Thursday, September 13, 2018 Last Updated 18 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 04.06 PM

വിനീതയായ് ഈ ഭാഗ്യതാരകം

ആനന്ദമെന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ വിനീത കോശിയുടെ ജീവിതത്തിലൂടെ...
uploads/news/2017/08/135719/vineethakoshi100817.jpg

പുതുമുഖതാരങ്ങളുടെ ഒഴുക്കാണിപ്പോള്‍ മലയാള സിനിമയില്‍. പലരും ആദ്യ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുമെങ്കിലും പിന്നീടധികം സിനിമകളില്‍ സജീവമാകാറില്ല. ആദ്യ ചിത്രത്തോടെ തന്നെ വെള്ളിത്തിരക്ക് പിന്നിലേക്ക് ഒതുങ്ങിക്കൂടുകയാണ് പതിവ്.

പക്ഷേ ആദ്യവരവില്‍ തന്നെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച താരമാണ് വിനീത കോശി. ഡബ്‌സ്മാഷ്, യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയായ വിനീത ഓഡിഷന്‍ പോലുമില്ലാതെയാണ് ആനന്ദത്തിലെ ലൗലി മിസ്സായത്. പ്രേക്ഷകപ്രിയങ്കരിയായ വിനീത കോശിയുടെ വിശേഷങ്ങളിലേക്ക്...

ആനന്ദം സിനിമയിലെത്തിയത് ഓഡിഷനില്ലാതെയാണെന്നറിഞ്ഞല്ലോ ?


ഞാന്‍ യൂട്യൂബ് വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. ഡബ്‌സ്മാഷുകളാണ് അധികവും ചെയ്തിരുന്നത്. അതിന് ശേഷം യുട്യൂബില്‍ വിനീത കോശി എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങി. ചാനലില്‍ ഞാന്‍ ചെയ്ത എക്‌സ്പെക്‌റ്റേഷന്‍സ് വേഴ്‌സസ് റിയാലിറ്റി എന്ന വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

അത് കണ്ടിട്ടാണ് വിനീതേട്ടന്‍ (വിനീത് ശ്രീനിവാസന്‍ ) ആനന്ദത്തിലേക്ക് വിളിച്ചത്. യഥാര്‍ത്ഥത്തില്‍ ആനന്ദത്തിലെ ലൗലി മിസ്സിനെ അവതരിപ്പിക്കേണ്ടിയിരുന്നത് മറ്റൊരാളാണ്. അവസാനനിമിഷമാണ് ലൗലി മിസ്സാകാനുള്ള ഫോണ്‍ കോള്‍ എനിക്ക് കിട്ടിയത്.

ആനന്ദം ടീമിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് ?


സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയും തന്നെയായിരുന്നു സെറ്റിലും. ചിത്രത്തില്‍ എനിക്കധികം സംഭാഷണങ്ങളില്ലെങ്കിലും ട്രാവല്‍ മൂവിയായതുകൊണ്ട് എപ്പോഴും കുട്ടികള്‍ക്കൊപ്പം ഞാനുണ്ടാവണമായിരുന്നു.

കോളജ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പ്രതീതിയായിരുന്നു. സുഹൃത്തുക്കളെപ്പോലെയായിരുന്നു എല്ലാവരും. ആര്‍ക്കും ആരോടും ഒരു ഈഗോയും ഉണ്ടായിരുന്നില്ല.

ലൗലി മിസ്സ് ഇപ്പോഴും ഏവരുടേയും പ്രിയങ്കരിയാണല്ലോ?


ലൗലി മിസ്സെന്ന പേര് ശരിക്കും ക്ലിക്കായി. ആ പേര് എ ല്ലാവര്‍ക്കും വലിയ ഇഷ്ടമായെന്ന് തോന്നുന്നു. അതിന് ശേഷം എബിയില്‍ വിനീത് ശ്രീനിവാസന്റെ അമ്മയായി അഭിനയിച്ചെങ്കിലും ആനന്ദത്തിലെ ടീച്ചറെയാണ് ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത്.
uploads/news/2017/08/135719/vineethakoshi100817a.jpg

എബിയിലെ കഥാപാത്രം ചെയ്യാനുണ്ടായ കാരണം ?


യൂട്യൂബില്‍ ഒരു മദേഴ്‌സ് വീഡിയോ ചെയ്തു. അത് കണ്ടിട്ടാണ് എബിയിലേക്ക് വിളിച്ചത്. അമ്മ മകനോട് പറയുന്ന പരാതികളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. എബിയിലേക്കുള്ള അവസരം വന്നപ്പോള്‍ ആദ്യം ആ സിനിമ ചെയ്യേെണ്ടന്നാണ് കരുതിയത്.

കാരണം എന്നേക്കാള്‍ സീനിയറും മികച്ചൊരു അഭിനേതാവുമായ സുധീര്‍ കരമനച്ചേട്ടനാണ് എന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. മാത്രമല്ല ഒരു സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ.

വലിയൊരു വെല്ലുവിളി ഏറ്റെടുത്ത പ്രതീതിയായിരുന്നു എനിക്കപ്പോള്‍. അവസാനം ആ കഥാപാത്രം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ശ്രീകാന്തേട്ടന്‍ വിളിച്ചു.

കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു. കഥ കേട്ടപ്പോള്‍ കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി. പിന്നീട് എബിയുടെ അമ്മയായി അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

എബിയില്‍ ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചത് എനിക്കൊരു പ്രശ്‌നമായിരുന്നില്ല. പക്ഷേ ഷൂട്ടിംഗിനിടയ്ക്ക് എബിയുടെ ടീം എന്നോട് പറഞ്ഞു. ഒരു സീനില്‍ വിനീതേട്ടന്റെ അമ്മയായി അഭിനയിക്കണമെന്ന്.

അതുകേട്ടതും ഞാന്‍ പേടിച്ചുപോയി. ഒരു സീനിലാണെങ്കിലും അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കുമ്പോള്‍ ശരിയാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ ഭാഗ്യത്തിന് അങ്ങനെയൊരു സീന്‍ ഇല്ലായിരുന്നു. ചിലപ്പോള്‍ സെറ്റിലുള്ളവര്‍ എന്നെ പറഞ്ഞ് പറ്റിച്ചതാവാം.

അഭിനയത്തോടുള്ള താല്പര്യം തുടങ്ങിയതെങ്ങനെ ?


പഠിക്കുന്ന കാലത്ത് അഭിനയത്തോട് താല്പര്യം തോന്നിയിട്ടുണ്ടെന്നല്ലാതെ അതിനു വേണ്ടി കഷ്ടപ്പെട്ടിട്ടൊന്നുമില്ല. അക്കാലത്ത് അഭിനയമോഹത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു.

അവര്‍ക്ക് താല്പര്യമില്ലായിരുന്നു. സിനിമയിലേക്കെത്തുന്നതിന് മുന്‍പ് ഞാന്‍ പീഡിയാട്രിക് കൗണ്‍സിലറായി സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്നു.

എന്നാല്‍ ഈയടുത്തകാലത്താണ് ഡബ്‌സ്മാ ഷിനോട് താല്പര്യം തോന്നിത്തുടങ്ങിയത്. അപ്പോഴേക്കും പലരും ഡബ്‌സ്മാഷ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. അപ്പോഴെല്ലാം ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ഡബ്‌സ്മാഷ് ചെയ്ത് വാട്ടസ് ആപ്പ് ഗ്രൂപ്പില്‍ ഇടാറുണ്ടായിരുന്നു.

അവരാണെന്നോട് പറഞ്ഞത് യുട്യൂബില്‍ ഒരു ചാനല്‍ തുടങ്ങിയിട്ട് ഡബ്‌സ്മാഷ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍. അവര്‍ പറയുന്നതിന് മുമ്പേ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു ള്ള ധൈര്യമുണ്ടായില്ല.

അങ്ങനെ സുഹൃത്തുക്കളുടെ പിന്തുണയോടെ ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങി. അത് പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് ഹിറ്റായി.

uploads/news/2017/08/135719/vineethakoshi100817b.jpg

കുടുംബത്തെക്കുറിച്ച് ?


അച്ഛനും അമ്മയും സഹോദരനുമടങ്ങുന്നതാണെന്റെ കുടുംബം. കൊല്ലമാണെന്റെ സ്വദേശം. ഇപ്പോള്‍ ഭര്‍ത്താവ് ജോസ് ജോജോയ്‌ക്കൊപ്പം എറണാകുളത്താണ് താമസം.

സെലിബ്രിറ്റി ലൈഫിനെക്കുറിച്ച് ?


സെലിബ്രിറ്റിയായെന്നൊന്നും എനിക്ക് തോന്നുന്നില്ല. ആനന്ദം റിലീസ് ചെയ്ത ശേഷവും എന്നെ അധികം ആരും അറിഞ്ഞിരുന്നില്ല. പക്ഷേ എബിയും മൗനം സൊല്ലും വാര്‍ത്തൈകള്‍ എന്ന ആല്‍ബം സോങിനും ശേഷം ആളുകളെന്നെ തിരിച്ചറിയുന്നുണ്ട്. അടുത്ത് വന്ന് വിശേഷങ്ങള്‍ ചോദിക്കാറുമുണ്ട്.

മൗനം സൊല്ലും വാര്‍ത്തൈകള്‍ ഹിറ്റായല്ലോ?


ആനന്ദത്തില്‍ അഭിനയിക്കുന്നതിന് മുമ്പേ മൗനം സൊല്ലും വാര്‍ത്തൈകളുടെ അണിയറ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ട്. സത്യത്തില്‍ ഈ ടീമിനൊപ്പം നേതാജിയെന്നൊരു ആല്‍ബം ചെയ്യാനിരുന്നതാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കത് ചെയ്യാനായില്ല.

ഇനി വര്‍ക്ക് വരുമ്പോള്‍ ചെയ്യാം എന്ന് അവരോട് പറഞ്ഞിരുന്നു. രണ്ടാമത് വിളിച്ചപ്പോള്‍ മറുത്തൊന്നും ചിന്തിച്ചില്ല. യെസ് പറഞ്ഞു.

ആല്‍ബത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജിയാണ് എന്നെ മൗനം സൊല്ലും വാര്‍ത്തൈകളിലേക്ക് വിളിച്ചത്. ആല്‍ബം റിലീസായപ്പോള്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ മൂന്ന് മില്യണ്‍ ആളുകള്‍ അതു കാണുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല.

പുതിയചിത്രങ്ങളേതെല്ലാം ?


ഒറ്റമുറിവെളിച്ചമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. സ്ത്രീപ്രാധാന്യമുള്ളൊരു സിനിമയാണത്. ഓഗസ്റ്റില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ പേര് അംഗരാജ്യത്തെ ജിമ്മന്മാരെന്നാണ്.

കോമഡിക്ക് പ്രാധാന്യം നല്‍കുന്നൊരു ചിത്രമാണിത്. ദമയന്തിയെന്നാണ് ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Thursday 10 Aug 2017 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW