Thursday, May 24, 2018 Last Updated 53 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 17 Aug 2017 04.25 PM

വിശന്നു വലഞ്ഞ നാളുകള്‍...

uploads/news/2017/08/137668/Weeklyaanmanasu170817.jpg

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് രാവിലെ 5 മണിക്ക് ഉണരും. രണ്ടു കിലോമീറ്റര്‍ നടന്നുപോയി അച്ഛന്റെ ചായക്കടയിലേക്ക് പാലും വാങ്ങിവരും. അത് വാങ്ങിവരുമ്പോള്‍ ഏഴുമണി ആകും. ഒട്ടും വൈകാതെ അത്രതന്നെ ദൂരത്തുള്ള പലചരക്ക്കടയില്‍ പോയി അച്ഛന്റെ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങണം.

അതും വാങ്ങിവരുമ്പോള്‍ സമയംഒന്‍പതുമണി. പിന്നെ കുളിക്കാന്‍ പോലും സമയമില്ല. ഷര്‍ട്ടും നിക്കറും ഇട്ട് സ്‌കൂളിലേക്ക് ഒരു ഓട്ടമാണ്. വിയര്‍ത്തൊലിച്ചു ക്ലാസ്സില്‍ ചെല്ലുമ്പോള്‍ ക്ലാസ് തുടങ്ങിയിട്ടുണ്ടാവും. ഉച്ചയ്ക്ക് ചായക്കടയില്‍ ചെന്ന് ആഹാരം കഴിക്കും. ഒപ്പം, കടയില്‍ വന്നിരിക്കുന്നവര്‍ക്ക് വിളമ്പികൊടുക്കും.

പിന്നെയും സ്‌കൂളിലേക്ക്. വൈകിട്ട് വന്നാല്‍ പിന്നെയും ഓടണം, പലചരക്കും പച്ചക്കറിയും വാങ്ങാന്‍. സന്ധ്യയാകുമ്പോള്‍ അതുമായി വന്ന് ചായക്കടയിലെ പാത്രമൊക്കെ കഴുകിത്തീരുമ്പോള്‍ സമയം ഒന്‍പതു മണി ആയിട്ടുണ്ടാകും.

പിന്നെ കുളിച്ച് വന്നു പായിലേക്ക് വീഴും. അത്ര ക്ഷീണം കാണും. അച്ഛന്‍ നടത്തിവന്ന ഈ ചായക്കട ആയിരുന്നു എനിക്കും അമ്മയ്ക്കും രണ്ടു ചേച്ചിമാര്‍ക്കും അനിയത്തിക്കും അന്നം തന്നിരുന്നത്.

അച്ഛന്റെ പിടിപ്പുകേടില്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ വീടും ചായക്കടയും ഒക്കെ കൈവിട്ടു പോകുന്ന ഒരു അവസ്ഥയുണ്ടായി. അവസാനം അച്ഛന്റെ പേരില്‍ ബാക്കിയായ നാല് സെന്റ് ഭൂമിയില്‍ ഒരു ഷെഡ് കെട്ടി താമസം തുടങ്ങി.

ആകെയുണ്ടായിരുന്ന വരുമാനമായിരുന്ന ചായക്കട പൂട്ടിയതോടെ ജീവിതം പട്ടിണിയിലും പരിവട്ടത്തിലുമായി. ചേച്ചി നേഴ്‌സിംഗ് പഠിക്കുന്നുണ്ട് എന്നതായിരുന്നു ഏക ആശ്വാസം.

അങ്ങനെയിരിക്കെ രണ്ടാമത്തെ ചേച്ചിക്ക് പെരുമ്പാവൂരിലെ ടെക്‌സ്‌റ്റൈല്‍സില്‍ സെയില്‍സ് ഗേളായി ജോലി കിട്ടി. രാത്രി ഇരുട്ടുമ്പോള്‍ ആണ് ചേച്ചി ജോലികഴിഞ്ഞു വരുന്നത്. ഞാന്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ പോയി നില്‍ക്കും, ചേച്ചി വരുന്നതും കാത്ത്. എന്നിട്ട് ചേച്ചിയുമായി വീട്ടിലേക്ക് പോകും.

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. രാവിലെ എണീറ്റപ്പോള്‍ ഭയങ്കര ക്ഷീണം. സ്‌കൂളില്‍ പോകണമെന്ന് തോന്നിയെങ്കിലും എണീക്കാനായില്ല. അങ്ങനെ തന്നെ കിടന്നു. കുറെ ദിവസങ്ങളായി അകത്തുചെല്ലുന്ന കഞ്ഞിവെള്ളത്തിനു മാത്രമായി ശരീരത്തെ നീണ്ടുനിവര്‍ന്നു നിര്‍ത്താനുള്ള കഴിവില്ലായിരുന്നു.

ചായക്കട കൈവിട്ട വിഷമത്തില്‍ വിഷാദരോഗം പിടിപെട്ട അച്ഛന്‍ ഉമ്മറത്തെ തിണ്ണയില്‍ രാവോ പകലോ എന്നില്ലാതെ കുത്തിയിരിക്കുമായിരുന്നു.

കൂലിപ്പണിക്ക് പോകാനുള്ള മനസ്സുപോലും അച്ഛന് കൈമോശം വന്നിരുന്നു. വെറുംവയറ്റില്‍ അല്പം കിണര്‍ വെള്ളം മാത്രം കുടിച്ച് ചേച്ചി ജോലിക്ക് പോകാനൊരുങ്ങി. തളര്‍ന്നുറങ്ങുന്ന എന്റെയടുത്തു വന്ന് ചേച്ചി നെറ്റിയില്‍ കൈവച്ചു.

'വിശക്കുന്നുണ്ട്, അല്ലേടാ?'
'ഉം..' ഞാന്‍ ഒന്ന് മൂളി.

കണ്ണില്‍ നിന്നു പൊടിയാനോരുങ്ങിയ കണ്ണുനീരിനെ ചുരിദാറിന്റെ ചുളുങ്ങിയ ഷാളുകൊണ്ട് തുടച്ച് ചേച്ചി ഇറങ്ങി അതിവേഗം നടന്നു.
ഞാന്‍ ചേച്ചി നടന്നു മറയുന്നതുവരെ ജനലിലൂടെ നോക്കി കിടന്നു.

ഉച്ചയ്ക്ക് അമ്മ അയലത്തെ വീട്ടിലെവിടെനിന്നോ കടംവാങ്ങിയ കുറച്ച് അരിയിട്ട് തിളപ്പിച്ച് എന്റെയടുത്തു വന്നു. ഞാന്‍ അതില്‍ പകുതി കുടിച്ചിട്ട് പകുതി അമ്മയ്ക്ക് നല്‍കി. അമ്മ കലത്തില്‍ ബാക്കിയിരുന്ന കുറച്ച് വറ്റുകൂടിയിട്ട് അച്ഛന്റെ മുന്നില്‍ കൊണ്ടുവച്ചു. അച്ചന്‍ കഴിക്കുന്നത് നോക്കിയിരുന്നു.

ക്ഷീണം കൊണ്ടാവണം ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ ഏഴുമണി. രാത്രിയായിരിക്കുന്നു. ചേച്ചി വരേണ്ട സമയമാകുന്നു. ഞാന്‍ എണീറ്റ് ബസ്‌സ്‌റ്റോപ്പിലേക്ക് ഓടി. ഭാഗ്യത്തിന് ബസ് എത്തിയിരുന്നില്ല. അല്പം കഴിഞ്ഞപ്പോള്‍ ബസ് വന്നു, ചേച്ചി ഇറങ്ങി.

എന്റെ കൈപിടിച്ച് വേഗം വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി ബാഗില്‍നിന്ന് ഒരു പൊതിയെടുത്ത് എന്റെ നേര്‍ക്കു നീട്ടി. ഞാനത് തുറന്നുനോക്കി. പൊറോട്ടയും അതില്‍ അലിഞ്ഞുചേര്‍ന്ന കടലക്കറിയും.

ഞാന്‍ സര്‍വതും മറന്നു. ഒറ്റയിരിപ്പില്‍ അത് അകത്താക്കാന്‍ തുടങ്ങി. ചേച്ചി എന്നെത്തന്നെ നോക്കിയിരുന്നു. ഞാന്‍ ഒരുകഷണം പൊളിച്ചെടുത്ത് ചേച്ചിക്ക് നീട്ടിയപ്പോള്‍ അത് എന്റെ വായില്‍തന്നെ ചേച്ചി തിരുകി.

ഞാന്‍ അന്ന് വയറ്‌നിറഞ്ഞ് സുഖമായുറങ്ങി. പക്ഷേ, അന്നത്തെ രാത്രിയുടെ ഓര്‍മയില്‍ പിന്നെ എത്രയോ രാത്രികളില്‍ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു.

എന്തെന്നാല്‍, അന്ന് ചേച്ചി എനിക്ക് കൊണ്ടുവന്ന പൊറോട്ട അവര്‍ക്ക് കടയില്‍ സ്റ്റാഫിനു വൈകുന്നേരം നല്‍കുന്നതാണെന്നും, ചേച്ചിയുടെ ഒരു ദിവസത്തെ ഏക ആഹാരം അതായിരുന്നെന്നും ഞാന്‍ അറിഞ്ഞതു പിന്നീടായിരുന്നു.

എന്റെ വിശപ്പോര്‍ത്ത് ചേച്ചി അന്ന് ഒന്നും കഴിക്കാതെയാണ് അതെനിക്ക് കൊണ്ടുത്തന്നത്. അന്ന് വയറ് നിറഞ്ഞു സുഖമായി ഉറങ്ങിയ എന്റെ പായയില്‍ നിന്ന് ഒരു നേര്‍ത്ത ഭിത്തിക്കപ്പുറം ഒന്നും കഴിക്കാതെ തളര്‍ന്നുറങ്ങിയ അമ്മയുടെയും ചേച്ചിയുടെയും നിശ്വാസങ്ങള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW