Monday, July 16, 2018 Last Updated 16 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.33 AM

ഷഡ്‌പദം : സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/08/136515/sun2.jpg

രാമുവിനെ അതൊന്നും ബാധിച്ചില്ല. ഇടവഴിയിലൂടെ നടക്കുമ്പോള്‍ തൊട്ടടുത്ത പറമ്പിലെ മരത്തില്‍ നിന്നും കാറ്റത്ത്‌ പറക്കുന്ന അപ്പൂപ്പന്‍താടികള്‍ കണ്ട്‌ അയാള്‍ കൗതുകം പൂണ്ട്‌ ചിരിച്ചു. പിന്നെ അവയെ പിടിക്കാനായി പിന്നാലെ ഓടി. ഇതെന്ത്‌ ജന്മം എന്ന്‌ കണ്ടുനിന്ന പെണ്ണുങ്ങള്‍ മൂക്കത്ത്‌ വിരല്‍ വച്ചു. വീട്ടുമുറ്റത്ത്‌ മീന്‍വെട്ടാനിരുന്ന നബീസുവും സൈക്കിള്‍ ചവുട്ടി പോയ ദിവസച്ചിട്ടിക്കാരന്‍ നാരായണനും മാത്രം ചിരിച്ചു. രാമു അതൊന്നും ഗൗനിച്ചില്ല. അവന്‌ മൂന്ന്‌ അപ്പൂപ്പന്‍താടി കിട്ടി. അത്‌ പോക്കറ്റിലിട്ട്‌ നല്ല ഗമയില്‍ നടന്നു.
പക്ഷെ സൗമിനിക്ക്‌ ആകെ വിഷമമായി. രണ്ട്‌ ദിവസം അവള്‍ ശരിക്കൊന്ന്‌ ഉറങ്ങിയില്ല. നാലാംപക്കം അമ്മ സ്വന്തം വീട്ടില്‍ പോയ തക്കത്തിന്‌ അവള്‍ മൊബൈലില്‍ ശ്രമിച്ചു. ഭാഗ്യത്തിന്‌ രാമുണ്ണി ഫോണ്‍ എടുത്തു. വൈകിട്ട്‌ പതിവ്‌ സ്‌ഥലത്തു വച്ച്‌ കാണാം എന്ന ഉടമ്പടിയില്‍ ഫോണ്‍ വച്ചു.
കണ്ടു, സംസാരിച്ചു, സൗമിനി കാര്യങ്ങള്‍ വിശദീകരിച്ചു. ആര്‌ എതിര്‍ത്താലും ഒപ്പം ഇറങ്ങിവരാനുള്ള സന്നദ്ധതയും അറിയിച്ചു. പക്ഷെ നിര്‍വികാരമായിരുന്നു രാമുണ്ണിയുടെ മുഖം. അയാള്‍ക്ക്‌ അതിലൊന്നും ഒരു ഉത്സാഹവും തോന്നിയില്ല. സുന്ദരിയും സമ്പന്നയും സ്‌നേഹവതിയുമായ ഒരു പെണ്ണ്‌ ഏത്‌ പ്രതിസന്ധി നേരിട്ടും ഒപ്പം വരാമെന്ന്‌ ഉറപ്പ്‌ നല്‍കുമ്പോള്‍ മണ്ണുണ്ണിയെ പോലെ പനയോലത്തുമ്പത്തെ ചെറുകിളിയെയും നോക്കിയിരിക്കുകയായിരുന്നു രാമുണ്ണി. ഇതെന്നാ എടപാടാണെന്ന്‌ പാവം സൗമിനി അമ്പരക്കുകയും ചെയ്‌തു. രാമുണ്ണിക്ക്‌ കൂസലേതൂം ഉണ്ടായില്ല.
''രാമു എന്തേലും ഒരു മറുപടി പറയ്‌...''
അവള്‍ തിടുക്കം കൂട്ടി
''എനിക്ക്‌ പേട്യാ കൊച്ചേ...ഞാന്‍ നിന്നേം കൊണ്ട്‌ ചെന്നാല്‍ അച്‌ഛന്‍ വീട്ടീന്ന്‌ അടിച്ചെറക്കും. തന്നേല്ല, നിന്റച്‌ഛന്‍ ചോയിച്ച പോലെ നമ്മളെങ്ങനെ ജീവിക്കും. എനിക്ക്‌ പണിയൊന്നുമില്ലല്ലോ''
ഇല്ലെങ്കില്‍ പോയി പണിയുണ്ടാക്കടാ കൊശവാ...എന്നായിരുന്നു ആ ചോദ്യത്തിനുളള യഥാര്‍ത്ഥ മറുപടി. പക്ഷെ സൗമിനി അത്‌ ചോദിച്ചില്ല. സ്‌നേഹാന്ധത ആ പെണ്‍കുട്ടിയെ അത്രമേല്‍ ബാധിച്ചിരുന്നു. അവളുടെ യുക്‌തിബോധവും ചിന്താശേഷിയും പ്രായോഗികതയും തത്‌കാലത്തേക്കെങ്കിലും മായ്‌ച്ചിരുന്നു.
രാമുണ്ണിയെ കൊണ്ട്‌ ഒന്നും നടക്കില്ലെന്ന്‌ ബോധ്യമായി. പക്ഷെ സൗമിനി പ്രതീക്ഷ കൈവിട്ടില്ല. രാമുണ്ണി വീട്ടില്‍ ഇല്ലാത്ത ഒരു ദിവസം അവള്‍ ലീലയെ ചെന്ന്‌ കണ്ടു. സംഭവിച്ച കാര്യങ്ങള്‍ വളളിപുളളി വിടാതെ ധരിപ്പിച്ചു.
''എനിക്ക്‌ രാമുണ്യേട്ടനെ വേണം അമ്മേ...അല്ലാതെ പറ്റത്തില്ല...വേറാരാണ്‌ ഇനിയെന്നെ തൊടാന്‍ ഞാന്‍ സമ്മതിക്കത്തില്ല. അതിന്‌ ഞാന്‍ ഉണ്ടായെന്നും വരത്തില്ല''
അവര്‍ തീര്‍ത്തു പറഞ്ഞു. അതിന്റെ അര്‍ത്ഥവും ആഴവും ലീല വളരെ വേഗം ഉള്‍ക്കൊണ്ടു. ഭര്‍ത്താവ്‌ വന്നപ്പോള്‍ അവര്‍ കാര്യം ധരിപ്പിച്ചു. സംഗതിയുടെ ഗൗരവം അയാള്‍ക്കും മനസിലായി. പക്ഷെ ഏറെ ആലോചനകള്‍ക്ക്‌ ശേഷമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രതികരണം.
''എടീ ലീലാമണി...ഭഗവതി നമ്മുടെ പ്രാര്‍ത്ഥന കേട്ടൂന്നാ തോന്നുന്നത്‌. ഇത്‌ ദൈവം കൊണ്ടു തന്ന ഭാഗ്യവാ...''
പരിമിതബുദ്ധിയായ ലീല കാര്യം മനസിലാവാതെ കണ്ണ്‌ മിഴിച്ചു.
''എടീ..ആ കൊച്ച്‌ ഒറ്റമോളാ..ഇട്ടുമൂടാനുളള സ്വത്തുമുണ്ട്‌. അവനേന്നും പറഞ്ഞ്‌ അവള്‌ ഒറ്റക്കാലീ നില്‍പ്പാ. ഇനി അവക്കടെ തന്തേം തളേളം എതിര്‍ത്താലും അവള്‌ പിന്‍മാറാന്‍ പോണില്ല. നമ്മടെ കൊച്ചന്റെ ഭാഗ്യവാടീ ഇത്‌. അവന്‌ ഇതിലും നല്ലൊരു ബന്ധം എവിടന്ന്‌ കിട്ടാനാ...അവന്‌ രക്ഷപ്പെടാന്‍ ഇതല്ലാതെ വേറെ മാര്‍ഗം എന്തവാടീ''
കുഞ്ഞുണ്ണി ഒരു കളളച്ചിരിയെറിഞ്ഞു. ലീലാമണിക്കും അതിന്റെ സാദ്ധ്യതകള്‍ തലച്ചോറില്‍ മിന്നിത്തുടങ്ങി.
''പക്ഷെ അവക്കടെ വീട്ടുകാര്‌ വിഷയം ഒണ്ടാക്കിയാലോ..?''
''ഓ...എന്തോന്ന്‌ ഒണ്ടാക്കാനാ..ആദ്യം കൊറെ പ്രസ്‌നവൊക്കെയൊണ്ടാവും.പിന്നതൊക്കെയങ്ങ്‌ ആറിത്തണുക്കത്തില്ലയോ..നമ്മളിതെത്ര കണ്ടിരിക്കുന്നു...''
എന്നിട്ട്‌ ശബ്‌ദം താഴ്‌ത്തി കുഞ്ഞുണ്ണി പറഞ്ഞു. ''ഒന്നൂല്ലേലും നമ്മളൊരു ജാതിയല്യോടീ...ഇത്‌ ഗുരുദേവന്‍ നിശ്‌ചയിച്ച ബന്ധവാന്നങ്ങ്‌ വിചാരിച്ചാ മതി..''
കുഞ്ഞുണ്ണിയുടെ സമാധാനമൊന്നും ലീലാമണിക്ക്‌ പുര്‍ണ്ണാര്‍ത്ഥത്തില്‍ ബോധിച്ചില്ല.
എന്തായാലും ചെറുക്കനൊരു നല്ല ഭാവിയുണ്ടായാല്‍ മതീന്നേ അവര്‍ക്ക്‌ തോന്നിയുളളു. സൗമിനീടെ വീട്ടുകാര്‍ വഴക്കിന്‌ വന്നാലോ എന്നൊരു ഭയം ഇല്ലാതെയുമിരുന്നില്ല.
ശാന്തിപണി കഴിഞ്ഞ്‌ രാത്രിയില്‍ രാമുണ്ണി വീട്ടില്‍ വന്നു കയറിയപ്പോള്‍ കുഞ്ഞുണ്ണി വിഷയം എടുത്തിട്ടു. അവന്‍ ഒന്നും അറിയാത്ത മട്ടില്‍ പൊട്ടന്‍ കളിക്കാന്‍ നോക്കിയെങ്കിലും കുഞ്ഞുണ്ണി വിട്ടില്ല.
''എടാ....മരങ്ങോടാ...നിന്നേ മതീന്നും പറഞ്ഞ്‌ ഈ വീട്ടി കയറി വന്ന്‌ പറയാനുളള തന്റേടം ആ പെങ്കൊച്ചിനൊണ്ടായി. അതുപോലും നിനക്കില്ലല്ലോ എന്റെ ദേവീ..ങ്‌ാ..അതുപോട്ടെ..ശരിക്കും നീയവളെ പ്രേമിച്ചതാന്നോ..''
''ങ്‌ാ..''
രാമു പെണ്ണുങ്ങളെ പോലെ തലകുമ്പിട്ടു നിന്നു. അവനോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ലെന്ന്‌ കുഞ്ഞുണ്ണിക്ക്‌ തോന്നി. അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു.
''ചെറുക്കന്‍ കൂട്ടരെന്ന നിലയില്‍ ബന്ധത്തിന്‌ മുന്‍കൈ എടുക്കണ്ടത്‌ നമ്മളാ..പെണ്ണ്‌ ചോദിച്ച്‌ ചെല്ലണ്ടതും നമ്മളാ..'' ''അയ്യോ..അവര്‌ അടിച്ചെറക്കിയാ..എന്തോ ചെയ്യും?''
ലീലാമണി നിഷ്‌കളങ്കമായ സംശയം പങ്ക്‌വച്ചു.
''അതപ്പോ നോക്കാം..''
കുഞ്ഞുണ്ണിക്ക്‌ അപാരമായ ആത്മവിശ്വാസമായിരുന്നു. പിന്നെ ഒന്നാലോചിച്ച്‌ അയാള്‍ പറഞ്ഞു.
''അവര്‍ക്ക്‌ വല്യ മൂച്ചാണെങ്കീ ആ കൊച്ചിനേം കൊണ്ട്‌ ഞാനിങ്ങ്‌ പോരും..''
രാമുണ്ണി ഞെട്ടി. അവന്‌ ധൈര്യമില്ലാത്ത കാര്യം നടപ്പിലാക്കുമെന്ന്‌ അച്‌ഛന്‍ വെല്ലുവിളിക്കുന്നു.
ഏതായാലും കുഞ്ഞുണ്ണി രണ്ടും കല്‍പ്പിച്ച്‌ കുമാരന്റെ വീട്ടുപടി കയറി. അയാള്‍ വലതുകാല്‍ വച്ചപ്പഴേ കുമാരനും വത്സലയ്‌ക്കും സംഭവം കത്തി. ഒന്നും പുറമെ കാണിക്കാതെ അവര്‍ കുഞ്ഞുണ്ണിയെ സ്വീകരിച്ചിരുത്തി. നിത്യവും ദേവിയെ പൂജിച്ച്‌ പ്രസാദം തരുന്നയാളല്ലേ?
വിഷയം അങ്ങോട്ട്‌ അവതരിപ്പിക്കും മുന്‍പ്‌ കുമാരന്‍ പറഞ്ഞു.
''കുഞ്ഞുണ്ണിയേട്ടന്‌ വിഷമം തോന്നരുത്‌. ഇത്‌ നടക്കില്ല''
പ്രതീക്ഷിച്ച മറുപടിയായതു കൊണ്ട്‌ കുഞ്ഞുണ്ണി പകച്ചില്ല. ചിരിച്ചു കൊണ്ട്‌ ചോദിച്ചു.
''ഞങ്ങള്‍ക്ക്‌ സാമ്പത്തികം കൊറഞ്ഞു പോയതോണ്ടാന്നോ..''
''അങ്ങനെ പറേരുത്‌. എനിക്ക്‌ ഈ കാണുന്നതൊക്കെ എന്നാ ഒണ്ടായത്‌. കാശ്‌ വരാനും പോകാനുമൊന്നും അധികസമയം വേണ്ട''
''പിന്നെ എന്നതാ പ്രശ്‌നം?''
കുഞ്ഞുണ്ണി കണ്ണ്‌ മിഴിച്ചു.
''നിങ്ങടെ കൊച്ചന്‌ ഒരു കഴകത്തില്ല. അത്‌ അവനോട്‌ ഒന്ന്‌ സംസാരിച്ചപ്പഴേ എനിക്ക്‌ മനസിലായി. ജീവിക്കാന്‍ അറിയാത്ത ഒരുത്തന്‌ ഞാനെന്റെ പെണ്ണിന്റെ കൈ പിടിച്ച്‌ കൊടുക്കത്തില്ല''
കുമാരന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന്‌ കുഞ്ഞുണ്ണിക്ക്‌ അറിയാം. അവന്‍ വളര്‍ന്ന്‌ ഈ നിലയിലെത്തിയതും ഈ നിശ്‌ചയദാര്‍ഢ്യം ഒന്നുകൊണ്ടാണെന്നും അറിയാം.
''പിന്നിപ്പോ നമ്മളെന്തുവാ ചെയ്യുന്നേ..പിളേളരിത്‌ മതീന്നും പറഞ്ഞ്‌ ഒറ്റ നിപ്പാ..''
കുഞ്ഞുണ്ണി ആഞ്ഞ്‌ ഒരു തട്ട്‌ തട്ടി.
''എന്റെ മോളെ ഒതുക്കി നിര്‍ത്താന്‍ എനിക്ക്‌ അറിയാം. നിങ്ങടെ ചെറുക്കന്റെ കാര്യം നിങ്ങള്‌ നോക്കിക്കോണം''
കുമാരന്‍ കോല്‌ ഒടിച്ചിട്ട പോലെ പറഞ്ഞു.
എത്ര വാദിച്ചാലും സംഗതി നടക്കുന്ന കോളില്ലെന്ന്‌ കുഞ്ഞുണ്ണിക്ക്‌ ഉറപ്പായി. ഒടുക്കം ലീലാമണി പ്രവചിച്ചതു പോലെ തന്നെ സംഭവിച്ചു. അല്ലേലും എത്താവുന്ന കൊമ്പത്തേ നോക്കാവൂന്ന്‌ പഴമക്കാര്‌ പറേന്നത്‌ എത്ര സത്യം?
കുഞ്ഞുണ്ണി മനസില്‍ പറഞ്ഞു.
വത്സല കൊണ്ടു വന്ന കാപ്പി കുടിക്കാന്‍ അയാള്‍ നിന്നില്ല. കുഞ്ഞുണ്യേട്ടന്‍ ഇത്‌ കുടിച്ചിട്ട്‌ പോ...എന്ന്‌ പിന്നാലെ വന്ന്‌ കുമാരന്‍ പറഞ്ഞിട്ടും അയാള്‍ കേട്ടഭാവം നടിച്ചില്ല.
ഒറ്റവേഗത്തില്‍ നടന്നങ്ങ്‌ പോയി.
എല്ലാം കണ്ടുംകേട്ടും സൗമിനി അകത്ത്‌ തന്നെയുണ്ടായിരുന്നു. അവള്‍ക്ക്‌ വിശേഷവിധിയായി ഒന്നും തോന്നിയില്ല. അച്‌ഛന്‍ ഇത്രയും മാന്യമായി പെരുമാറിയല്ലോ എന്നതായിരുന്നു അത്ഭുതം.
പിറ്റേന്ന്‌ കറുത്തവാവായിരുന്നു. അമ്പലത്തില്‍ ആണ്ടുബലിക്കുളള തിരക്കായിരുന്നു. കുമാരനും ഭാര്യയും ഒന്നും സംഭവിക്കാത്ത മട്ടില്‍ വന്ന്‌ ബലിയിട്ട്‌ പോയി. മന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്‌ കുഞ്ഞുണ്ണിയായിരുന്നു. ചടങ്ങ്‌ കഴിഞ്ഞ്‌ നൂറുരൂപ ദക്ഷിണയും നല്‍കി. അപ്പോഴും അയാള്‍ കുഞ്ഞുണ്ണിയുടെ മുഖത്ത്‌ നോക്കിയില്ല. രാമു ശ്രീകോവിലിനുളളിലായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ പ്രസാദം നല്‍കുമ്പോള്‍ അവന്‍ കുമാരനെ ഒന്ന്‌ പാളിനോക്കി. അയാള്‍ അവനെ കണ്ടതായി ഭാവിച്ചില്ല. വിഗ്രഹത്തിലായിരുന്നു ശ്രദ്ധ മുഴൂവനും.
ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ്‌ പതിവിലും വൈകിയാണ്‌ അച്‌ഛനും മകനും അന്ന്‌ വീട്ടിലെത്തിയത്‌.
''നല്ല വിശപ്പ്‌ വേഗം വല്ലതും എടുത്തോ...''
അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ്‌ കുഞ്ഞുണ്ണി അകത്തേക്ക്‌ കയറിയത്‌. മേല്‍കഴൂകി അത്താഴത്തിനിരുന്നപ്പോള്‍ രാമു വെട്ടിവലിച്ച്‌ കഴിക്കുന്നത്‌ അയാള്‍ കണ്ടു.
''അത്താഴം കഴിഞ്ഞ്‌ എണീക്കാന്‍ ധൃതി കൂട്ടണ്ട. ഇന്ന്‌ ഇത്തിരി പാല്‍പായസം ഉണ്ടാക്കീട്ടുണ്ട്‌..''
ലീലാമണി പറഞ്ഞു.
''രാത്രീലാന്നോടീ പായസം. പോരാത്തതിന്‌ കറുത്ത വാവും. നിനക്കിതെന്നാ പറ്റി?''
കുഞ്ഞുണ്ണി ഭാര്യയെ കളിയാക്കി. ലീല അടുക്കളയിലേക്ക്‌ നോക്കി വിളിച്ചു.
''മോളേ..വാ..''
പാദസരങ്ങള്‍ കിലുങ്ങുന്ന ശബ്‌ദം കേട്ട്‌ കുഞ്ഞുണ്ണിയും രാമുവും അകത്തേക്ക്‌ നോക്കി. ഒരു കുഞ്ഞുചരുവത്തില്‍ പാല്‍പായസവുമായി നടന്നു വന്നു സൗമിനി. കുളിച്ചുകുറിയിട്ട്‌ നനഞ്ഞ മുടി അറ്റം കെട്ടിയിരുന്നു അവള്‍. കസവ്‌ സെറ്റും മുണ്ടിലും അവളൂടെ പ്രഭ ഒന്ന്‌ കൂടി വര്‍ദ്ധിച്ചിരുന്നു. വെളളം കുടിച്ചുകൊണ്ടിരുന്ന രാമുവിന്‌
നെറുകയില്‍ തങ്ങി. അവന്‍ ചുമച്ച്‌ ശബ്‌ദമുണ്ടാക്കിയപ്പോള്‍ അവള്‍ പാത്രം മേശപ്പുറത്തു വച്ച്‌ വലതുകൈ കൊണ്ട്‌ ഉച്ചിയില്‍ തിരുമ്മി. അതുകണ്ട്‌ ലീലാമണി നാണിച്ച്‌ ചിരിച്ചു. ഉരുളയിട്ട വായും പൊളിച്ച്‌ കുഞ്ഞുണ്ണി അവളെ നോക്കി അന്തംവിട്ടിരുന്നു. സ്വബോധം വീണപ്പോള്‍ അയാള്‍ ചോദിച്ചു.
''ഞാനിതെന്നാ സ്വപ്‌നം കാണുവാന്നോ...?''
ലീലാമണി ചിരിച്ചു.
''ഉച്ചയ്‌ക്ക് പരിപ്പുകറിക്ക്‌ അരച്ചോണ്ടിരുന്നപ്പഴാ കൊച്ച്‌ വന്നുകേറിയത്‌. ഇനി ഞാനരയ്‌ക്കാം അമ്മേന്നും പറഞ്ഞ്‌. ഇനി ഞാനെങ്ങോട്ടും പോകുന്നില്ലാന്നും അവള്‌ പറഞ്ഞു. സ്‌നേഹത്തോടെ വന്നു കേറുമ്പം എറക്കിവിടാന്‍ പറ്റുവോ നമുക്ക്‌..ഇവനെ പോലെ അത്ര കണ്ണീച്ചോരയില്ലാത്തോരല്ലല്ലോ നമ്മള്‌...''
ലീലാമണി മകനെ ഉദ്ദേശിച്ച്‌ പറഞ്ഞു.
''അയ്യോ...കുമാരനും ഭാര്യേം കൊച്ചിനെ തെരക്കത്തില്ലായോ..?''
കുഞ്ഞുണ്ണിക്ക്‌ അതായിരുന്നു ഉത്‌കണ്‌ഠ.
''വൈകുന്നേരം ഞാന്‍ അമ്മേ വിളിച്ച്‌ വിവരം പറഞ്ഞു. അമ്മ കൊറേ കരഞ്ഞു. കൂടെ ഞാനും കരഞ്ഞു.''
''എന്നാപിന്നെ എന്തിനാ കുഞ്ഞെ ഈ വേണ്ടാതീനത്തിന്‌ എറങ്ങിപൊറപ്പെട്ടേ...''
''അമ്മയ്‌ക്കെല്ലാം അറിയാം. അമ്മയ്‌ക്കങ്ങനെ വല്യ എതിര്‍പ്പൂല്ല...അച്‌ഛനാ പ്രശ്‌നം..''
''അയ്യോ..കുമാരന്‍ ഇതും പറഞ്ഞിനി വഴക്കിന്‌ വരുവോ..?''
കുഞ്ഞുണ്ണിയുടെ സംശയം രാമുവിന്റെ മുഖത്ത്‌ ആശങ്കയുടെ നിഴല്‍വീഴ്‌ത്തി.
''ഏയ്‌ ഇല്ലന്നേ...കുറച്ച്‌ മുന്‍പ്‌ ഞാന്‍ ജോലിക്കാരി വല്ലിചേച്ചിയെ വിളിച്ചിരുന്നു. അച്‌ഛന്‍ ഭിത്തിയില്‍ തൂക്കിയിരുന്ന എന്റെ ഫോട്ടോയ്‌ക്ക് മാലയിട്ടെന്ന്‌ ചേച്ചി പറഞ്ഞു''
സൗമിനി അതും പറഞ്ഞ്‌ ചിരിച്ചു. അവളുടെ ലാഘവത്വം കുഞ്ഞുണ്ണിയെ അത്ഭുതപ്പെടുത്തി.
''നാളെ തന്നെ നമുക്ക്‌ കല്യാണം രജിസ്‌റ്റര്‍ ചെയ്യണം. ഇല്ലേല്‌ നിയപരമായി അത്‌ വല്യ പ്രസ്‌നവാ..''
കുഞ്ഞുണ്ണി പറഞ്ഞു.
''ഞാനിതങ്ങോട്ട്‌ പറയാനൊരുങ്ങുവാരുന്നു..''
ലീലാമണി കൂട്ടിച്ചേര്‍ത്തു.
''അതുവരെ കൊച്ച്‌ നിന്റെ കൂടെ കിടന്നാ മതി..''
കുഞ്ഞുണ്ണി പറഞ്ഞതു കേട്ട്‌ സൗമിനി ഒരു കള്ളച്ചിരിയോടെ രാമുവിനെ നോക്കി. അയാള്‍ക്ക്‌ ആകെ പരിഭ്രമമായിരുന്നു. വരാന്‍ പോകുന്ന ഭവിഷ്യത്തുകളേക്കാളേറെ മുന്നോട്ടുളള ജീവിതം ഓര്‍ത്തുളള ആകുലതകളാവാം അതിന്‌ പിന്നിലെന്ന്‌ സൗമിനി ഊഹിച്ചു.

(തുടരും)

Ads by Google
Sunday 13 Aug 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW