Wednesday, August 09, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Wednesday 09 Aug 2017 03.33 PM

കാട് കാക്കാന്‍ പെണ്‍പുലികള്‍

uploads/news/2017/08/135365/forestwomen0908.jpg

കാടറിയാന്‍, കാടിനെയറിയാന്‍ വരുന്നു ഒരുകൂട്ടം പെണ്‍പുലികള്‍. വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട നൂറോളം വനിതാഫോറസ്റ്റ് ഓഫീസര്‍മാര്‍...

ഇനി കാട്ടുകള്ളന്‍മാരും കാട്ടുമൃഗങ്ങളും ഒന്നു ഭയക്കും. പെണ്ണൊരുമ്പെട്ടാല്‍ ആനയ്ക്കും പുലിയ്ക്കും തടുക്കാന്‍ കഴിയില്ല. പാലക്കാട,് വാളയാര്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പടികളില്‍ ആദ്യമായി പാദസ്വരമണിഞ്ഞ പാദങ്ങളും പതിഞ്ഞു,

വന പരിപാലക സംഘത്തിലേക്കെത്തുന്ന ആദ്യ പെണ്‍പട. കാടിനുള്ളിലെ പഠനം വരെയെത്തിയ പെണ്‍ക്കൂട്ടത്തിന്റെ വീരകഥകള്‍....

എല്ലാം അറിഞ്ഞ്


ചിലര്‍ക്ക് കാട് കൗതുകമാണ്, മറ്റ് ചിലര്‍ക്ക് ജീവിതവും. യാത്രയ്ക്കിടയില്‍ കാണുന്ന കാടായിരിക്കില്ല യഥാര്‍ത്ഥ കാട്. കാടറിഞ്ഞും കാടിനെയറിഞ്ഞും അവര്‍ വരുന്നു, കാടിന്റെ കാവലാളായുള്ള പെണ്‍പട. കാടിനെ സംരക്ഷിക്കാനും കാട്ടുകള്ളന്‍മാരെ സംരഹിക്കാനും, സംസ്ഥാന വനംവകുപ്പിലെ ആദ്യത്തെ വനിതാ ബീറ്റ് ഓഫീസര്‍മാര്‍(വനം പരിപാലകര്‍).

കാടിനെ സംരക്ഷിക്കുക നിസ്സാരമായ ഒന്നല്ല. നാടും വീടും വിട്ട്, കാട്ടുമൃഗങ്ങള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നാലും, കാട്ടുകള്ളന്‍മാരോടും മാവോയിസ്റ്റുകേളാടും ഏറ്റുമുട്ടേണ്ടി വന്നാലും ഇനി അവര്‍ പിന്നോട്ടില്ല.

കാരണം സാഹസികതയും വെല്ലുവിളികളും പുരുഷന്‍മാര്‍ക്ക് മാത്രമല്ലെന്നു അടിവരയിട്ട് തെളിയിക്കാന്‍ കൂടിയാണ് വനിത വനപാലകര്‍ എത്തുന്നത്. കേരള വനംവകുപ്പില്‍ വനംപരിപാലകരായി എത്തുമ്പോള്‍ അവര്‍ക്ക് അമ്പരപ്പോ ആശങ്കയോ ഇല്ല. അഭിമാനം മാത്രം.

പരീക്ഷകളില്‍ വിജയിച്ച എല്ലാവരോടും ജോലിയുടെ രീതികളും സ്വഭാവവും വിശദീകരിച്ചപ്പോള്‍ കണ്ണിമചിമ്മാതെ നിന്നത് വനിതകളായിരുന്നുവെന്നത് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കരുത്തുറ്റ മനസ്സിന്റെ ഉടമകളായി ഇന്നത്തെ സ്ത്രീ സമൂഹം മാറുന്നു എന്നതിന്റെ ഒരു തെളിവു കൂടിയാണ് പുതിയ വനപാലകരുടെ നിയമനം.

പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചയാള്‍ പരിശീലത്തിനു വന്നിട്ടില്ലെന്നതും കൗതുകമാണ്. മറ്റുള്ള ജോലികളില്‍ നിന്നും അസാദൃശ്യമായ വനംവകുപ്പില്‍ സ്വന്തം താല്‍പര്യത്തിനു മാത്രമാണ് മുന്‍ഗണന നല്‍കുന്നത്.

കടമയാണ് സംരക്ഷണം


ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ കടമയാണ് സംരക്ഷണം. മാതാപിതാക്കളെയും മക്കളെയും ഭര്‍ത്താവിനെയും പരിപാലിക്കുന്നതു പോലെ മഹത്തായ ഒരു കടമ ചിലപ്പോള്‍ വേറെയുണ്ടാകില്ല. നമ്മുടെ ഓരോരുത്തരുടേതുമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മളാണ്.

ഇന്ന് മനുഷ്യരെയും സര്‍വ്വചരാചരങ്ങളെയും പരിപാലിക്കുന്ന പ്രകൃതിയെ കാത്തുസൂക്ഷിക്കുക എന്നത് ഒരു കടമയോടൊപ്പം തന്നെ വലിയ ഉത്തരവാദിത്തമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. അതുകൊണ്ട് വളരെ സന്തോഷത്തോടെയാണ് ഇതിലേക്ക് കടന്നു വന്നത്..

മുന്‍പ് പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന സമയത്ത് റിക്രൂട്ട്മെന്റ് കഴിഞ്ഞാലുടന്‍ തന്നെ കാട്ടിലേക്ക് വിടുകയായിരുന്നു. പരിശീലനം എപ്പോഴങ്കിലുമായിരിക്കും. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴായിരിക്കും ചിലര്‍ക്ക് പരിശീലനം.

എന്നാല്‍ ഇന്ന്, ആദ്യമായി വനിതകളും ഉള്‍പെട്ട ഈ ബാച്ചിലെ എല്ലാവര്‍ക്കും ഒന്‍പത് മാസത്തെ പരിശീലനം നേടിയ ശേഷമാണ് ജോലി തുടങ്ങുന്നത്. അതുകൊണ്ട് കാടിന്റെ സ്വഭാവമുള്‍പ്പെെടയുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കിട്ടി. കൃത്യമായ പഠനത്തിനു ശേഷമായതു കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. തൃശ്ശൂരില്‍ നിന്നുള്ള പ്രസീദ ചൂണ്ടിക്കാണിക്കുന്നു.

ഒരു ലക്ഷത്തോളം രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചും വനസംരക്ഷണത്തിനു വന്നവരുണ്ട് ഇക്കൂട്ടത്തില്‍. എല്ലാ ജീവജാലങ്ങളെയും ഒരുമിച്ച് സംരക്ഷിക്കാന്‍ ചിലപ്പോള്‍ വേറെ ഒരു ജോലിയ്ക്കും കഴിയില്ലെന്ന ബോധ്യമാണ് പലര്‍ക്കും കാട് കയറാനുള്ള പ്രചോദനം നല്‍കുന്നത്.

പരിശീലനത്തിനായി വന്ന എല്ലാവരും പ്രകൃതിയോടും കാടിനോടുമുള്ള ഇഷ്ടം കൊണ്ടുവന്നവരാണ്. മറ്റുള്ള ജോലികളില്‍ നിന്നും വനംവകുപ്പിന്റെ ജോലികളെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്, മാനസികമായും ശാരീരികമായും പ്രകൃതിയോടു ഇണങ്ങിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ പരിശീലനത്തിനായിയവരുടെ വാക്കുകളില്‍ മണ്ണിനോടും മരത്തിനോടും കാടിനോടുമുള്ള സ്നേഹമാണ് പ്രകടമാകുന്നത്.

നാടിനേക്കാള്‍ നല്ലത് കാട്


സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന എല്ലാ അക്രമങ്ങളെ പറ്റിയും പൂര്‍ണ്ണ ബോധ്യമുള്ളവരാണ് പരിശീലനത്തിനെത്തിയ 93 വനിതകളും. നാട്ടിലുള്ള മനുഷ്യരേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് കാട്ടിലെ മൃഗങ്ങള്‍ എന്നാണ് അവരുടെ അഭിപ്രായം.

വനംവകുപ്പില്‍ ആദ്യമായി സ്ത്രീകള്‍ കടന്നു വരുമ്പോള്‍ പലരും സംശയത്തിന്റെയും ഭീതിയുടെയും നിഴലില്‍ ആയിരുന്നു. എന്നാല്‍ ആദ്യ ദിവസം തന്നെ എല്ലാ മുന്‍വിധികളും മാറ്റിയെഴുതിയാണ് പരിശീലനം ആരംഭിച്ചത്.

പുരുഷനെന്നും സ്ത്രീയെന്നും വേര്‍തിരിവില്ലാതെ പരിശീലനത്തിനു നേതൃത്വം നല്‍കുന്ന അധ്യാപകരും പരിശീലകരും. മനസ്സിനുറപ്പുള്ള വനിതകള്‍ക്ക് എവിടെയും ഒരു സ്ഥാനമുണ്ടാകുമെന്നും അവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലന്നുമാണ് അവരില്‍ നിന്നും മനസ്സിലായത്.

കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുള്ളവരുടെയും പരിശീലനമാണ് പാലക്കാട് ജില്ലയിലെ മൂന്നു ക്യാമ്പുകളിലായി നടക്കുന്നത്. പൊതു അവധി ദിവസങ്ങളിലും ആഴ്ചയിലൊരിക്കലും എല്ലാവര്‍ക്കും വീടുകളില്‍ പോകാനുള്ള അവസരവും ഉണ്ട്.

ഒന്‍പത് മാസത്തെ പരിശീലനത്തിനു ശേഷം നമ്മുടെ കാട് സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന വനിതകളെയാണ് സമൂഹം ഉറ്റ് നോക്കുന്നത്.

സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അവഗണനയ്ക്കും അതിക്രമത്തിനുമുള്ള ഒരു മറുപടി കൂടിയായിരിക്കും, ഇനിയുള്ള നാളുകള്‍ എന്നൊരു മുന്നറിയപ്പുമായാണ് കായിക പരിശീലനമുള്‍പ്പെടെയുള്ളവ അവര്‍ പൂര്‍ത്തിയാക്കുന്നത്.

പിന്തുണ നല്‍കിയ കരുത്ത്


സ്ത്രീകള്‍ ഈ ജോലി ചെയ്യണം, ആ ജോലി ചെയ്യാന്‍ പാടില്ല..എന്നൊക്കെ ഇക്കാലത്തും പറയുന്നവരുണ്ട്. അത്തരം കാഴ്ചപ്പാടുള്ളവരോട് ഒന്നും പറയാതിരിക്കുന്നതാണ് ചിലപ്പോള്‍ നല്ലത്. ബീറ്റ് ഓഫീസറായി ജോലി കിട്ടി എന്നറിഞ്ഞപ്പോള്‍ മുതല്‍ ഒരുപാട് പേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

ഇത് സ്ത്രീകള്‍ക്ക് പറ്റിയ ജോലിയല്ല, റിസ്‌കാണ് വീട്ടില്‍ നിന്നും മാറിനിന്നാല്‍ ആകെ കുഴപ്പമാകും എന്നെല്ലാം പറഞ്ഞിട്ടും ആരും പിന്മാറിയില്ല. കാരണം ആരെക്കാളും ഞങ്ങള്‍ക്ക് ആവശ്യമായ ധൈര്യം തന്നത് ഞങ്ങളുടെ വീട്ടുകാരാണ്. ഭര്‍ത്താവും അച്ഛനുമമ്മയും എല്ലാവരും തന്ന ധൈര്യവും കരുത്തുമാണ് ഇതുവരെ കൊണ്ടെത്തിച്ചത്.

കുടുംബത്തിന്റെ പിന്തുണയില്ലാതെ ഞങ്ങളാരും ഇവിടെയെത്തില്ല. വിവാഹം കഴിച്ച് കുട്ടികളുള്ള ഒരുപാട് പേര്‍ ഇന്ന് പരിശീലനത്തിലുണ്ട്. ഒരു വീട്ടമ്മയായിരിക്കേണ്ട പലരുമാണ് ഇന്ന് കാടിനെ സംരക്ഷിക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്.

ഓഫീസ് ജോലി ചെയ്യാനുള്ള അവസരം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കിട്ടും. പക്ഷേ കാട്ടിലെത്തി കാടിനെ സംരക്ഷിക്കാന്‍ ഇനിയും ഒരു അവസരം കിട്ടിയന്നു വരില്ല. ഇപ്പോള്‍ അതിനുള്ള സമയമാണ്. അത് പരമാവധി പ്രയോജനപെടുത്തുകയും ചെയ്യും..

കെ.ആര്‍ ഹരിശങ്കര്‍

Ads by Google
Wednesday 09 Aug 2017 03.33 PM
YOU MAY BE INTERESTED
TRENDING NOW