Friday, November 24, 2017 Last Updated 32 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Aug 2017 02.36 PM

അക്ഷരനക്ഷത്രം കോര്‍ത്ത ദൃശ്യതാളങ്ങള്‍

ആദ്യ തിരക്കഥയ്ക്കു തന്നെ ദേശീയ ബഹുമതി. ഇപ്പോള്‍ ഒടിയന്‍ എന്ന സിനിമയെഴുതിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്റെ എഴുത്തുജീവിതം...
uploads/news/2017/08/137330/harikrishananINW1.jpg

എഴുത്തിന്റെ പാലക്കാടന്‍ ചുരം താണ്ടിയെത്തിയ സര്‍ഗജീവിതമാണ് ഹരികൃഷ്ണന്റേത്. പനകളില്‍ കാറ്റുപിടിക്കുന്ന തസ്രാക്കിനെയും ഹൈമവതഭൂമികയുടെ അതിരുകള്‍ താണ്ടിയ ആഷാമേനോനെയും, മേതില്‍ രാധാകൃഷ്ണന്റെ സൂര്യവംശത്തിലെ കുഴിയാനകളെയുമൊക്കെ ഹൃദയത്തിലാവാഹിച്ച തീക്ഷ്ണയൗവനം.

ഒ.വി.വിജയനെയും മേതില്‍ രാധാകൃഷ്ണനെയും പ്രചോദനമായിക്കണ്ട എഴുത്തുകാരന് പക്ഷേ അവര്‍ക്കില്ലാത്തവിധം ദൃശ്യഭാഷയുടെ അക്ഷരക്കൂട്ടവും നന്നേ വഴങ്ങി. ആദ്യ സിനിമയിലൂടെ ലഭിച്ച ദേശീയ പുരസ്‌കാരം.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാകാന്‍ പോകുന്ന ഒടിയന്റെ സ്‌ക്രിപ്റ്റിനു പിന്നില്‍ ഹരികൃഷ്ണന്റെ ഭാവനയാണ്. അക്ഷരങ്ങളെ സ്നേഹിച്ച്, ശാസ്ത്രജ്ഞനാകാന്‍ കൊതിച്ച് സിനിമക്കാരനായ ഹരികൃഷ്ണന്റെ എഴുത്തുജീവിതത്തിലൂടെ.

പത്രപ്രവര്‍ത്തനത്തിലേക്കു വന്നത്?


ഞാന്‍ പത്രപ്രവര്‍ത്തനം പഠിച്ചിട്ടില്ല. ബോട്ടണിയിലായിരുന്നു പിജി. സയന്റിസ്റ്റാകാനായിരുന്നു ആഗ്രഹം. പി. ജി കഴിഞ്ഞപ്പോള്‍ എനിക്കൊരു അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ് കിട്ടി, ഉപരിപഠനത്തിന്.

അമ്മാവന്‍ അമേരിക്കയിലാണ്. അതിന്റെ പരീക്ഷ കഴിഞ്ഞു. ആ സമയത്താണ് അച്ഛന്റെ മരണം. പിന്നീട് നാട്ടില്‍ത്തന്നെ ജോലിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

ആയിടയ്ക്കാണ് മലയാള മനോരമയില്‍ ടെസ്റ്റെഴുതി കയറിയത്. പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെങ്കിലും സയന്‍സിനോടൊപ്പം എഴുത്തും കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എഴുത്ത് എന്ന അടിസ്ഥാന ആവശ്യമുള്ള പത്രപ്രവര്‍ത്തന ജോലി ആയാസരഹിതമായി.

എന്റെ അച്ഛന്റെ ബന്ധുവാണ് മാധവിക്കുട്ടി. അമ്മയുടെ വീട് പാലക്കാടും അച്ഛന്റേത് പൊന്നാനിയിലുമായിരുന്നതുകൊണ്ട് പൊന്നാനിയിലും പാലക്കാടുമൊക്കെയായിട്ടായിരുന്നു പഠനം.

മനോരമയില്‍ വന്നിട്ട് 25 വര്‍ഷമായി. ഇവിടുത്തെ പരിശീലനവും എഴുത്തിന്റെ ബാക്ക്ഗ്രൗണ്ടുംകൊണ്ട് എന്തെഴുതണം എന്നെനിക്ക് അടിസ്ഥാനം കിട്ടിയതിനാല്‍ അക്കാര്യത്തില്‍ സേഫായിരുന്നു.

അച്ഛന്റെ ബന്ധു ടി.കെ.ജി നായര്‍ അന്ന് ലീഡര്‍ റെറ്ററാണ് (മുഖപ്രസംഗം എഴുതുന്നയാള്‍) അദ്ദേഹം ഞങ്ങളുടെ ട്രെയിനിംഗിന്റെ ഡയറക്ടര്‍ കൂടിയാണ്. അദ്ദേഹമാണ് പത്രപ്രവര്‍ത്തനത്തില്‍ എന്റെ ഗുരു.

പിന്നീട് ഞാനും മനോരമയിലെ ലീഡര്‍ റൈറ്ററായി. വാര്‍ത്തയോട് ഇടപെടുകയും മുഖ്യധാരാ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ രീതികളും അനുഭവിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍.

സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുന്നത്?


പത്ത് വര്‍ഷം മുന്‍പ് സമകാലിക മലയാളത്തിന്റെ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍നായര്‍ സാര്‍ എന്നെ വിളിച്ചു. ഡയറക്ടര്‍ ഷാജി. എന്‍. കരുണിന് ഹരികൃഷ്ണനെ ഒന്നു കാണണമെന്ന് പറയുന്നു. ഒന്നവിടെവരെ പോകണം.. അപ്പോള്‍ ഷാജിസാര്‍ എറണാകുളത്തുണ്ട്. ഞാന്‍ ഷാജി സാറിനെ കാണാന്‍ ചെന്നു. എന്തിനാണ് അദ്ദേഹത്തെപ്പോലൊരാള്‍ എന്നെ കാണുന്നതെന്ന ആകാംക്ഷയുണ്ടായിരുന്നു.

ഞാന്‍ ചെന്നു സാറിന്റെ മുന്നിലിരുന്നു. ടേബിളില്‍ കുറേ സിനിമകളുടെ ഡി. വി.ഡികള്‍ കിടക്കുന്നുണ്ട്. എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതുടങ്ങും മുന്‍പ് ഞാന്‍ ആ ഡി.വി.ഡികള്‍ താല്‍പര്യത്തോടെ എടുത്തു. അത്ഭുതം.

അതെല്ലാം ഞാന്‍ കണ്ട സിനിമകള്‍. അവിടെയിരിക്കുന്ന സിനിമകളെല്ലാം ഞാന്‍ കണ്ടതാണെന്നത് അദ്ദേഹമറിഞ്ഞത് വളരെ ആകാംക്ഷയോടെയാണ്. പിന്നീടെനിക്ക് മനസിലായി ആ മേശയില്‍ കിടന്നത് സിനിമയിലേക്കുള്ള എന്റെ വിസിറ്റിംഗ് കാര്‍ഡുകളാണെന്ന്.

Ads by Google
TRENDING NOW