Monday, December 11, 2017 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.44 AM

യു.പി. ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണം : ബി.ആര്‍.ഡി. മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലിന്‌ സസ്‌പെന്‍ഷന്‍

uploads/news/2017/08/136547/d1.jpg

ലഖ്‌നൗ: ഓക്‌സിജന്‍ ലഭിക്കാതെ 48 മണിക്കൂറിനിടെ 30 കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗോരഖ്‌പൂരിലെ ബാബാ രാഘവ്‌ ദാസ്‌ (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍.
ഓക്‌സിജന്‍ ലഭ്യതക്കുറവുകൊണ്ട്‌ ഒരു കുട്ടിപോലും മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. കൂട്ടമരണത്തിനു കാരണം മസ്‌തിഷ്‌ക ജ്വരം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാണെന്നും സംഭവത്തേക്കുറിച്ച്‌ മജിസ്‌ട്രേറ്റ്‌തല അന്വേഷണം നടത്തുമെന്നും ആദിത്യനാഥ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച ഓക്‌സിജന്‍ വിതരണക്കാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ബി.ആര്‍.ഡി. മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. രാജീവ്‌ മിശ്രയെ സസ്‌പെന്‍ഡ്‌ ചെയ്‌ത വിവരം സംസ്‌ഥാന മെഡിക്കല്‍ വിഭ്യാഭ്യാസ മന്ത്രി അശുതോഷ്‌ ടണ്ടനാണ്‌ അറിയിച്ചത്‌. എന്നാല്‍ സസ്‌പെന്‍ഷനുമുമ്പേ താന്‍ സ്‌ഥാനം രാജിവച്ചതായി മിശ്ര അറിയിച്ചു.
സംഭവത്തില്‍ ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ സസ്‌പെന്‍ഷനെന്നു മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം ഉത്തരവാദികള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആശുപത്രി സന്ദര്‍ശനത്തിനു പുറപ്പെടുംമുമ്പ്‌ മന്ത്രി ടണ്ടന്‍ വ്യക്‌തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെയാണിത്‌.
ആശുപത്രിക്ക്‌ ഓക്‌സിജന്‍ വിതരണം ചെയ്യുന്നയാള്‍ക്ക്‌ പണം നല്‍കുന്നതില്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ താമസം വരുത്തിയെന്നും ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. കുടിശികത്തുകയുടെ ബില്‍ ഈ മാസം ഒന്നിന്‌ ഓക്‌സിജന്‍ വിതരണക്കമ്പനി ആരോഗ്യവകുപ്പിന്‌ സമര്‍പ്പിച്ചിരുന്നു. പണം അനുവദിച്ച ആരോഗ്യ വകുപ്പ്‌ ഇതുസംബന്ധിച്ച
അറിയിപ്പ്‌ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ക്കു കൈമാറിയിരുന്നു. ഇതനുസരിച്ച്‌ അഞ്ചിന്‌ പണം കൈമാറേണ്ടിയിരുന്നതാണ്‌. എന്നാല്‍ പണം ലഭിച്ചത്‌ 11 നാണെന്നാണ്‌ വിതരണക്കാര്‍ പറയുന്നതെന്നു മന്ത്രി ടണ്ടന്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിപ്രദേശമായതിനാല്‍ ഗോരഖ്‌പൂര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളജില്‍ ബിഹാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന്‌ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികള്‍ എത്താറുണ്ടെന്നു യു.പി. ആരോഗ്യമന്ത്രി സിദ്ധാര്‍ഥ്‌ നാഥ്‌ സിങ്‌ പറഞ്ഞു.
അതുകൊണ്ടു തന്നെ ഇവിടെ മുന്‍വര്‍ഷങ്ങളിലും അനവധി മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. 2014 ല്‍ ഇവിടെ പ്രതിദിനം ശരാശരി 19 മരണങ്ങളുണ്ടായി. 2015 ലും 2016 ലും ഇത്‌ യഥാക്രമം 22 ഉം 19 ഉം ആയിരുന്നു. ഓക്‌സിജന്‍ തടസപ്പെട്ടതുകൊണ്ടാണ്‌ കുട്ടികള്‍ മരിച്ചതെന്നു വ്യക്‌തമായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. സംഭവത്തിന്റെ പേരില്‍
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും രാജിവയ്‌ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ച ശേഷമാണ്‌ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്‌. യോഗി ആദിത്യനാഥ്‌ ജനങ്ങളോട്‌ മാപ്പുപറയണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു.

Ads by Google
Sunday 13 Aug 2017 01.44 AM
YOU MAY BE INTERESTED
TRENDING NOW