Friday, December 08, 2017 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 04.37 PM

പിറക്കാതെ പോയ കൂടപ്പിറപ്പ്

''എനിക്ക് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളുടെ വീടുകളോ അങ്ങനെയൊന്നുമില്ലെങ്കിലും ചേച്ചിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ധൈര്യമായി കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് മണിച്ചേച്ചിയാണ്.''
uploads/news/2017/08/135724/Weeklyfrndshp100817.jpg

സൗഹൃദങ്ങളെല്ലാം എനിക്ക് വളരെ വിലപ്പെട്ടതാണ്. പക്ഷേ എന്നെ ജീവിതത്തില്‍ ആദ്യമായി കൈപിടിച്ചുയര്‍ത്തിയ സൗഹൃദം എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. ഒരു അമ്മയായും ചേച്ചിയായും സുഹൃത്തായുമൊക്കെ ജീവിതത്തില്‍ കഴിഞ്ഞ 32 വര്‍ഷമായി എനിക്കൊപ്പമുള്ളത് മണിേച്ചച്ചിയാണ്.

എന്റെ അമ്മയുടെ പ്രായമുണ്ട് ചേച്ചിക്ക്. ആദ്യമായി കണ്ട നിമിഷം മുതല്‍ ഞാന്‍ ചേച്ചി എന്ന് വിളിച്ച് ശീലിച്ചുപോയി. ഞങ്ങളൊരുമിച്ചാണ് മിക്കപ്പോഴും യാത്രകള്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്ക് മുമ്പും മണിേച്ചച്ചിയും ഞാനും കൂടി ഗുരുവായൂരമ്പലത്തില്‍ പോയി. കാറിലായിരുന്നു യാത്ര.

ഞാനാണ് ഡ്രൈവ് ചെയ്തത്. തൊട്ടടുത്ത് മണിേച്ചച്ചിയിരിക്കുന്നു. ചേച്ചിയോടൊപ്പം ഭഗവദ്‌സന്നിധിയിലേക്കുള്ള യാത്രയില്‍ എന്റെ മനസ്സിനുണ്ടായ ആഹ്‌ളാദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത്രമാത്രം എന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ച ബന്ധമാണത്.

അവിടെവച്ച് ഞങ്ങളെ കണ്ടവരൊക്കെ മണിച്ചേച്ചി എന്റെ അമ്മയാണോയെന്ന് ചോദിച്ചു. ഞാന്‍ നിരസിക്കാന്‍ പോയില്ല. മണിേച്ചച്ചിയുടെ അമ്മയും മണിച്ചേച്ചിയും ഞാനും കൂടി ഒരുമിച്ച് നില്‍ക്കുന്നത് കണ്ടാല്‍ എല്ലാവരും പറയുന്നത് മണിച്ചേച്ചിയുടെ അമ്മയ്ക്ക് എന്റെ ഷെയ്പ്പാണെന്നാണ്.

ആ വീടും അവിടെയുള്ളവരുമായി അത്രമാത്രം ബന്ധം എനിക്ക് ഉണ്ടാക്കിത്തന്നത് മണിേച്ചച്ചിയാണ്. പാചകം ചെയ്യാനും വൃത്തിയായി സാരിയുടുക്കാനും എന്നെ പഠിപ്പിച്ചതും മണിേച്ചച്ചിയാണ്. എനിക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ടായിരുന്നു. അതെല്ലാം ക്ഷമിക്കുമ്പോഴാണല്ലോ നല്ലൊരു സൗഹൃദം ജനിക്കുന്നത്.

എനിക്ക് 22-23 വയസുളള കാലം. കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നപ്പോഴൊക്കെ എന്തുചെയ്യണമെന്നറിയാതെ മനസ്സ് തകര്‍ന്നിട്ടുണ്ട്. ആ പ്രായത്തില്‍ 'നീ ശക്തമായി സംസാരിക്കണം, നിന്റെ അവകാശങ്ങള്‍ നേടിയെടുക്കണ'മെന്നൊക്കെ എന്നെ പഠിപ്പിച്ചത് മണിേച്ചച്ചിയാണ്.

അതുപോലെതന്നെ അന്ന് എനിക്കുനേരെ വന്ന പ്രശ്‌നങ്ങളില്‍നിന്ന് എന്നെ സംരക്ഷിക്കാന്‍ ചേച്ചി എന്നോടൊപ്പം നിന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും 'അവള്‍ക്ക് ഞാനുണ്ട് സംസാരിക്കാന്‍' എന്ന് ചേച്ചി പറയുമായിരുന്നു.

എല്ലാം ഇട്ടെറിഞ്ഞ് മക്കളെയും കൂട്ടി റോഡിലിറങ്ങിയപ്പോള്‍ ആദ്യം പോയത് മണിേച്ചച്ചിയുടെ അടുത്തേക്കാണ്. ഒരു പരിധിവരെ ജീവിതത്തില്‍ പല നിര്‍ണായക തീരുമാനങ്ങളെടുക്കാനും എന്നെ പ്രേരിപ്പിച്ചത് ചേച്ചിയാണ്.

ഇന്ന് മണിേച്ചച്ചിയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഓര്‍ക്കാന്‍പോലും എനിക്ക് ആകുന്നില്ല. അവര്‍ അത്രത്തോളം എന്നെ സ്വാധീനിച്ചിട്ടുണ്ട്. മണിേച്ചച്ചിയുടെ മകന്റെ കുട്ടികള്‍ എന്നെ വിളിക്കുന്നത് അപ്പച്ചി എന്നാണ്.

ജീവിതത്തില്‍ ഒരു ബന്ധം വച്ചുകൊണ്ട് എന്നെ അഭിസംബോധന ചെയ്തത് മണിചേച്ചിയുടെ പേരക്കുട്ടികളാണ്. എനിക്ക് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളുടെ വീടുകളോ അങ്ങനെയൊന്നുമില്ലെങ്കിലും ചേച്ചിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ധൈര്യമായി കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് മണിേച്ചച്ചിയാണ്.

ഞാന്‍ വരുന്നെന്നറിയുമ്പോള്‍ മകളെ സ്വീകരിക്കാനെന്ന വണ്ണം ഒരമ്മയുടെ മനസ്സുമായി എനിക്ക് ഇഷ്ടമുള്ള വിഭവങ്ങളുണ്ടാക്കി ചേച്ചി വഴിക്കണ്ണോടെ കാത്തിരിക്കും. ആ അമ്മയുടെ സവിധത്തിലെത്താന്‍ എന്റെ ഹൃദയവും ശരീരവും ഒരുപോലെ തുടിക്കും.

മണിേച്ചച്ചിയുടെ മകന്‍ കണ്ണന്‍ എനിക്ക് അനിയനായതും അവന്റെ ഭാര്യ അനിയത്തിയായതും അവരുടെ മക്കള്‍ എന്നെ അപ്പച്ചിയായി കാണുന്നതും മണിേച്ചച്ചി കാരണമാണ്. മണിേച്ചച്ചി എനിക്ക് തരുന്ന ബഹുമാനമാണ് ആ കുടുംബത്തിലെ മറ്റംഗങ്ങളും തരുന്നത്.

സുഹൃത്തുക്കളില്‍ മാതൃകയായി എടുത്തുകാട്ടുന്നത് മണിേച്ചച്ചിയെയാണ്. ഇന്ന് ഞാന്‍ സമൂഹത്തില്‍ പല വിഷയങ്ങളിലും ഇടപെടലുകള്‍ നടത്തുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് മണിേച്ചച്ചിയാണ്. ജിവിതാവസാനം വരെ ചേച്ചിയോടൊപ്പം ആ സ്‌നേഹവും സൗഹൃദവും അനുഭവിച്ച് കഴിയണമെന്നാണ് ആഗ്രഹം.

ദേവിന റെജി

Ads by Google
TRENDING NOW