Friday, July 20, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 20 Aug 2017 07.07 PM

നീലത്തിമിംഗലങ്ങള്‍ വായ തുറക്കുമ്പോള്‍

ഓരോ കാലഘട്ടങ്ങളിലും ഇത്തരം സാമൂഹികദുരന്തങ്ങള്‍ നമ്മുടെ തലമുറകളെ ബാധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മനക്കരുത്തിലൂടെയും പൈതൃകങ്ങളിലൂടെയും അവയെയൊക്കെ അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ ഇന്ന് നമ്മുടെ തലമുറ നിരാലംബരാണ്. അവര്‍ക്ക് ആശ്രയമില്ല, ആശയങ്ങളില്ല, അതുകൊണ്ടുതന്നെ പ്രതിസന്ധികളെ അതിജീവിക്കാനും കഴിയുന്നില്ല. പണത്തിന് പിന്നാലെ പായുന്ന രക്ഷകര്‍ത്താക്കളും ദുഃസ്വാതന്ത്ര്യം പേറുന്നമക്കളുമാണ് ഇന്ന് സമൂഹത്തിന്റെ ശാപം.
blue whale game

ഇന്ന് നമ്മുടെ കുട്ടികളുടെ പഠനമുറികളില്‍ മരണം തത്തിക്കളിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അറിവുകള്‍ക്ക് പിന്നാലെപാഞ്ഞ് നമ്മുടെ സൗകര്യത്തിനായി നാം കണ്ടെത്തിയ ഉപകരണങ്ങള്‍ ഇന്ന് മാരക ആയുധങ്ങളായി മാറിയിരിക്കുന്നു. നീലത്തിമിംഗലത്തിന്റേയും മറ്റുപലതിന്റെയും പേരില്‍ അവ നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്നു. ഏത് നിമിഷവും മരണം മാടിവിളിക്കുകയോ, അല്ലെങ്കില്‍ നമ്മുടെ കഴുത്തില്‍ നാം തന്നെ ഓമനിച്ചുവളര്‍ത്തുന്നവരുടെ കൈകളിലെ കൊലക്കത്തി വീഴുകയോ ചെയ്യാമെന്ന സ്ഥിതിവിശേഷം. അപകടകരമായ നിലയിലേക്കാണ് ഈ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. ഏത് കണ്ടുപിടുത്തത്തിനും രണ്ടുവശങ്ങളുണ്ടാകുമെന്ന് ആറ്റംബോംബിന് ആധാരമായ സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റീന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അണുവിസ്‌ഫോടനം ഗുണപരമായി ഉപയോഗിച്ചാല്‍ അത് അമിതാളവില്‍ ഊര്‍ജ്ജം സംഭാവനചെയ്യും, അതേ സാധനം തന്നെ നാശകാരിയായി ഉപയോഗിച്ചാല്‍ ഏറ്റവും മാരകമായ ആയുധമായി അത് മാറും, നിര്‍ഭാഗ്യവശാല്‍ മനുഷ്യനെ കൊന്നൊടുക്കാനാണ് ആ സിദ്ധാന്തം ഉപയോഗിച്ചത്.

അതുപോലെയാണ് ഇവിടെ ഇന്ന് നാം ഭയപ്പെടുന്ന 'ബ്ല്യു വെയില്‍ ഗെയിം' എന്ന് തിരശീലയ്ക്ക് പിന്നില്‍ എവിടെയോ പതിയിരിക്കുന്ന മരണം. മാനസികപ്രശ്‌നങ്ങളുള്ള കുട്ടികളെ ആകര്‍ഷിക്കുന്നു, അവരെ വലയിലാക്കുന്നു, ഒടുവില്‍ സ്വയം മരിക്കാന്‍ പ്രേരിപ്പിക്കുന്നു., അല്ലെങ്കില്‍ ആരെയെങ്കിലും കൊല്ലിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതാണ് അതിന്റെ സാരാംശം. എന്തായാലും മരണം ഉറപ്പ് എന്ന സ്ഥിതി. ലോകമാസകലം ആകെ ഭീതിയില്‍ ഉറ്റുനോക്കുന്ന ഈ ഗെയിമിനെ സംബന്ധിച്ചിടത്തോളം വലിയ അറിവൊന്നും ലഭിക്കുന്നില്ലെന്നാണ് നമ്മുടെ പോലീസിന്റെ വിശദീകരണവും. അതുകൊണ്ടുതന്നെ ഈ പ്രചരണങ്ങള്‍ പഴയ 'ബ്ലാക്ക് മാന്‍' ഭീതിപോലെയാണോയെന്നും നമുക്ക് ചിന്തിക്കാം. എന്നാല്‍ ഇത്തരമൊരു ഗെയിം ഉണ്ടെന്ന് തന്നെ കരുതിക്കൊണ്ട് നമുക്ക് മുന്നോട്ടുപോകാം. അങ്ങനെയൊരു ഗെയിം ഉണ്ടെങ്കില്‍ അത് പുറത്തുവിടുന്ന മരണസന്ദേശങ്ങളെ എന്തു കൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് അതിജീവിക്കാനാകുന്നില്ല. അല്ലെങ്കില്‍ ഇത്രയും സാഡിസമായ ഒരു ഗെയിം കളിക്കാന്‍ അവര്‍ എന്തുകൊണ്ട് പ്രേരിതരായിതീരുന്നുവെന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.

പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും നേരിടാന്‍ നമ്മുടെ യുവതലമുറയ്ക്ക് കഴിയുന്നില്ല എന്നതാണ് സത്യം. 2013ല്‍ തുടങ്ങിയെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഈ ഗെയിമിന് വേണ്ടിയുള്ള മുന്നൊരുക്കം വളരെ മുമ്പുതന്നെ അറിഞ്ഞോ, അറിയാതെയോ നമ്മുടെ സമൂഹം തുടങ്ങിയെന്നതാണ് സത്യം. അതിന്റെ തുടക്കം പുതിയ തലമുറയെ സാമൂഹികജീവി അല്ലാതാക്കി എന്നിടത്താണ്. സമൂഹവുമായി ബന്ധപ്പെട്ട് കഴിയുമ്പോഴാണ് ഒരു മനുഷ്യന് ആലംബമുണ്ടാകുന്നത്, പ്രതികരണശേഷിയുണ്ടാകുന്നത്, എന്തിനേയും നേരിടാനുള്ള ധൈര്യമുണ്ടാകുന്നത്. പക്ഷേ ഇന്ന് നമ്മുടെ സമൂഹത്തില്‍ അതുണ്ടോയെന്ന് ചിന്തിക്കുകയാണ് ആദ്യം വേണ്ടത്. ഓരോ കാലഘട്ടങ്ങളിലും ഇത്തരം സാമൂഹികദുരന്തങ്ങള്‍ നമ്മുടെ തലമുറകളെ ബാധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മനക്കരുത്തിലൂടെയും പൈതൃകങ്ങളിലൂടെയും അവയെയൊക്കെ അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞു.
എന്നാല്‍ ഇന്ന് നമ്മുടെ തലമുറ നിരാലംബരാണ്. അവര്‍ക്ക് ആശ്രയമില്ല, ആശയങ്ങളില്ല, അതുകൊണ്ടുതന്നെ പ്രതിസന്ധികളെ അതിജീവിക്കാനും കഴിയുന്നില്ല. പണത്തിന് പിന്നാലെ പായുന്ന രക്ഷകര്‍ത്താക്കളും ദുഃസ്വാതന്ത്ര്യം പേറുന്നമക്കളുമാണ് ഇന്ന് സമൂഹത്തിന്റെ ശാപം. കൂട്ടുകുംടുംബ വ്യവസ്ഥിതി തകര്‍ന്നതോടെ കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് ആശ്രയിക്കാവുന്നരാരുമില്ലാത്ത സ്ഥിതിയായി. മക്കളുടെ ഇഷ്ടം നടപ്പാക്കാനായി അവര്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുയെന്ന ദൗത്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് വിശ്വസിക്കുന്നവരായി മാതാപിതാക്കള്‍ മാറി. ഏറ്റവും മുന്തിയ കോണ്‍ഫിഗറേഷനുള്ള കമ്പ്യൂട്ടറുകളും വിപണിയില്‍ ലഭിക്കാവുന്ന ഏറ്റവും വിലകൂടിയ മൊബൈലുകളും വാങ്ങിക്കൊടുത്ത് അവര്‍ സന്തതികളെ തൃപ്തിപ്പെടുത്തുന്നു.

രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെട്ട ഒരുസമൂഹം, ലക്ഷ്യബോധമില്ലാതെ പായുമ്പോള്‍ അവരുടെ കൈകളില്‍ ലഭിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ സൃഷ്ടിക്കുന്നത് വന്‍ ദുരന്തമാകും എന്നതിന്റെ തെളിവാണ് ബ്ല്യൂവെയില്‍ ദുരന്തം. വീടുകളില്‍ ആലംബം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇന്ന് വിദ്യാലയങ്ങളിലും അതില്ലാതായിരിക്കുന്നു. മുമ്പൊക്കെ സമൂഹത്തില്‍ മാറ്റത്തിന് വഴിവച്ച ഓരോ നീക്കവും ആരംഭിച്ചിരുന്നത് കാമ്പസുകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയം എന്നത് സ്വന്തം കീശവീര്‍പ്പിക്കാനുള്ളതാണെന്ന നേതാക്കളുടെ ചിന്തയും അരാഷ്ട്രീയവല്‍ക്കരണം അനിവാര്യമായി തീര്‍ന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥയും കൂടിയായതോടെ അത് തകര്‍ന്നു. ഇതോടെ കുട്ടികള്‍ ആലംബഹീനരായി. അവരുടെ മാനസികനില നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നും ഇല്ലാത്ത സ്ഥിതി സംജാതമായി. ഇതിന് പുറമെ ടി.വിയുടെയും ഇന്റര്‍നെറ്റിന്റെയും സ്വാധീനം കൂടിയാകുമ്പോള്‍ അത് അതിന്റെ പാര്യമതയിലെത്തും. ഒന്നുകില്‍ കുട്ടികള്‍ ആത്മഹത്യയെ വരിക്കും, അല്ലെങ്കില്‍ സാമൂഹികവിരുദ്ധരാകും.
എക്കാലത്തും ഇത്തരം സാമൂഹികദുരന്തങ്ങള്‍ നമ്മെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അവയെ മറികടക്കാനുള്ള ആത്മധൈര്യം സമൂഹം തന്നെ ആ തലമുറകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമയായി മാറിയ 60 കളിലെ ഹിപ്പിസവും. ജീവിതം നിരര്‍ത്ഥകമാണെന്നും ശൂന്യമാണെന്നും കരുതിക്കൊണ്ട് 70കളില്‍ സജീവമായ നിരര്‍ത്ഥതകവാദവും(അബ്‌സേര്‍ഡിസം) അസ്തിത്വവാദവും, നിഹിലിസവുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാല്‍ അവയെയൊക്കെ നയിച്ചത് ലോകം ആരാദിക്കുന്ന സാംസ്‌ക്കാരിക നായകരായിരുന്നു. നിരര്‍ത്ഥകവാദത്തിന്റെ പ്രചാരകനായിരുന്ന ആല്‍ബേര്‍ കാമ്യൂ ജീവിതം നിരര്‍ത്ഥകമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് പരിഹാരം ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ നമ്മുടെ പ്രജ്ഞകളെ സ്വാധീനിക്കാനും അതുപോലെ അവയെ നശീകരണത്തിലേക്ക് നയിക്കാതിരിക്കാനും കഴിയുന്നവരായിരുന്നു അക്കാലങ്ങളില്‍ ഈ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ചിരുന്നത്. മാത്രമല്ല, എഴുത്ത് എന്ന് ശക്തമായ മാദ്ധ്യമത്തിലൂടെ അവര്‍ നമ്മെ നിയന്ത്രിക്കുകയായിരുന്നില്ല, നമ്മുടെ ചിന്താസരണികളെ ഉണര്‍ത്തുകയായിരുന്നു. സ്വയം ചിന്തിക്കാന്‍ അവര്‍ നമ്മെ പ്രാപ്തരാക്കി. അതുകൊണ്ടുതന്നെ അവയെയൊക്കെ അതിജീവിക്കാനും നമുക്ക് കഴിഞ്ഞു.

എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മുടി, താടിയും വളര്‍ത്തുകയും വസ്ത്രമില്ലാതെ പോലും നടക്കുകയും ചെയ്യുക എന്റെ അവകാശമാണെന്ന് വിളിച്ചുപറയുന്ന യുവതലമുറയ്ക്ക് അതുണ്ടാക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ അവര്‍ സമൂഹത്തില്‍ നടക്കുന്നത് തന്നെ തങ്ങളുടെ ദുര്‍ബലമനസ് ഒളിപ്പിക്കുന്നതിനാണെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിനായകന്‍ എന്ന യുവാവ് തന്നെ തെളിവാണ്. വിനായകന് മുടി എങ്ങനെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് അദ്ദേഹം ഈ സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍, സമൂഹം അതിനെതിരെയുയര്‍ത്തുന്ന പ്രതിരോധം(റെസിസ്റ്റന്‍സ്) നേരിടാനുള്ള മനഃകരുത്തുകൂടി ഉണ്ടാകണം. മുടിവളര്‍ത്തിയതിന്റെ പേരില്‍ പോലീസ് മര്‍ദ്ദിച്ചാല്‍ പോടാ പുല്ലേ എന്ന് പറഞ്ഞ് ധൈര്യമായി സമൂഹത്തിലേക്ക് വീണ്ടും ഇറങ്ങാനുള്ള ശേഷിയാണ് വേണ്ടിയിരുന്നത്. അപ്പോഴാണ് സാമൂഹികവിപ്ലവങ്ങള്‍ ഉണ്ടാകുക. അരുവിപ്പുറത്ത് ശിവനെ നാരായണഗുരു പ്രതിഷ്ഠിച്ചപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയ സാമൂഹികവിപ്ലവം ഉണ്ടായത്. അതുപോലെ നമ്മളുടെ സ്വാതന്ത്ര്യം എന്ന് വിളിച്ചുപറയുന്ന കാര്യങ്ങള്‍ തുടരുമെന്ന് പറയുമ്പോഴാണ് നാം മറ്റൊരു സാമൂഹികവിപ്ലവത്തിന് വഴിമരുന്നിടുന്നത്. അതിന് ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നില്ല.

നമ്മുടെ സ്വാതന്ത്ര്യം എന്നതുപോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും വിലയുണ്ട്. അതുപോലെ നിയന്ത്രിമായ സ്വാതന്ത്ര്യമാണ് മധുരതരം, അബ്‌സല്യൂട്ട് സ്വാതന്ത്ര്യം എന്നാല്‍ അത് അരാജകത്വമാണ്. അതുകൊണ്ടുതന്നെ ഇതിനിടയിലുള്ള സ്വാതന്ത്ര്യമാണ് നാം സൃഷ്ടിക്കേണ്ടത്. അതിനാണ് നമ്മുടെ യുവതലമുറയെ ഒരുക്കേണ്ടത്. അതിന് അവരെ വീണ്ടും സാമൂഹിക ജീവികളാക്കുക. അവരുടെ മനസില്‍ സ്‌നേഹവും ദയയും ആദ്രതയും വളര്‍ത്തുക, അറിവുകളെ നന്മയ്ക്ക്‌വേണ്ടി മാറ്റിവയ്ക്കുക. അവര്‍ക്ക് നമ്മള്‍ ആശ്രയമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക. എല്ലാത്തിനുമുപരി അവരെ രാഷ്ട്രീയജീവികളാക്കുക, ഇന്ന് മലീമസമായിരിക്കുന്ന രാഷ്ട്രീയം ശുചീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുക. എവിടെയോ മറഞ്ഞിരുന്നുകൊണ്ട് സാമൂഹികമാദ്ധ്യമങ്ങളെന്ന ആധുനിക ദുരന്തത്തില്‍ രമിക്കുന്നതല്ല, വിപ്ലവം. അതുണ്ടാകേണ്ടത് സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നാണ്. അതിനാണ് നമ്മുടെ തലമുറയെ ഒരുക്കേണ്ടത്. അതിന് അവര്‍ പ്രാപ്തരാകുമ്പോള്‍ ഒരു നീലത്തിമിംഗലത്തിനും അവരെ സ്പര്‍ശിക്കാനാവില്ല. ഇല്ലാതെ നിരോധനങ്ങള്‍ക്ക് ഒരു മാറ്റവും കൊണ്ടുവരാനാവില്ല. നമ്മുടെ തലമുറയെ വിപ്ലവസജ്ജരാക്കുമ്പോള്‍ നീലത്തിമിംഗലങ്ങള്‍ തങ്ങളുടെ പാരമ്പര്യപ്രകാരം സ്വയം ആത്മഹത്യചെയ്ത് ഇല്ലാതായിക്കൊള്ളും.

Ads by Google
Ads by Google
Loading...
TRENDING NOW