Thursday, August 10, 2017 Last Updated 6 Min 18 Sec ago English Edition
Todays E paper
Thursday 10 Aug 2017 08.52 AM

ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയ്യാറാകുന്നു; കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കും; മാഡവും കാണാമറയത്ത് തന്നെ

uploads/news/2017/08/135644/dileep.jpg

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കിക്കൊണ്ടു കുറ്റപത്രം തയ്യാറാക്കുന്ന പോലീസിന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിലെ 'മാഡ' ത്തെ അന്വേഷിച്ച് സമയം കളയേണ്ടെന്ന് നിര്‍ദേശം കിട്ടിയതായി സൂചന. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയും രണ്ടാം പ്രതി ദിലീപുമാണ്. തൊണ്ടിമുതലായ ഫോണ്‍ നശിപ്പിച്ചതിന് അഭിഭാഷകരില്‍ ഒരാള്‍ കൂടി പ്രതിചേര്‍ത്തേക്കും. പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണസംഘമാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേസില്‍ ആദ്യം മുതല്‍ പറഞ്ഞു കേട്ട മാഡത്തിന് വേണ്ടി അന്വേഷിച്ച് വിലപ്പെട്ട സമയം കളയേണ്ടെന്നാണ് തീരുമാനം. കേസില്‍ നേരത്തേ ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു ഗൂഡാലോചനയെക്കുറിച്ചു പരാമര്‍ശം വന്നിരുന്നു. അതും വിട്ടേക്കും.

അതിനിടയില്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ പുതിയതായി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞായിരിക്കും പോലീസ് ജാമ്യാപേക്ഷയെ എതിര്‍ക്കുക. ദിലീപിന്റെ മുന്‍ അഭിഭാഷകന്‍ കെ. രാംകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചിനു മുമ്പാകെയാണ് വീണ്ടും അപേക്ഷ സമര്‍പ്പിക്കുക. ദിലീപ് റിമാന്‍ഡിലായിട്ട് ഇന്ന് ഒരുമാസം തികയും. 15നു ശേഷമാകും കേസ് പരിഗണിക്കുക.

പ്രോസിക്യൂഷന്‍ കഴിഞ്ഞതവണ ജാമ്യം നിഷേധിക്കാന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാവും പുതിയ ജാമ്യാപേക്ഷ. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തുകഴിഞ്ഞതും ഫോണ്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനാവാത്തതും മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ നശിപ്പിച്ചുകളഞ്ഞെന്ന അറസ്റ്റിലായ അഭിഭാഷകന്റെ മൊഴിയും പുതിയ ഹര്‍ജിയില്‍ കാണിക്കും. ഈ സാഹചര്യത്തില്‍ പ്രതിയെ ഇനിയും റിമാന്‍ഡില്‍ വയ്ക്കുന്നത് ശരിയല്ലെന്നാണു പ്രധാനവാദം. ഒരു പ്രതിയുടെ മൊഴി മറ്റൊരു പ്രതിയ്‌ക്കെതിരായ തെളിവിനെ ബാധിക്കില്ല. അതിനാല്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും പുതിയ ഹര്‍ജിയില്‍ ഉന്നയിക്കും.

Ads by Google
TRENDING NOW