Tuesday, July 17, 2018 Last Updated 28 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.13 AM

മത്സരങ്ങള്‍ വീണ്ടും നടത്തണം

കോട്ടയം: ഉപജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി, ജില്ലാ, മേഖലാ മത്സര വേദികള്‍ നിശ്‌ചയിച്ചും കഴിഞ്ഞപ്പോള്‍ നിയമം മാറ്റി ദേശീയ സ്‌കൂള്‍ ഗെയിംസ്‌ ഫെഡറേഷന്‍.
ഇതുവരെ നടത്തി വന്നിരുന്ന ക്ലാസ്‌ അടിസ്‌ഥാനത്തിലെ മത്സരം ഇനി വേണ്ടെന്ന്‌ ഉത്തരവിറക്കിയതോടെ ഇതുവരെ നടത്തിയ മത്സരങ്ങള്‍ മുഴുവന്‍ വീണ്ടും നടത്തേണ്ട ഗതികേടിലാണു സംഘാടകര്‍. വയസിന്റെ അടിസ്‌ഥാനത്തില്‍ മാത്രം മത്സരം നടത്തണമെന്നാണു ഫെഡറേഷന്റെ പുതിയ നിര്‍ദേശം.
സംസ്‌ഥാനത്തെ ഭൂരിഭാഗം ഉപജില്ലകളിലും ഇതോടകം ഗയിംസ്‌ ഇനങ്ങളിലെ മത്സരം പൂര്‍ത്തിയാക്കിയിരുന്നു. ക്ലാസ്‌ അടിസ്‌ഥാനത്തിലായിരുന്നു മത്സരങ്ങള്‍ നടത്തിയത്‌. ഈ മത്സരങ്ങളെല്ലാം പുതുക്കിയ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ വീണ്ടും നടത്തേണ്ടി വരും. മുന്‍ നിശ്‌ചയിച്ച റവന്യു ജില്ലാ, മേഖലാ മത്സരങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായും വരും. എ.ഇ.ഒ.മാരും സംഘാടകരുമാണു പുതിയ തീരുമാനത്തോടെ വെട്ടിലായിരിക്കുന്നത്‌. സ്‌പോര്‍ട്‌സ്‌ ഇനങ്ങളിലും ഈ നിയമം ബാധകമായിരിക്കും. എന്നാല്‍, സ്‌പോര്‍ട്‌സ്‌ ഇനങ്ങളിലെ മത്സരങ്ങള്‍ സെപ്‌റ്റംബറില്‍ മാത്രമാണ്‌ ആരംഭിക്കുന്നത്‌ എന്നതിനാല്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ല.
അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സബ്‌ ജൂനിയര്‍ വിഭാഗത്തിലും എട്ടു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ജൂണിയര്‍ വിഭാഗത്തിലും പ്ലസ്‌ വണ്‍, പ്ലസ്‌ ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലുമാണ്‌ ഉള്‍പ്പെട്ടിരുന്നത്‌. പുതിയ നിര്‍ദേശപ്രകാരം പ്ലസ്‌ വണ്‍, പ്ലസ്‌ ടൂ ക്ലാസിലാണു പഠിക്കുന്നതെങ്കിലും 17 വയസില്‍ താഴെയാണെങ്കില്‍ മത്സരം ഇനി ജൂനിയര്‍ വിഭാഗത്തിലാകും. ഒമ്പതിലാണു പഠിക്കുന്നതെങ്കിലും വയസ്‌ 14 വയസില്‍ താഴെയാണെങ്കില്‍ സബ്‌ജൂനിയറിലേക്കു മാറ്റപ്പെടും. ഫലത്തില്‍ സബ്‌ ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ മത്സരം കടുക്കുകയും സീനിയര്‍ വിഭാഗത്തില്‍ മത്സരാര്‍ഥികളുടെ എണ്ണം കുറയുകയും ചെയ്യും.
നിയമം വിദ്യാര്‍ഥികള്‍ക്കു ഗുണകരമാണെന്നും മത്സരങ്ങള്‍ ആരംഭിച്ച ശേഷമുള്ള തീരുമാനമാണു തിരിച്ചടിയായതെന്നും അധ്യാപകര്‍ പറയുന്നു. ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ വേണ്ടി വിദ്യാര്‍ഥികളിലെ ചില ക്ലാസുകളില്‍ തോല്‍പ്പിക്കുന്ന പ്രവണത ഇതോടെ ഇല്ലാതാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
നിയമം കര്‍ശനമായി പാലിക്കണമെങ്കില്‍ പ്രായപരിശോധന ശാസ്‌ത്രീയ അടിസ്‌ഥാനത്തില്‍ നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.

Ads by Google
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW