Tuesday, September 12, 2017 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 04.45 PM

മഴക്കാല ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം

uploads/news/2017/08/133164/ayurvedarainhelth.jpg

വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിതചര്യകള്‍ ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ വേണം ഈ സമയത്ത് ശീലിക്കാന്‍.

മഴക്കാലം എത്തുന്നതോടെ പനിക്കാലവും പിറക്കുകയാണ്. കടുത്ത ചൂടില്‍നിന്ന് തണുത്ത അന്തരീക്ഷത്തിലേക്കുള്ള മാറ്റം ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചേക്കാം. അതിനാല്‍ മഴക്കാല ആരോഗ്യപരിപാലനത്തില്‍ ഏറെ കരുതല്‍ ആവശ്യമാണ്.

ജീവിതരീതി പുനക്രമീകരിക്കുന്നതിലൂടെ പനി പോലുള്ള രോഗങ്ങളെ പ്രതിരോധിച്ചു നിര്‍ത്താമെന്ന് ആയുര്‍വേദം പറയുന്നു. ചിട്ടയായ ആയുര്‍വേദ ചര്യകളാണ് അതിന് ആവശ്യം.

ആയുര്‍വേദ ചര്യകളിലൂടെ


വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിതചര്യകള്‍ ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ വേണം ഈ സമയത്ത് ശീലിക്കാന്‍.

ചെറുപയര്‍, ഞവരയരി, മാംസരസം, തേന്‍, അരിഷ്ടങ്ങള്‍ എന്നിവ നിത്യോപയോഗത്തില്‍ ഉള്‍പ്പെടുത്താം. ചുക്കിട്ടു തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കണം.

മൈദകൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മത്സ്യം, മാംസം, തൈര്, പാല്‍, എണ്ണ അധികരിച്ച ആഹാരസാധനങ്ങള്‍, തണുത്തു പഴകിയവ എന്നിങ്ങനെ ദഹനത്തെ തകരാറിലാക്കുന്നവ ഒഴിവാക്കണം.

മഴക്കാലത്ത് നദീജലത്തില്‍ കുളിക്കുന്നതു നന്നല്ല. മുങ്ങിക്കുളിയും ഒഴിവാക്കേണ്ടതാണ്. പകലുറക്കം, അതിയായ ദേഹാദ്ധ്വാനം എന്നിവയും ഒഴിവാക്കണം.

വൈറല്‍പനി


വര്‍ഷകാലത്തെത്തുന്ന പകര്‍ച്ചവ്യാധിയാണ് വൈറല്‍പനി. ജലദോഷം, ദേഹവേദന, സന്ധികളില്‍ വേദന എന്നിവയോടുകൂടിയ പനിയാണ് രോഗലക്ഷണം.

ശക്തിയായ പനി 2-3 ദിവസം 102 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ നില്‍ക്കാറുണ്ട്. ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും കാണാറുണ്ട്.

നല്ല വിശ്രമം ഈ സമയത്ത് ആവശ്യമാണ്. കഞ്ഞിപോലുള്ള ലഘുവായ ആഹാരങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ചുക്ക്, തുളസിയില, മല്ലി ഇവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുക.

വെട്ടുമാറന്‍ ഗുളിക, ചുക്കുംതിപ്പല്യാദി ഗുളിക, കുടജാരിഷ്ടം, അമൃതാരിഷ്ടം, സുദര്‍ശനാസവം ഇവ ഒരു ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കാവുന്നതാണ്.

ചുമ, ശ്വാസംമുട്ടല്‍ എന്നിവ വൈറല്‍പനിയില്‍ സാധാരണ ഉണ്ടാകാറില്ല. പനി തുടര്‍ന്നു നില്‍ക്കുക, മൂത്രത്തിന് നിറവ്യത്യാസം, ചുവപ്പുനിറം, അളവുകുറയുക എന്നിവ അനുഭവപ്പെട്ടാല്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്.

ഗോരോചനാദി ഗുളിക ഇഞ്ചിനീരിലോ തേനിലോ സേവിക്കുന്നത് ബാക്ടീരിയ മൂലമുള്ള രോഗാണുബാധ ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ രക്താണുക്കളുടെ എണ്ണം കുറയുന്നത് തടയും.

ചുമയ്ക്ക് ദശമൂലകടുത്രയം കഷായം, വ്യാഘ്ര്യാദി കഷായം, കര്‍പ്പൂരാദി ചൂര്‍ണ്ണം ഇവയും ഉപയോഗിക്കാവുന്നതാണ്. ആടലോടക നീരില്‍ തേന്‍ ചേര്‍ത്തും ഉപയോഗിക്കാം.

വീടും പരിസരവും പുകയ്ക്കുന്നത് നല്ലതാണ്. രോഗി കിടക്കുന്ന മുറി കുന്തിരിക്കം, ഗുണ്മുലു, വയമ്പ്, ജടാമഞ്ചി, വേപ്പില, എരിക്കില, ദേവതാരം ഇവയിട്ടു പുകയ്ക്കണം.

ഇത് രോഗ ശമനത്തിനും, മറ്റുള്ളവരിലേയ്ക്ക് രോഗം പകരാതെയിരിക്കുന്നതിനും സഹായിക്കും. കൊതുകിനെ അകറ്റുന്നതിനും പ്രയോജനപ്രദമാണ്. പുകയ്ക്കുന്നതിനുള്ള അപരാജിത ധൂപചൂര്‍ണം വിപണിയില്‍ ലഭ്യമാണ്.

രോഗപ്രതിരോധം


ജീവിതരീതിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും, പരിസര മലിനീകരണവുമാണ് വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം. വ്യക്തിശുചിത്വം, പരിസരശുചിത്വം ഇവ പാലിക്കുക, ആരോഗ്യകരമായജീവിതരീതിയിലേക്കു മടങ്ങുക ഇവയാണ് ഇതിനുള്ള പ്രതിവിധി.

രോഗപ്രതിരോധ ശക്തി നന്നായിട്ടുള്ളവരില്‍ ഡെങ്കിപ്പനി മുതലായ രോഗങ്ങള്‍പോലും മാരകമാകുന്നില്ല. പഞ്ചകര്‍മ്മ ചികിത്സയിലൂടെ ശരീരാരോഗ്യം, വ്യാധിക്ഷമത്വം ഇവ നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു.

ഔഷധങ്ങള്‍ കൊണ്ടുണ്ടാക്കിയ കര്‍ക്കടക കഞ്ഞി ദിവസം ഒരു നേരം സേവിയ്ക്കുന്നത് പ്രയോജന പ്രദമാണ്.

1. മഴക്കാലത്ത് ആഴ്ചയില്‍ ഒരു ദിവസം അവിപത്തി ചൂര്‍ണ്ണം -15 ഗ്രാം ഉപയോഗിച്ച് വിരേചനം നടത്തി ശരീരം ശുദ്ധിയാക്കണം. അതിനുശേഷം ഇന്ദുകാന്തം കഷായം, വില്വാദി ഗുളിക എന്നിവ ഉപയോഗിക്കുന്നത് പകര്‍ച്ചപ്പനികളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

2. കുടിക്കാന്‍ ചുക്ക്, കൊത്തമല്ലി ഇവ ഇട്ടുതിളപ്പിച്ച വെള്ളമോ, പഞ്ചകോല ചൂര്‍ണ്ണം ഇട്ടു തിളപ്പിച്ച വെള്ളമോ ഉപയോഗിക്കാവുന്നതാണ്.

3. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ചികിത്സാക്രമങ്ങള്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി.എസ്. ശ്രീകുമാര്‍

Ads by Google
Advertisement
Wednesday 02 Aug 2017 04.45 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW