Wednesday, September 13, 2017 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 03 Aug 2017 01.56 PM

കരയുമ്പോള്‍ ശ്വാസം നിലയ്ക്കുന്നു എന്താണ് ഇതിനു കാരണം?

കുട്ടികളുടെ ആരോഗ്യം
uploads/news/2017/08/133459/asdrkidscar030817.jpg

അപസ്മാരത്തിനു നല്‍കുന്ന മരുന്ന് മുടങ്ങാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് കഴിക്കുക. ചിലരില്‍ ഇ.ഇ.ജിയില്‍ തകരാര്‍ കാണിച്ചില്ലെങ്കിലും രോഗം ഉണ്ടായെന്നു വരും

അപസ്മാരത്തിന് പരിഹാരം


മകന് 6 വയസ്. രണ്ടു വര്‍ഷം മുമ്പ് അവന് അപസ്മാരത്തിന്റെ ലക്ഷണം കണ്ടു. ഡോക്ടറെ കാണിച്ചു. അപ്പോള്‍ ഇ.ഇ.ജി എടുക്കാന്‍ പറഞ്ഞു. അതിനു ശേഷം മരുന്നും നല്‍കി. മരുന്നു കഴിക്കാന്‍ തുടങ്ങിയതോടെ കുട്ടിക്ക് ക്ഷീണം കൂടുന്നതായി തോന്നി. സദാ ഉറക്കം തൂങ്ങുന്നു. ഓര്‍മ്മക്കുറവുമുണ്ട്. ഇതേത്തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് നിര്‍ത്തി. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം രോഗം വീണ്ടും ഉണ്ടായി. വീണ്ടും മരുന്നു കഴിച്ചുതുടങ്ങി. ഇപ്പോള്‍ കുട്ടിക്ക് ഓര്‍മ്മശക്തി കിട്ടുന്നില്ലെന്നാണ് പരാതി. അപസ്മാരത്തിനുള്ള മരുന്ന് എത്രകാലം കഴിക്കേണ്ടിവരും. ഓര്‍മ്മക്കുറവ് ഉണ്ടാകുന്നത് മരുന്നുകഴിക്കുന്നതുകൊണ്ടാണോ?
_____ അനില്‍ ദിവാകര്‍ , ചേര്‍പ്പുളശേരി

അപസ്മാരത്തിനുള്ള മരുന്ന് പലര്‍ക്കും പല കാലയളവില്‍ കഴിക്കേണ്ടിവരും. രോഗത്തിന്റെ ഇടവേളകള്‍ അനുസരിച്ചിരിക്കും മരുന്നിന്റെ കാലാവധി. വര്‍ഷങ്ങളോളം കഴിക്കേണ്ടിവരും. മരുന്നു നിര്‍ത്തിയപ്പോള്‍ അസുഖം വീണ്ടും വന്നത് അതുകൊണ്ടാണ്. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്ക് മരുന്ന് നിര്‍ത്താറായിട്ടില്ല.

അപസ്മാരത്തിനു നല്‍കുന്ന മരുന്ന് മുടങ്ങാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് കഴിക്കുക. ചിലരില്‍ ഇ.ഇ.ജിയില്‍ തകരാര്‍ കാണിച്ചില്ലെങ്കിലും രോഗം ഉണ്ടായെന്നു വരും. ഓര്‍മ്മക്കുറവുണ്ടെങ്കില്‍ കുട്ടിക്ക് പഠിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും മാതാപിതാക്കള്‍ അതിന് ശ്രദ്ധിക്കുകയും വേണം.

കൊതുകും അലര്‍ജിയും


ഒന്നര വയസുള്ള മകനുവേണ്ടിയാണ് ഈ കത്ത്. കൊതുകോ ചില ഉറുമ്പോ കടിച്ചാല്‍ അവന്റെ ദേഹമാകെ ചുവന്ന് തടിക്കും. ചൊറിഞ്ഞു പൊങ്ങുകയും ചെയ്യും. ചൊറിഞ്ഞ് തൊലിപോയ സ്ഥലത്ത് വെള്ള നിറത്തില്‍ പാടുകള്‍ ഉണ്ടാകുന്നു. എന്താണ് ചെയ്യേണ്ടത്.?
_____ പ്രസീത റജി , തൃപ്പൂണിത്തുറ

അലര്‍ജിയാണ് നിങ്ങളുടെ കുഞ്ഞിനെ അലട്ടുന്ന പ്രശ്‌നം. കൊതുകിനെ തുരത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. കുട്ടിയെ എത്രയും വേഗം ഒരു ത്വക്ക്‌രോഗ വിദഗ്ധനെ കാണിക്കണം.

പല്ലു മുളയ്ക്കാന്‍


ഞാന്‍ 14 വയസുള്ള വിദ്യാര്‍ഥിനിയാണ്. എന്റെ മുന്‍ ഭാഗത്തെ പല്ല് പറിഞ്ഞിട്ട് മൂന്നു വര്‍ഷമായി. എന്നാല്‍ ഇതുവരെ ആ പല്ലുകള്‍ പൂര്‍ണമായും തിരികെ വന്നിട്ടില്ല. കുറച്ചുഭാഗം മാത്രമാണ് പുറത്തു കാണാന്‍ കഴിയുന്നത്. കൂട്ടുകാരൊക്കെ ഇതിന്റെ പേരില്‍ എന്നെ കളിയാക്കുന്നു. ഡോക്ടറെ കണ്ടപ്പോള്‍ കാത്സ്യം ഗുളിക കഴിക്കാന്‍ പറഞ്ഞു. പക്ഷേ, ഗുളിക കഴിച്ചതുകൊണ്ടൊന്നും മാറ്റമുണ്ടായില്ല. ഇനി പല്ലു മുളയ്ക്കാന്‍ എന്തുചെയ്യണം?
____ ആന്‍ ഹെലന്‍, മംഗലാപുരം

പറിഞ്ഞുപോയ പല്ല് വീണ്ടും പൂര്‍ണമായും മുളയ്ക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ എത്രയും വേഗം ഒരു എക്‌സ്‌റേ പരിശോധന നടുത്തുകയാണ് വേണ്ടത്. അതിലൂടെ പല്ലുകള്‍ എല്ലാം മുളയ്ക്കുന്നുണ്ടോ, മുളയ്ക്കുന്നില്ലെങ്കില്‍ അതിനു കാരണമെന്ത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കനാകും.

കാത്സ്യം ഗുളിക ഇപ്പോള്‍ കഴിക്കുന്നതുകൊണ്ട് പ്രയോജനം ചെയ്യില്ല. ഗുളിക കഴിച്ചെന്നു കരുതി പല്ലു മുളയ്ക്കുകയുമില്ല. ഒരു ഡെന്റിസ്റ്റിനെ കണ്ട് വിശദമായി പരിശോധന നടത്തുക.

കരയുമ്പോള്‍ ശ്വാസം നിലയ്ക്കുന്നു


കുട്ടിക്ക് ഒമ്പതു മാസം പ്രായം. ആറുമാസം പ്രായമായതു മുതല്‍ മിക്ക സമയത്തും അവന്‍ കരയുമ്പോള്‍ ശ്വാസം കിട്ടാതെ വളരെ നേരം വായ തുറന്നിരിക്കും. എന്താണ് ഇതിനു കാരണം? ഹൃദയസംബന്ധമായ പ്രശ്‌നമാവാന്‍ സാധ്യതയുണ്ടോ?
_____ ഹൃദ്യ രാജേഷ്, വടക്കാഞ്ചേരി

ഒമ്പതു മാസം പ്രായമുള്ള കുട്ടി കരഞ്ഞ് ശ്വാസം പിടിച്ചു നിര്‍ത്തുന്ന അവസ്ഥയ്ക്ക് ബ്രത്ത് ഹോള്‍ഡിംഗ് സ്‌പെല്‍ എന്നാണ് പറയുന്നത്. ഇതൊരു സ്വഭാവ വൈകല്യമാണ്. ചില കുട്ടികള്‍ വാശിപിടിച്ച് കരയുമ്പോഴാണ് ഇത്തരത്തില്‍ ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാകുന്നത്.

ഇതിന് ഹൃദയസംബന്ധമായ അസുഖങ്ങളുമായി ബന്ധമില്ല. എങ്കിലും കുഞ്ഞിനെ ഡോക്ടറെ കാണിച്ച് പരിശോധിച്ച് തകരാര്‍ ഒന്നുമില്ലെന്ന് ഉറപ്പിക്കുക. കുട്ടിക്ക് വാശി കൂടുതലുള്ളതായാണ് കാണുന്നത്. ഇത് സ്വഭാവ വൈകല്യത്തിന്റെ ഭാഗമാണ്.

വാശിപിടിച്ചു കരയുമ്പോള്‍ ശ്വാസം നിലച്ചുപോകുന്നത് ഒഴിവാക്കാന്‍ കുട്ടി ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കും. ഇതിനു പകരമായി കുഞ്ഞിന്റെ ശരീരത്തില്‍ തട്ടിയോ നുള്ളിയോ ചെറുതായി വേദനിപ്പിച്ചാല്‍ സ്വഭാവം നിയന്ത്രിക്കാനാവും.

കരഞ്ഞ് ഏറെനേരം ശ്വാസം തടസപ്പെട്ടാല്‍ ശരീരത്തിന് നീലനിറം ഉണ്ടാവുകയും അപസ്മാരത്തിന് കാരണമാവുകയും ബോധക്ഷയം സംഭവിക്കാനും സാധ്യതയുണ്ട്. കുഞ്ഞിനെ അത്തരമൊരു അവസ്ഥയിലേക്ക് വിടാതെ അവന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കണം.

ദേഹത്ത് തട്ടുകയോ ചെറുതായി നുള്ളുകയോ ചെയ്താല്‍ കുഞ്ഞിന്റെ ശ്രദ്ധതിരിയും. ശ്വാസം പിടിച്ചുള്ള കരിച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തുകൊള്ളും. ഡോക്ടറെ കാണിച്ച് രക്തക്കുറവിന്റെ തകരാര്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

കൈകാലുകള്‍ക്ക് വണ്ണം കുറവ്


മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനുവേണ്ടിയാണ് ഈ കത്ത്. എട്ട് വയസ്. കുട്ടിക്ക് ആവശ്യത്തിന് പൊക്കമുണ്ട്. പക്ഷേ വണ്ണം കുറവാണ്. പ്രത്യേകിച്ച് കൈകാലുകള്‍ക്ക്. എന്താണ് ഇതിനു കാരണം? പരിഹാരമാര്‍ഗമുണ്ടോ?
____ ആതിര ,പറവൂര്‍

കുഞ്ഞിന്റെ തൂക്കം എത്രയാണെന്ന് കത്തില്‍ നിന്നും വ്യക്തമല്ല. എട്ടുവയസുള്ള കുട്ടിക്ക് 24 - 25 കിലോഗ്രാം തൂക്കവും 125 - 126 സെന്റീ മീറ്റര്‍ ഉയരവുമാണ് വേണ്ടത്. ആവശ്യത്തിന് തൂക്കം ഉണ്ടെങ്കില്‍ കുഞ്ഞിന് അസുഖമാകാനുള്ള സാധ്യത കുറവാണ്. കൈാകാലുകള്‍ മാത്രം വണ്ണം കുറഞ്ഞിരിക്കുന്നത് ശരീരപ്രകൃതിയാവാം.

ഉയരത്തിന് അനുസരിച്ചുള്ള തൂക്കം കുട്ടിക്ക് ഉണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല. എട്ടുവയസല്ലേ ആയിട്ടുള്ളൂ. കൗമാരമാകുന്നതോടെ ശാരീരിക വളര്‍ച്ച ആരംഭിച്ച് ഇപ്പോഴുള്ള കുറവുകള്‍ പരിഹരിക്കപ്പെടും. നിലവില്‍ വളര്‍ച്ചാ സംബന്ധമായ തകരാര്‍ എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ ഡോക്ടറെ കാണുക.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW