Saturday, July 07, 2018 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 04.44 PM

ജലദോഷവും ഫ്‌ളുവും മഴക്കാല വില്ലന്മാര്‍

uploads/news/2017/08/136039/fever110817a.jpg

ശരീരത്തില്‍ കടന്നുകൂടുന്ന വൈറസാണ് ജലദോഷത്തിന് കാരണം. അതിനാല്‍ ഈ വൈറസിനെ തുരത്താന്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന് കഴിയണം.

മഴക്കാലമാകുന്നതോടെ എവിടെനിന്നെന്നില്ലാതെ ഓടിയെത്തുന്ന ശല്യക്കാരാണ് ജലദോഷവും ഫ്‌ളൂവും. ഗുരുതരമല്ലെങ്കിലും ദൈനംദിന ജീവിതത്തെ താറുമാറാക്കാന്‍ ഇവയ്ക്കാകും.

മൂന്നുദിവസം മുതല്‍ ഏഴ്ദിവസം വരെയാണ് ജലദോഷത്തിന്റെ കാലാവധി. ജലദോഷം ചികിത്സിച്ചാല്‍ ഒരാഴ്ചകൊണ്ട് മാറും ചികിത്സിച്ചില്ലെങ്കില്‍ ഏഴുദിവസം കൊണ്ട് മാറുമെന്നൊരു ചൊല്ലുപോലും പ്രചാരത്തിലുണ്ട്.

ജലദോഷം മൂലമുള്ള അസ്വസ്ഥതകളും ശരീരവേദനയും മരുന്നുകൊണ്ട് മാറ്റാമെങ്കിലും ജലദോഷം പൂര്‍ണമായും മാറ്റാനാവില്ല. ശരീരത്തില്‍ കടന്നുകൂടുന്ന വൈറസാണ് ജലദോഷത്തിന് കാരണം. അതിനാല്‍ ഈ വൈറസിനെ തുരത്താന്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന് കഴിയണം.

കാരണങ്ങള്‍


തണുപ്പുകാലത്താണ് ജലദോഷവും ഫ്‌ളൂവും പടര്‍ന്നുപിടിക്കുന്നത്. ശരീരത്തിന്റെ ഊഷ്മാവില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇത്തരം അവസരത്തില്‍ മൂക്കിലും തൊണ്ടയിലുമുള്ള മ്യൂക്കസ് പടലത്തിന് മാറ്റം വരുന്നും രക്തധമനികള്‍ ചുരുങ്ങുകയും അതുമൂലം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

വൈറസിനോട് പൊരുതാനുള്ള ശേഷി ഈ സമയത്ത് ശരീരത്തിന് കുറവായിരിക്കും. ഈ സമയത്താണ് ജലദോഷത്തിന്റെയും ഫ്‌ളൂവിന്റെയും വൈറസ് ശരീരത്തിലേക്ക് വേഗം കടക്കുന്നത്. വൈറസ് രോഗാണുവിന് ശരീരം വേഗം കീഴ്‌പ്പെടുന്നു.

അലര്‍ജിയുള്ളവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും ആരോഗ്യം കുറഞ്ഞവര്‍ക്കും ജലദോഷവും പനിയും പിടികൂടാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ മഴ നനയാതെയും അധികം തണുപ്പടിക്കാതെയും സൂക്ഷിക്കണം.

ജലദോഷത്തിനും ഫ്‌ളൂവിനും കാരണം വൈറസ് ആണെങ്കിലും ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. പ്രത്യേകതരം വൈറസുകളാണ് ജലദോഷത്തിനു കാരണം. ഇതുതന്നെ നൂറിലേറെ തരത്തിലുണ്ട്. ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസാണ് ഫ്‌ളൂവിന് കാരണം.

ലക്ഷണങ്ങള്‍


തുമ്മലും മൂക്കൊലിപ്പുമാണ് ജലദോഷത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ തൊണ്ടയില്‍ കിരുകിരുപ്പും വേദനയും ചുമയുമുണ്ടാകും. ജലദോഷമുണ്ടാകുമ്പോള്‍ ശാരീരികാസ്വാസ്ഥ്യങ്ങളും കൂടുന്നു.

കടുത്ത ക്ഷീണം, കണ്ണിന് എരിച്ചില്‍, കണ്ണിലൂടെ വെള്ളമൊഴുകുക, തലവേദന, തലയ്ക്കുള്ളില്‍ ഭാരം, ഭക്ഷണത്തിന് രുചി നഷ്ടപ്പെടുക, ചെവിവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഈ സമയത്തുണ്ടാകും.

ഫ്‌ളൂ ഉണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കു പുറമേ ശരീരവേദനയും പനിയുംകൂടിയുണ്ടാകും.

വൈറസ് ബാധിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണ് തുമ്മലും മറ്റു വിഷമതകളും ഉണ്ടാകുന്നത്. ഈ സമയം മുതല്‍ ജലദോഷം പൂര്‍ണമായും മാറുന്നതുവരെ ഏതുസമയത്തും രോഗം പകരാം.

യാത്രയിലും ആളുകള്‍ കൂടുന്നിടത്തും ജലദോഷം പകരും. രോഗി സ്പര്‍ശിച്ച സ്ഥലത്ത് മറ്റൊരാള്‍ സ്പര്‍ശിച്ചതുവഴി രോഗം പകരാം. രോഗി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പരക്കുന്നു.

രോഗം പകരാതിരിക്കാന്‍


ജലദോഷവും ഫ്‌ളൂവും വായുവിലൂടെ പകരുന്ന രോഗമാണ്. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്ക് രോഗം വളരെ വേഗം പകരും.

രോഗി ഉപയോഗിച്ച കിടക്ക, തലയിണ, തൂവാല, തോര്‍ത്ത് എന്നിവയുമായുള്ള സമ്പര്‍ക്കം പാടേ ഒഴിവാക്കണം. രോഗിയുടെ തുമ്മല്‍ ഏല്‍ക്കരുത്. രോഗിക്കൊപ്പം കിടക്കുകയോ ചേര്‍ന്നുനിന്ന് സംസാരിക്കുകയോ ചെയ്യരുത്.

ജലദോഷമുള്ളവരും ഇല്ലാത്തവരും ഒരു മുറിക്കുള്ളില്‍ കൂടി നില്‍ക്കരുത്. അടഞ്ഞ അന്തരീക്ഷത്തില്‍ വളരെ വേഗം വൈറസ് പകരുന്നു.

മരുന്നില്ല, വിശ്രമം മാത്രം


ജലദോഷം പിടിപെട്ട ഉടനെ ഡോക്ടറുടെ അടുത്തേക്ക് ഓടേണ്ടതില്ല. തൊണ്ണൂറ് ശതമാനം ജലദോഷത്തിനും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ട ആവശ്യമില്ല. പരിപൂര്‍ണ വിശ്രമമാണ് ജലദോഷത്തിന് പറ്റിയചികിത്സ.

ശരീരത്തില്‍ നിന്നും ചൂട് നഷ്ടപ്പെടാതിരിക്കാനും തണുപ്പേല്‍ക്കാതിരിക്കാനും കമ്പിളികൊണ്ട് പുതയ്ക്കുന്നത് നല്ലതാണ്. രണ്ടുമൂന്നു ദിവസം വീട്ടില്‍തന്നെ കഴിഞ്ഞുകൂടണം. യാത്ര കഴിവതും ഒഴിവാക്കണം.

ജലദോഷം പിടിപെട്ടാല്‍ ഉടന്‍ മെഡിക്കല്‍സ്‌റ്റോറില്‍ നിന്നും ഗുളികവാങ്ങി കഴിക്കുന്ന ശീലം നല്ലതല്ല. വിദേശരാജ്യങ്ങളില്‍ ജലദോഷത്തിനെതിരേ പ്രതിരോധ കുത്തിവയ്പ്പുകളുണ്ട്. എന്നാല്‍ അവയൊന്നും അത്രയ്ക്ക് ഫലപ്രദമല്ല.

എന്നാല്‍ രണ്ടാഴ്ചയിലധികം ജലദോഷം വിടാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണണം. കൂടാതെ ആവര്‍ത്തിച്ചുള്ള ചുമയും കൊഴുത്തനിറമുള്ള കഫവു കണ്ണില്‍നിന്നു വെള്ളം വരികയും വിട്ടുമാറാത്ത മൂക്കടപ്പും ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.

1. 102 ഡിഗ്രിയിലേറെ പനിയും ശരീരവേദനയും
2. ചെവിവേദന
3. വലിവും ശ്വാസംമുട്ടലും
4. കടുത്ത തൊണ്ടവേദന
5. കൈയിടുക്കുകളിലും കാലിടുക്കുകളിലും കഴുത്തിലും വീക്കം
6. നാലഞ്ചുദിവസത്തെ തൊണ്ടവേദന, ശബ്ദവ്യത്യാസം
7. കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന
8. രക്തം ഛര്‍ദ്ദിക്കുക , എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണണം.

Ads by Google
Friday 11 Aug 2017 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW