Tuesday, September 05, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Saturday 05 Aug 2017 04.14 PM

തലമുറകള്‍ കൈമാറിയ സൗഹൃദം

uploads/news/2017/08/134139/Weeklyfrndship050817.jpg

കുട്ടിക്കാലം മുതല്‍ ഈ കാലം വരെ എന്റെ ഇഷ്ടങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സുഹൃത്താണ് ബാലഗോപാല്‍. ഒരേ ക്‌ളാസ്സില്‍ പഠിച്ച്, ഒരു പാത്രത്തിലുണ്ട് ഒരു കുടുംബം പോലെ ജീവിക്കുന്നവര്‍. ബസുണ്ടെങ്കിലും കിലോമീറ്ററുകള്‍ നടന്നു മാത്രമാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്.

ആ സമയത്ത് മഴ പെയ്യുകയാണെങ്കില്‍ ബാലുവിന്റെ കൈയിലെ കുട നിവര്‍ത്തും. ഒരു കുടക്കീഴിലായിരുന്നു എന്നും ഞങ്ങളുടെ സഞ്ചാരം. ഒരിക്കല്‍ മഴ ശക്തമായി പെ
യ്തതോടെ രണ്ടുപേര്‍ക്ക് ഒരു കുടയില്‍ പോകാന്‍ പ്രയാസം നേരിട്ടു. ആ സമയത്ത് വെയിറ്റിംഗ് ഷെഡിലേക്ക് ഞങ്ങള്‍ കയറിനിന്നു.

ബെല്ലടിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. യൂണിഫോം നനച്ചുവാരി സ്‌കൂളില്‍ ചെന്നാല്‍ അധ്യാപകരുടെ വക ശകാരമുറപ്പ്. ആ സാഹചര്യത്തില്‍ ബാലു അവന്റെ കുട എനിക്ക് തന്നു, 'നമ്മള്‍ രണ്ടുപേര്‍ക്കും ഒരു കുടക്കീഴില്‍ പോകാന്‍ പറ്റില്ല.

നീ സ്‌കൂളിലേക്ക് പൊയ്‌ക്കോ, ഞാന്‍ എങ്ങനെയെങ്കിലും വന്നോളാം, രണ്ടുപേര്‍ വഴക്ക് കേള്‍ക്കുന്നതിനേക്കാള്‍ ഒരാള്‍ കേള്‍ക്കുന്നതല്ലേ നല്ലത്. പോരാത്തതിന് രാവിലെ കണക്ക് പരീക്ഷ ഇടാനായി കൈമള്‍ മാഷെത്തും.

ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിന് ചൂരല്‍ക്കഷായം തരുന്ന മാഷിനെ എന്തിനാണ് നമ്മളായിട്ട് ദേഷ്യപ്പെടുത്തുന്നത്, പോരാത്തതിന് നീയാണെങ്കില്‍ മാഷിന്റെ പ്രിയശിഷ്യനും.

നീയൊഴികെ മറ്റെല്ലാവരും മാഷിന്റെ വഴക്ക് കേട്ടിട്ടുണ്ട്. ഞാന്‍ എങ്ങനെയെങ്കിലും വന്നോളാം'. അവന്‍ നിര്‍ബന്ധിപ്പിച്ച് എന്നെ സ്‌കൂളിലേക്ക് പറഞ്ഞുവിട്ടു. പോകുന്ന വഴിയില്‍ തിരിഞ്ഞ്‌നോക്കുമ്പോഴും അവന്‍ ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ്. ഒരു വിധത്തില്‍ നടന്ന് ക്‌ളാസിലെത്തിയതും ബെല്ലടിച്ചു.

പരീക്ഷയ്ക്ക് തയ്യാറായി സഹപാഠികള്‍ . അപ്പോഴേക്കും മാഷ് വന്നു. അദ്ദേഹം പറയുന്ന ചോദ്യങ്ങള്‍ കേട്ടെഴുതാനായി പേപ്പറും പേനയുമെടുത്തപ്പോഴേക്കും 'മാഷേ...' എന്നൊരു നീട്ടിവിളി കേട്ടു. നോക്കിയപ്പോള്‍ നനഞ്ഞുകുളിച്ചു നില്‍ക്കുന്ന ബാലുവിനെയാണ് കണ്ടത്. അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

വൈകിയതിന്റെ കാരണം തിരക്കി മാഷ് അവന്റെ അരികിലേക്ക് നടന്നു. എങ്ങനെയൊക്കെ ചോദിച്ചിട്ടും അവന്‍ ഒന്നും മിണ്ടിയില്ല, മുന്‍കോപിയായ അദ്ദേഹം മേശപ്പുറത്തിരുന്ന ചൂരലുകൊണ്ട് അവന്റെ കൈകളില്‍ അടിച്ചു. പരീക്ഷ കഴിഞ്ഞിട്ട് ക്‌ളാസില്‍ കയറിയാല്‍ മതിയെന്നു പറഞ്ഞ് സ്‌കൂള്‍ വരാന്തയില്‍ നിര്‍ത്തി.

ഈ സമയമൊക്കെ എന്റെ മനസ്സ് നിറയെ അവനായിരുന്നു. ഒടുവില്‍ പരീക്ഷയെഴുതാതെ ഞാന്‍ ബാലുവിനെ നോക്കിയിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ കണ്ണുകളടച്ച് ഇതൊന്നും സാരമാക്കേണ്ട എന്ന് കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ടും ഞാന്‍ എഴുതാതെ ഇരിക്കുന്നത് കണ്ട് എനിക്ക് നേരെ കൈകള്‍ കൂപ്പി മുട്ടുകാലില്‍ കുത്തിനിന്നു.

അവന്റെ ആ സ്‌നേഹത്തിന് മുന്നില്‍ ഞാന്‍ തോറ്റു. പരീക്ഷയെഴുതി. അന്നു വൈകുന്നേരം തന്നെ മാഷ് ഉത്തരക്കടലാസുകള്‍ നോക്കിത്തന്നു. എല്ലാ തവണത്തെയും പോലെ ഇപ്രാവശ്യവും ഞാന്‍ തന്നെ ഒന്നാമതായി.

സ്‌കൂളില്‍ നിന്ന് തിരിച്ചുള്ള യാത്രയില്‍ അവന്‍ എന്നോട് ചോദിച്ചു, ഇപ്പോള്‍ എങ്ങനെയിരിക്കുന്നു, ഞാന്‍ കുട തന്നു പറഞ്ഞുവിട്ടില്ലായിരുന്നെങ്കില്‍ കണക്ക് പരീക്ഷയ്ക്ക് ഒന്നാമതാകാന്‍ നിനക്ക് പറ്റുമായിരുന്നോ' അപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല.

പിറ്റേന്ന് സ്‌കൂളില്‍ പോകാന്‍ റെഡിയായി നിന്നിട്ടും ബാലുവിനെ കാണുന്നില്ല. അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ ബാലുവിന് കടുത്ത പനിയാണെന്ന് അവന്റെ അമ്മ പറഞ്ഞു, പുസ്തകമൊക്കെ താഴെവച്ച് ഞാന്‍ അവന്റെ അരികിലേക്ക് ചെന്നു.

അടുത്തേക്ക് പോയാല്‍ പനി പകരുമെന്ന് അവന്റെ അമ്മ പറഞ്ഞിട്ടും ഞാന്‍ പോയി. കട്ടിലില്‍ പുതച്ച് മൂടികിടക്കുന്ന അവന്റെ ചെവിയില്‍ ഞാന്‍ അടക്കം പറഞ്ഞു'സുഹൃത്തായ എനിക്ക് സഹായം ചെയ്തിട്ട് എന്തായി, കൈയില്‍ കുട ഉണ്ടായിട്ടും അതെനിക്ക് തന്നിട്ട് മഴ നനയേണ്ടിവന്നു.

അതിന് അവന്‍ പറഞ്ഞ മറുപടി ഇങ്ങനെ, 'നീയെന്നെ ഒരു സുഹൃത്തായി കണ്ടു, എന്നാല്‍ നിന്നെ ഞാന്‍ ഒരു കൂടപ്പിറപ്പായിട്ടേ ഇതുവരെ കണ്ടിട്ടുള്ളൂ, കണക്കെന്ന വിഷയം നിനക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. മാത്രമല്ല, മാഷ് പരീക്ഷയിടുമെന്നറിയാവുന്നതുകൊണ്ട് നേരത്തെ നീയത് പഠിച്ചിരുന്നുവെന്നും പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക ്‌മേടിക്കുമെന്നും നീയെന്നോട് പറഞ്ഞിരുന്നു.

പഠനത്തോട് അത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന നിനക്ക് എന്നെക്കൊണ്ട് ആകുന്ന സഹായം ചെയ്തു തരിക എന്നു മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോള്‍ എനിക്ക് പനി പിടിച്ചാലും നിന്റെ ആഗ്രഹം സാധിച്ചില്ലേ, അതുപോരെ'. ബാലു പറഞ്ഞുനിര്‍ത്തിയപ്പോള്‍ എന്റെ മനസ്സില്‍ അവന്റെ സ്ഥാനം ഒന്നുകൂടി ഉയര്‍ന്നു.

അന്നുമുതല്‍ ഈ നിമിഷം വരെ എന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവനാണ്. സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലായ സമയത്താണ് എന്റെ അച്ഛന് സുഖമില്ലാതായത്. ആ സമയം എന്നെ ഒരു ടെന്‍ഷനുമറിയിക്കാതെ അച്ഛനെ ആശുപത്രിയിലാക്കിയതും അവിടത്തെ കാര്യങ്ങളെല്ലാം നോക്കിയതും അവനാണ്.

ഞാന്‍ തിരിച്ചെത്തിയപ്പോഴാണ് അച്ഛന് വയ്യാതായ വിവരം ചിത്ര പറയുന്നത്. ദീപാവലി സമയത്ത് മക്കള്‍ക്ക് ഓരോരുത്തര്‍ക്കും പടക്കങ്ങളുമായി അവനെത്തും.

ഞങ്ങള്‍ തമ്മിലുള്ള ബന്ധം സൗഹൃദമല്ല, അതിനും മീതെയാണ്. ഞാന്‍ പറയാതെ എന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണ്ടറിഞ്ഞ് ചെയ്ത ബാലുവിന് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിലും അവനത് സ്വീകരിക്കില്ല.

പിരിയാന്‍ പറ്റാത്ത സുഹൃത്തുക്കളായതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും അടുത്ത വീടുകളിലാണ് താമസം. എടുത്തുപറയേണ്ട മറ്റൊരു കാര്യം എന്റെ അച്ഛനും അവന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോളിതാ, ഞങ്ങളുടെ മക്കളും ബെസ്റ്റ് ഫ്രണ്ട്‌സാണ്. തലമുറകള്‍ കൈമാറിയ സൗഹൃദം.

- ദേവിന റെജി

Ads by Google
TRENDING NOW