Sunday, August 13, 2017 Last Updated 8 Min 10 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.49 AM

നാടിന് തണലേകിയതിന് ആദരവ്; ആല്‍മരമുത്തശ്ശിയെ ആചാരപ്രകാരം ദഹിപ്പിച്ചു

Banyan tree,

പെരുവന്താനം: നൂറ്റാണ്ടുകള്‍ നാടിന്റെ തണലായിരുന്ന ആല്‍മര മുത്തശിക്ക് അന്ത്യാഞ്ജലി. കടപുഴകി വീണ പെരുവന്താനം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആല്‍മരത്തെ ക്ഷേത്രാചാര പ്രകാരം ദഹിപ്പിച്ചു.

അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള മരം ചുവട് ദ്രവിച്ച് കഴിഞ്ഞ ദിവസമാണു വീണത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടെന്നു കരുതുന്ന പെരുവന്താനം ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്‍ദേശപ്രകാരം തെന്നശേരി ഇല്ലം വിജയന്‍ നമ്പൂതിരി, മേല്‍ശാന്തി വിപിന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഇന്നലെ രാവിലെ നടയടച്ചശേഷം 10 നും 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. മരത്തിന്റെ വേര്, നടുഭാഗം, തല എന്നിവിടങ്ങളില്‍ നിന്നു ഓരോ ഭാഗം എടുത്ത് മൂന്നടി നീളത്തില്‍ കുഴി തയാറാക്കി ചകിരി, ചിരട്ട, പൂജാദ്രവ്യങ്ങള്‍ എന്നിവ കൊണ്ടു ചിതയൊരുക്കിയശേഷം ദഹിപ്പിക്കുകയായിരുന്നു. അസ്ഥിയെടുക്കുന്നതിനു സമാനമായ പൂജാകര്‍മങ്ങള്‍ക്കൊപ്പം നിലംപതിച്ച മരത്തിന്റെ ജീവാംശം പുതിയ ആല്‍മരത്തിലേക്കു ആവാഹിച്ച് നടുകയും ചെയ്തു.

ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി.കെ സഹദേവന്‍, സെക്രട്ടറി പി.ആര്‍ ശശികുമാര്‍, മുണ്ടക്കയം ദേവസ്വം മാനേജര്‍ മോഹനകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

Ads by Google
Sunday 13 Aug 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW