Friday, June 29, 2018 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 05 Aug 2017 04.33 PM

പവിഴമഴ പോലെ ഒരാള്‍

കവയിത്രിയും, കോളമിസ്റ്റും സാഹിത്യ സാംസ്‌ക്കാരിക നിരൂപകയുമായ കോളേജ് മലയാളം അദ്ധ്യാപിക പ്രഫ. മ്യൂസ് മേരിയുടെ സാമൂഹിക നോട്ടങ്ങള്‍.
uploads/news/2017/08/134145/marysmusingcolm050817.jpg

ചില മനുഷ്യര്‍ ദേവാലയങ്ങള്‍ പോലെയാണ്. അവരുടെ സന്നിധിയിലേയ്ക്ക് നാമറിയാതെ നടന്നെത്തും. സമാധാനവും സാന്ത്വനവും സന്തോഷവും നേടി തിരികെ പോകും. 2017 ജൂണ്‍ 10ന് തന്റെ ജീവിതത്തില്‍ 60 വര്‍ഷം പിന്നിടുന്ന അജിത്തിനെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കുമില്ല.

ജീവിതത്തോട് അജിത്ത് പുലര്‍ത്തുന്ന മനോഭാവമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്, നമ്മുടെ നിരാശകളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിജീവനത്തിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും അത് പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ അജിത്ത് അതുമാത്രമല്ല, സഹൃദയത്ത്വവും നന്മയും, പ്രസാദാത്മകതയും കരുണയും ഇഴചേര്‍ന്ന അതിജീവനമാതൃകയാണ് നമുക്ക് പകരുന്നത്.

അറുപതുവര്‍ഷം മുന്‍പ് ഇടവമാസത്തില്‍ കോട്ടയം വേളൂര്‍ പേരകത്തുശ്ശേരി ല്‍ വീട്ടില്‍ ജനിച്ച ആണ്‍കുട്ടി ആരോഗ്യവാനും സുന്ദരനും ആയിരുന്നു. ആര്‍മി ഉദ്യോഗസ്ഥനായ പി.കൃഷ്ണന്റെയും അദ്ധ്യാപികയായ ലീലാമ്മയുടെയും മകന്‍ കുസൃതികളും തമാശകളും ഒക്കെയായി മിടുക്കനായി വളര്‍ന്നു.

മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉള്ള കുടുംബം. സാമ്പത്തിക ക്ലേശങ്ങളോ ബാലാരിഷ്ടകളോ അലട്ടാതെയുള്ള ബാല്യം.

വേളൂര്‍ ഗവ.യു.പി.സ്‌കൂളിലും സി.എം.എസ് സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. പഠനത്തിലും പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തി. പിന്നീട്, നാട്ടകം ഗവ. കോളജില്‍. കലാലയ രാഷ്ട്രീയം സൗന്ദര്യത്തോടും സാഹസികതയോടും അതിന്റെ പീലികള്‍ വിരിയിച്ച എണ്‍പതുകളുടെ സാധ്യത അജിത്തും സ്വീകരിച്ചു.

കെ.എസ്.യു.വിന്റെ സജീവപ്രവര്‍ത്തകന്‍ ആയതിനാല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും ജീവിതം പിന്നീട് മുന്നോട്ടുവച്ച മത്സരങ്ങളേയും പരീക്ഷണങ്ങളേയും നേരിടാനുള്ള പോരാട്ടവീര്യം നല്കാന്‍ ആ മത്സരത്തിന് സാധിച്ചു.

കെ.എസ്.യു.ക്കാരനായി വിദ്യാര്‍ത്ഥിജീവിതകാലം ചെലവിടുമ്പോള്‍ സാംസ് കാരികപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനായിരുന്നു അജിത്തിന് കൂടുതല്‍ ഇഷ്ടം. കെ.എസ്.യു കലാവേദിയുടെ കോട്ടയം ജില്ലാ കണ്‍വീനര്‍ എന്ന നിലയില്‍ സാഹിത്യത്തേയും കലയേയും രാഷ്ട്രീയസംഘടനയുടെ സിരാതന്തുക്കളായി നിലനിര്‍ത്തി.

ഇക്കാലത്താണ് വിശ്വയുവക് കേന്ദ്രയുടെ 10 ദിവസത്തെ അഖിലേന്ത്യാ ക്യാമ്പ് ഡല്‍ഹിയില്‍ നടന്നത്. ഇതില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു.

ലോകത്തിലെ വിവിധങ്ങളായ സാംസ്‌കാരികാനുഭവങ്ങളെ പങ്കുകൊള്ളാന്‍ കഴിഞ്ഞ ആ കാലം അജിത്തിനെ സംബന്ധിച്ച് ഏറ്റവും ചലനാത്മകമായ സാംസ്‌കാരികാനുഭവങ്ങളുടേതായിരുന്നു.

അച്ഛന്റെ പാരമ്പര്യത്തോടുള്ള താദാത്മ്യപ്പെടലായിരുന്നു സ്‌കൂള്‍കോളജ് കാലത്തെ എന്‍.സി.സി പരിശീലനം. ഇങ്ങനെ കലാസാംസ്‌കാരികരംഗത്തും സംഘടനാതലത്തിലും സന്നദ്ധസേവനരംഗത്തുമൊക്കെ സജീവമായി നില്‍ക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ ശരീരപേശികള്‍ പണിമുടക്കിത്തുടങ്ങിയത്.

പ്രൊഗ്രസീവ് മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതകരോഗം പയ്യെപ്പയ്യെ ശരീര ചലനങ്ങളെ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചു. മുടന്തായും വേഗക്കുറവായും തുടങ്ങി സമസ്ത ചലനങ്ങളെയും അതു പിടിച്ചുകെട്ടി. മൂത്ത സഹോദരന്‍ ഈ രോഗത്തിന്റെ കൈയും പിടിച്ച് ചലനരഹിതമായ വഴിയിലേയ്ക്കിറങ്ങി നില്‍ക്കുന്നത് അജിത്ത് കണ്ടിരുന്നു.

തനിക്കും വിധി ഒരുക്കിവച്ചിരിക്കുന്നത് അതേ വഴി തന്നെയെന്ന അറിവ് അജിത്ത് ഉള്‍ക്കൊണ്ടു. രോഗത്തോട് ഒരാള്‍ പുലര്‍ത്തുന്ന മനോഭാവമാണ് അയാളുടെ പിന്നീടുള്ള ജീവിതത്തെ സുന്ദരമായ നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞ സര്‍ഗാത്മകാനുഭവമാക്കുന്നത്.

തളര്‍ന്നും തകര്‍ന്നും പോകാവുന്ന ഇടത്തുനിന്ന് കരുത്തും ഊര്‍ജ്ജവും സഹൃദയത്വവുമുള്ള സാന്നിധ്യമായി അയാള്‍ തന്നെത്തന്നെ ആവിഷ്‌കരിച്ചു.

എല്ലാ പേശികളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് അസ്ഥിക്കു പിടിക്കുന്ന സൗഹൃദങ്ങള്‍ എത്രയുണ്ടാകും? എത്ര സ്ഥലങ്ങള്‍ അവര്‍ യാത്ര ചെയ്തിട്ടുണ്ടാകും? ആലോചിച്ചു നോക്കൂ. എന്നാല്‍ അജിത് പേശികള്‍ തികച്ചും ചലനരഹിതമാകുന്നതുവരെയും അതു കഴിഞ്ഞും ധാരാളം സഞ്ചരിച്ചു.

സൗഹൃദമാണ് അജിത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂട്ടുകാരൊക്കെ തങ്ങളുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നത് ആഹ്ലാദമായി കരുതി. തന്റെ വീല്‍ചെയര്‍ യാത്രയ്‌ക്കൊരു തടസ്സമായില്ല.

സാന്നിധ്യം തന്നെ നിറവാകുന്ന വിധത്തിലുള്ള സൗഹൃദം, രാഷ്ട്രീയ, മത, സംഘടനാഭേദമെന്യേ അജിത് നിലനിര്‍ത്തുന്നു. കോട്ടയത്തെ ഇന്ത്യന്‍ കോഫി ഹൗസ് സൗഹൃദത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും തട്ടകമായിരുന്നു. പഴയ കോഫി ഹൗസ് സൗഹൃദങ്ങള്‍ ഇന്നും അജിത്തിനൊപ്പമുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാക്കാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമൊക്കെയായി അവര്‍ കേരളത്തിന്റെ സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ തങ്ങളെത്തന്നെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു.

അന്നത്തെ കോഫി ഹൗസ് കമ്പനി സുരേഷ്‌കുറുപ്പും ക്യാമറാമാന്‍ വേണുവും ഡിജോ കാപ്പനും ജോഷി മാത്യുവും ഗിരീഷും കുര്യന്‍ കെ. തോമസും (വാല്‍മീകി) സി.കെ. ജീവനുമൊക്കെയായി ഭിന്നമേഖലകളില്‍ ജീവിക്കുമ്പോഴും കെട്ടുപാടുകളില്ലാതെ സ്വതന്ത്രവും സന്തോഷകരവുമായ സൗഹൃദാഖ്യാനങ്ങള്‍ നടത്തുന്നു.

ഉമ്മന്‍ചാണ്ടി തന്റെ സംഘടനാ നേതാവെന്ന നിലയില്‍ അജിത്തിന് പ്രിയപ്പെട്ടവനാകുമ്പോള്‍ തന്നെ സുരേഷ്‌കുറുപ്പും തനിക്ക് പ്രിയപ്പെട്ടവനായിരിക്കുക എന്നിടത്ത് ആ കോട്ടയം കമ്പനിയുടെ പ്രത്യേകത ദൃശ്യമാണ്.

അതുകൊണ്ടു തന്നെയാണ് സി.കെ. ജീവന്‍ ട്രസ്റ്റ് കക്ഷി വ്യത്യാസം കൂടാതെയുള്ള സൗഹൃദക്കൂട്ടമായി അത് നിലനില്‍ക്കുന്നത്. ആ കൂട്ടുകാരൊക്കെ ചേര്‍ന്നാണ് അജിത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ നിശ്ചയിച്ചത്.

സ്‌നേഹം, സൗഹൃദം, സര്‍ഗാത്മകത എന്നിവയൊക്കെ വിലയ്ക്കു വാങ്ങുവാന്‍ കിട്ടുന്നതല്ലല്ലോ. അത് സ്വയമേവ വന്നുനിറയേണ്ടതാണ്. അതാണ് അജിത്തിന്റെ വീല്‍ചെയറിനപ്പുറം നിറഞ്ഞുതുളുമ്പുന്നത്, അല്ലെങ്കില്‍ കരകവിഞ്ഞൊഴുകുന്നത്.

കഴിഞ്ഞ 28 വര്‍ഷമായി മുണ്ടക്കയത്തെ ജ്യോതി ഗ്യാസ് ഏജന്‍സി ഉടമയായി പ്രസന്നയ്ക്കും ജ്യോതിര്‍മയി, ചിന്മയി എന്നീ മക്കള്‍ക്കുമൊപ്പം ബിസ്സിനസ്‌കാരനും ഗൃഹസ്ഥനുമായി മുണ്ടക്കയത്താണ് അജിത്ത്.

എങ്കിലും സൗഹൃദത്തിന്റെ നീളന്‍ വിരലുമായി കോട്ടയത്തും കുമരകത്തും കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി അജിത്ത് കൂട്ടുകാരെ തൊട്ടുണര്‍ത്തുന്നു.

ആ കൂട്ടുകാരന്‍ തനിക്ക് എത്തിച്ചേരാവുന്നിടത്തെല്ലാം എത്തുന്നു. ഇല്ലെങ്കില്‍ തന്റെ വീടിന്റെ വാതിലുകള്‍ സൗഹൃദം ചേക്കേറുന്ന ചില്ലകളായി പരിവര്‍ത്തിപ്പിക്കുന്നു. ഓരോരുത്തര്‍ക്കും തോന്നുന്നു താന്‍ അജിത്തിന് ഏറ്റവും പ്രിയ ചങ്ങാതിയാണെന്ന്. അതാണ് ശുദ്ധസൗഹൃദത്തിന്റെ മന്ത്രവിദ്യ.

അംഗപരിമിതത്വം ആരും മനപ്പൂര്‍വം ആഗ്രഹിച്ചുവരുത്തുന്നതല്ലല്ലോ? എന്നാല്‍ അതിനെ കരുത്തോടും സമചിത്തതയോടും സമീപിക്കുമ്പോഴാണ് അവയവങ്ങളുടെ കരുത്തല്ല, ജീവിതത്തിന്റെ കരുത്തെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നത്.

നിരാശയോ മടുപ്പോ കൂടാതെ ജീവിതാഹ്ലാദത്തിന്റെ കലാപരതയെ തിരിച്ചറിയാനും മറ്റുള്ളവര്‍ക്കു പകരാനും കഴിയുമ്പോള്‍ അതിനെ ഊര്‍ജ്ജകേന്ദ്രമായി നിരവധിപേര്‍ തിരിച്ചറിയും.

ഇതാണ് അജിത്തിന്റെ ജീവിതം പറയുന്നത്. 60 വര്‍ഷം മുന്‍പത്തെ ഒരു ഇടവമഴയില്‍ അനിഴം നാളില്‍ ജനിച്ച ഈ സുഹൃത്തിന്റെ സാന്നിധ്യം ഇന്ന് ഒരു പവിഴമഴയായി പെയ്തുനിറയുന്നത് കാണുന്നതിന്റെ സന്തോഷം പറയാതെ വയ്യ.

പ്രഫ. മ്യൂസ് മേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW