Friday, June 29, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 04 Aug 2017 08.04 PM

വഷളന്‍ ചങ്ക്‌സ്

ഹാപ്പി വെഡ്ഡിങ് പോലുള്ള സിനിമകള്‍ തിയറ്ററില്‍ വിജയിപ്പിച്ചുവിട്ടാലുള്ള പ്രശ്‌നമിതാണ്, അതിന്റെ സ്രഷ്ടാവ് ഒമറിനെപ്പോലുള്ളവര്‍ അതിന്റെ ഇരട്ടി വീര്യമുള്ള പാഷാണവുമായി വന്ന് സിനിമാശാലകള്‍ ഞെളിയന്‍പറമ്പുകളാക്കും. ഹാപ്പി വെഡ്ഡിങ് പഞ്ചസാര കലക്കിയ പാഷാണമാണെങ്കില്‍ 'ചങ്ക്‌സ്' പാഷാണം കലക്കിയ സെപ്റ്റിക് ടാങ്ക് മാലിന്യമാണ്.
chunkzz movie review, secondshow

ഹാപ്പി വെഡ്ഡിങ് പോലുള്ള സിനിമകള്‍ തിയറ്ററില്‍ വിജയിപ്പിച്ചുവിട്ടാലുള്ള പ്രശ്‌നമിതാണ്, അതിന്റെ ​‍സ്രഷ്ടാവ് ഒമറിനെപ്പോലുള്ളവര്‍ അതിന്റെ ഇരട്ടി വീര്യമുള്ള പാഷാണവുമായി വന്ന് സിനിമാശാലകള്‍ ഞെളിയന്‍പറമ്പുകളാക്കും. ഹാപ്പി വെഡ്ഡിങ് പഞ്ചസാര കലക്കിയ പാഷാണമാണെങ്കില്‍ 'ചങ്ക്‌സ്' പാഷാണം കലക്കിയ സെപ്റ്റിക് ടാങ്ക് മാലിന്യമാണ്.

കാമം പറഞ്ഞുതീര്‍ക്കുക, എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ എന്നുപറഞ്ഞ് കുറച്ചുപേരെ അവതരിപ്പിക്കുക, എന്നിട്ടുമതിവരുവോളം അശ്‌ളീലം പറയുക. അപ്പനെന്നോ അമ്മയെന്നോ, അധ്യാപകനെന്നോ, പെണ്ണെന്നോ ഭേദമില്ലാതെ ആഭാസം മാത്രം പറയുക, എന്നിട്ടു സിനിമയെന്നുപേരുമിടുക. സിനിമ എന്ന നിലയിലൊന്നും ഒമറിന്റെ ചങ്ക്‌സിനെ വിലയിരുത്തുക സാധ്യമല്ല. എങ്കിലും രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പോയി കണ്ടുപോയ കുറ്റത്തിന് എന്റെ വ്യക്തിപരമായ പേരിലും സെക്കന്‍ഡ് ഷോയുടെ പേരിലും കുറച്ചുകാര്യം പറയാനുണ്ട് സൂര്‍ത്തുക്കളെ, അല്ലെങ്കില്‍ ഈ ജാതി പാഷാണങ്ങള്‍ ഇനിയും ഇറങ്ങി സിനിമ എന്ന മാധ്യമത്തെ തന്നെ വെറുപ്പിക്കും.

എതാണ്ട് ഹാപ്പി വെഡ്ഡിങ്ങിന്റെ അതേ ഫോര്‍മാറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വളരെ ലൂസായ കുറേ സംഭാഷണങ്ങളും ഡബിള്‍ ട്വിസ്റ്റ് വച്ച് ക്ളൈമാക്‌സും. ഹാപ്പി വെഡ്ഡിങ് പോലെ എന്‍ജിനീയറിങ് കോളജാണ് സിനിമയുടെ പശ്ചാത്തലം. എന്നുവച്ചാല്‍ 'അപ്പിയിട്ടോ' എന്നൊക്കെ വിദ്യാര്‍ഥിനികളെ നോക്കി ചോദിച്ച ഹാപ്പി വെഡ്ഡിങ്ങ് വഷളന്‍ കോമഡികളുടെ അതിപ്രസരം ഉള്ള ക്യാമ്പസ്. അധ്യാപകരും വിദ്യാര്‍ഥികളും വൈവാവോസിയില്‍ പോലും അശ്‌ളീലവും ദ്വയാര്‍ഥവും മാത്രം പറയുന്ന, ലൈംഗിക പട്ടിണിയില്‍ കരഞ്ഞുനിലവിളിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്ള ക്യാമ്പസ്. തുണിപൊക്കി കാണിച്ചാണെങ്കിലും ചിരിപ്പിക്കുന്നതാണ് ഹാസ്യം എന്ന കോഴ്‌സില്‍ ബിരുദമെടുത്തയാളോണോ സംവിധായകന്‍ എന്നു സംശയമില്ലാതില്ല. ഈ ക്യാമ്പസില്‍ നടക്കുന്ന പ്രണയമാണ് ഈ ന്യൂജന്‍ ഇടപാടിന്റെ ഗദ. പെണ്‍കുട്ടികളില്ലാത്ത മെക്കാനിക്കല്‍ എന്‍ജിനീയറിങ് ശാഖയിലേക്ക് റിയ(ഹണി റോസ്)എന്ന പെണ്‍കുട്ടിവരുന്നു. അതോടെ എല്ലാവരും റിയയെ 'വളയ്ക്കാന്‍' നോക്കുന്നു. ഇടയ്ക്ക് അല്‍പം ''ബിറ്റ്''കൂടിയുണ്ടായിരുന്നെങ്കില്‍ പഴയ ആ മധുമോഹന്‍ കാലത്ത് ഉച്ചപ്പടം കളിച്ചിരുന്ന തുണ്ട്പടത്തിന്റെ നൊസ്റ്റാള്‍ജിയ ഫീല്‍ കൂടി സൃഷ്ടിച്ചേനെ. വാട്‌സ്ആപ്പിലെ ക്ലിപ്പിന്റെ കാലമല്ലായിരുന്നെങ്കില്‍ ഒമറും ചങ്ക്‌സും ബിറ്റും കയറ്റി പൊളിച്ചേനെ., നൂറുതരം.

chunkzz movie review, secondshow

ഹാപ്പി വെഡ്ഡിങ് പോലെ തന്നെ ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങളൊന്നുമില്ല മുഖ്യവേഷത്തില്‍. ബാലു വര്‍ഗീസ്, ധര്‍മജന്‍, ഹണി റോസ്, ഗണപതി, വൈശാഖ്, മറീന മൈക്കിള്‍, എന്നിവരാണു മുഖ്യവേഷത്തില്‍. സിദ്ധിഖ്, ലാല്‍, റീന ബഷീര്‍, കൈലാഷ്, ഷമ്മി തിലകന്‍, ഹരീഷ് കണാരന്‍ എന്നിവരാണു സപ്പോര്‍ട്ടിങ് വേഷത്തിലും. ആര്‍ക്കും കാര്യമായെ റോളൊന്നുമില്ല. എല്ലാവര്‍ക്കും പൊതുവായുള്ള ശീലം മദ്യപാനമാണ്. ബാലുവര്‍ഗീസും ഹണിറോസും ആണ് മുഖ്യവേഷങ്ങള്‍ ചെയ്യുന്നതെന്നു പറയാം. രണ്ടുപേരും മോശമല്ലാതെ വെറുപ്പിച്ചിട്ടുണ്ട്. ആണ്‍കഥാപാത്രങ്ങളില്‍ മിക്കവരുടേയും റോള്‍ വാ തുറന്നാല്‍ സെക്‌സ് കോമഡി പറയുക എന്നതാണ്, അതില്‍ അവര്‍ വിജയിച്ചിട്ടുണ്ടാകണം. അനീഷ് ഹമീദ്, സനൂപ് തൈക്കൂടം, ജോസഫ് വിജേഷ് എന്നിവരാണ് ഈ വഷളത്തരം മുഴുവന്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്(തിരക്കഥ എന്നാണ് അവകാശവാദം). പറഞ്ഞുതീര്‍ന്നുമടുക്കാത്ത സെക്‌സ് കോമഡി മുഴുവന്‍ ഈ മൂവര്‍ സംഘം നാട്ടുകാര്‍ക്കു മുന്നില്‍ വിളമ്പിയിട്ടുണ്ട്. ഭാവിയുണ്ട്, 'കൊച്ചുപുസ്തക'ത്തില്‍ കഥയെഴുതി രസിക്കാം.

ഗോപിസുന്ദറാണു പാട്ടുകള്‍. മെക്കാനിക്കില്‍ മരുന്നിനുപോലും പെണ്ണില്ല എന്നൊക്കെ പറഞ്ഞു പാട്ടുപോലെ ചില സംഭവങ്ങളൊക്കെയുണ്ട്. ഫഹദ്ഫാസില്‍ നായകനായ റോള്‍മോഡല്‍സുമായി ചില സാദൃശ്യങ്ങളൊക്കെയുണ്ട്. റാള്‍ മോഡല്‍സ് പോലെ ഗോവയിലാണു കുറച്ചുഭാഗം ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ആല്‍ബിയുടെ ക്യാമറ കൊള്ളാം. ഏതാണ്ട് സമാനമായ ഒരു സിനിമയാണ് എന്‍ജിനീയറിങ് കോളജിന്റെ പശ്ചാത്തലത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറ. ആ കൂതറ ഒരു തറയേ അല്ലായിരുന്നുവെന്ന് ഒമര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

chunkzz movie review, secondshow

സ്ത്രീവിരുദ്ധതയും അശ്‌ളീലതയും ഒഴിച്ചാല്‍ (ബാക്കിയൊന്നും കാണില്ല, എങ്കിലും ) ഹാപ്പി വെഡ്ഡിങ്ങിന് ഒരു നരേറ്റീവ് സ്ട്രക്ചര്‍ ഉണ്ടായിരുന്നു. ഒരുദിവസത്തെ സംഭവവികാസങ്ങളുടെ രസകരമായ അവതരണം എന്ന കൗതുകവും കൈയടക്കവും ആ സിനിമയ്ക്കുണ്ടായിരുന്നു. രണ്ടാം സിനിമയിലെത്തിയപ്പോള്‍ ഒമറിനും സംഘത്തിനും ആ കൈയടക്കം ഇല്ലെന്നുമാത്രമല്ല, കലുങ്കിലിരുന്നു കമന്റടിക്കുന്ന പൂവാലക്കൂട്ടത്തെപ്പോലുള്ള ചില ചെറുപ്പക്കാരുടെ കലപിലകള്‍ മാത്രമാണ് സിനിമ എന്ന പേരില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിലുപരിയാണ് സിനിമ പുലര്‍ത്തുന്ന അവഗണിക്കാനാവാത്ത സ്ത്രീവിരുദ്ധ സമീപനം. കഥാപാത്രങ്ങള്‍ക്കോ, സന്ദര്‍ഭങ്ങള്‍ക്കോ വേണ്ടിയല്ല, ബോധപൂര്‍വമായ നിന്ദയാണ്. 'തേച്ച' പെണ്ണ് ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് ''10 പാക്കറ്റ് വിസ്പറും കോണ്ടവും ഡയപ്പറും വായില്‍ തള്ളിക്കേറ്റിക്കോളാന്‍'(ഇതൊരു സാമ്പിള്‍ മാത്രമാണ്, വാക്കുകള്‍ എഴുതേണ്ടിവന്നതില്‍ ക്ഷമിക്കുക) ആര്‍ത്തുവിളിച്ചുപറയുന്ന നായകനും സംഘവും ദുഷിച്ച സിനിമയുടെ ലക്ഷണമൊത്ത കാഴ്ചയാണ്. അതു കണ്ട് ആര്‍ത്തട്ടഹസിച്ച ചെറുപ്പക്കാരുടെ വലിയ സമൂഹം ആദ്യഷോയുടെ കാഴ്ചയിലുണ്ട് എന്നതൊരു പരമാര്‍ഥമാണ്. അതു നിങ്ങളുടെ അറുവഷളത്തരങ്ങളുടെ ആസ്വാദ്യതയും അംഗീകാരവുമാണെന്ന് കരുതരുത്, ഇതൊക്കെ ആസ്വദിക്കപ്പെടേണ്ടതാണെന്നു വിശ്വസിച്ചുവളരുന്ന യുവസമൂഹത്തിന്റെ അന്ധതമാത്രമാണ്. സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും ഉള്ള വികലമായ ലിംഗബോധവും വെറുപ്പും മാത്രമാണ് 121 മിനിട്ടിലും ചിതറിക്കിടക്കുന്നത്.

മലയാളത്തില്‍ ക്യാമ്പസ് സിനിമയെന്നാല്‍ എന്‍ജിനീയറിങ് കോളജ് എന്നായിട്ടുണ്ട്. പുതുതലമുറ സിനിമയെടുക്കുന്നതില്‍ ഏറെയും എന്‍ജിനീയറിങ് കോളജ് പ്രോഡക്ടുകളാണ്. എവിടെയും എന്നപോലെ ഇവിടെയും നെല്ലും പതിരുമുണ്ട്. ചിലരൊക്കെ പറയുന്നതും എന്‍ജിനീയറിങ് കോളജ് ക്യാമ്പസ് കഥകള്‍ തന്നെയാണ്. നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി സിനിമാക്കാരനാകാന്‍ ശ്രമിക്കുന്ന എന്‍ജിനീയറിങ് ഡ്രോപ്ഔട്ടിന്റെ കഥയാണ്. ക്യാമ്പസിനുള്ളിലെ വിഷയം തീര്‍ന്നെങ്കില്‍ കൂതറ സിനിമകള്‍ മാത്രം എന്‍ജിനീയറിങ് ബിരുദധാരികളെപ്പറ്റി ഒരു സിനിമ എടുത്തുനോക്കാവുന്നതാണ്. ഇഷ്ടംപോലുണ്ടല്ലോ....

അവസാനവാക്ക്: സിനിമയുടെ അതേനിലവാരത്തിലുള്ള ഭാഷയില്‍ പറഞ്ഞാല്‍ '' എന്ത് ഊളപ്പടമാണെടേ ഇതൊക്കെ....''

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW