Saturday, May 19, 2018 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 04.53 PM

മകന്‍ വരച്ച അതേ രൂപത്തില്‍ അതേ ഭാവത്തില്‍ മകനു വേണ്ടി അച്ഛന്‍ അരങ്ങിലെത്തി: ക്ലിന്റിനു വേണ്ടി പിതാവ് ജോസഫ് കെട്ടിയ വേഷത്തേക്കുറിച്ച്

uploads/news/2017/08/135729/Clintissu23.jpg

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന എന്റെ മേഘനാഥാ, നിന്റെ അന്ത്യവും കാണേണ്ടി വന്നല്ലോ ഈ കണ്ണുകള്‍ക്ക്. മകനേ, മരിക്കാതിരിക്കാനുള്ള വരങ്ങള്‍ക്കു വേണ്ടി അനേകമനേകം യാഗങ്ങളും യജ്ഞങ്ങളും ചെയ്ത നിനക്ക് അതുകൊണ്ടൊന്നും ഒരു ഫലവുമില്ലാതെ പോയല്ലോ.

കുഞ്ഞുനാള്‍ മുതല്‍ വൃതം നോറ്റിരുന്ന് സിദ്ധി വരുത്തിയ ആയുധങ്ങള്‍ പോലും നിന്നെ ഉപേക്ഷിച്ചൂപോയല്ലോ. ദേവലോകത്തു ചെന്ന് ഇന്ദ്രനെ വരിഞ്ഞ് കെട്ടിക്കൊണ്ട് വന്ന ഇന്ദ്രജിത്ത് എന്ന ഖ്യാതി നേടിയ നിന്റെ വിധി ഇതാണോ.

ഉണ്ണി എന്തിനു വേണ്ടിയാണ് ഞാന്‍ യുദ്ധം ചെയ്യുന്നത്? ആര്‍ക്കു വേണ്ടി? ഒരു മനുഷ്യപ്പെണ്ണിനെ ഈ അന്തപ്പുരത്തില്‍ വാഴിക്കാനോ? എന്തിനാണ് ഈ യുദ്ധങ്ങളൊക്കെ? തുച്ഛമായ ചില മോഹസാധ്യങ്ങള്‍ക്കു വേണ്ടിയോ? ഞാന്‍ വലുതോ നീ വലുതോ എന്ന മ്ലേച്ഛമായ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ വേണ്ടിയോ?

ഉണ്ണി, എല്ലാ ആയുധങ്ങളും വീരതയുടെയും സംസ്‌കാരത്തിന്റെയും വലിയ വലിയ അറിവുകളുടെയും നാശത്തില്‍ കലാശിക്കുന്നുവെന്ന് ഇതാ ഇപ്പോള്‍ അറിയുന്നു. ഈ ഭൂമിയില്‍ ഇനിയൊരിക്കലും വേണ്ട ഒരു യുദ്ധം...'

uploads/news/2017/08/135729/Clintissu23b.jpg

രാവണന്റെ ദുഃഖം കലര്‍ന്ന വാക്കുകള്‍ കേട്ട് ക്ലിന്റ് കൈയടിച്ച് എഴുന്നേറ്റു പോയി രാവണനെ കെട്ടിപ്പിടിച്ചു. ആ നിമിഷം രാവണന്‍ ക്ലിന്റിന്റെ അച്ഛന്‍ ജോസഫായി ക്ലിന്റിനെ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്തു.

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ക്ലിന്റ്' എന്ന ചിത്രത്തിലെ ഈ രംഗത്ത് ജോസഫായി ഉണ്ണിമുകുന്ദനും ക്ലിന്റായി മാസ്റ്റര്‍ അലോകും വേഷമിട്ടു.

അപ്പന്‍ പറഞ്ഞുകേട്ട കഥയിലൂടെ ക്ലിന്റ് തന്റെ ഭാവനയില്‍ വരച്ച് രാവണനെ, അതേ രൂപഭാവത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ ജോസഫ്, രാവണനായി പ്രത്യക്ഷപ്പെടുകയായിരുന്നു.

രചനയ്ക്കുപരി അച്ഛന്‍ മകന്‍ ബന്ധത്തെ തീവ്രമായി വരച്ചുകാണിക്കുന്നു ഈ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തം ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണഘടകമാണ്.

'ക്ലിന്റിന്റെ മുപ്പതിനായിരം ചിത്രങ്ങളില്‍ ഏറെ പ്രശസ്തമായ ഒരു രചനയാണ് രാവണന്റേത്. അതിനാലാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു മുഹൂര്‍ത്തം ഒരുക്കിയത്'- സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.

uploads/news/2017/08/135729/Clintissu23a.jpg

ഏഴു വയസിനുള്ളില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഇതിഹാസതുല്യമായ ചിത്രങ്ങള്‍ വരച്ച് ലോകത്തോട് വിടപറഞ്ഞ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ ജീവിതവും ദര്‍ശനവും കലയും ബന്ധപ്പെടുത്തി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ക്ലിന്റ്' എന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, മാസ്റ്റര്‍ അലോക് എന്നിവര്‍ക്കൊപ്പം റീമാ കല്ലിങ്കലും പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ക്ലിന്റന്റെ അമ്മ ചിന്നമ്മയായിട്ടാണ് റീമയുടെ വേഷപ്പകര്‍ച്ച.

സലീംകുമാര്‍, വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, രഞ്ജി പണിക്കര്‍, കെ.പി.ഏ.സി. ലളിത, ബേബി അക്ഷര എന്നിവര്‍ക്കൊപ്പം പുതുമുഖ ബാലതാരങ്ങള്‍ രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഹരികുമാര്‍, കെ.വി. മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. വിജയ്‌യേശുദാസ്, ശ്രേയാ ഘോഷാല്‍, ഇളയരാജ എന്നിവരാണ് ഗായകര്‍. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും

-ഏ.എസ്. ദിനേശ്

Ads by Google
Ads by Google
Loading...
TRENDING NOW