Tuesday, December 11, 2018 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 03.22 PM

വളരെ പെട്ടന്നുള്ള അവന്റെ ആ മാറ്റം പലപ്പോഴും അത്ഭുതപെടുത്തിട്ടുണ്ട്:ക്ലിന്റിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞത്

uploads/news/2017/08/135708/harikumarINW.jpg
സംവിധായകന്‍ ഹരികുമാര്‍

ഏഴു വയസ്സിനുള്ളില്‍ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ച് അകാലത്തില്‍ പൊലിഞ്ഞ ക്ലിന്റ് എന്ന അത്ഭുത ബാലന്റെ കഥ പറയുന്ന ക്ലിന്റ് സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ഹരികുമാര്‍ ...

സ്വന്തം വരകളിലൂടെ ലോകത്തെ അതിശയിപ്പിച്ച അത്ഭുത ബാലനായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്.

ആറുവര്‍ഷവും 11 മാസവും മാത്രം ഈ ലോകത്ത് ജീവിച്ച് വിട പറയുമ്പോള്‍ ക്ലിന്റ് നമുക്ക് നല്‍കിയത്, പകരം വയ്ക്കാനില്ലാത്ത മുപ്പതിനായിരത്തോളം ചിത്രങ്ങളായിരുന്നു. അതും ഒരു ആറു വയസുകാരന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നു വീണതാണോ എന്ന് വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍.

അകാലത്തില്‍ പൊലിഞ്ഞ വിസ്മയ പ്രതിഭയുടെ കഥ ക്ലിന്റ് എന്ന പേരില്‍ തന്നെ വെള്ളിത്തിരയിലെത്തിക്കുകയാണ് സംവിധായകന്‍ ഹരികുമാര്‍.

uploads/news/2017/08/135708/harikumarINW1.jpg
ക്ലിന്റ് അച്ഛന്‍ ജോസഫിനോടും അമ്മ ചിന്നമ്മയോടുമൊപ്പം (ഫയല്‍ ചിത്രം)

എഡ്മണ്ട് തോമസ് ക്ലിന്‍്


1976 മേയ് മാസം 19 ന് എം.ടി.ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി ക്ലിന്റ് ജനിച്ചു. ഹോളിവുഡ് സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന ജോസഫ്, പ്രിയപ്പെട്ട ക്ലിന്റ് ഈസ്റ്റ്വുഡ് ന്റെ ആദരവില്‍ ആണ് മകന് ക്ലിന്റ് എന്ന പേരിട്ടത്.

ഹിന്ദു പുരാണങ്ങളും ക്രിസ്തീയ കഥകളും ഈസോപ്പ് കഥകളും തുടങ്ങി കഥകളുടെ മായാ ലോകത്തിലേക്ക് ആ മാതാപിതാക്കള്‍ ക്ലിന്റിനെ കൂട്ടിക്കൊണ്ടു പോയി. പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളും വീഥികളും കാട്ടികൊടുത്തു.

അങ്ങനെ കഥയും കഥാപാത്രങ്ങളും അവന്റെ ഭാവനയിലൂടെ നിറക്കൂട്ടുകളില്‍ വിരിഞ്ഞു. ഉത്സവങ്ങളും കവലകളും തികയാതെ വന്നപ്പോള്‍ ഒരിക്കല്‍ കണ്ട എല്ലാ കാഴ്ചകളും അവന്‍ ക്യാന്‍വാസില്‍ പകര്‍ത്തി. ക്യാന്‍വാസിനു വര്‍ണ്ണമേകാന്‍ അവനെ പൂരങ്ങളെയും തെയ്യങ്ങളേയും കാണിക്കാന്‍ പിതാവ് ഒരു മടിയും കാണിച്ചില്ല.

ഹിന്ദു പുരാണ കഥകളും ക്രിസ്തീയ കഥകളും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റ്, ക്യാന്‍വാസ്സില്‍ ചിത്രങ്ങള്‍ കൊണ്ട് കഥകള്‍ തീര്‍ക്കുകയായിരുന്നു.

നമ്മള്‍ എവിടെ നിന്ന് വരുന്നു? മരണ ശേഷം എങ്ങോട്ട് പോകുന്നു? എന്തുകൊണ്ട് മരിക്കുന്നു?? എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു ക്ലിന്റിന്റെ മനസ്സില്‍.

ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ബാക്കി നില്‌ക്കേ,1983 ഏപ്രില്‍ 15 നു ആ അത്ഭുത ബാലന്‍ വിധിയുടെ ക്രൂരതയെ ചെറുത്തു നില്‍ക്കാനാവാതെ ലോകത്തോട് വിട പറയുമ്പോള്‍, മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ചിരുന്നു.

ഈ ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അതിലും കൂടുതല്‍ വര്‍ഷങ്ങള്‍ വേണം. ആ ചിത്രങ്ങെളാന്നും തന്നെ ഏഴു വയസ്സിന്റെ കാഴ്ചപ്പാടുകളല്ല പറയുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങള്‍ ക്ലിന്റിന്റെ പേരിലുണ്ട്. ക്ലിന്റിന്റെ കളിക്കൂട്ടുകാരിയായ അമ്മു നായര്‍ എഴുതിയ എ ബ്രീഫ് ഹവര്‍ ഓഫ് ബ്യൂട്ടി യും സെബാസ്റ്റിയന്‍ പള്ളിത്തോട് എഴുതിയ നിറങ്ങളുടെ രാജകുമാരനും.

uploads/news/2017/08/135708/harikumarINW2.jpg
ക്ലിന്റ് വരച്ച ചിത്രങ്ങളില്‍ ചിലത്

വെള്ളിത്തിരയിലേക്ക്


ക്ലിന്റ് എന്ന സിനിമ വെള്ളത്തിരയില്‍ എത്തിക്കുന്ന,സംവിധായകന്‍ ഹരികുമാറിന്റെ വാക്കുകളിലൂടെ;

ക്ലിന്റിനെ പോലൊരു അത്ഭുത ബാലന്റെ ജീവിതം സിനിമയാക്കുന്നതിനു വേണ്ടി ഒരുപാട് പേര്‍ ക്ലിന്റിന്റെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ എന്തൊക്കെയോ കാരണങ്ങളാല്‍ അതൊന്നും നടന്നില്ല.

ചിലര്‍ ഹ്രസ്വ സിനിമകളും ഡോക്യൂമെന്ററികളും ചെയ്തിട്ടുണ്ടെങ്കിലും വലിയ ഒരു പ്രതിഭാ ശാലിയുടെ ജീവിതം ഫീച്ചര്‍ സിനിമയിലാണ് സാധ്യതയെന്നുള്ള ബോധ്യമാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്.

അമ്മു എഴുതിയ ക്ലിന്റ് എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി എന്ന പുസ്തകമാണ് ക്ലിന്റ് എന്ന സിനിമ പിറവിയെടുക്കാന്‍ കാരണം. ക്ലിന്റിനെ അറിയാമായിരുന്നെങ്കിലും ആ പുസ്തകത്തിലൂടെയാണ് ഒരു സിനിമ എന്ന മോഹമുണ്ടായത്.

കൊച്ചിയിലെത്തി ക്ലിന്റിന്റെ മാതാപിതാക്കളെ നേരില്‍ കണ്ട് ആഗ്രഹം പറയുമ്പോള്‍, മകന്റെ ലോകത്ത് ഇന്നും ജീവിക്കുന്ന ആ അച്ഛനും അമ്മയ്ക്കും വലിയ അംഗീകാരമായിരുന്നു അത്.

പിന്നീട് ക്ലിന്റിനെ പഠിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ക്ലിന്റിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീടിനടുത്ത് താമസിച്ച്, അവരുമായി നിരന്തരം സംസാരിച്ച ശേഷമാണ് കഥയെഴുതുന്നത്.

ക്ലിന്റിന്റെ ജീവിതം മുഴുവന്‍ പറയാന്‍ ഒരു സിനിമ തികയാതെ വരും. അതുകൊണ്ട് അവസാന ഒന്നര വര്‍ഷമാണ് ക്ലിന്റ് എന്ന സിനിമയില്‍ കാണിക്കുന്നത്.

ക്ലിന്റിന്റെ അച്ഛനുമമ്മയുമായി ഉണ്ണിമുകുന്ദനും റിമ കല്ലിങ്കലുമാണ് വേഷമിടുന്നതെങ്കിലും ജോസഫും ചിന്നമ്മയും അവരായി തന്നെ അഭിനയിക്കുന്നുണ്ട്.

അമ്മുവായി ബേബി അക്ഷരയാണുള്ളത്. സലീംകുമാര്‍, ജോയ് മാത്യൂ, കെ.പി.എ.സി.ലളിത, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ ഒരു താരനിരയാണ് ക്ലിന്റിനു വേണ്ടി അണിനിരന്നിരിക്കുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ കെ.വി.മോഹനകുമാറിന്റേതാണ്. പ്രഭാവര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത് ഇളയരാജയാണ്..

uploads/news/2017/08/135708/harikumarINW3.jpg

ക്ലിന്റായി അലോക്


ക്ലിന്റായി അഭിനയിക്കുന്ന ഒരാളെ കണ്ടെത്തുകയായിരുന്നു ഏറെ വെല്ലുവിളി. പത്രത്തിലും മറ്റും നല്‍കിയ പരസ്യം കണ്ട് എണ്ണായിരത്തോളം കുട്ടികളെ കണ്ടെങ്കിലും അവര്‍ക്കൊന്നും ക്ലിന്റായി മാറാന്‍ കഴിമായിരുന്നില്ല.

പരസ്യചിത്രങ്ങളുടെ ഒരു കോാഓര്‍ഡിനേറ്റര്‍ അയച്ചു തന്ന ചിത്രങ്ങളില്‍ നിന്നാണ് തൃശ്ശൂര്‍ സ്വദേശി അലോകിനെ ശ്രദ്ധിച്ചത്.

കുറച്ച് പരസ്യങ്ങളില്‍ അഭിനയിച്ചു പരിചയമുണ്ടായിരുന്ന അലോക് ക്ലിന്റിനെ പോലെ അലോകും മുടി നീട്ടി വളര്‍ത്തിയിരുന്നു. ഓഡിഷനും പൂര്‍ത്തിയായതോടെ അലോക് ക്ലിന്റായി മാറുകയായിരുന്നു.

ക്ലിന്റും അമ്മുവും പോലെ അലോകും അക്ഷരയുമായിരുന്നു സെറ്റിലും കൂട്ട്. അല്‍പം കുസൃതിയുണ്ടെങ്കിലും അലോക് ഷോട്ട് എടുക്കാന്‍ സമയം ആകുമ്പോള്‍ സീരിയസ്സ് ആകും. വളരെ പെട്ടന്നുള്ള അവന്റെ ആ മാറ്റം പലപ്പോഴും അത്ഭുതപെടുത്തിട്ടുണ്ട്.

മറ്റു ഭാഷകളില്‍ നിന്നും ബോളിവുഡില്‍ നിന്നും ആളുകള്‍ സിനിമയ്ക്കു വേണ്ടി സമീപിച്ചിട്ടുണ്ട്. തീരുമാനം എടുക്കാന്‍ സമയമായിട്ടില്ല. ആലോചനകളും നടക്കുന്നതേ ഉള്ളു..

കെ.ആര്‍ ഹരിശങ്കര്‍

Ads by Google
Thursday 10 Aug 2017 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW