Saturday, August 12, 2017 Last Updated 20 Min 17 Sec ago English Edition
Todays E paper
Saturday 12 Aug 2017 12.55 AM

ഗുജറാത്തിന്റെ ബാക്കിപത്രം

uploads/news/2017/08/136140/bft1.jpg

ഗുജറാത്ത്‌ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ്‌ പട്ടേല്‍ വിജയിച്ചതോടെ കോണ്‍ഗ്രസിന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിെച്ചന്നും ബി.ജെ.പിയുടെ അന്ത്യദിനങ്ങള്‍ ആരംഭിച്ചെന്നുമൊക്കെ ആശ്വസിക്കുന്നവര്‍ക്ക്‌ നമോവാകം അര്‍പ്പിക്കട്ടെ. കോണ്‍ഗ്രസ്‌ നേതാക്കള്‍ മാത്രമല്ല സി.പി.എമ്മുകാരും അത്തരം ദിവാസ്വപ്‌നങ്ങള്‍ കാണുകയാണ്‌. അമിത്‌ ഷാ അമ്പേ തോറ്റു, നരേന്ദ്ര മോഡിക്ക്‌ ഇനി രക്ഷയില്ലാതായി എന്നൊക്കെയാണ്‌ അവരുടെ വാദഗതികള്‍. അവരുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കാന്‍ ആഗ്രഹമില്ലെങ്കിലും വസ്‌തുതകള്‍ കാണാതെപോകരുതല്ലോ.
ഗുജറാത്തില്‍ ബി.ജെ.പിക്കോ അമിത്‌ ഷായ്‌ക്കോ നരേന്ദ്ര മോഡിക്കോ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. കോണ്‍ഗ്രസിന്‌ അവിടെ ഒരു സീറ്റ്‌ നിലനിര്‍ത്താനായെന്നതു ശരി. അര വോട്ടിനു വിജയിച്ചാലും അതു വിജയമാണ്‌. എന്നാല്‍ അത്‌ സാങ്കേതികമായ ഒരു പ്രശ്‌നത്തിലൂടെ നേടിയ വിജയമാണെന്നത്‌ കാണാതെപോകരുത്‌; പ്രശ്‌നം കോടതിയിലേക്കു കടക്കുകയാണ്‌.
എന്തുകൊണ്ടാണ്‌ സാങ്കേതിക വിജയമെന്നു പറയുന്നതെന്നു ചോദിച്ചേക്കാം. ആദ്യമായി തിരിച്ചറിയേണ്ടത്‌ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ ഒരുതരത്തിലും പാളിയിരുന്നില്ല എന്നതാണ്‌. മൂന്നാമത്തെ സ്‌ഥാനാര്‍ഥിയെ, ബല്‍വന്ത്‌സിങ്‌ രാജ്‌പുത്തിനെ, ജയിപ്പിക്കാനാവശ്യമായ വോട്ട്‌ ബി.ജെ.പിക്കില്ലായിരുന്നു. അമിത്‌ ഷാ, സ്‌മൃതി ഇറാനി എന്നിവരെ ജയിപ്പിക്കാനാവശ്യമായ വോട്ടിനപ്പുറമുള്ളത്‌, അധികവോട്ട്‌, രാജ്‌പുത്തിനു നല്‍കാമെന്നതായിരുന്നു ധാരണ. അത്‌ അതേപടി നടന്നു. കൂടുതലായി വേണ്ട വോട്ട്‌ കോണ്‍ഗ്രസില്‍നിന്നു ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതും യഥാവിധി ലഭിച്ചു. എന്നാല്‍ രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ദൃഷ്‌ടിയില്‍, പോളിങ്‌ ബൂത്തിനുള്ളില്‍ ക്രമംവിട്ട്‌ പെരുമാറിയതിനാല്‍, അവരുടെ വോട്ട്‌ അസാധുവാക്കപ്പെട്ടു. ആ വോട്ടുകള്‍ സാധുവായിരുന്നുവെങ്കില്‍ അഹമ്മദ്‌ പട്ടേല്‍ രാജ്യസഭ കാണില്ലായിരുന്നു.
മൊത്തം സാധുവായ വോട്ട്‌ 176 ആയിരുന്നുവെങ്കില്‍ അഹമ്മദ്‌ പട്ടേലിനടക്കം ആദ്യറൗണ്ടില്‍ വിജയിക്കാന്‍ 45 വോട്ട്‌ വേണ്ടിവരുമായിരുന്നു. അത്‌ അഹമ്മദ്‌ പട്ടേലിനു കിട്ടിയിട്ടില്ല; ലഭിച്ചത്‌ 44 വോട്ടാണ്‌. രണ്ട്‌ എം.എല്‍.എമാരുടെ വോട്ട്‌ അസാധുവായതുകൊണ്ടാണ്‌ ജയിക്കാന്‍വേണ്ടുന്ന മിനിമം വോട്ട്‌ 44 ആയി മാറിയത്‌. അസാധുവായി കണ്ട വോട്ട്‌ കണക്കിലെടുത്തിരുന്നെവങ്കില്‍ ആദ്യറൗണ്ടില്‍ പട്ടേല്‍ കടന്നുകൂടില്ല; പിന്നെ കണക്കിലെടുക്കുമായിരുന്നത്‌ സെക്കന്‍ഡ്‌ പ്രിഫറന്‍സ്‌ വോട്ടുകളാണ്‌. അവിടെ ബല്‍വന്ത്‌ സിങ്‌ രാജ്‌പുത്തിനു മേല്‍ക്കൈ ലഭിക്കുമായിരുന്നു.
ആ രണ്ട്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ വോട്ട്‌ചെയ്‌തശേഷം ബാലറ്റ്‌ അവരുടെ പോളിങ്‌ ഏജന്റിനെ കാണിച്ചിരുന്നു. അതു നിയമവിധേയമാണ്‌. എന്നാല്‍ അതിനുശേഷം അവര്‍ അവിടെയുണ്ടായിരുന്ന അമിത്‌ ഷായെ ബാലറ്റ്‌ കാണിച്ചെന്നതാണു പ്രശ്‌നം. അതിന്റെ പേരിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇടപെട്ടത്‌. മൂന്നാമത്തെ ബി.ജെ.പി. സ്‌ഥാനാര്‍ഥി തോല്‍ക്കാനിടയായത്‌ ആ വിവരക്കേടുകൊണ്ടാണ്‌, സാങ്കേതികപ്രശ്‌നം കൊണ്ടാണ്‌. അല്ലെങ്കില്‍ അഹമ്മദ്‌ പട്ടേല്‍ രാജ്യസഭ കാണില്ലായിരുന്നു.
ഗുജറാത്തിലേത്‌ ബി.ജെ.പിയുണ്ടാക്കിയ പ്രശ്‌നമാണെന്നതാണ്‌ മറ്റൊരു വാദഗതി. അവിടെ കോണ്‍ഗ്രസിനെതിരേ പരസ്യമായ നിലപാടെടുത്തത്‌ അവരുടെ മുതിര്‍ന്ന നേതാവായ ശങ്കര്‍സിങ്‌ വഗേലയാണ്‌. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ്‌ അതിനു വഴിവച്ചത്‌. സംഘടനയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിനു പരിഹാരം കാണാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനു കഴിയുന്നില്ലെന്നത്‌ പുതിയ കാര്യമല്ല. നേതൃത്വത്തിന്റെ ബലഹീനത തന്നെ കാരണം. അതിന്റെ മറ്റൊരു വശമാണ്‌ ഗുജറാത്തിലുണ്ടായത്‌.
ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്നതു കേട്ടാല്‍ ഇത്തരത്തിലൊന്നും കോണ്‍ഗ്രസില്‍ ഇതുവരെ നടന്നിട്ടേയിെല്ലന്നു തോന്നും. രാഷ്‌്രടീയസാക്ഷരത ഏറ്റവും കൂടുതലുണ്ടെന്ന്‌ അവകാശപ്പെടുന്ന കേരളത്തില്‍ പോലും കോണ്‍ഗ്രസില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ഓര്‍മ്മിപ്പിക്കുന്നത്‌ത്‌ 2003 ലെ രാജ്യസഭാ തെരഞ്ഞെടുപ്പാണ്‌. എ.കെ. ആന്റണി ഭരിക്കുന്ന കാലഘട്ടത്തിലേത്‌. കെ. മുരളീധരനായിരുന്നു അന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌. രാജ്യസഭയിലേക്ക്‌ ഒഴിവുള്ള മൂന്നു സ്‌ഥാനങ്ങളില്‍ രണ്ടെണ്ണം ജയിക്കാന്‍ കോണ്‍ഗ്രസിനാകുമായിരുന്നു. വയലാര്‍ രവി, തെന്നല ബാലകൃഷ്‌ണപിള്ള എന്നിവരെ ഹൈക്കമാന്‍ഡ്‌ സ്‌ഥാനാര്‍ഥികളാക്കി. വയലാര്‍ രവി അന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ്‌. പി.സി. ചാക്കോയെ സ്‌ഥാനാര്‍ഥിയാക്കണമെന്നായിരുന്നു മുരളീധരന്റെ ആവശ്യം. പക്ഷേ ആന്റണിയുടെ വാക്കുകേട്ട്‌ തെന്നലയെ സ്‌ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു. അതിനിടയിലാണ്‌ കെ. കരുണാകരന്‍ വാളെടുത്തത്‌. ഹൈക്കമാന്‍ഡുമായും ആന്റണിയുമായും ഇടഞ്ഞുനിന്ന കരുണാകരന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിലപേശാന്‍ തീരുമാനിച്ചു. അങ്ങനെയാണ്‌ കാസര്‍ഗോഡ്‌ ഡി.സി.സി. പ്രസിഡന്റായിരുന്ന കോടോത്ത്‌ ഗോവിന്ദന്‍നായര്‍ മത്സരരംഗത്തുവന്നത്‌. ഇതിന്റെയൊക്കെ മറ്റൊരാവര്‍ത്തനമാണ്‌ ഗുജറാത്തില്‍ നടന്നത്‌. കോടോത്ത്‌, കരുണാകരന്‍ പക്ഷം, പരാജയപ്പെട്ടു എന്നത്‌ ചരിത്രത്തിന്റെ ഭാഗമാണുതാനും. കേരളത്തില്‍ അന്നു പ്രശ്‌നമുണ്ടാക്കിയത്‌ ബി.ജെ.പിയല്ലല്ലോ, സി.പി.എമ്മുമല്ല. അതുതന്നെയാണ്‌ ഗുജറാത്തിലും നടന്നത്‌.
ഗുജറാത്തില്‍ അഹമ്മദ്‌ പട്ടേല്‍ നേടിയ വിജയം കോണ്‍ഗ്രസിന്റെ ഭാവി സുദൃഢമാക്കിയെന്നു പറയുന്നവരുണ്ട്‌. എന്നാല്‍ അത്‌ ദേശീയ രാഷ്‌്രടീയത്തിലെന്നല്ല ഗുജറാത്തില്‍ പോലും ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ല എന്നതാണു വസ്‌തുത. വര്‍ഷങ്ങളായി അഹമ്മദ്‌ പട്ടേല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാല്ലോ. അത്‌ തുടരുന്നു എന്നതിനപ്പുറം ഒരു നേട്ടവും കോണ്‍ഗ്രസിനുണ്ടായിട്ടില്ല. 20 വര്‍ഷമായി ഗുജറാത്ത്‌ ബി.ജെ.പിയുടെ കൈയിലാണ്‌. കഴിഞ്ഞ ഓരോ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലും ഇത്തവണ ബി.ജെ.പി. തകരുമെന്നും തങ്ങള്‍ ജയിക്കുമെന്നും കോണ്‍ഗ്രസും അവരുടെ കൂട്ടാളികളും പ്രവചിച്ചിരുന്നതാണ്‌. യാതൊന്നും നടന്നില്ലല്ലോ. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതൊക്കെത്തന്നെയാണ്‌ ആവര്‍ത്തിക്കാന്‍ പോകുന്നത്‌. ഗുജറാത്തില്‍ ഇന്നിപ്പോള്‍ ബി.ജെ.പിയെ എതിരിടാനുള്ള കരുത്ത്‌ കോണ്‍ഗ്രസിനില്ല. വഗേലയുടെ പിന്‍വാങ്ങലോടെ അവരുടെ സ്‌ഥിതി കൂടുതല്‍ ദയനീയമായി. ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു നേതാവിനെ അവിടെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസിനായോ? അഹമ്മദ്‌ പട്ടേലിന്‌ അത്തരമൊരു അംഗീകാരം നേടിയെടുക്കാനായോ? സംസ്‌ഥാനം വെള്ളപ്പൊക്കക്കെടുതിയില്‍ ഉഴലുമ്പോള്‍ ബംഗളുരുവില്‍ തീര്‍ത്ഥാടനത്തിനു പോയ എം.എല്‍.എമാര്‍ക്ക്‌ ഇനി സ്വന്തം തട്ടകത്തില്‍ ഇറങ്ങിച്ചെല്ലാന്‍ എത്രകാലമെടുക്കും എന്നതും ഓര്‍ക്കേണ്ടതുണ്ട്‌.
ഗുജറാത്ത്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ ഫലം ദേശീയതലത്തില്‍ ബി.ജെ.പിയെ തളര്‍ത്തിയെന്നു കരുതുന്നവര്‍ മനക്കോട്ട കെട്ടുകയാണ്‌. കോണ്‍ഗ്രസിന്‌ എന്താണു ചെയ്യാനാവുന്നത്‌. യുപി, ഉത്തരാഖണ്ഡ്‌, മണിപ്പൂര്‍, ഗോവ തുടങ്ങിയ തെരഞ്ഞെടുപ്പുകള്‍ക്ക്‌ ശേഷം അവര്‍ക്ക്‌ തലയുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നുണ്ടോ! നിലനില്‍പ്പിനായുള്ള പ്രതിസന്ധിയാണ്‌ കോണ്‍ഗ്രസ്‌ അഭിമുഖീകരിക്കുന്നതെന്ന സത്യസന്ധമായ വിലയിരുത്തലാണ്‌ അവരുടെ മുതിര്‍ന്ന രാജ്യസഭാംഗമായ ജയറാം രമേശ്‌ നടത്തിയത്‌. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്‌ഥയിലേക്ക്‌ പാര്‍ട്ടി എത്തപ്പെട്ടു എന്നതല്ലേ അതിന്റെ സാരാംശം. അപ്പോഴും കോണ്‍ഗ്രസ്‌ ഭക്‌തരും ബി.ജെ.പി. വിരുദ്ധരും പുത്തനുണര്‍വ്‌ ലഭിച്ചെന്നു പറഞ്ഞുനടക്കുന്നത്‌ വിവരക്കേടുകൊണ്ടല്ല, ഗതികേടുകൊണ്ടാണ്‌. അതിനപ്പുറം പ്രാധാന്യമൊന്നും ഈ വിജയത്തിനില്ല.

കെ.വി.എസ്‌. ഹരിദാസ്‌

Ads by Google
Saturday 12 Aug 2017 12.55 AM
YOU MAY BE INTERESTED
TRENDING NOW