Tuesday, September 05, 2017 Last Updated 10 Min 56 Sec ago English Edition
Todays E paper
Friday 04 Aug 2017 02.18 PM

പൂമുള്ളിയിലെ വൈദ്യര്‍

ആയുര്‍വേദ ചികിത്സരംഗത്ത് പേര് കേട്ട പൂമുള്ളിമനയിലെ പെണ്‍സാന്നിധ്യം. ഡോ.അപര്‍ണ്ണയും ഡോ.ആരതിയും.
uploads/news/2017/08/133787/pumullimana040817.jpg
ഡോ.അപര്‍ണ്ണയും ഡോ.ആരതിയും

ചിണുങ്ങിപ്പെയ്യുന്ന മഴയുടെ നിറവിലാണ് പൂമുള്ളിമന. കുടുംബവക ശ്രീരാമ ക്ഷേത്രത്തിന് സമീപം തലയെടുപ്പോടെ നില്‍ക്കുന്ന പൂമുള്ളിയിലേക്ക് കടക്കുമ്പോള്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുകയാണ്, ശക്തമായ മഴയ്ക്കുള്ള മുന്നൊരുക്കമെന്നോണം.

കേരളത്തിലെ ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രശസ്തമാണ് പൂമുള്ളിമന. മനയിലെ ആറാം തമ്പുരാനെക്കുറിച്ചറിയാത്തവര്‍ ചുരുക്കം. ഇവിടുത്തെ കാറ്റിനുപോ ലും തമ്പുരാനെക്കുറിച്ച് പറയാനുണ്ട്.

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്ന പ്രഗല്ഭനായ വൈദ്യരുടെ പാത പിന്തുടരുകയാണ് മനയിലെ പിന്‍ തലമുറക്കാര്‍. ഒട്ടേറെ പ്രശസ്തര്‍ ഇന്നും ചികിത്സയ്ക്കായി പൂമുള്ളിയിലെത്തുന്നു.

പൂമുള്ളി മനയിലെ ഇളംതലമുറക്കാരുടെ ഭാര്യമാരായ ഡോ.അപര്‍ണ്ണയും ഡോ.ആരതിയുമാണ് ഇപ്പോള്‍ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പൂമുള്ളി മന


ആറാംതമ്പുരാന്റെ മകന്‍ പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാടും ഏഴാം തമ്പുരാന്റെ മകന്‍ പൂമുള്ളി വാസുദേവന്‍ നമ്പൂതിരിപ്പാടുമാണ് മനയിലെ ഇപ്പോഴത്തെ കാരണവന്മാര്‍.

ആറാംതമ്പുരാന്റെ കുടുംബാംഗങ്ങളും ശിഷ്യരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാവരും ചേര്‍ന്ന് പെരിങ്ങോട് പൂമുള്ളി ആറാംതമ്പുരാന്‍ സ്മാരക ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് തമ്പുരാന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

തമ്പുരാന്‍ ആരംഭിച്ച കളരിയില്‍ ആറാംതമ്പുരാന്റെ മകന്‍ പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സൗജന്യമായി കളരിപ്പയറ്റും യോഗയും പഠിപ്പിക്കുന്നു.

ആയുര്‍വേദ ചികിത്സയ്ക്കും മുടക്കം വന്നിട്ടില്ല. കളരിയിലും മറ്റും ഉപയോഗപ്പെടുത്തുന്ന കേരളീയ നാട്ടുവൈദ്യവും അഷ്ടാംഗഹൃദയത്തെ ആധാരമാക്കിയുള്ള ആയുര്‍വേദ ശാസ്ത്രവും സമന്വയിപ്പിച്ച പൂമുള്ളി ശൈലി എന്നറിയപ്പെടുന്ന ചികിത്സാരീതിയാണ് മനയില്‍ തുടര്‍ന്നുപോരുന്നത്.

ആറാം തമ്പുരാന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ഡോ.നരിപ്പറമ്പ് ദേവന്‍ നമ്പൂതിരിയാണ് ചികിത്സാലയത്തിലെ പ്രധാനി. പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് മനയിലെ ഇളം തലമുറക്കാരായ നീലകണ്ഠന്‍ നമ്പൂതിരിയുടേയും വാസുദേവന്‍ നമ്പൂതിരിയുടെയും ഭാര്യമാരായ ഡോ.അപര്‍ണ്ണയും ഡോ.ആരതിയും ചികിത്സകള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കുന്നു.

മോഹന്‍ലാല്‍, വിക്രം, രജനീകാന്ത് തുടങ്ങി പ്രശസ്തര്‍ ഇവിടെ ചികിത്സയ്‌ക്കെത്താറുണ്ട്.

Friday 04 Aug 2017 02.18 PM
YOU MAY BE INTERESTED
TRENDING NOW