Thursday, June 28, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.33 AM

ചാര്‍ലി : വിടരും മുമ്പേ കൊഴിഞ്ഞ പൂവ്‌

uploads/news/2017/08/136518/sun1.jpg

ഒടുവില്‍ ഡോക്‌ടര്‍മാര്‍ക്ക്‌ അത്‌ ചെയ്യേണ്ടിവന്നു, ആ പിഞ്ചോമനയുടെ ചിരിമായാത്ത മുഖത്തുനിന്നും ജീവന്‍ നിലനിര്‍ത്തിയിരുന്ന ഉപകരണങ്ങള്‍ അടര്‍ത്തിമാറ്റി മരണത്തിലേക്കുള്ള യാത്രയൊരുക്കി.
തങ്ങളുടെ പിഞ്ചോമനയുടെ മരണവിവരം പത്രക്കുറിപ്പിലൂടെ ലോകത്തെ വിളിച്ചറിയിക്കുമ്പോള്‍ ക്രിസിന്റെയും കോണിയുടെയും കണ്ണുകള്‍ വിതുമ്പി.
കരച്ചില്‍ അടക്കാനാവാതെ ക്രിസ്‌ പൊട്ടിക്കരഞ്ഞു. മകന്‍ ജനിക്കുന്നതിന്‌ മുമ്പേ അവര്‍ നെയ്‌തു കൂട്ടിയ സ്വപ്‌നങ്ങള്‍ക്ക്‌ പൂര്‍ണവിരാമമായിരുന്നു ആ പത്രക്കുറിപ്പ്‌.
''ഞങ്ങളുടെ ചാര്‍ലി ഗാഡ്‌ വിടവാങ്ങി. ഞങ്ങള്‍ ചാര്‍ലിയില്‍ അഭിമാനിക്കുന്നു'' എന്ന അമ്മ കോണിയുടെ വാക്കുകള്‍ ഒപ്പം നിന്ന ഏവരേയും കണ്ണീരിലാഴ്‌ത്തി.
2016 ഓഗസ്‌റ്റ് നാലിനാണ്‌ ക്രിസ്‌ കോണി ദമ്പതികളുടെ മകനായി ചാര്‍ലിയുടെ ജനനം. എല്ലാ മാതാപിതാക്കളേയുംപോലെ ക്രിസും കോണിയും മകന്റെ ഭാവി കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഈ സ്വപ്‌നങ്ങളുടെ ആയുസ്‌ ആറുമാസം മാത്രമായിരുന്നു. പിന്നീട്‌ അങ്ങോട്ട്‌ മകന്റെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടവും നിയമയുദ്ധമായിരുന്നു ഇവര്‍ക്കു മുന്നിലുണ്ടായിരുന്നത്‌.
ആറുമാസത്തിനുശേഷം ചാര്‍ലിക്ക്‌ ഭാരക്കുറവ്‌ ഉണ്ടാകുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ സന്തോഷങ്ങള്‍ അവസാനിച്ചത്‌. 'മൈനോ കാന്‍ട്രിയല്‍ ഡിപ്ലിഷന്‍ സിന്‍ഡ്രോം' എന്ന മാരകരോഗമാണ്‌ അവനെ കീഴടക്കിയത്‌. മസ്‌തിഷ്‌കവും പേശികളും ക്ഷയിക്കുകയും ശരീരത്തിന്റെ ഭാരം കുറയുകയും സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്‌ടപ്പെടുകയും ചെയ്യുന്ന രോഗമാണ്‌ കുഞ്ഞു ചാര്‍ലിക്ക്‌. ലോകത്തില്‍ 16 പേരില്‍ മാത്രം കണ്ടെത്തിയ ഈ രോഗം തന്റെ മകനെ ബാധിച്ചത്‌ വിധിയെന്ന്‌ വിശ്വസിച്ച്‌ അടങ്ങിയിരിക്കാന്‍ ആ മാതാപിതാക്കള്‍ തയാറായിരുന്നില്ല. മകനെ രക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും അവര്‍ തയ്യാറായി. കാരണം 'വിധി' എന്ന വിശ്വാസത്തേക്കാള്‍ വലുതായിരുന്നു അവര്‍ നെയ്‌തുകൂട്ടിയ സ്വപ്‌നം.

കുഞ്ഞു ജീവനായി വലിയ പോരാട്ടം

ഒക്‌ടോബറില്‍ ചാര്‍ലി ഗാഡിനെ ചികിത്സയ്‌ക്കായി ലണ്ടനിലെ ഗ്രേറ്റ്‌ ഓര്‍മണ്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നുമുതല്‍ അവന്‌ കൂട്ട്‌ ആശുപത്രിയിലെ ശ്വസന യന്ത്രങ്ങളായിരുന്നു. സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്‌ടപ്പെട്ടതുമൂലം യന്ത്ര സഹായത്തോടെ ഡോക്‌ടര്‍ അവന്‌ താല്‍ക്കാലിക ആശ്വാസം നല്‍കി.
എന്നാല്‍ ആരോഗ്യമില്ലാത്ത ശ്വാസകോശവുമായി കുഞ്ഞ്‌ ജീവിക്കാന്‍ സാധ്യതയില്ലെന്ന്‌ ഡോക്‌ടര്‍ വിധിയെഴുതി. ഡോക്‌ടറുടെ വാക്കുകള്‍ കേട്ട്‌ അവന്റെ മാതാപിതാക്കള്‍ തകര്‍ന്നെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കാന്‍ ലോകത്തെവിടെ കൊണ്ടുപോകാനും അവര്‍ തയാറായിരുന്നു.
അവന്‌ അധികം ആയുസ്‌ ഇല്ലെന്ന്‌ പറഞ്ഞ ഡോക്‌ടര്‍ മറ്റൊരു കാര്യംകൂടി ക്രിസിനെയും കോണിയെയും അറിയിച്ചിരുന്നു... 'വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന അവനെ നിങ്ങള്‍ മരിക്കാന്‍ അനുവദിക്കണം'. എന്നാല്‍ സ്വന്തം കുഞ്ഞിനെ മരണത്തിന്‌ മുന്നില്‍ തനിച്ചാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

അവനറിഞ്ഞില്ല ഈ നിയമപോരാട്ടങ്ങള്‍

ചാര്‍ലിയുടെ ജീവനായി നിയമ പോരാട്ടം നടത്താന്‍ ക്രിസും കോണിയും തീരുമാനിച്ചു. 2017 മാര്‍ച്ചില്‍ ആരംഭിച്ച നിയമപോരാട്ടത്തിന്റെ അവസാനവും പരാജയമായിരുന്നു.
കുഞ്ഞിനെ ചികിത്സിക്കുന്നത്‌ അവസാനിപ്പിച്ച്‌ അവനെ മരിക്കാന്‍ അനുവദിക്കാനുള്ള ഗ്രേറ്റ്‌ ഓര്‍മണ്ട്‌ ആശുപത്രി ഡോക്‌ടര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരേയുള്ള അവരുടെ പരാതി ബ്രിട്ടീഷ്‌ ഹൈക്കോടതി സ്വീകരിച്ചു. എന്നാല്‍ കുഞ്ഞിന്റെ അസുഖവിവരങ്ങള്‍ കേട്ട കോടതി അവനെ മരണത്തിനു വിട്ടുകൊടുക്കാന്‍ വിധിയെഴുതി. ചാര്‍ലിയുടെ തലച്ചോറിന്‌ ക്ഷതമേറ്റിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്കുള്ള അവന്റെ തിരിച്ചുവരവ്‌ സാധ്യമല്ലെന്നും ആശുപത്രി അധികൃതര്‍ കോടതിയില്‍ വാദിച്ചു. ആ വാദം ശരിവയ്‌ക്കുന്നതായിരുന്നു കോടതി വിധി. ചാര്‍ലിക്ക്‌ നല്‍കിവരുന്ന ചികിത്സ ഏപ്രില്‍ 11-ന്‌ അവസാനിപ്പിക്കാനും കോടതി ആശുപത്രിക്ക്‌ അനുമതി നല്‍കി. വിധിക്കെതിരേ നല്‍കിയ അപ്പീലും ജൂണില്‍ കോടതി തള്ളി. ഇതോടെ അവന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ആദ്യപോരാട്ടം പരാജയപ്പെട്ടു.
ആ പരാജയം അവരെ തളര്‍ത്തിയെങ്കിലും മുന്നോട്ടുള്ള പോരാട്ടത്തിന്‌ കൂടുതല്‍ ഊര്‍ജം പകര്‍ന്ന ലോക ജനത അവര്‍ക്കൊപ്പം നിലകൊണ്ടു. സമൂഹ മാധ്യമങ്ങള്‍ ചാര്‍ലിയെ ഏറ്റെടുത്തു. പാവക്കുട്ടിയുടെ നടുവില്‍ സുഖമായുറങ്ങുന്ന ചാര്‍ലിയുടെ മുഖം സമൂഹമാധ്യമങ്ങളില്‍ നിമിഷനേരംകൊണ്ട്‌ വൈറലായി. തുടര്‍ന്ന്‌ ക്രിസിന്റെയും കോണിയുടെയും നിയമപോരാട്ടം തനിച്ചായിരുന്നില്ല. വാര്‍ത്താ മാധ്യമങ്ങള്‍ ചാര്‍ലിയുടെ ജീവനായി വാര്‍ത്തകള്‍ നല്‍കി. അവനായി ഫെയ്‌സ് ബുക്കില്‍ പേജുകള്‍ രൂപീകരിച്ചു.
ചാര്‍ലിക്കായി 'ചാര്‍ലിസ്‌ ആര്‍മി' എന്ന പേരില്‍ ബ്രിട്ടനില്‍ സംഘടനകള്‍ രൂപപ്പെട്ടു. ചാര്‍ലിക്ക്‌ വിദേശത്ത്‌ ചികിത്സ നല്‍കാന്‍ 1.3 മില്യണ്‍ പൗണ്ട്‌ പിരിച്ചെടുത്തു. ചാര്‍ലിയെന്ന പിഞ്ചു കുഞ്ഞിന്റെ കഥയറിഞ്ഞ്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ, അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ എന്നിവര്‍ അവന്‌ സഹായത്തിനെത്തി. മാര്‍പ്പാപ്പ അവന്റെ ജീവനായി അവസാനം വരെ പോരാടാന്‍ ആഹ്വാനം ചെയ്‌തു. ട്രംപിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അമേരിക്കയില്‍ ചാര്‍ലിക്ക്‌ ചികിത്സ നല്‍കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരുന്നു. എന്നാല്‍ എല്ലാത്തിനും തടസം ചാര്‍ലിയെ രാജ്യം വിടാന്‍ അനുവദിക്കാതിരുന്നതാണ്‌. അവസാന പോരാട്ടമെന്നോണം അവര്‍ യൂറോപ്യന്‍ കോര്‍ട്ട്‌ ഓഫ്‌ ഹ്യൂമന്‍ റൈറ്റിനെ സമീപിച്ചു. മനുഷ്യാവകാശ നിയമപ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇവരുടെ നീക്കം. എന്നാല്‍ ആ പരിഗണനയും അവര്‍ക്ക്‌ ലഭിച്ചില്ല.
നിയമം പറഞ്ഞു, ചാര്‍ലിയെ
മരണത്തിലേയ്‌ക്ക് അയക്കണം
'ചാര്‍ലിയുടെ ലൈഫ്‌ സപ്പോര്‍ട്ട്‌ ടേണ്‍ ഓഫ്‌' ചെയ്യണമെന്നായിരുന്നു ജൂണ്‍ 27-ന്‌ കോടതി വിധിച്ചത്‌. മൂന്നു ദിവസത്തിനുള്ളില്‍ വെന്റിലേറ്റര്‍ നീക്കം ചെയ്‌ത് കുഞ്ഞിനെ മരണത്തിന്‌ വിട്ടുകൊടുക്കണമെന്ന്‌ കോടതി ആശുപത്രി അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഈ വാര്‍ത്ത കേട്ട്‌ ലോകം നടുങ്ങി. പിന്നീടങ്ങോട്ട്‌ പ്രതിഷേധത്തിന്റെ നാളുകളായിരുന്നു. 'ചാര്‍ലിസ്‌ ആര്‍മി' എന്ന സംഘടന രംഗത്തിറങ്ങി. ലോക നേതാക്കള്‍ പ്രതിഷേധത്തെ അനുകൂലിച്ചു. തെരേസ മേയും ട്രംപും ഡോക്‌ടര്‍മാരെ ഗ്രേറ്റ്‌ ഓര്‍മണ്ട്‌ ആശുപത്രിയിലേക്ക്‌ അയച്ചു. അവര്‍ ചാര്‍ലിയുടെ ആരോഗ്യസംബന്ധമായ എല്ലാ രേഖകളും പരിശോധിച്ചു. ചാര്‍ലിയേയുംകൊണ്ട്‌ രാജ്യം വിടുന്നതിന്‌ അനുമതി ലഭിക്കാത്തത്‌ അവന്റെ ജീവിതം കൂടുതല്‍ ഇരുട്ടിലാക്കി.
അമേരിക്കയില്‍ അവന്‌ ലഭിച്ചേക്കാവുന്ന ചികിത്സ പരീക്ഷണാര്‍ത്ഥം മാത്രമായിരുന്നു. അവനെ നേരിട്ട്‌ മരണത്തിന്‌ വിട്ടുകൊടുക്കുന്നതിലും ഭേദമായിരുന്നു അമേരിക്കയിലെ ചികിത്സയെന്ന്‌ പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ രാജ്യം വിടാനുള്ള അനുമതി ലഭിക്കാത്തത്‌ ആ പ്രതീക്ഷ നശിപ്പിച്ചു. വെന്റിലേറ്റര്‍ നീക്കി അവനെ മരിക്കാന്‍ വിട്ടുകൊടുക്കാനുള്ള നീക്കങ്ങള്‍ ഈ സമയം ആശുപത്രി അധികൃതര്‍ നടത്തി. എന്നാല്‍ അത്‌ അത്ര എളുപ്പമായിരുന്നില്ല. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. കുഞ്ഞിനെ മരണത്തിന്‌ വിട്ടുകൊടുത്താല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന്‌ തിരിച്ചറിഞ്ഞ അധികൃതര്‍ ചാര്‍ലിക്ക്‌ തുടര്‍ ചികിത്സ നല്‍കി.
അമേരിക്കയിലെ ചികിത്സ എന്ന പ്രതീക്ഷ മങ്ങാതെ ക്രിസിനും കോണിയും വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി കനിഞ്ഞില്ല. നിയമപോരാട്ടത്തിന്റെ വിരാമമായിരുന്നു അത്‌. ''നിയമം ജയിച്ചു, മനുഷ്യത്വം തോറ്റു. അവസരങ്ങള്‍ ഉണ്ടായിട്ടും നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിന്‌ അനുവദിക്കപ്പെട്ടില്ല. കുഞ്ഞേ നീ സ്വപ്‌നം കണ്ടുറങ്ങൂ.'' അവസാനത്തെ കോടതി വിധിക്കുശേഷം അമ്മ കോണിന്റെ വാക്കുകളായിരുന്നു ഇത്‌.
ജന്മദിനം വരെ
കാത്തുനില്‍ക്കാതെ മടങ്ങി
ചാര്‍ലിയുടെ ജീവനായി കാത്തിരുന്ന ലോകത്തെ അറിയും മുമ്പേ അവന്‍ ലോകത്തോട്‌ വിട പറഞ്ഞു. ജൂലൈ 28-ന്‌ ചാര്‍ലിക്ക്‌ നല്‍കിവന്നിരുന്ന ശ്വസനയന്ത്രങ്ങള്‍ നീക്കം ചെയ്‌ത് അവനെ മരണത്തിനു വിട്ടുകൊടുത്തു. ലോകം എന്തെന്നറിയാതെ, സ്‌നേഹത്തിന്റെ ആഴമറിയാതെ, നിയമത്തിന്റെ കാഠിന്യം അറിയാതെ ചാര്‍ലി തിരികെ മടങ്ങി; അവന്റെ ആദ്യ ജന്മദിനത്തിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ... സ്വാന്തനത്തിന്റെ വാക്കുകള്‍ മുഴുവന്‍ നല്‍കിയാലും മാതാപിതാക്കളുടെ ഉള്ളെരിയുന്ന സ്‌നേഹപ്രവാഹം അനുഭവിച്ചറിയാതെയായിരുന്നു ആ യാത്ര.
ആഗ്രഹം നിറവേറ്റാനാകാതെ ക്രിസും കോണിയും
നിയമം മരണത്തിന്‌ വിട്ടുകൊടുത്ത മകന്റെ മരണം സ്വന്തം വീട്ടില്‍ വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ഗ്രേറ്റ്‌ ഓര്‍മണ്ട്‌ ആശുപത്രി അധിക്യതര്‍ അംഗീകരിച്ചില്ല. ചാര്‍ലിയുടെ മരണംവരെ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന ഡോക്‌ടര്‍മാരുടെ പിടിവാശിയാണു തടസമായത്‌. എന്നാല്‍, ചാര്‍ലിയുടെ മൃതദേഹത്തിനൊപ്പം അവന്‌ ഇഷ്‌ടമുള്ള പാവകുട്ടിയെ ചേര്‍ത്തുവയ്‌ക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു.
പതിനൊന്നു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ മരണത്തില്‍ ലോക നേതാക്കള്‍ അനുശോചിക്കുന്നത്‌ അപൂര്‍വമാണ്‌. ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ, അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേയ്‌, അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെന്‍സ്‌, ബോക്‌സിങ്‌ ഇതിഹാസം ഫ്രാങ്ക്‌ ബ്യൂണോ തുടങ്ങി നിരവധി പ്രമുഖരാണ്‌ ചാര്‍ലിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചത്‌.
''ആ ജീവിതത്തോട്‌ നമുക്ക്‌ നന്ദിയുണ്ടാകണം. ചെറിയകാലമേ അവന്‍ ജീവിച്ചുള്ളൂ. മനുഷ്യജീവിതം അര്‍ഹിക്കുന്ന ബഹുമാനവും മൂല്യവും അവന്‍ ലോകത്തെ ഓര്‍മിപ്പിച്ചു. അതാണ്‌ അവന്റെ സന്ദേശവും''- അമേരിക്കന്‍സ്‌ യുണൈറ്റഡ്‌ ഫോര്‍ ഫൈല്‌ പ്രസിഡന്റ്‌ കാത്തറിന്‍ ഗ്ലെന്‍ ഫോസ്‌റ്റര്‍ ട്വിറ്ററില്‍ കുറിച്ചു. ചെറിയ ജീവിതത്തിലൂടെ നമ്മെ ചിന്തിപ്പിച്ചശേഷം ചാര്‍ലിയെന്ന മാലാഖ വിടപറയുകയായി.

വി.കെ. കൃഷ്‌ണകുമാരി

Ads by Google
Sunday 13 Aug 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW