Saturday, May 19, 2018 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 04.00 PM

പറയാന്‍ ബാക്കിവച്ചത്...

'എന്റെ നെഞ്ചൊന്നു കാളി. ഇപ്പോള്‍ പറ രാജേഷേ, പിന്നീട് പറയാന്‍ ബാക്കിവയ്ക്കാതെ എന്നു മനസില്‍ തോന്നി. പക്ഷേ രാജേഷിനു സംസാരിക്കാന്‍ പോലും വയ്യായിരുന്നു.'
uploads/news/2017/08/133155/Weeklyaanmanasu020817.jpg

ഒരു സ്വകാര്യ ചാനലിനുവേണ്ടി ഞാന്‍ എഴുതിയ ടെലിഫിലിമിന്റെ പേരായിരുന്നു 'പറയാന്‍ ബാക്കിവച്ചത്' എന്ന്. എന്നാല്‍ അതിന് കൃത്യം രണ്ടുവര്‍ഷം കഴിഞ്ഞും പിന്നീടൊരിക്കലും സംഭവിച്ച രണ്ടു കാര്യങ്ങള്‍ ആ പേരില്‍ത്തന്നെ എന്നെ വേട്ടയാടുന്നുണ്ട്.

ഒരു സിനിമയുടെ എഴുത്തുമായി ബന്ധപെട്ട് അന്നു ഞാന്‍ ചങ്ങനാശേരിയില്‍ ആയിരുന്നു. ഉച്ചയ്ക്ക് എന്റെ സുഹൃത്തായ ഉണ്ണികൃഷ്ണന്‍ വന്നിരുന്നു.

വൈകിട്ട് ഉണ്ണി പോകാനിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, അല്‍പ്പം കഴിഞ്ഞു പോകാമെന്ന്. എന്തോ അകാരണമായ ഭയം എന്റെ ഉള്ളില്‍ കിടന്ന് കുത്തിനോവിക്കുന്നുണ്ടായിരുന്നു.

ഏകദേശം ഒമ്പതു മണിയായപ്പോള്‍ ആലപ്പുഴയിലെ വീട്ടില്‍ നിന്ന് അച്ഛന്‍ വിളിച്ചു.നാളെ നീ ഇവിടെവരെ ഒന്നു വരണമെന്നും നിന്നോടു മാത്രമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞു. ഞാന്‍ വരാമെന്ന് ഉറപ്പു കൊടുത്തു.

ഉണ്ണിയെ ഞാന്‍ യാത്രയാക്കി ഉറങ്ങാന്‍ കിടന്നു .ഏതാണ്ട് പതിനൊന്നു മണി ആയപ്പോള്‍, വീട്ടില്‍നിന്ന് അനിയത്തി വിളിച്ചു. ചേട്ടന്‍ ഉടന്‍ വീടുവരെ വരണമെന്നും അച്ഛനു തീരെ വയ്യ എന്നും അവള്‍ പറഞ്ഞു.

ഞാന്‍ ഉടന്‍തന്നെ, നിര്‍മാതാവ് രാകേഷും സംവിധായകന്‍ അനിലും ഏര്‍പ്പാടാക്കിത്തന്ന കാറില്‍ ആലപ്പുഴയിലേക്കു തിരിച്ചു. വീട്ടില്‍ ചെന്നപ്പോള്‍, അവിടുത്തെ ലൈറ്റും ആള്‍ക്കൂട്ടവും കണ്ടപ്പോള്‍ അച്ഛന്‍ പോയി എന്ന് മനസിലായി.

ഉമ്മറത്ത് കയറി നിറഞ്ഞ കണ്ണുകളുമായി ആ മുഖത്തേക്കു ഞാന്‍ നോക്കിയത് എന്നോടു പറയാന്‍ ബാക്കിവച്ച കാര്യം ആ മുഖത്തുനിന്ന് എനിക്കു വായിച്ചെടുക്കാന്‍ കഴിഞ്ഞേക്കും എന്ന വൃഥാമോഹവുമായി ആയിരുന്നു.

മറ്റൊന്ന് നമ്മെ വിട്ടുപിരിഞ്ഞ പ്രിയസംവിധായകന്‍ രാജേഷ് പിള്ളയുടെ ഓര്‍മയാണ്. രാജേഷിന്റെ ആദ്യചിത്രം എന്റെ തിരക്കഥയില്‍ ആയിരുന്നു. അതിന്റെ പരാജയത്തില്‍ വലിയ ആത്മസംഘര്‍ഷത്തിലായിരുന്നു രാജേഷ്.

ഞാന്‍ തൃശൂരില്‍ താമസിക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും എന്റെ വീട്ടില്‍ രാജേഷ് താമസിച്ചിട്ടുണ്ട്. എന്റെ മൂത്തമകള്‍ പാറു എന്നു വിളിക്കുന്ന നിലാച്ചന്ദന എന്നും കളിയും വഴക്കുമായി രാജേഷുമായി വലിയ ചങ്ങാത്തത്തില്‍ ആയിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം രാജേഷ് വയ്യാതെ വീട്ടില്‍ കിടപ്പായ സമയം ഒരിക്കല്‍ എന്നെവിളിച്ചു. എനിക്ക് പാറുവിനെ ഒന്നു കാണണം രവിച്ചേട്ടാ എന്നാണ് ആവശ്യം.

ഞാനപ്പോള്‍ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ആയിരുന്നു എങ്കിലും യാത്ര ഉപേക്ഷിച്ച് തൃശൂര്‍ വന്ന് ഭാര്യയും മക്കളുമായി ഏറണാകുളത്ത് രാജേഷിന്റെ ഫ്‌ളാറ്റില്‍ എത്തി. മകള്‍ വലുതായിപ്പോയി എന്നൊക്കെ പറഞ്ഞ് അവളെ അടുത്തിരുത്തി ലാളിച്ചു.

രാജേഷ് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമായ 'വേട്ട'യുടെ എഡിറ്റ് ചെയ്ത കോപ്പി ലാപ്‌ടോപില്‍ കണ്ടു, അഭിപ്രായവും പറഞ്ഞു.

പോകാന്‍ നേരം രാജേഷ് എന്റെ കൈപിടിച്ചു പറഞ്ഞു: രവിച്ചേട്ടാ, എന്റെ അസുഖമൊന്നു മാറി വന്നിട്ട് നമുക്കൊന്ന് ഇരിക്കണം, എനിക്കു ചിലത് ചേട്ടനോടു പറയാനുണ്ട്.

എന്റെ നെഞ്ചൊന്നു കാളി. ഇപ്പോ പറ രാജേഷേ, പിന്നീട് പറയാന്‍ ബാക്കിവയ്ക്കാതെ എന്നു മനസില്‍ തോന്നി. പക്ഷേ രാജേഷിനു സംസാരിക്കാന്‍ പോലും വയ്യായിരുന്നു. അതിനുശേഷം ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.

അച്ഛനെപ്പോലെ രാജേഷും പറയാനുള്ളത് ബാക്കിവച്ചു പോകരുതേ, രാജേഷിന്റെ അസുഖം ഉടന്‍ മാറണേ എന്ന്. പക്ഷേ വിധി പിന്നെയും എനിക്കായ് കാത്തുവച്ചത് പറയാന്‍ ബാക്കിവച്ച എന്തൊക്കെയോ ആയിരുന്നു. രാജേഷ് അടുത്ത ദിവസം യാത്രയായി.

ഇപ്പോഴും ആരെങ്കിലും ഫോണില്‍ വിളിച്ചിട്ട് നാളെയൊന്നു കാണണം, ചിലതു പറയാനുണ്ട് എന്ന് പറയുമ്പോള്‍ മനസ് ഒന്നു പിടയും. എനിക്ക് വല്ലാത്ത ഭയമാണ് ആ വാക്കുകളോട്; ഒരുതരം ഫോബിയ. ഞാന്‍ അപ്പോള്‍ത്തന്നെ അവരോടു പറയും, നാളത്തേക്കു വയ്ക്കാതെ ഇപ്പോള്‍ത്തന്നെ പറയൂ എന്ന്.

തയ്യാറാക്കിയത് :
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW