Wednesday, November 14, 2018 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 18 Aug 2017 04.11 PM

ലഹരിമുക്തിക്ക് ആയുര്‍വേദം

ലഹരി ഉപയോഗങ്ങള്‍ക്ക് നമ്മള്‍ കല്‍പ്പിച്ചുവരുന്ന വിലക്ക് നാമറിയാതെ ഊരിപ്പോവുകയും പകരം മാന്യതയുടെ മേലങ്കി അണിയുകയും ചെയ്യുന്നു. മദ്യാസക്തിയുള്ളവര്‍ക്ക് അതില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ മരുന്നുകളും ചികിത്സാരീതികളുമുണ്ട്.
uploads/news/2017/08/137997/ayurved180817a.jpg

ആയുസിന്റെയും യൗവനത്തിന്റെയും മുഖ്യ ശത്രുവാണ് ലഹരി. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഇന്നത്തെ വലിയൊരുകൂട്ടം യുവജനങ്ങള്‍ അകാല വാര്‍ധക്യത്തിന് അടിമപ്പെട്ടിട്ടുണ്ട്. ലഹരി ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കുന്നു.

ഒട്ടുമിക്ക ശാരീരികാവയവങ്ങളെയും കാര്‍ന്നെടുക്കുകയും ചെയ്യും. അതോടെ ശരീരം പലതരം രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും. ക്രമേണ വാര്‍ധക്യത്തിലേക്ക് മനസും ശരീരവും കൂപ്പുകുത്തുന്നു.

ഉണര്‍വും ഉന്മേഷവും നഷ്ടപ്പെടുന്നു. അതിനാല്‍ വാര്‍ധക്യത്തെ തടഞ്ഞുനിര്‍ത്താന്‍ ഏറ്റവും പ്രധാനം മദ്യത്തില്‍ നിന്നും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ്.

എന്നാല്‍ മദ്യം പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ നാമറിയാതെ നമ്മുടെ ജീവിതത്തില്‍ കയറിവരാന്‍ തുടങ്ങിയിട്ടുണ്ട്. ലഹരി ഉപയോഗങ്ങള്‍ക്ക് നമ്മള്‍ കല്‍പ്പിച്ചുവരുന്ന വിലക്ക് നാമറിയാതെ ഊരിപ്പോവുകയും പകരം മാന്യതയുടെ മേലങ്കി അണിയുകയും ചെയ്യുന്നു.

മദ്യാസക്തിയുള്ളവര്‍ക്ക് അതില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ മരുന്നുകളും ചികിത്സാരീതികളുമുണ്ട്.

ആരോഗ്യം കെടുത്തുന്നു


ലഹരി പദാര്‍ഥങ്ങള്‍ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ആയുര്‍വേദം 'മദാത്യയം' എന്ന് വിളിക്കുന്ന ഗുരുതരമായ മാനസിക രോഗാവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ലഹരി ശരീരത്തെയും മനസിനെയും ഒരേപോലെ അപകടാവസ്ഥയിലേക്ക് എത്തിക്കും.

കുടുംബത്തിനും സമൂഹത്തിനും ഭാരമായിത്തീര്‍ന്ന് കരിന്തിരി കത്തി തീരുന്ന ജീവിതമായാണ് അതിമദ്യപാനിയെ ആയുര്‍വേദ ശാസ്ത്രം കാണുന്നത്. ഔഷധങ്ങളുടെ സാധാരണ പുളിക്കല്‍ മൂലമുണ്ടാകുന്ന ആല്‍ക്കഹോളിനെ ഔഷധസഹായി ആയി ഉപയോഗിക്കുന്നതാണ് അരിഷ്ടാസവങ്ങള്‍.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ രക്ഷപെടുത്തുന്നതിന് നിരവധി രക്ഷാവിധികള്‍ ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്.

രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു


ലഹരി പദാര്‍ഥങ്ങളുടെ അമിത ഉപയോഗം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ലഹരി പദാര്‍ഥങ്ങള്‍ കാലങ്ങളായി ഉപയോഗിക്കുമ്പോള്‍ കരള്‍ വൃക്കകള്‍, രക്തക്കുഴലുകള്‍, തലച്ചോറ്, ഹൃദയം തുടങ്ങിയ പ്രധാന അവയവങ്ങളുടെയെല്ലാം സ്ഥായി ആയ പ്രവര്‍ത്തനം തകരാറിലാവും.

മനസിന്റെ താളം തെറ്റും. സുഖനിദ്ര ഒരു സ്വപ്നം മാത്രമായിത്തീരും. ഭക്ഷണത്തില്‍ താല്‍പര്യം കുറഞ്ഞ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നഷ്ടപ്പെട്ട് മരണവും പേറിയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കും. മനസിലുണ്ടാകുന്ന കടുത്ത നിരാശാബോധം ആത്മഹത്യയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

uploads/news/2017/08/137997/ayurved180817b.jpg

ചികിത്സ എങ്ങനെ


ലഹരിക്ക് അടിമപ്പെട്ട രോഗിയെ ചികിത്സിക്കുമ്പോള്‍ ആദ്യമേ വാസസ്ഥലത്തുനിന്നും മാറ്റി ആശുപത്രിയിലെ പ്രത്യേകം തയാറാക്കിയ ചുറ്റുപാടില്‍ താമസിപ്പിക്കുന്നതാണ് ആദ്യപടി.

നിരന്തരമായ കൗണ്‍സലിംഗിലൂടെ രോഗിയുടെ പൂര്‍ണവിശ്വാസം ഡോക്ടറും ചികിത്സാ സ്ഥാപനവും നേടിയെടുക്കണം. സ്ഥാപനത്തിലെ ജീവനക്കാരോ ഡോക്ടര്‍മാരോ മദ്യപാനമോ പുകവലിപോലുള്ള മറ്റ് ദുശീലങ്ങളോ ഉള്ളവരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആയുര്‍വേദത്തിലെ ദൈവ വ്യാപാശ്രയ ചികിത്സ വളരെ പ്രസക്തമാണ്.

സാധാരണ മനുഷ്യനാകുന്നു


ലഹരി പദാര്‍ഥങ്ങള്‍, മദ്യം, കഞ്ചാവ്, പാന്‍പരാഗ് തുടങ്ങിയവയെല്ലാം തന്നെ ക്രമേണ ഉപയോഗിക്കുന്ന വ്യക്തിയുടെ ഓരോ ജീവകോശത്തിനുള്ളിലും എത്തിച്ചേരും. കോശം അഥവാ സെല്ലിന്റെ പ്രവര്‍ത്തനത്തിന് 'ഈ വിഷവസ്തുക്കള്‍ കൂടാതെ വയ്യ' എന്ന അവസ്ഥവരും.

ഈ അവസ്ഥയാണ് അടിമപ്പെടല്‍ അഥവാ അഡിക്ഷന്‍ എന്നു പറയുന്നത്. ജീവകോശത്തിലെ ഈ വിഷാംശം നീക്കം ചെയ്യലാണ് ആയുര്‍വേദ ചികിത്സയുടെ കാതല്‍.

നല്ല ഭക്ഷണം, വിശ്രമം, ദൈവവിശ്വാസത്തോടെയുള്ള പ്രാര്‍ഥനകള്‍, ഔഷധസേവകള്‍ എന്ന ക്രമത്തില്‍ ചികിത്സ ആരംഭിക്കുമ്പോള്‍ തന്നെ രോഗിയില്‍ പ്രത്യാശ നാമ്പെടുക്കുന്നു.

വിവിധതരം കഷായങ്ങള്‍, എണ്ണകള്‍, ലേഹ്യങ്ങള്‍, എല്ലാം തന്നെ അനുഭവജ്ഞാനിയായ വൈദ്യന്‍ പ്രാര്‍ഥനയോടെ തെരഞ്ഞെടുത്ത് രോഗിക്ക് നല്‍കണം. രോഗി ആരോഗ്യവാനായാല്‍ പ്രധാന ചികിത്സാക്രമം ആരംഭിക്കാം. സ്‌നേഹ പാനം, വമനം, വിരേചനം, വസ്തി, തക്രധാര എന്നിങ്ങനെയുള്ള ചികിത്സാക്രമമാണ് ഏറെ ഫലപ്രദമായിട്ടുള്ളത്.

രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ഏഴുധാതുക്കളും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഓജസുള്ള, തേജോമയമായ ജീവിതം ഉണ്ടാവുകയുള്ളു.

ചികിത്സയ്ക്കു ശേഷവും ഡോക്ടറും രോഗിയും തമ്മിലുള്ള തുടര്‍ബന്ധം ആവശ്യമാണ്. രോഗി വീണ്ടും ഈ അപകടത്തിലേക്ക് തിരികെ പോകാതിരിക്കാന്‍ ഇതു സഹായിക്കും.

കടപ്പാട്:
ഡോ. ഷീബാ കൃഷ്ണദാസ്
റിസര്‍ച്ച് ഓഫീസര്‍്, അമൃതം ആയുര്‍വേദിക്
ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, പെരിന്തല്‍മണ്ണ

Ads by Google
Friday 18 Aug 2017 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW