ഥലങ്ങളെ വ്യത്യസ്ത വീഥികളായി തരംതിരിച്ചിരിക്കുന്നു.

ഇതില്‍ 1. ഗോവീഥി- കിഴക്ക് താഴ്ന്നും പടിഞ്ഞാറ് ഉയര്‍ന്നും ഇരിക്കുന്നതാണ്. ഇത് മനുഷ്യവാസത്തിനും കന്നുകാലികള്‍ക്കും ഒരുപോലെ ഉത്തമസ്ഥലമാണ്.
2. ഗജവീഥി: തെക്കുയര്‍ന്ന് വടക്കുഭാഗം ചരിഞ്ഞ ഭൂമി- ഉത്തമവാസസ്ഥലം. ആയുസ്സ് ആരോഗ്യം ഇവ പ്രദാനം ചെയ്യും.
3. ധന/ധാന്യ വീഥി: വടക്കു കിഴക്കു ഭാഗം താണും തെക്ക് പടിഞ്ഞാറ് ഉയര്‍ന്നും ഇരിക്കുന്ന ഭൂമി. ആയിരം വര്‍ഷം സമ്പല്‍സമൃദ്ധിയുണ്ടാവും.
4. ദീര്‍ഘായൂര്‍ വീഥി: വടക്കുഭാഗത്തിനും വടക്ക് കിഴക്കുഭാഗത്തിനും ഇടയില്‍ താഴ്ന്നും തെക്കിനും തെക്കുപടിഞ്ഞാറ് ഭാഗത്തിനും ഇടയില്‍ ഉയര്‍ന്നും ഇരിക്കുന്ന ഭൂമി- ഉത്തമഭൂമി വംശവൃദ്ധിഫലം.

5. സുപഥവീഥി: തെക്ക്, അഗ്നികോണ്‍ എന്നിവയുടെ മദ്ധ്യം ഉയര്‍ന്ന് വടക്കും, വായുകോണ്‍ മദ്ധ്യം താഴ്ന്നും ഉള്ള സ്ഥലം-വാസത്തിന് ശോഭനമാണ്.
6. സ്ഥാന്തില്‍ വീഥി: തെക്കുപടിഞ്ഞാറ് ഉയര്‍ന്നും മറ്റു മൂന്നു കോണുകളും താഴ്ന്നുമിരിക്കുന്ന ഭൂമി മനുഷ്യവാസത്തിനുത്തമം.
7. പിതാമഹവീഥി: കിഴക്ക് അഗ്നികോണ്‍ എന്നിവയുടെ മദ്ധ്യം ഉയര്‍ന്നും പടിഞ്ഞാറ്, വായുകോണ്‍ എന്നിവയുടെ മദ്ധ്യം താഴ്ന്നും ഇരിക്കുന്ന ഭൂമി- വാസയോഗ്യമെന്നും അല്ലെന്നും രണ്ടഭിപ്രായങ്ങളുണ്ട്.

8. സ്ഥാവരവീഥി: തെക്കു കിഴക്കുയര്‍ന്നും മറ്റു മൂന്നുകോണുകള്‍ താഴ്ന്നും ഉള്ള ഭൂമി- ഉത്തമവാസസ്ഥലമായി കരുതുന്നു.
9. ഗജപൃഷ്ഠവീഥി: തെക്കും, വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും ഭാഗങ്ങള്‍ ഉയര്‍ന്ന ഭൂമി- ഉത്തമഭൂമി. ആയുര്‍ ആരോഗ്യസമ്പത്ത് ഫലം.
10. കൂര്‍മ്മപൃഷ്ഠവീഥി: മദ്ധ്യഭാഗം ഉയര്‍ന്നും മറ്റുഭാഗങ്ങള്‍ താഴ്ന്നും ഇരിക്കുന്ന ഭൂമി- സന്തോഷവും സമൃദ്ധിയും നല്‍കുന്നതാണ്.
മേല്‍പ്പറഞ്ഞ ശുഭവീഥികള്‍ക്കു പുറമേ വിവിധ അശുഭ വീഥികളുടെ പേരുകള്‍ താഴെപ്പറയുന്നുവയാണ്.

യമവീഥി, ബുധവീഥി, ആപദ്‌വീഥി, ജലവീഥി, രോഗകാരകവീഥി, ശ്മശാനവീഥി, ശ്വാനകവിഥി, ബ്രഹ്മവീഥി, സ്വമുഖവീഥി, നാഗപൃഷ്ഠവീഥി, ശാന്തൂള്‍ വീഥി, നാഗവീഥി, യമവീഥി, അഗ്നിവീഥി, ഭൂതവീഥി. മേല്‍പ്പറഞ്ഞ വിവിധ ഗുണദോഷമുള്ള വീഥികളില്‍ കിഴക്കോ, വടക്കുഭാഗത്തേക്കോ ചരിഞ്ഞ ഭൂമി ഗൃഹനിര്‍മ്മാണത്തിനുത്തമാണെന്ന് മനസ്സിലാക്കാം. അതായത് കിഴക്കോ, വടക്കോ വെള്ളം ഒഴുകുന്ന ഭൂമി എന്നര്‍ത്ഥം.

അതുപോലെ ഫലഭൂയിഷ്ടമായ ഭൂമി, വൃക്ഷലതാദികള്‍ സമൃദ്ധമായി വളരുന്ന ഭൂമി, സമശിതോഷ്ണഭൂമി, മനുഷ്യനും മൃഗങ്ങളും പക്ഷികളും വസിക്കുന്ന ഭൂമി എന്നിവ ഗൃഹനിര്‍മ്മാണത്തിന് ശോഭനമാണ്.

ചുറ്റുപാടുകള്‍ വാസ്തുവിദ്യാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വാസസ്ഥലത്തിന്റെ കിഴക്കും വടക്കും വടക്കുകിഴക്കും ഭാഗങ്ങളില്‍ ജലാശയം, കുളം, നദി, തോട്, ധാന്യവയല്‍ എന്നിവ ഉണ്ടായിരിക്കുന്നത് അത്യുത്തമമാണ്. അതുപോലെ തെക്കും തെക്കുപടിഞ്ഞാറും പടിഞ്ഞാറും കുന്നും മലയും കരിങ്കല്‍ പാറകളും വലിയ കെട്ടിടങ്ങളും ഉണ്ടായിരിക്കുന്നതും ഉത്തമമാണ്.

അടുത്തതായി ദേവസന്നിധി സാമീപ്യത്തെക്കുറിച്ചും വാസ്തുശാസ്ത്രത്തില്‍ പ്രത്യേകപരിഗണന നിയമങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും വളരെ അടുത്തായി ഗൃഹനിര്‍മ്മാണം പാടില്ല. അതുപോലെ ഗൃഹത്തിന്റെ ഉയരം ഒരു കാരണവശാലും ദേവാലയ ഉയരത്തേക്കാള്‍ കൂടുതലാവരുത്.

ദേവന്മാരെ ശാന്തം, ഉഗ്രം, അത്യുഗ്രം എന്നീ മൂന്നു തരത്തില്‍ സങ്കല്‍പ്പിച്ചിരിക്കുന്നു. ഇതില്‍ സൗമ്യദേവന്മാരായ വിഷ്ണു, ദുര്‍ഗ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്‍ എന്നീ ദേവന്മാരുടെ വലതുവശത്തും മുന്നിലും ഉഗ്ര/അത്യുഗ്ര മൂര്‍ത്തികളായ ശിവന്‍, ഭദ്രകാളി, നരസിഗഹമൂര്‍ത്തി എന്നീ ദേവന്മാരുടെ ഇടത്തും പിന്നാലെയും മാത്രമേ ഗൃഹനിര്‍മ്മാണം പാടുള്ളൂ.

മറ്റു കെട്ടിടങ്ങള്‍ക്കും ഇതേ തത്വമാണ് സ്വീകരിക്കേണ്ടത്. ഇവിടെ ദേവാലയങ്ങളില്‍ നിന്നുള്ള അകലം വാസ്തുശാസ്ത്രമനുസരിച്ചായിരിക്കണം. ശ്രീ അയ്യപ്പ സങ്കല്‍പ്പത്തെ മലമുകളിലാണെങ്കില്‍ സൗമ്യനായും താഴ്‌വരകളില്‍ ഉഗ്രമൂര്‍ത്തിയായും ആണ് കരുതേണ്ടത്.

ക്ഷേത്രത്തില്‍ തന്ത്രി, പരിചാരകര്‍, ഉപാസകര്‍ മുതലായവര്‍ക്ക് മേല്‍പറഞ്ഞ നിയമം ബാധകമല്ല. ഇനി പൊതുവേ ഉത്തമമല്ലെന്ന് കരുതപ്പെടുന്ന ഭൂമികളെപ്പറ്റി വാസ്തുശാസ്‌ത്രോപദേശം ഇപ്രകാരമാണ്.

ഭൂമി കുഴിക്കുമ്പോള്‍ ചിതല്‍, കരിക്കട്ട, ഉമി, ചാരം, എല്ലുകള്‍, തലമുടി, തലയോട്ടി മുതലായ ശല്യവസ്തുക്കള്‍ ലഭിക്കുന്ന സ്ഥലം; വെള്ളം കെട്ടിക്കിടക്കുന്ന ഭൂമി, ശ്മശാനഭൂമി, ദുര്‍ഗന്ധം വമിക്കുന്ന ഭൂമി, തുടിഞ്ഞുപൊളിഞ്ഞ കെട്ടിടമുള്ള ഭൂമി, 12 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ സംഭവിച്ചഭൂമി, രൂക്ഷമായ സംക്രമികരോഗം ബാധിച്ചസ്ഥലം, വലിയ പറമ്പുകളുടെയോ, വലിയ കെട്ടിടങ്ങളുടെയോ ഇടയിലുള്ള ചെറിയ സ്ഥലം എന്നിവ വാസയോഗ്യമല്ലത്രെ.

അതുപോലെ വടക്ക്, കിഴക്ക്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ സ്ഥലത്തിന്റെ വളരെ അടുത്തായി വളരെ ഉയരംകൂടിയ കെട്ടിടം, വ്യവസായശാല, ബൃഹത്തായ ട്രാന്‍ഫോര്‍മര്‍ കരിങ്കല്‍ കുന്ന്, ആശുപത്രികള്‍, സിനിമാ തിയേറ്റര്‍ എന്നിവയുള്ള ഭൂമിയും വാസഗൃഹത്തിന് ശുഭമല്ല.

കൂടാതെ ഡ്രെയിനേജ് അടിയില്‍ കൂടി പോകുന്നസ്ഥലം, ഹൈവോള്‍ട്ടേജ് വിദ്യുച്ഛക്തി ലൈന്‍ കുറുകേ പോകുന്ന ഭൂമി, വംശനാശം വന്ന കുടുംബഭൂമി, തെക്ക് പടിഞ്ഞാറ്, തെക്ക്, തെക്കുകിഴക്ക് ഭാഗങ്ങളില്‍ കുളമോ, കിണറോ നിലനിര്‍ത്തേണ്ട ഭൂമി, ആശ്രമപരിസരം, നദി, സമുദ്രം ഇവയുടെ വളരെ അടുത്തായ സ്ഥലം വാസയോഗ്യമല്ല.

പുതിയ സ്ഥലം വാങ്ങി പഴയതുമായി ചേര്‍ക്കുമ്പോള്‍ പടിഞ്ഞാറും തെക്കും ഭാഗത്തേ സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ശുഭമല്ല. വടക്കും കിഴക്കും ഉള്ള സ്ഥലങ്ങള്‍ വാങ്ങിേച്ചര്‍ക്കുന്നത് ഉത്തമം.

അടുത്തതായി ഭൂമിയുടെ രൂപത്തിനും ആകൃതിക്കും അനുസരിച്ചുള്ള ഗുണദോഷഫലങ്ങള്‍ വാസ്തുനിയമമനുസരിച്ച് ഉത്തമസ്ഥലത്തിന്റെ രൂപം ചതുരമോ, സമചതുരമോ ആയിരിക്കേണ്ടതാണ്.

ആയതിനാല്‍ ഉള്ള സ്ഥലം ചതുരമോ, സമചതുരമോ ആക്കി (മണ്ണ്‌വഴി) മാറ്റിയ ശേഷമാണ് ഗൃഹനിര്‍മ്മാണം നടത്തേണ്ടത്. ചതുരത്തിന്റെ വശങ്ങള്‍ തമ്മിലുള്ള അനുപാതം
1:2 വരെ ആകാം. കൂടിയാല്‍ ശ്രേയസ്‌ക്കരമല്ല.

നീളം കൂടിയഭാഗം വടക്കോ, കിഴക്കോ നീണ്ടിരിക്കുന്നത് ഉത്തമം. കാരണം ആ ഭാഗത്താണ് വാസ്തുപുരുഷ സങ്കല്പത്തിന്റെ മുഖവും കഴുത്തും തലയും കൂടുതല്‍ സ്പര്‍ശിക്കുന്നത്. അനുപാതം കൂടിയാല്‍ വാസ്തുപുരുഷരൂപത്തെ വികൃതമാക്കുന്നുവെന്ന് സാരം.

മുന്‍ഭാഗം വീതികുറഞ്ഞും പിറകുവശം വീതി കൂടിയുതുമായ ഗോമുഖി രൂപത്തിലുള്ള സ്ഥലം ഗൃഹ/കെട്ടിട നിര്‍മ്മാണത്തിനുത്തമമാണ്. ഇതിന്റെ പടിഞ്ഞാറ് വശത്തോ, തെക്കുവശത്തോ റോഡ് നിര്‍മ്മിക്കുന്നത് ശുഭകരമാണ്.

ഷഡ്ഭുജം, അഷ്ടഭുജം, ക്രമരഹിതമായ ചതുര്‍ഭുജം, നാഗപൃഷ്ഠം, വര്‍ദ്ധകവസ്തുക്കള്‍ എന്നീ രൂപമുള്ളവയും വൃത്താകൃതി, അണ്ഡാകൃതി, മൃതംഗാകൃതി എന്നിവയും ഗൃഹനിര്‍മ്മാണത്തിനുത്തമമല്ല.

അതുപോലെ വസ്തുവുമായി ബന്ധപ്പെടുന്ന റോഡുകള്‍ വാസ്തുവിനെ വളരെ സ്വാധീനിക്കുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് പ്ലോട്ടിന്റെ വടക്കും കിഴക്കും വടക്കുകിഴക്കും റോഡുകള്‍, വഴികള്‍ എന്നിവ ഉള്ളത് വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു.

മേല്‍വിവരിച്ച എല്ലാ ഘടകങ്ങളും പരിശോധിച്ച് ഭൂമിവാസ യോഗ്യമാണെന്ന് കണ്ടെത്തണം. അതോടൊപ്പം ഗൃഹനാഥന്റെ/കുടുംബത്തിന്റെ പോക്കുവരവ് സൗകര്യങ്ങളും നിര്‍മ്മാണത്തിനുവേണ്ട മറ്റനുബന്ധ ഘടകങ്ങളും കണക്കിലെടുത്ത് വേണം വാസഗൃഹഭൂമിയെ തീരുമാനിക്കാന്‍.

ഭൂമി കൈവശമാക്കിയശേഷം ദണ്ഡുകള്‍ (ആവശ്യമെങ്കില്‍) ഉണ്ടാക്കി സമയചതുരമോ, ചതുരമോ ആയ പ്ലോട്ടുണ്ടാക്കണം. ശേഷം മദ്ധ്യരേഖകള്‍ സങ്കല്‍പ്പിച്ച് വാസഭൂമിയെ നാല് ഘണ്ഡങ്ങളായി തിരിക്കണം.

ഇതില്‍ വടക്കുകിഴക്കേ ഖണ്ഡം മനുഷ്യ ഖണ്ഡമായും തെക്കുപടിഞ്ഞാറേ ഘണ്ഡം ദേവഖണ്ഡമായും അറിയപ്പെടുന്നു. ഇവ രണ്ടും ഗൃഹനിര്‍മ്മാണത്തിനുത്തമമാണ്.

വടക്കു പടിഞ്ഞാറെ ഖണ്ഡമായ അസുരഖണ്ഡം/വായുഖണ്ഡം അത്യാവശ്യമായാല്‍ മാത്രം മദ്ധ്യമമായി വീട് നിര്‍മ്മിക്കാം. പക്ഷേ, തെക്കുകിഴക്കേ ഖണ്ഡമായ അഗ്നി/മൃത്യുഖണ്ഡത്തില്‍ വീട് നിര്‍മ്മിക്കരുത്.

കൃഷ്ണന്‍ കല്ല്യോട്ട്
(എഞ്ചിനീയര്‍ വാസ്തു കണ്‍സള്‍ട്ടന്റ്), കാഞ്ഞങ്ങാട്

Ads by Google
Ads by Google
TRENDING NOW