Thursday, April 25, 2019 Last Updated 54 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 20 Aug 2017 01.43 AM

ഷഡ്‌പദം - സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/08/138500/sun2.jpg

രജിസ്‌റ്റര്‍ കല്യാണത്തിന്‌ കുഞ്ഞുണ്ണി ആരെയും ക്ഷണിച്ചില്ല.
ചടങ്ങ്‌ കഴിഞ്ഞ്‌ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലീലാമണി ചോദിച്ചു.
''അടുപ്പമുളള പത്തുപേര്‍ക്ക്‌ ഒരിലയിട്ട്‌ സദ്യ കൊടുക്കണ്ടേ?''
''ഓ...എന്നാത്തിനാ...സദ്യേം കഴിഞ്ഞ്‌ കുറ്റോം കൊറവും പറഞ്ഞ്‌ ആള്‍ക്കാര്‌ പോകും. അവന്റെ യോഗം ഇങ്ങനാന്ന്‌ അങ്ങ്‌ കരുതിയാ മതി...''
കുഞ്ഞുണ്ണി ഭാവഭേദമില്ലാതെ പറഞ്ഞു. ആ കാശും ലാഭിച്ചല്ലോ എന്ന ചിന്തയായിരുന്നു അയാളുടെ മനസില്‍.
വിവാഹം കഴിഞ്ഞ്‌ പെണ്ണിനെ നിലവിളക്ക്‌ വച്ച്‌ വീട്ടില്‍ കയറ്റിയിട്ടും രാമുവിന്റെ മുഖത്ത്‌ സന്തോഷമൊന്നും കണ്ടില്ല. സൗമിനിക്ക്‌ എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം പിടികിട്ടിയില്ല.
രാമു പതിവായി കിടക്കുന്ന മുറിയായിരുന്നു അവര്‍ക്ക്‌ മണിയറയായി അലങ്കരിച്ചിരുന്നത്‌. പുതിയ ഷീറ്റും രണ്ട്‌ തലയിണയും ഒഴിച്ചാല്‍ അങ്ങനെ എടുത്തുപറയത്തക്ക അലങ്കാരങ്ങള്‍ ഒന്നുമില്ല. സൗമിനി കുളിച്ച്‌ അത്താഴം കഴിഞ്ഞുവന്നു. രജിസ്‌റ്റര്‍ കച്ചേരിക്കടുത്തുളള പൂക്കടയില്‍ നിന്ന്‌ അവള്‍ രണ്ട്‌ മുഴം മുല്ലപ്പൂ വാഴയിലയില്‍ പൊതിഞ്ഞു വാങ്ങിയിരുന്നു. അത്‌ വെളളം നനച്ച്‌ കിടപ്പ്‌മുറിയില്‍ സൂക്ഷിച്ചിരുന്നു. രാമു വരും മുന്‍പ്‌ സൗമിനി അതെടുത്ത്‌ ഭംഗിയായി മുടിയില്‍ ചൂടി. മുല്ലപ്പൂവിന്റെ മണം പുരുഷനെ ഹരം പിടിപ്പിക്കുമെന്ന്‌ എവിടെയോ വായിച്ചത്‌ അവള്‍ ഓര്‍ത്തു.
സൗമിനി പ്രതീക്ഷയോടെ കിടക്കയില്‍ കാത്തിരുന്നു. ഏറെസമയം കഴിഞ്ഞാണ്‌ രാമു അകത്തേക്ക്‌ വന്നത്‌.
രാമുവിന്‌ വല്ലാത്ത ഉള്‍ഭയവും ആശങ്കയും അനുഭവപ്പെട്ടു. ഇത്‌ തന്റെ ആദ്യരാത്രിയാണ്‌. സൗദാമിനി തന്നേക്കാള്‍ നാലിരട്ടി ആരോഗ്യമുളള യുവതിയാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ ആണുങ്ങളേക്കാള്‍ വികാരം ഏറിയിരിക്കും എന്നാണ്‌ ക്ഷേത്രമൈതാനിയിലെ സുഹൃത്‌ സദസിലുളളവര്‍ പറഞ്ഞു കേട്ടിരിക്കുന്നത്‌. അവളുടെ കണ്ണുകളിലും ആ നോട്ടത്തിലും ഒക്കെ ഒരു കടലോളം ആഴമുളള ആഗ്രഹത്തിന്റെ തിരയിളക്കം തനിക്ക്‌ പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്‌. അവളെ തൃപ്‌തിപ്പെടുത്താന്‍ തനിക്ക്‌ കഴിയുമോ? അഥവാ ഇല്ലെങ്കില്‍ അവള്‍ക്ക്‌ ഇന്നേവരെ തന്നോട്‌ തോന്നിയ ഇഷ്‌ടവും മതിപ്പും എല്ലാം നഷ്‌ടമാവില്ലേ? ഈശ്വരാ അങ്ങനെയൊന്നും സംഭവിക്കരുതേ...അടുത്ത നിമിഷം രാമുവിന്‌ ലജ്‌ജ തോന്നി. ഈശ്വരനോടാണോ ഈ വക കാര്യങ്ങള്‍ പങ്ക്‌ വയ്‌ക്കുന്നത്‌. അല്ല, പങ്ക്‌ വച്ചാലെന്താ... ദൈവങ്ങള്‍ ഈ വക കാര്യങ്ങള്‍ അറിയാത്തവരല്ലല്ലോ. സര്‍വജ്‌ഞനായ ദൈവത്തെ ശങ്കിക്കുകയും അവിടത്തെ മുന്നില്‍ ലജ്‌ജിക്കുകയും ചെയ്‌തതില്‍ രാമുവിന്‌ ആത്മനിന്ദ തോന്നി.
''എവിടെയായിരുന്നു ഇതുവരെ?''
അവള്‍ നാണം കലര്‍ന്ന ചിരിയോടെ അന്വേഷിച്ചു.
''കൊറച്ച്‌ കൂട്ടുകാര്‍ക്ക്‌ ചെലവ്‌ ചെയ്യണംന്ന്‌. ഞാന്‍ പിന്നെ അവന്‍മാര്‍ക്ക്‌ രണ്ടെണ്ണം അടിക്കാനുളള കാശ്‌ കൊടുത്തുവിട്ടു''
''അതിന്‌ കാശൊക്കെ കയ്യിലുണ്ടാരുന്നോ?''
സൗമിനി ഒരു ഇണക്കത്തിന്‌ ചോദിച്ചു.
''ബലിയിടാന്‍ വന്നവര്‌ തന്ന ദക്ഷിണേടെ മിച്ചമുണ്ടാരുന്നു. കൂട്ടത്തില്‍ നിന്റച്‌ഛന്‍ തന്ന നൂറുരൂപയും''
പെട്ടെന്ന്‌ അവളുടെ മുഖം മങ്ങി.
''ഇപ്പഴെന്തിനാ അച്‌ഛന്റെ കാര്യം പറയാന്‍ പോയേ...ഞാനത്‌ തത്‌കാലം ഒന്ന്‌ മറക്കാന്‍ നോക്ക്വാരുന്നു..''
''അപ്പോ നിനക്ക്‌ ഇപ്പഴും അങ്ങോട്ട്‌ ഒരു ചായ്‌വുണ്ട്‌..''
''അതു പിന്നങ്ങനല്ലാണ്ട്‌ വര്വോ...എന്റപ്പനും അമ്മേം അല്ലേ..''
ഇക്കുറി രാമു ചിരിച്ചു.
അവന്‍ ഷര്‍ട്ടൂം മുണ്ടും അഴിച്ച്‌ കൈലി ഉടുത്തു. റബ്ബര്‍ പുരയിലെ പകലിന്‌ ശേഷം ഇന്നാണ്‌ സൗമിനി അവന്റെ ശരീരം കാണുന്നത്‌. വെളുത്ത്‌ ബലിഷ്‌ഠമായ ദേഹം രോമവൃതമാണ്‌. അവള്‍ അടുത്തു ചെന്ന്‌ നെഞ്ചിലെ രോമങ്ങളില്‍ വിരലോടിച്ചു.
''ജിമ്മില്‍ പേകാറുണ്ടോ?''
''ഈ കുഗ്രാമത്തിലോ....ഇവിടെ നല്ലൊരമ്പലമില്ല. പിന്നാ ജിമ്മ്‌...''
''അപ്പോ മ്മടെ ദേവീടമ്പലവോ? അത്‌ നല്ലതല്ലേ..''
''അത്‌ ഞങ്ങടെ കുടുംബക്ഷേത്രവല്ലേ..വേറെ വഴിയില്ലാഞ്ഞിട്ടല്ലേ, നിന്റച്‌ഛനടക്കം എല്ലാരും അവിടെ തൊഴാന്‍ വരുന്നത്‌..''
''അങ്ങനൊന്നും പറയല്ല്‌. അത്‌ നല്ലച്ചട്ടുളള ദേവിയാ..വിളിച്ചാല്‍ വിളിപ്പുറത്താ...അല്ലേപിന്നെ എനിക്കെന്റെ രാമൂനെ കിട്ട്വോ..''
അവള്‍ കൊഞ്ചി.
''രാമൂനെന്താ ഒരു സന്തോഷോല്ലാത്തത്‌..?''
''ആര്‌ പറഞ്ഞു എനിക്ക്‌ സന്തോഷമില്ലെന്ന്‌..എനിക്കങ്ങനെ പ്രകടിപ്പിക്കാന്‍ ഒന്നും അറിയത്തില്ല. എല്ലാം മനസിലാ..''
''അതൊക്കെ ശരി.പക്ഷെ മുഖത്ത്‌ എന്തോ ഒരു തെളിച്ചക്കുറവുണ്ട്‌..''
''അത്‌ പിന്നെ..പെട്ടെന്നിങ്ങനെയൊക്കെ വേണ്ടിവരുംന്ന്‌ ഞാന്‍ തീരെ കരുതിയില്ല''
''എങ്ങനെ?''
അവള്‍ കൗതുകത്തോടെ തിരക്കി
''ഒരു കല്യാണവും അതിന്റെ ഉത്തരവാദിത്തങ്ങളും ഒക്കെ..''
''അതൊക്കെയങ്ങ്‌ നടക്കുംന്നേ...''
അവള്‍ അതും പറഞ്ഞ്‌ ചൂണ്ടുവിരല്‍തുമ്പ്‌ കൊണ്ട്‌ അവന്റെ കവിളില്‍ നുള്ളി.
രാമുവിന്റെ മുഖത്ത്‌ നാണം കളം വരച്ചു.
''ഈ പ്രായത്തിലും ചെക്കന്‌ നാണം മാറിയിട്ടില്ല..സാരമില്ല, ഞാന്‍ മാറ്റിയെടുത്തോളാം''
അവള്‍ അതും പറഞ്ഞ്‌ ആ നെഞ്ചില്‍ മൃദുവായി ചുംബിച്ചു. ഇക്കുറി രാമു ശരിക്കും പുളഞ്ഞുപോയി. അവന്‍ അവളെ ഇറുകെ പുണര്‍ന്നു. അതിലേറെ കരുത്തോടെ അവളും അവനെ ചുറ്റിവരിഞ്ഞു. രാമു അവളെ തൂക്കിയെടുത്ത്‌ കിടക്കയിലേക്ക്‌ ഇട്ടു. പിന്നെ എന്തൊക്കെ കാട്ടിക്കുട്ടിയെന്ന്‌ അവര്‍ക്ക്‌ തന്നെ അറിയില്ല. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലുളള പരാക്രമങ്ങളായിരുന്നു. എല്ലാം കഴിഞ്ഞ്‌ തളര്‍ന്ന്‌ മയങ്ങുമ്പോള്‍ അവന്‍ ചോദിച്ചു.
''എങ്ങനൊണ്ടാരുന്നു. ഇഷ്‌ടപ്പെട്ടോ..?''
അവളുടെ മുഖം തെളിഞ്ഞില്ല. എന്നിട്ടും നാണം അഭിനയിച്ച്‌ അവള്‍ പറഞ്ഞു.
''ഞാനെന്നാ പറയാനാ...''
എന്നിട്ട്‌ അവന്‌ എതിരെ തിരിഞ്ഞു കിടന്നു. അസംതൃപ്‌തിയുടെ കാര്‍മേഘം അവന്‍ കാണാതൊളിക്കുന്നതിനിടയിലും അവള്‍ സമാശ്വസിച്ചു. പരിചയക്കുറവു കൊണ്ടല്ലേ, എല്ലാം ശരിയാവുമായിരിക്കും.
കുഞ്ഞുണ്ണിയുടെ കുടുംബത്തില്‍ സൗമിനി വല്യഭാവമൊന്നും കാണിച്ചില്ല. താന്‍ കാശുളള വീട്ടില്‍ ജനിച്ചു വളര്‍ന്ന പെണ്ണാണ്‌ എന്ന്‌ ഭാവിച്ചാല്‍ അത്‌ ഈ വീട്ടിലുളളവരില്‍ അപകര്‍ഷത നിറയ്‌ക്കും. അത്‌ ഇതുവരെയുളള സ്വരചേര്‍ച്ചയെ ബാധിക്കും. അതുകൊണ്ട്‌ പരമാവധി അവരുടെ തലത്തിലേക്കിറങ്ങി വന്ന്‌ പെരുമാറാന്‍ തുടക്കത്തിലേ അവള്‍ ശീലിച്ചു. അതികാലത്ത്‌ തന്നെ എണീറ്റ്‌ കുളിച്ച്‌ പൂജാമുറിയില്‍ വിളക്ക്‌ വച്ചു. മുറ്റം അടിച്ചുവാരി. അടുക്കളയില്‍ കയറി കട്ടനിട്ട്‌ അച്‌ഛനും അമ്മയ്‌ക്കും രാമുവിനും കൊണ്ടുപോയി കൊടുത്തു. എല്ലാവരുടെയും ഇഷ്‌ടാനിഷ്‌ടങ്ങള്‍ ലീലാമണിയോട്‌ ചോദിച്ചറിഞ്ഞ്‌ കാലത്തെ പുട്ടും കടലക്കറിയും ഉണ്ടാക്കി. ഉച്ചയ്‌ക്കത്തേക്ക്‌ ചോറും അവിയലും ഉളളിത്തീയലും കുടംപുളിയിട്ട അയലക്കറിയും വച്ചു. വൈകുന്നേരം ശര്‍ക്കരയിട്ട്‌ അവല്‌ നനച്ചു. തെക്കേ പുറത്ത്‌ പഴുത്ത്‌ വെളഞ്ഞ്‌ നിന്ന പാളയന്‍തോടന്‍ കൊല അവള്‍ തന്നെ വെട്ടി അവലിന്‌ കൂട്ടായി കൊണ്ടു വച്ചു. രാവിലെ ഇറങ്ങും മുന്‍പ്‌ കുഞ്ഞുണ്ണിയെ അവള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
''ഇനി തൊട്ട്‌ അച്‌ഛന്‍ അമ്പലത്തിലെ പടച്ചോറ്‌ കഴിക്കണ്ടാട്ടോ.. വീട്ടില്‍ വന്ന്‌ ഉണ്ടാമതി. അച്‌ഛനിഷ്‌ടമുളള കറികള്‌ അമ്മയോട്‌ ചോദിച്ച്‌ ഞാന്‍ ഉണ്ടാക്കി വച്ചോളാം..''
നോക്കെടീ, സ്‌നേഹവുളള കൊച്ച്‌...എന്ന അര്‍ത്ഥത്തില്‍ കുഞ്ഞുണ്ണി ഭാര്യയെ നോക്കി ചിരിച്ച്‌ കണ്ണിറുക്കി.
ഒരു പെണ്‍കൊച്ച്‌ വന്ന്‌ കയറിയപ്പോള്‍ ആ കുടുംബത്തില്‍ ഇതുവരെയില്ലാത്ത ഒരു താളവും ലയവും കൈവന്നതായി കുഞ്ഞുണ്ണിക്കും ലീലാമണിക്കും തോന്നി.
രാമു കൃത്യമായി ക്ഷേത്രത്തില്‍ പോയി തുടങ്ങി. പഴയ ഉഴപ്പും താളംതല്ലിനടപ്പും കുറഞ്ഞ്‌ കുറഞ്ഞ്‌ തീര്‍ത്തും ഇല്ലാതായി. മകന്റെ രീതികളില്‍ വന്ന മാറ്റം അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്‌. പക്ഷെ അവന്റെ മുഖത്ത്‌ പ്രകടമായ സന്തോഷമൊന്നും അവര്‍ കണ്ടില്ല. സൗമിനിയും പുറമെ കളിച്ചു ചിരിച്ച്‌ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും അവള്‍ തനിച്ചിരുന്ന്‌ ആലോചിക്കുന്നത്‌ ലീലാമണി ശ്രദ്ധിച്ചു. രാത്രി കുട്ടികള്‍ കിടന്നു കഴിഞ്ഞ്‌ സ്വന്തം കിടക്കറയില്‍ തനിച്ചായപ്പോള്‍ കുഞ്ഞുണ്ണി ലീലാമണിയോട്‌ ചോദിച്ചു.
''എടിയേ കാര്യം എന്നതൊക്കെയാന്ന്‌ പറഞ്ഞാലും പിള്ളേരടെ മുഖത്ത്‌ പുതുമോടീടെ ആ ഒരു സന്തോഷവില്ലല്ലോ?''
ലീലാമണി ബ്ലൗസിന്റെ താഴത്തെ ഹുക്ക്‌ ഒന്ന്‌ അയച്ച്‌ വിട്ടുകൊണ്ട്‌ കിടക്കയിലേക്ക്‌ ചാഞ്ഞിട്ട്‌ പറഞ്ഞു.
''അതുപിന്നെ പുതുമോടിയൊക്കെ പണ്ടേ കഴിഞ്ഞുകാണും..''
''നീ അനാവശ്യം പറേരുത്‌. അവന്‍ എന്റെ ചെക്കനാ..കുടുംബത്തിന്‌ നിരക്കാത്തതൊന്നും അവന്‍ കാണിക്കുവേലാ...''
''അതുകൊണ്ടാ എനിക്ക്‌ സംശയം. മൂക്കി പല്ല്‌ മൊളച്ചിട്ടും നിങ്ങടെ സൂക്കേടു ്‌ദെവസോം ഞാന്‍ കാണുന്നതല്യോ...''
''എന്നാ ഇനി നീയതും കണ്ടോണ്ടിരുന്നാ മതി..''
കുഞ്ഞുണ്ണി അതും പറഞ്ഞ്‌ ലീലാമണിയെ പിടിച്ചുലച്ച്‌ മാറത്തേക്ക്‌ വലിച്ചിട്ടു. ലീലയുടെ ചിരികിലുക്കം അപ്പുറത്തെ മുറിയില്‍ കേട്ടു. സൗമിനിക്ക്‌ നാണം വന്നു. അവള്‍ തലചെരിച്ച്‌ രാമുവിനെ നോക്കി. അയാളും നാണിച്ച്‌ തലതാഴ്‌ത്തി. സൗമിനി കൈലിയുടെ കോന്തലയില്‍ പിടിമുറുക്കി.
''നാണമില്ലാത്തൊരു പെണ്ണ്‌...''
രാമു അവളെ സ്‌നേഹമധുരമായി കുറ്റപ്പെടുത്തി.
അവന്റെ അരയിലെ കറുത്തചരട്‌ കണ്ട്‌ അവള്‌ കളിയാക്കി ചിരിച്ചു.
''കൊച്ചുന്നാളില്‌ പേടി തട്ടാതിരിക്കാന്‍ കാളീക്ഷേത്രത്തില്‍ കൊണ്ടുപോയി ജപിച്ചു കെട്ടിയിരുന്നു അമ്മ എന്റെ അരേലും ഇമ്മാതിരിയൊരു ചരട്‌..ഈ പ്രായത്തില്‍ ഇതെന്തിനാണാവോ..''
''നിക്കും ലേശം പേടിയുണ്ടെന്ന്‌ കൂട്ടിക്കോ..''
രാമു പാതി തമാശയായി പറഞ്ഞു. പറച്ചിലിനിടയില്‍ അവന്റെ വിരലുകള്‍ അവളുടെ അരക്കെട്ടില്‍ ഇഴഞ്ഞു. നല്ലസല്‍ വെളളിയില്‍ തീര്‍ത്ത അരഞ്ഞാണം അവളുടെ അരയിലും ഉണ്ടായിരുന്നു. ''എന്നാലും നിന്റപ്പന്‍ ആ അര്‍ക്കീസ്‌ കുമാരന്‌ ഒരു സ്വര്‍ണ്ണ അരഞ്ഞാണം വാങ്ങിത്തരാന്‍ തോന്നീല്ലല്ലോ..''
''പിന്നേ..അച്‌ഛനല്ലേ ഇതൊക്കെ വാങ്ങിത്തരുന്നത്‌. ഇതെന്റ തിരണ്ടല്‌ കഴിഞ്ഞപ്പോ അമ്മ വാങ്ങിത്തന്നതാ..''
''അന്നേ നിന്റരക്കെട്ടിന്‌ ഇത്രേം വണ്ണമുണ്ടാരുന്നോ..''
''പൊയ്‌ക്കോണം..ഇത്‌ നാലാമത്തെയാ...''
''അപ്പോ ആ കാര്‍ത്തികേയന്‍ തട്ടാര്‍ക്ക്‌ നിന്റെ അരവണ്ണം നല്ല നിശ്‌ചയാന്ന്‌ അര്‍ത്ഥം''
''പോടാ...''
അവള്‍ മെലിഞ്ഞുകൂര്‍ത്ത കൈവിരല്‍ കൊണ്ട്‌ അടിവയറ്റില്‍ ഒന്ന്‌ അമര്‍ത്തി.
''അയ്യോ...''
വേദന കൊണ്ട്‌ രാമു പുളഞ്ഞു പോയി.
''എടീ...ഒരു കൊച്ചൊണ്ടാകുന്നതു വരെയൊന്ന്‌ ക്ഷമിക്ക്‌..''
''ഒന്നൊണ്ടായതിനെ മുളയിലേ നുളളിക്കളഞ്ഞില്ലേ..''
''ആര്‌?''
അവന്‍ കണ്ണ്‌ മിഴിച്ചു. സൗമിനി കാര്യങ്ങള്‍ വിശദീകരിച്ചു. രാമു അപ്പോഴാണ്‌ അക്കാര്യം അറിയുന്നത്‌.
''ഈശ്വരാ കഷ്‌ടായി പോയി. അത്‌ കളഞ്ഞില്ലാരുന്നേല്‌ പാതി അദ്ധ്വാനം കൊറഞ്ഞേനെ..''
''അങ്ങനിപ്പം മോന്‍ സുഖിക്കണ്ട. നല്ലോണം അദ്ധ്വാനിച്ചാട്ടെ..''
അവള്‍ അവനെ വരിഞ്ഞുചുറ്റി തന്റെ മേലേക്ക്‌ മറിച്ചിട്ടു.
''എന്തൊരു ഭാരം മനുഷ്യന്റെ ജീവന്‍ പോവൂല്ലോ..''
അവള്‍ പരിതപിച്ചു. അവന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
''അങ്ങനെ തന്നെ വേണം...''
അവള്‍ കൈനീട്ടി ലൈറ്റണച്ചു. ഇരുമുറികളില്‍ നിന്നായി ഇരുട്ടില്‍ സീല്‍ക്കാരങ്ങളും പൊട്ടിച്ചിരികളും ഇടകലര്‍ന്നു.
ആ രാത്രി അവര്‍ ഉറങ്ങിയില്ല. വെളുക്കാന്‍ നേരത്താണ്‌ രാമു ഒന്ന്‌ കണ്ണടച്ചത്‌. മൂന്ന്‌ തവണ അവന്‍ തന്റെ ആഴങ്ങള്‍ തിരഞ്ഞത്‌ സൗമിനിക്ക്‌ ഓര്‍മ്മയുണ്ട്‌.പക്ഷെ അവള്‍ക്ക്‌ തവണകളില്‍ വിശ്വാസമുണ്ടായില്ല. ഒരു തവണ പോലും അവള്‍ സങ്കല്‍പ്പിച്ചിരുന്നതും പ്രതീക്ഷിച്ചതുമായ ഒന്നും അവള്‍ക്ക്‌ ലഭിച്ചില്ല. ദൈവമേ ഇതായിരുന്നോ ഞാന്‍ സ്വപ്‌നം കണ്ട ജീവിതം? ഇതായിരുന്നോ...അവള്‍ ശബ്‌ദമില്ലാതെ തേങ്ങി.

(തുടരും)

Ads by Google
Sunday 20 Aug 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW