Saturday, May 19, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
സെക്കന്‍ഡ് ഷോ/ ഇ.വി.ഷിബു
Sunday 06 Aug 2017 04.53 PM

വര്‍ണ്യത്തില്‍ ആശങ്കയില്ലാതില്ല

തിയറ്ററിനുള്ളില്‍ വച്ച് മുഷിപ്പിക്കുകയും വിട്ടിറങ്ങുമ്പോള്‍ കാമ്പുള്ളതാണെന്നു തോന്നിപ്പിക്കുകയും ചെയ്തതാണ് വര്‍ണ്യത്തില്‍ ആശങ്കയിലെ കഥാപാത്രങ്ങളും കഥാപരിസരവും. അതുകൊണ്ട് തന്നെ ഈ സിനിമ ഇങ്ങനെയായിരുന്നോ പറയേണ്ടിയിരുന്നതെന്ന ആശങ്ക ബാക്കി. എങ്കിലും വങ്കന്‍ ചങ്ക്‌സുകളുടെ മൂത്രപ്പുരഭിത്തി ഗ്രാഫിറ്റി സാഹിത്യംസിനിമകളായി തിയറ്റര്‍ സ്‌ക്രീനില്‍ വരുന്നകാലത്ത് അല്‍പം ക്ഷമയൊക്കെയുണ്ടെങ്കില്‍ ഈ ചെറുപരീക്ഷണങ്ങളൊക്കെ ഒന്നുകണ്ടുനോക്കുന്നതില്‍ തെറ്റില്ല എന്നുതന്നെയാണ് സെക്കന്‍ഡ് ഷോയുടെ ഒരിത്.
uploads/news/2017/08/134435/ckk1.jpg

ഹെയ്‌സ്റ്റ് മൂവീസ്-കവര്‍ച്ചയുടെ ആസൂത്രണവും നിര്‍വഹണവും അനന്തരഫലവും വിവരിക്കുന്ന സിനിമകള്‍, ത്രില്ലര്‍ ഗണത്തില്‍പെടുന്നവയില്‍ ലോകസിനിമയില്‍ തന്നെ ഏറ്റവും ജനപ്രീതിയുളളവയാണ്. പുതുതലമുറ സിനിമകളുടെ വരവോടെ മലയാളത്തിലും ചില പരീക്ഷണങ്ങളുണ്ട് ഈ വിഭാഗത്തില്‍; സപ്തമശ്രീ തസ്‌കര, ഉറുമ്പുകള്‍ ഉറങ്ങാറില്ല, കോഹിനൂര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കഥാസന്ദര്‍ഭങ്ങളുമാണ് ഇത്തരം ഹെയ്‌സ്റ്റ് സിനിമകളുടെ മുഖലക്ഷണമെങ്കില്‍ അതിന്റെ ആന്റിതീസീസാണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക. ത്രില്ലുമില്ല, ട്വിസ്റ്റുമില്ല, എന്നാല്‍ ഹെയ്‌സ്റ്റ് സിനിമയാണുതാനും. അതായത് വളരെ ലളിതമായി പറഞ്ഞാല്‍ ത്രില്ലില്ലാത്ത ത്രില്ലര്‍. ആകസ്മികമായി കണ്ടുമുട്ടുന്ന നാലു കള്ളന്മാര്‍, അവര്‍ ആകസ്മികമായി നടത്തുന്ന മോഷണം, അതിന്റെ ഫലം ഇതാണ് വര്‍ണ്യത്തില്‍ ആശങ്കയുടെ പശ്ചാത്തലം. സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ ഒരു 'ട്രോളന്റെ' മനസോടെ നോക്കിക്കാണുന്ന ആഖ്യാനമാണ് സിനിമയുടേത്. സന്ദേശത്തിലെ യശ്വന്ത് സഹായി, ഐ.എഫ്.ഡി.പി, ആര്‍.ഡി.,പി. തുടങ്ങിയവ പരാമര്‍ശിച്ച് ഒരു അബ്‌സ്ട്രാക്ട് ലോകം സൃഷ്ടിക്കാനുള്ള ശ്രമവുമുണ്ട്, പക്ഷേ അന്തിമഫലം;...കലങ്ങീല്ല...

uploads/news/2017/08/134435/sr.jpg

മൗലികവും വേറിട്ടതുമായ ആഖ്യാനപദ്ധതി സൃഷ്ടിക്കാനാണു സിദ്ധാര്‍ഥ് ഭരതന്‍, നാടകപ്രവര്‍ത്തകനായ തൃശൂര്‍ ഗോപാല്‍ജിയുടെ സ്‌ക്രിപ്റ്റില്‍ ശ്രമിച്ചിരിക്കുന്നതെന്നാണു കരുതുന്നത്. എന്നാല്‍ വിജയം ഭാഗികമാണ്. സിനിമയുടെ ടോട്ടല്‍ ഔട്ട്പുട്ട് സംതൃപ്തിയുടേതല്ല. നിദ്ര എന്ന മെച്ചപ്പെട്ട അരങ്ങേറ്റം, ചന്ദ്രേട്ടന്‍ എവിടെയാ എന്ന ബോക്‌സ്ഓഫീസ് വിജയം എന്നിവയ്ക്കുശേഷമാണ് സിദ്ധാര്‍ഥ് ഭരതന്‍ വര്‍ണ്യത്തില്‍ ആശങ്കയുമായെത്തുന്നത്. ഏറെക്കുറെ ഗ്രാമീണമാണ് പശ്ചാത്തലം, (ഹെയ്‌സ്റ്റ് സിനിമകളില്‍ മിക്കവയുടേയും നാഗരിക പശ്ചാത്തലം കൊണ്ട് ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയം.) ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ഒരു ചെറിയ കള്ളനിലൂടെയാണ് സിനിമ തുടങ്ങുന്നത്, പിന്നീട് ഗില്‍ബര്‍ട്ട് എന്ന അല്‍പം അക്രമാസക്തനായ കളളന്‍ (മണിക്ണഠന്‍), ഗില്‍ബര്‍ട്ടിലൂടെ ശിവന്‍(കുഞ്ചാക്കോ ബോബന്‍) എന്ന കള്ളന്‍ എന്നിവരെ പരിചയപ്പെടുന്നു. ഇവരെ തമ്മില്‍ കോര്‍ത്തിണക്കുന്ന കണ്ണിയാണ് വില്‍സണ്‍( ചെമ്പന്‍ വിനോദ് ജോസ്). സര്‍ക്കാര്‍ ബാര്‍ അടച്ചതുമൂലം തൊഴില്‍ നഷ്ടപ്പെട്ട ദയാനന്ദന്‍, (സുരാജ് വെഞ്ഞാറമ്മൂട്) അയാളുടെ കുടുംബം, അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടം എന്നിവ ഈ തസ്‌കരസംഘത്തിന് സമാന്തരമായി തിരക്കഥയില്‍ അവതരിപ്പിക്കുന്നു. ഇവ കൂട്ടിമുട്ടുന്ന പോയിന്റിലാണ് സിനിമ ഒരു ത്രില്ലര്‍ സ്വഭാവത്തിലേയ്ക്കു കടക്കുന്നത്.

തനി നാടന്‍ ഹെയ്‌സ്റ്റ് സിനിമ എന്ന സങ്കല്‍പമാണെന്നു തോന്നുന്നു വര്‍ണ്യത്തില്‍ ആശങ്കയുടേത്. ഒരുപക്ഷേ ഇതുവരെ പരീക്ഷിക്കാത്തത്. പിടിച്ചുപറിക്കാരനായി നടക്കുന്ന ഒരു തല്ലിപ്പൊളി, എന്തും മോഷ്ടിക്കുന്ന, ഏത് അവസരവും മുതലാക്കുന്ന ഒരു കള്ളന്‍, തരക്കേടില്ലാത്ത കുടുംബത്തില്‍ ജീവിച്ചിട്ടും മോഷ്ടിക്കുന്ന കള്ളന്‍ ഇവര്‍ക്ക് കഞ്ഞിവച്ചുകൊടുക്കന്നവന്‍ എന്നു വിശേഷിപ്പിക്കേണ്ട, ജോലി ചെയ്യാന്‍ മടിയുള്ള എന്നാല്‍ പ്രത്യക്ഷത്തില്‍ മോഷണങ്ങളില്‍ വ്യാപൃതരല്ലാത്ത ഒരാള്‍. ഇവര്‍ ഒരു മദ്യരാത്രിയുടെ ലഹരിയില്‍ ആസൂത്രണം ചെയ്യുന്ന ഒരു വലിയ മോഷണമാണ് വര്‍ണ്യത്തില്‍ ആശങ്ക മുന്നോട്ടുവയ്ക്കുന്ന പ്ലോട്ട്. എന്നാല്‍ പതിവുരീതിയ്ക്കപ്പുറമുള്ള ഒരു സിനിമ എന്ന പരീക്ഷണമല്ലാതെ രചനയോ, നിര്‍വഹണമോ വിശ്വാസ്യതയോ ആസ്വാദനമോ പുലര്‍ത്തില്ല. ചില ചെറുനര്‍മങ്ങളും മറ്റുമായി തട്ടിയും മുട്ടിയുമാണ് സിനിമ പോകുന്നത്. കൃത്രിമത്വങ്ങളൊന്നുമില്ല എന്നതു പക്ഷേ അംഗീകരിക്കേണ്ട വസ്തുതയാണ്.

റിയലിസ്റ്റ്ക് ആകുക; പരമാവധി സിനിമാറ്റിക് അല്ലാതാകുക, അതാണു സമീപകാലത്ത് ഇറങ്ങിയ പരീക്ഷണമുഖ്യധാരസിനിമകളുടെ ശൈലി. മഹേഷിന്റെ പ്രതികാരംമുതല്‍ രക്ഷാധികാരി ബൈജുവരെയുള്ള സിനിമകള്‍ തുടരുന്ന ആ ആഖ്യാനപാറ്റേണ്‍ ആണ് സിദ്ധാര്‍ഥ് ഭരതന്‍ വര്‍ണ്യത്തില്‍ ആശങ്കയില്‍ സ്വീകരിക്കുന്നത്; എല്ലാം സ്വഭാവികമായിരിക്കുക. പക്ഷേ ആ സ്വഭാവികത അസ്വഭാവിമാകുന്നത് അതൊരുച്ച കവര്‍ച്ച(ഹെയ്‌സ്റ്റ്) സിനിമയാകുന്നതുകൊണ്ടാണ്. അസ്ഥാനത്താണ് ഈ സ്വഭാവികത, അല്ലെങ്കില്‍ ആ പ്ലോട്ട് ആവശ്യപ്പെടുന്ന സിനിമാറ്റിക് മുറുക്കം ഡെലിവര്‍ ചെയ്യപ്പെടുന്നില്ല. തമിഴില്‍ നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത വിജയ് സേതുപതിയുടെ സൂടും കാവും പോലുളള സിനിമകള്‍ പ്രചോദനമായിട്ടുണ്ടെന്നുതോന്നുന്നു. കള്ളന്മാരും തട്ടിപ്പുകാരുമെല്ലാം അതില്‍ പെര്‍ഫെക്ട് അല്ല, ബുദ്ധിരാക്ഷസന്മാരല്ല, അവര്‍ 'നിര്‍വഹണത്തിനിടെ' വീഴ്ച പറ്റുന്നവരാണ്. 'സില്ലി ടോക്ക്' ആണ് സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രം തന്നെയെടുക്കാം, നാട്ടില്‍ അറിയപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ മോഷ്ടാവായ ജ്യേഷ്ഠന്‍, തരം കിട്ടിയാല്‍ മോഷ്ടിക്കും, അയലത്തെ വീട്ടിലെ ചേച്ചിയുമായി അവിഹിതം, മദ്യം കിട്ടില്ലെങ്കില്‍ ബഹളം, ഒരു ടിപ്പിക്കല്‍ നാടന്‍ കള്ളന്റെ ചേഷ്ടകള്‍ ഇവയെല്ലാമാണ് ഈ കഥാപാത്രത്തിനു നല്‍കിയിരിക്കുന്നത്. ധൈര്യമില്ലാത്ത കള്ളനാണ് ഷൈന്‍ അവതരിപ്പിക്കുന്ന പ്രദീഷ്, നുണയേ പറയൂ. അതേസമയം ഷര്‍ട്ടിയില്‍ തുപ്പി എന്നു പറഞ്ഞ് പാണ്ടിലോറി ഡ്രൈവുടെ കൈയില്‍നിന്ന് രണ്ടായിരം വാങ്ങുന്ന മണികണ്ഠന്‍ അവതരിപ്പിക്കുന്ന ഗില്‍ബര്‍ട്ട് എന്ന കള്ളന്‍ രണ്ടുപെഗിന്റെ സ്‌നേഹത്തില്‍ പ്രദീഷിനു പണത്തിനായി താന്‍ മോഷ്ടിച്ചുകൊണ്ടുവന്ന വണ്ടി വില്‍ക്കാന്‍ തയാറാകുന്നു. ഇത്തരത്തിലുള്ള ഇന്‍സ്റ്റന്റ് വെറുപ്പിലും സ്‌നേഹവും പുലര്‍ത്തുന്ന ഈ സാമൂഹികവിരുദ്ധര്‍ക്ക് ഒറിജിനാലിറ്റിയുണ്ട്. പക്ഷേ അതുപറയാനെടുക്കുന്ന വേഗവും രീതിയും മടുപ്പിക്കും, മുഷിപ്പിക്കും. അതിലുപരിയാണ് കവര്‍ച്ച നടക്കുന്ന വേളയിലും അതിനുശേഷവുള്ള മുഷിപ്പ്. സാമൂഹികക്രമത്തിന്റെ പരിഹാസമാണ് കൈമാക്‌സിലെ ദീര്‍ഘപ്രസംഗം. പ്രസംഗം കേള്‍ക്കാന്‍ തിയറ്ററില്‍ പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് സഹിക്കാന്‍ ബുദ്ധിമുട്ടാണ്.

uploads/news/2017/08/134435/cc.jpg

സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ദയാനന്ദന്‍ എന്ന അഞ്ചാമനാണ് ഈ കവര്‍ച്ചക്കഥയില്‍ നിര്‍ണായകം. സുരാജിന്റെ പെര്‍ഫോര്‍മന്‍സ് വേദികൂടിയാണിത്. എന്നാല്‍ മികിക്രിയും സ്വഭാവികഭാവപ്രകടനവും മാറിത്തെളിയുന്ന സുരാജ് പ്രകടനം കൊണ്ട് കണ്‍ഫ്യൂഷനാക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കണം. സുരാജിന്റെ കഥാപാത്രത്തെ രസകരമായാണ് സ്‌കെച്ച് ചെയ്യുന്നത്. ഒരുപക്ഷേ അത്തരത്തില്‍ ഒരു കഥാപാത്രം ഇതിനുമുമ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ അവസാനത്തെ ഗിരിപ്രഭാഷണമൊക്കെ സിനിമയെത്തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ്. ഹര്‍ത്താല്‍, കൊലപാതക രാഷ്ട്രീയം, ഫാസിസ-ഇടതുപക്ഷ സംഘര്‍ഷം, ബാര്‍ അടച്ചുപൂട്ടല്‍, നോട്ട്‌നിരോധനം, തുടങ്ങി ഒരു പാടു സമകാലീന സാമൂഹിക വിഷയങ്ങള്‍ ഈ കവര്‍ച്ചയ്ക്കും കവര്‍ച്ചാസംഘത്തിനുമിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. പലതും പക്ഷേ മുഴച്ചുനില്‍ക്കുന്നുണ്ട്.
നായകന്‍ എന്നതൊരു വിഷയമല്ലാത്ത സിനിമയില്‍ അഭിനേതാക്കള്‍ എല്ലാംതന്നെ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഫുള്‍ടൈം നന്മമരമായ കുഞ്ചാക്കോ ബോബന്‍ ശിവന്‍ എന്ന തട്ടിപ്പുകാരനെ യുക്തിഭദ്രമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സുരാജിന്റെ ഭാര്യയായി വരുന്ന രചനാ നാരയണന്‍കുട്ടിയാണു സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീസാന്നിധ്യം. രണ്ടുമൂന്നു സിനിമകള്‍ക്കുള്ള ഭാവം ചുരുങ്ങിയ രംഗങ്ങളില്‍ അവര്‍ അഭിനയിച്ചുതീര്‍ത്തിട്ടുണ്ട്.
uploads/news/2017/08/134435/ck.jpg

തോല്‍പാവക്കൂത്തിന്റെ പശ്ചാത്തലത്തില്‍ പ്രദീപ് പിള്ളയുടെ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. വളരെ വ്യത്യസ്തവും ആകര്‍ഷകവുമാണത്. പശ്ചാത്തലസംഗീതവും പ്രദീപ് പിള്ളയാണ്. അതിന്റെ വ്യത്യസ്തത സിനിമയ്ക്കുണ്ട്. ജയേഷ് നായരാണ് ഛായാഗ്രഹണം. നാടകരംഗങ്ങള്‍ ഒരുക്കിയ ചില സീക്വന്‍സുകളെ ഈ കാമറയുടെ മികവ് രക്ഷിച്ചെടുക്കുന്നുണ്ട് എന്നുതന്നെ പറയാം. തിയറ്ററിനുള്ളില്‍ വച്ച് മുഷിപ്പിക്കുകയും വിട്ടിറങ്ങുമ്പോള്‍ കാമ്പുള്ളതാണെന്നു തോന്നിപ്പിക്കുകയും ചെയ്തതാണ് വര്‍ണ്യത്തില്‍ ആശങ്കയിലെ കഥാപാത്രങ്ങളും കഥാപരിസരവും. അതുകൊണ്ട് തന്നെ ഈ സിനിമ ഇങ്ങനെയായിരുന്നോ പറയേണ്ടിയിരുന്നതെന്ന ആശങ്ക ബാക്കി. എങ്കിലും വങ്കന്‍ ചങ്ക്‌സുകളുടെ മൂത്രപ്പുരഭിത്തി ഗ്രാഫിറ്റി സാഹിത്യംസിനിമകളായി തിയറ്റര്‍ സ്‌ക്രീനില്‍ വരുന്നകാലത്ത് അല്‍പം ക്ഷമയൊക്കെയുണ്ടെങ്കില്‍ ഈ ചെറുപരീക്ഷണങ്ങളൊക്കെ ഒന്നുകണ്ടുനോക്കുന്നതില്‍ തെറ്റില്ല എന്നുതന്നെയാണ് സെക്കന്‍ഡ് ഷോയുടെ ഒരിത്.

evshibu1@gmail.com

Ads by Google
സെക്കന്‍ഡ് ഷോ/ ഇ.വി.ഷിബു
Sunday 06 Aug 2017 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW