Tuesday, January 09, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 04 Aug 2017 01.57 PM

'അവള്‍ വിഷം തീണ്ടുന്ന ഇനം, കുട്ടികളുണ്ടാകില്ല', അമ്മായിയമ്മയുടെ കുത്തുവാക്കിനേക്കാള്‍ അവളെ വേദനിപ്പിച്ചത് രാഹുല്‍; ഒരു പ്രണയ വിവാഹത്തിന്റെ ദുരന്തം ഇങ്ങനെ

'അയാള്‍ക്ക് എന്നെ സംശയമായിരുന്നു. വീടിനു പുറത്തിറങ്ങാനോ മറ്റുളളവരോട് സംസാരിക്കാനോ എന്നെ അനുവദിച്ചില്ല.''
uploads/news/2017/08/133783/weeklyfmlycourt040817.jpg

ഒരു ദിവസം കോടതിയില്‍ നിന്ന് ഓഫീസിലെത്തിയപ്പോള്‍ ജൂലിയറ്റ് എന്ന യുവതിയും സുഹൃത്തും എന്നെ കാണാന്‍ വന്നു. ജൂലിയറ്റ് വളരെ കൂളായി പറഞ്ഞു, ''സര്‍ എനിക്ക് ജീവിതം മടുത്തു എത്രയും പെട്ടെന്ന് ഞങ്ങളുടെ ബന്ധം നിയമപരമായി വേര്‍പെടുത്തി തരണം.''

ജൂലിയറ്റിന്റെ പെട്ടെന്നുളള സംസാരം കേട്ടപ്പോള്‍ എന്താണ് ഈ കുട്ടി ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. എന്താണ് നിങ്ങള്‍ക്കിടയിലെ പ്രശ്‌നം ? എന്തിനാണ് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത്? ഒരു നിമിഷം എന്തോ ആലോചിച്ചതിനുശേഷം ജൂലിയറ്റ് പറഞ്ഞു തുടങ്ങി.

അച്ഛന്റെയും അമ്മയുടെയും മൂന്നുമക്കളില്‍ ഏറ്റവും ഇളയതായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ സ്‌നേഹവും ലാളനയും ആവോളം എനിക്ക് ലഭിച്ചു. എല്ലാ ഇഷ്ടങ്ങളും സാധിച്ചു തന്നു. കഷ്ടപ്പാട് എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. യാതൊരു വിലക്കുകളുമില്ലാതെ എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നു.

അതുകൊണ്ടാവാം ഞാനിങ്ങനെയായത്. കുട്ടിക്കാലം മുതല്‍ ഒരു അധ്യാപിക ആവണമെന്നായിരുന്നു ആഗ്രഹം. ഡിഗ്രിക്ക് ശേഷം ബിഎഡിനു ചേര്‍ന്നു. അവിടെവച്ചാണ് രാഹുലിനെ കാണുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് എപ്പോഴോ ആ സൗഹൃദം പ്രണയമായി മാറി.

പരസ്പരം പിരിയാന്‍ പറ്റാതെ മനസ്സുകള്‍ കൊണ്ട് അടുത്തു. ഞങ്ങളുടെ പ്രണയം കണ്ട് പല സുഹൃത്തുക്കളും അസൂയപ്പെട്ടിട്ടുണ്ട്. പഠനത്തിനുശേഷം ട്രെയിനിങിനു കയറിയ സ്‌കൂളില്‍ തന്നെ ജോലിയും ലഭിച്ചു.

ആ സമയത്ത് എനിക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി. ആദ്യമൊക്കെ ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് വന്നപ്പോള്‍ രാഹുലിന്റെ കാര്യം തുറന്നു പറഞ്ഞു.

അന്യമതത്തില്‍പെട്ട ഒരാള്‍ക്ക് എന്നെ വിവാഹം കഴിച്ചു കൊടുക്കില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. ജാതിയും മതവും നോക്കിയല്ല രാഹുലിനെ സ്‌നേഹിച്ചത്, അതുകൊണ്ട് തന്നെ രാഹുലിനൊപ്പം ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അത്രയും നാള്‍ എന്നെ സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ ഉപേക്ഷിച്ച് രാഹുലിനെ വിശ്വസിച്ചു ഞാന്‍ അയാള്‍ക്കൊപ്പം പോയി. സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹവും കഴിച്ചു. ഭര്‍തൃവീട്ടിലെത്തിയ എന്നെ എല്ലാവരും സ്‌നേഹത്തോടെ സ്വീകരിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞ് കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി.

എന്ത് ചെയ്താലും അതെല്ലാം മറ്റൊരു കണ്ണോടുകൂടി കണ്ട് എന്നെ കുറ്റപ്പെടുത്തി. എന്റെ അച്ഛനും അമ്മയും മോശക്കാരാണെന്ന് വരെ പറഞ്ഞു. കുറ്റപ്പെടുത്തലുകള്‍ കേട്ടിട്ടും പ്രതികരിക്കാതെ നിന്നു.

ഒരു സ്ത്രീയെന്ന മാനുഷിക പരിഗണന പോലും തന്നില്ല. 'ഞാന്‍ വിഷം തീണ്ടുന്ന ഇനമാണെന്നും, കുട്ടികള്‍ ഉണ്ടാകില്ലെന്നും' പറഞ്ഞ് പൊതുജനമധ്യത്തില്‍ അമ്മായിയമ്മ എന്നെ അപമാനിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടായില്ല.

ഞാന്‍ ജോലിക്കു പോയി വരുന്ന വഴി സ്‌കൂളില്‍ പഠിച്ച സുഹൃത്തിനെ കണ്ട് സംസാരിച്ച് കുറച്ചുനേരം നിന്നു. ഈ വിവരമറിഞ്ഞ് പിറ്റേദിവസം മുതല്‍ ജോലിക്കു പോകണ്ടെന്ന് പറഞ്ഞ് രാഹുല്‍ എന്നെ വിലക്കി. അയാള്‍ക്ക് എന്നെ സംശയമായിരുന്നു. വീടിനു പുറത്തിറങ്ങാനോ മറ്റുളളവരോട് സംസാരിക്കാനോ എന്നെ അനുവദിച്ചില്ല.

അതോടെ ഞങ്ങള്‍ മാനസികമായി അകന്നു. ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃമാതാവില്‍ നിന്നോ സ്‌നേഹമോ, പരിഗണനയോ എനിക്ക് ലഭിച്ചില്ല. ജോലിയോ സ്വന്തമായി വരുമാനമോ ഇല്ലാത്ത എന്റെ ആവശ്യങ്ങള്‍ പോലും അദ്ദേഹം പരിഗണിച്ചില്ല. ജീവനു തുല്യം രാഹുലിനെ സ്‌നേഹിച്ചിട്ടും എന്നെ മനസിലാക്കാന്‍ സാധിച്ചില്ല.

ഇനി എന്തിനാണ് ഞാന്‍ ജീവിക്കുന്നത്. മാനസിക നിലതെറ്റുമെന്നായപ്പോള്‍ വീണ്ടും ജോലിക്കു പോകാന്‍ തീരുമാനിച്ചു. അതിന് എന്നെ വീട്ടില്‍ നിന്നിറക്കി വിട്ടു. ഇപ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലില്‍ നിന്നാണ് ജോലിക്കു പോകുന്നത്.

എന്നെ സംശയമുളള ഒരു ഭര്‍ത്താവിനെ ഇനി എനിക്ക് എന്തിനാ? എന്താണ് അദ്ദേഹം എന്നില്‍ കണ്ട കുഴപ്പം? എനിക്കൊരു അമ്മയാവാന്‍ കഴിയാതെ പോയതാണോ? അത് എന്റെ തെറ്റാണോ? അതില്‍ അദ്ദേഹത്തേക്കാള്‍ വിഷമിക്കുന്നത് ഞാനല്ലേ?

ഇന്നത്തെ തലമുറ ദാമ്പത്യജീവിതത്തിന് യാതൊരു വിലയും കല്പിക്കുന്നില്ല. സ്‌കൂളിലും കോളേജിലും വച്ച് കാണുന്നു, പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നു, എന്നല്ലാതെ ലൈഫില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പരസ്പരം മനസിലാക്കി മുന്നോട്ട് പോകാന്‍ രണ്ടുകൂട്ടരും തയ്യാറാകുന്നില്ല. ഇതാണ് മിക്ക ബന്ധവും തകരാന്‍ കാരണം.

പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് പരിഹരിക്കുന്നതല്ലേ നല്ലതെന്ന് ചോദിച്ചിട്ട് ജൂലിയറ്റ് അതിന് തയ്യാറായില്ല. അവരുടെ കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

തയ്യാറാക്കിയത് : അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 04 Aug 2017 01.57 PM
YOU MAY BE INTERESTED
TRENDING NOW