Friday, August 11, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
സ്വന്തം ലേഖകന്‍
Friday 11 Aug 2017 09.07 PM

ക്ലിന്റ് - ഓര്‍ത്തിരിക്കാന്‍ ഒരു കാഴ്ച

അതിശയോക്തിപരമെന്നു തോന്നാവുന്ന ഒരു അസാധാരണജീവിതത്തെ ബാല്യത്തിന്റെ കുസൃതിയും എന്നാല്‍ പ്രതിഭയുടെ വരദാനവും ചേര്‍ത്ത് അവതരിപ്പിക്കുന്ന തിരക്കഥയും എണ്‍പതുകളിലെ പശ്ചാത്തലത്തെ അവതരിപ്പിച്ചപ്പോഴുള്ള കൈയൊതുക്കവും മുഖ്യകഥാപാത്രമായ ക്ലിന്റിനെ അവതരിപ്പിച്ച ബാലതാരത്തിന്റെയടക്കമുള്ള അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും ക്ലിന്റിനെ മികച്ച സൃഷ്ടിയാക്കുന്നു.
uploads/news/2017/08/136075/clint2.jpg

ഏഴ് വയസിനുള്ളില്‍ 25000 ചിത്രങ്ങള്‍, അതും പ്രതിഭയുടെ അഭൗമസ്പര്‍ശമുള്ളത്. മൂന്നരപതിറ്റാണ്ട് മുമ്പ് മറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മലയാളികുരുന്ന് ഇന്ന് നിറങ്ങളുടേയും ആസ്വാദകരുടേയും ലോകത്ത് അവിശ്വസനീയമായ അത്ഭുതമായിരിക്കുന്നതും അതുകൊണ്ടുതന്നെയാവണം. വൃക്ക രോഗബാധിതനായി 1983 ഏപ്രില്‍ 15ന് ഏഴുവയസുതികയുന്നതിന് ഒരുമാസംമുമ്പു മാത്രം ലോകത്തോടു വിടപറഞ്ഞ ക്ലിന്റ് എന്ന വലിയ 'കൊച്ചു വിസ്മയ'ത്തെക്കുറിച്ച് ഒരു ചിത്രമൊരുക്കുകയെന്നാല്‍ അത് അതുപോലെ തന്നെ കൗതുകവും കാഠിന്യവുമേറിയ ദൗത്യമാണ്. സുകൃതവും ജാലകവും ഉദ്യാനപാലകനും പോലെയുള്ള ശ്രദ്ധേയമായ സിനിമകളെടുത്ത ഹരികുമാര്‍ ഇടവേളയ്ക്കുശേഷം സിനിമയെടുത്തപ്പോള്‍ ആ വിസ്മയത്തെ കൈയടക്കത്തോടെ സമീപിച്ചിട്ടുണ്ട്. ആദ്യഅഞ്ചുമിനിട്ട് നേരത്തിലുള്ള ഡോക്യൂമെന്ററി സ്വഭാവമൊഴിച്ചാല്‍ ക്ലിന്റ എന്ന അത്ഭുതത്തെ ലളിതമായും വിശ്വസനീയമായും വൈകാരികമായും അവതരിപ്പിച്ച ലളിത, നൈര്‍മല്യ സിനിമയാണ് ക്ലിന്റ്. അതിശയോക്തിപരമെന്നു തോന്നാവുന്ന ഒരു അസാധാരണജീവിതത്തെ ബാല്യത്തിന്റെ കുസൃതിയും എന്നാല്‍ പ്രതിഭയുടെ വരദാനവും ചേര്‍ത്ത് അവതരിപ്പിക്കുന്ന തിരക്കഥയും എണ്‍പതുകളിലെ പശ്ചാത്തലത്തെ അവതരിപ്പിച്ചപ്പോഴുള്ള കൈയൊതുക്കവും മുഖ്യകഥാപാത്രമായ ക്ലിന്റിനെ അവതരിപ്പിച്ച ബാലതാരത്തിന്റെയടക്കമുള്ള അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും ക്ലിന്റിനെ മികച്ച സൃഷ്ടിയാക്കുന്നു.

ക്ലിന്റ് എന്ന വിസ്മയത്തിലേയ്ക്കുള്ള യാത്രയാണ് ഒന്നാം പകുതിയെങ്കില്‍ ആ ജീവിതം ആകസ്മികമായി അവസാനിക്കേണ്ടിവന്ന വേദനയെപ്പറ്റിയുള്ള വൈകാരിക മുഹൂര്‍ത്തങ്ങളാണു രണ്ടാംപകുതിയില്‍. ക്ലിന്റിന്റേയും മാതാപിതാക്കളുടേയും വൈകാരികസംഘര്‍ഷത്തിനാണ് സിനിമ ശ്രദ്ധ നല്‍കുന്നത്. ആ വൈകാരികത സിനിമയുടെ താളത്തേയും വേഗത്തേയും അല്‍പം ബാധിക്കുന്നുണ്ടെങ്കിലും തീവ്രമായ മുഹൂര്‍ത്തങ്ങളാണു ഹരികുമാര്‍ കാഴ്ചവയ്ക്കുന്നത്.

നവാഗതനായ മാസ്റ്റര്‍ അലോകാണ് ആറുവയസുകാരനായ ക്ലിന്റിനെ അവതരിപ്പിക്കുന്നത്. ക്ലിന്റ് എന്ന കഥാപാത്രത്തിന്റെ അപൂര്‍വതയെ എളുപ്പത്തില്‍ കാഴ്ചക്കാരനിലേക്ക് എത്തിക്കാന്‍ അലോകിന്റെ അസാധാരണപ്രകടനത്തിനു സാധിക്കുന്നുണ്ട്. ക്ലിന്റിനെ അവതരിപ്പിക്കാന്‍ അലോകിനെ തെരഞ്ഞെടുത്തതാവണം സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ക്ലിന്റിന്റെ മാതാപിതാക്കളായ ജോസഫിനെയും ചിന്നമ്മയെയും അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ്. സിനിമകളിലെ ചോക്‌ളേറ്റ് മസില്‍ബോയി ഇമേജുകളില്‍ നിന്നുമാറി, പക്വമതിയായ പിതാവിന്റെ രൂപത്തിലാണ് ഉണ്ണി മുകുന്ദന്റെ സിംപിള്‍ മെയ്‌ക്കോവര്‍. തീവ്രമായ രംഗങ്ങളാല്‍ നിറഞ്ഞ പ്രകടനത്തിലൂടെ റിമയും കൈയടി നേടുന്നു. മോഹനന്‍ എന്ന ചിത്രകാരനെ അവതരിപ്പിക്കുന്ന വിനയ് ഫോര്‍ട്ടും ക്ലിന്റിനെ ചികിത്സിക്കുന്ന ഡോക്ടറെ അവതരിപ്പിക്കുന്ന ജോയ് മാത്യൂവുമാണ് മറ്റുപ്രധാനവേഷങ്ങളില്‍.

uploads/news/2017/08/136075/clint1.jpg

ഇടവേളയ്ക്കുശേഷം ഇളയരാജ ഈണം നല്‍കുന്ന ഈണങ്ങളാണ് സിനിമയുടേത്. പശ്ചാത്തലസംഗീതമായി ഉപയോഗിക്കുന്ന രാജയുടെ ഹമ്മിങ്ങും ശ്രദ്ധേയം. മധു അമ്പാട്ട് ആണ് ദൃശ്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എണ്‍പതുകളുടെ തുടക്കം വിശ്വസനീയമായി അവതരിപ്പിക്കുന്നതരത്തിലാണ് ദൃശ്യപരിചരണം.

കെ.വി. മോഹന്‍കുമാറും, ഹരികുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആറുവയസുകാരന്റെ സിനിമയിലെ സംഭാഷണങ്ങള്‍ അതിശയോക്തിപരമായി ചിലപ്പോള്‍ തോന്നാം. എന്നാല്‍ ക്ലിന്റ് എന്ന പ്രതിഭാസത്തെക്കുറിച്ച് അറിയുമ്പോള്‍ അതൊരു അതിശയോക്തിയെ അല്ല എന്ന് ഉറപ്പിക്കാം. തീവ്രമായ ചില മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കാന്‍ തിരക്കഥയ്ക്കു കഴിയുന്നുണ്ട്. മുടി മുറിച്ചാല്‍ തന്റെ പ്രതിഭ വറ്റുമെന്നു കരുതുന്ന കുഞ്ഞുക്ലിന്റിന്റെ മുടിമുറിയ്‌ക്കേണ്ടിവരുന്ന രംഗമുണ്ട്, അറിയാതൊന്നു കണ്ണുനനയ്ക്കും.

ക്ലിന്റ് എന്ന വിസ്മയത്തെക്കുറിച്ച് മനസിലാക്കാന്‍ പറ്റിയ ഏറ്റവും നല്ല റഫറന്‍സ് എന്നാവും ഹരികുമാറിന്റെ സിനിമയ്ക്കുചേരുന്ന വിശേഷണം. ആയിരം കഥകളാലും വര്‍ണനകളാലും ഒരു മിത്ത് പോലെ മലയാളികളെ മൂന്നുപതിറ്റാണ്ടിലേറെയായി വിസ്മയിപ്പിച്ച ഒരു കുരുന്നുവിസ്മയത്തെക്കുറിച്ചുള്ള ആറ്റിക്കുറിക്കിയ ഓര്‍മച്ചെപ്പ്.

Ads by Google
TRENDING NOW