Sunday, May 20, 2018 Last Updated 18 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Aug 2017 02.44 PM

അച്ഛനെ എനിക്ക് തിരിച്ച് കിട്ടി

uploads/news/2017/08/137223/weeklysuchithra.jpg

''അഭിനയിക്കണമെന്ന മോഹം ഉളളില്‍ വന്നു തുടങ്ങി. പക്ഷേ അതിനോട് വീട്ടില്‍ ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. പഠിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.
''
കുട്ടിക്കാലത്ത് എനിക്ക് ഡാന്‍സിനോടായിരുന്നു താല്‍പ്പര്യം. എന്റെ അഭിരുചി മനസിലാക്കിയ അച്ഛനും അമ്മയും കുട്ടിക്കാലത്ത് തന്നെ നൃത്തം പഠിപ്പിച്ചു. മുതിര്‍ന്നപ്പോള്‍ നീനപ്രസാദ് മാമിന്റെ ശിക്ഷണത്തില്‍ നൃത്തം പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ ഞാന്‍ നീനമാമിന്റെ കീഴില്‍ ഡാന്‍സ് പഠിച്ചു തുടങ്ങി.

ആ സമയങ്ങളില്‍ അഭിനയിക്കണമെന്ന മോഹം ഉളളില്‍ വന്നു തുടങ്ങി. പക്ഷേ അഭിനയത്തോട് വീട്ടില്‍ ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. തുടര്‍ന്ന് പഠിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.

അതുകൊണ്ട് തന്നെ എന്റെ ആഗ്രഹങ്ങള്‍ ഞാന്‍ ഡാന്‍സ് ടീച്ചറുമായി പങ്കുവയ്ക്കുമായിരുന്നു. അഭിനയം അത്ര മോശം കാര്യമല്ലെന്ന് ടീച്ചര്‍ പറഞ്ഞുതന്നു. അക്കാര്യത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ പിന്‍തുണച്ചത് ടീച്ചര്‍ തന്നെയാണ്.

അച്ഛനും അമ്മയും ചേട്ടനുമടങ്ങുന്ന കുടുംബമാണ് എന്റേത്. ഒരു ദിവസം രാത്രി ചേട്ടന്‍ സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോയി. അന്ന് രാത്രി ടി.വി കണ്ടുകൊണ്ടിരുന്ന അച്ഛന് പെട്ടെന്ന് നെഞ്ചിനു വേദന അനുഭവപ്പെട്ടു.

സമയം 12 മണി കഴിഞ്ഞു. വേദന സഹിയ്ക്ക വയ്യാതെ അച്ഛന്‍ നിലവിളിക്കാനും ഛര്‍ദ്ദിക്കാനും തുടങ്ങി. വീട്ടില്‍ വണ്ടിയുണ്ടെങ്കിലും അന്ന് എനിക്ക് ഓടിക്കാന്‍ അറിയില്ല. എന്തുചെയ്യണമെന്നറിയാതെ ഞാനും അമ്മയും പകച്ചു നിന്നു.

പെട്ടെന്ന് ഞാന്‍ പുറത്തേക്ക് ഓടി. പിറകെ ഞങ്ങളുടെ വളര്‍ത്ത് നായയും ഓടി വന്നു. ഞങ്ങളുടെ വീടിനുചുറ്റും ഡോക്ടര്‍മാരാണ് താമസിക്കുന്നത്. എല്ലാ വീടിന്റെയും ഗേറ്റില്‍ പോയി വിളിച്ചിട്ടും ആരും കേട്ടില്ല. എല്ലാവരും നല്ല ഉറക്കമായിരുന്നു. ആ വെപ്രാളത്തില്‍ ഫോണില്‍ വിളിക്കാനുളള ബുദ്ധി തോന്നിയില്ല. ഏതാണ്ട് ഒരു മണിക്കൂറോളം ഞാനങ്ങനെ ഓടിനടന്നു.

വീട്ടില്‍ തിരിച്ചെത്തി ചേട്ടനെ വിളിച്ച് വിവരം അറിയിക്കാമെന്ന് കരുതിയെങ്കിലും വിളിച്ചിട്ട് കിട്ടിയില്ല. പരിചയമുളള നമ്പരുകളിലൊക്കെ വിളിച്ചു നോക്കി. ആരും ഫോണ്‍ എടുത്തില്ല.

അവസാനം ഒരു കസിന്‍ ഫോണ്‍ എടുത്തു. പക്ഷേ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിന്നില്ല. അദ്ദേഹം പറഞ്ഞു.
''ഞങ്ങളുടെ പട്ടി കിണറ്റില്‍ വീണു. അങ്ങോട്ട് തിരിച്ച് വിളിക്കാം''

അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. ആ സമയത്ത് ഞാനെന്തിനാണ് വിളിച്ചതെന്ന് പോലും അന്വേഷിച്ചില്ല. ഞാന്‍ വീണ്ടും പലരെയും വിളിച്ചു. മറ്റൊരാള്‍ ഫോണ്‍ എടുത്തിട്ട് ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു.

പെട്ടെന്ന് തന്നെ ആംബുലന്‍സ് വിളിച്ചു. പക്ഷേ കോള്‍ ചെന്നത് ഫയര്‍ഫോഴ്‌സിലായിരുന്നു. കരഞ്ഞുകൊണ്ടുളള എന്റെ സംസാരം കേട്ട് അവര്‍ പറഞ്ഞു,''മോളു പേടിക്കണ്ട, ഞങ്ങള്‍ ആംബുലന്‍സ് പറഞ്ഞു വിടാം. അതുവരെ പുറത്തിറങ്ങി നടക്കരുത്.''

അച്ഛന്റെ ജീവന്‍ രക്ഷിക്കാനുളള ശ്രമത്തിനിടെ രാത്രിയാണെന്ന് ഞാന്‍ ഓര്‍ത്തില്ല.

ഞാനാദ്യം വിളിച്ച കസിന്‍ പട്ടിയെ കിണറ്റില്‍ നിന്ന് എടുത്തു കഴിഞ്ഞപ്പോഴാണ് ആലോചിച്ചത്, 'ഞാന്‍ എന്തിനാണ് വിളിച്ചത്' എന്ന്. അപ്പോള്‍ തന്നെ തിരിച്ച് വിളിച്ചു. ആംബുലന്‍സ് എത്തിയപ്പോഴേക്കും കസിന്‍സെല്ലാം വീട്ടിലെത്തി.

ആശുപത്രിയില്‍ എത്തിയപ്പോള്‍ അച്ഛന്റെ നില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ അച്ഛന്റെ ജീവന്‍ സംബന്ധിച്ച് ഉറപ്പു പറഞ്ഞില്ല. തുടര്‍ന്നുളള ചികിത്സകള്‍ക്ക് സമ്മതപത്രത്തില്‍ ഒപ്പിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.

ആ സമയത്ത് എവിടെ ഒപ്പിട്ട് കൊടുക്കാനും ഞാന്‍ തയ്യാറായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്റെ ജീവന്‍ രക്ഷിച്ചാല്‍ മതിയെന്നായിരുന്നു. ഐ.സി.യുവിന്റെ പുറത്തിരുന്ന് കരയാനേ എനിക്കും അമ്മയ്ക്കും സാധിച്ചുളളൂ. ദൈവം ഞങ്ങളുടെ കണ്ണീര്‍ കണ്ടിട്ടാവണം അച്ഛനെ ഞങ്ങള്‍ക്ക് തിരിച്ച് തന്നു.

ആ രാത്രിയിലെ നിസഹായത മനസിലുളളതു കൊണ്ട് പെട്ടെന്നു തന്നെ ഞാന്‍ ഡ്രൈവിംഗ് പഠിച്ചു. ഇപ്പോള്‍ എന്റെ വിജയങ്ങളില്‍ സന്തോഷിച്ചുകൊണ്ട് അച്ഛന്‍ ഞങ്ങള്‍ക്കൊപ്പം സുഖമായി കഴിയുന്നു.

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW