Saturday, May 19, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Aug 2017 03.57 PM

ശുദ്ധി - അശുദ്ധി - മനസ്സ്

''ഭക്തി ഭക്തന്റേതാണ്. ഈശ്വരന്റേതല്ല. ഭക്തി ഈശ്വരനോടാണെങ്കിലും അത് ഈശ്വരന്റേതല്ല; ഭക്തന്റേതാണ്. അത് സ്വന്തം മനസ്സിന്റേതുമാത്രമെന്ന് ധരിക്കേണ്ടതാണ്. ''
uploads/news/2017/08/135046/joythi080817.jpg

ദൈനംദിന ജീവിതത്തില്‍ രണ്ടുതരം അശുദ്ധികള്‍ നമ്മെ ബാധിക്കുന്നു. ഒന്ന് ശാരീരികവും രണ്ട് മാനസികവും. പുറമേയുള്ള പൊടിപടലങ്ങള്‍, വിയര്‍പ്പ് എന്നിവ ശരീരത്തെ മലിനമാക്കുമ്പോള്‍ വെള്ളത്തില്‍ കുളിച്ച് നാം ശുദ്ധിവരുത്തുന്നു.

എന്നാല്‍ മനസ്സ് അശുദ്ധമാകുന്നത്- അസൂയ, വെറുപ്പ്, അസഹിഷ്ണുത, മാത്സ്യര്യം എന്നീ അനഭിലഷണീയ സ്വാര്‍ത്ഥ ചിന്തകളാലാണ്.

ഇത് മനസ്സിനെ അസ്വസ്ഥവും വിഷണ്ണനും ദുര്‍ബലനുമാക്കുന്നു. ശുദ്ധമനസ്സ് സന്തോഷത്തിന്റേയും അശുദ്ധമനസ്സ് സന്താപത്തിന്റേയുമാണ്. പുണ്യതീര്‍ത്ഥ കുളി പാപക്കറയും, ദുര്‍വാസനകളും കഴുകുമെന്നാണ് വയ്പ്പ്. എന്നാല്‍ അത് കുറച്ചു സമയത്തേക്കുള്ള ഒരനുഭൂതിയാണ്.

അതു കഴിഞ്ഞാല്‍ ആ മനസ്സ് വീണ്ടും പഴയ പടിയിലാകും. അപ്പോള്‍ മനസ്സിനെ സ്ഥിരമായി ശുദ്ധീകരിക്കയാണ് വേണ്ടത്. ഇത് കൈവരിക്കേണ്ടത് മനഃസംയമനമെന്ന ആത്മനദിയില്‍ കുളിച്ചാണ്. ഈ നദി സത്യമാണ്, നിര്‍മലമാണ്, സ്‌നേഹക്കുമിളകളും, നിരകളുമുള്ളതാണ്.

പൊതുവെ ആഗ്രഹങ്ങളും വിദ്വേഷങ്ങളും ഭയവുമാണ് മനസ്സിനെ അധീനപ്പെടുത്തുന്നത്. അതിന് കീഴ്‌പ്പെടാതെ മറികടന്ന് മുന്നോട്ടുപോകണം.
വിവേകികളും ദൃഢനിശ്ചയമുള്ളവരും, സത്യധര്‍മ്മമാര്‍ഗ്ഗത്തില്‍നിന്ന് ഒരിക്കലും വ്യതിചലിക്കില്ല.

പോസിറ്റീവ് എനര്‍ജിയുള്ളിടത്ത് നെഗറ്റീവ് എനര്‍ജിക്ക് സ്ഥാനമില്ല. വൈകല്യങ്ങള്‍ ശരീരത്തിനല്ല; മറിച്ച് മനസ്സിന്നാണ്. വെളളം തണുത്തുറഞ്ഞ് ഐസും, ബാഷ്പീകരിച്ച് നീരാവിയുമാകുന്നു.

അതുപോലെ അതിസൂക്ഷ്മമായ ഈശ്വരന്‍ ഘനീഭവിച്ചതാണ് ഈ പ്രപഞ്ചം എന്ന ഭാവം നമ്മുടെ മനസ്സിലുണ്ടാകണം. ഈ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ എന്തു ദര്‍ശിക്കുമ്പോഴും ഒരു ഈശ്വരീയത അനുഭവപ്പെടും. ഈശ്വരചിന്തയുള്ള മനസ്സ് ഭക്തിമയമാകും. പ്രപഞ്ചത്തിന്റെ ഉറവിടവും നിര്‍മ്മാതാവും ഒന്നു തന്നെ.

ഭക്തി ഭക്തന്റേതാണ്. ഈശ്വരന്റേതല്ല. ഭക്തി ഈശ്വരനോടാണെങ്കിലും അത് ഈശ്വരന്റേതല്ല; ഭക്തന്റേതാണ്. അത് സ്വന്തം മനസ്സിന്റേതുമാത്രമെന്ന് ധരിക്കേണ്ടതാണ്. ഭക്തി മനസ്സിന്റെ വൈശിഷ്ട്യമോ ഗുണമോ ഉല്‍പ്പന്നമോ ആണ്. അതുകൊണ്ടുതന്നെ നമ്മുടെ ഇഷ്ടാനിഷ്ടാനുസരണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

ഭക്തന്‍ ലൗകിക വസ്തുക്കള്‍ ഇല്ലാതെ തന്നെ തൃപ്തിയും ആനന്ദവും അനുഭവിക്കുന്നു. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍നിന്ന് കിട്ടുന്ന സുരക്ഷിതത്വബോധം, സന്തോഷം, തുണ എല്ലാം തന്നെ മനസ്സ് നല്‍കുന്നതല്ലേ? മനസ്സാണ് എല്ലാ അനുഭവങ്ങളുടെയും ഉറവിടമെന്നതാണ് സത്യം.

ഏതാനന്ദവും ജനിക്കുന്നത് മനസ്സിലാണ്. ഈശ്വരചിന്ത ഒന്നു മാത്രം മതി ഭക്തനെ സംതൃപ്തനും ആനന്ദഭരിതനുമാക്കാന്‍. ഭക്തി കേന്ദ്രീകൃതമായിരിക്കുന്നത് ഈശ്വരനോട് ചില പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനാലാണ്.

അതായത് തനിക്ക് നല്ലതു കിട്ടണമേ, മകള്‍ക്ക് നല്ല നിലയില്‍നിന്ന് വിവാഹബന്ധമുണ്ടാക്കണമേ, സുഖമില്ലാത്ത പിതാവിന്റെ അസുഖം മാറ്റിക്കൊടുക്കേണമേ എന്നെല്ലാം. പ്രത്യുപകാരമായി പ്രത്യേക പൂജ, വഴിപാടുകളും നേരും.

ഇതെല്ലാം സമയത്തിന് തരുവാന്‍ കെല്‍പ്പുള്ളവനായ ഈശ്വരനെക്കൊണ്ട് ദാസ്യവൃത്തി ചെയ്യിക്കേണ്ടതില്ല. തരേണ്ടത് യോഗ്യമായ സമയത്ത് തന്നുകൊള്ളും. ഈശ്വരനെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ഉല്‍ഭവിക്കുന്നത് മനസ്സില്‍ നിന്നാണ്.

ഈശ്വരനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുമ്പോഴേ ഭക്തി നിറഞ്ഞുകൊണ്ടിരിക്കും.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ) .

Ads by Google
Tuesday 08 Aug 2017 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW