Tuesday, October 31, 2017 Last Updated 36 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 02.49 PM

സീതാദേവിയുടെ തര്‍പ്പണം

uploads/news/2017/08/133145/joythi020817.jpg

പട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമന്‍ അയോദ്ധ്യ ഭരിക്കുന്ന കാലം. ദശരഥ മഹാരാജാവിന്റെ ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ശ്രീരാമനും, സഹോദരന്മാരും, സീത, ബന്ധുമിത്രാദികള്‍, രാജമാതാക്കള്‍ തുടങ്ങി എല്ലാവരും ഗയാതീര്‍ത്ഥക്കരയിലേക്ക് പുറപ്പെട്ടു.

ഗയയിലെത്തിയ രാമനും അനുജന്മാരും സ്‌നാനാനന്തരം കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ചു. സീതാദേവി കൂടെ വന്നിരുന്നുവെങ്കിലും ദേവി 'അശുദ്ധ' ആയതിനാല്‍ ശ്രാദ്ധകര്‍മ്മങ്ങളില്‍ പങ്കെടുക്കാതെ ദൂരെ മാറിനിന്നു.

ഭര്‍ത്തൃപിതാവിന്റെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്ത സങ്കടത്തോടെ കുറച്ചകലെ മാറി നദിയിലിറങ്ങി സ്‌നാനം ചെയ്തു.

മുങ്ങിക്കുളിച്ച്, ഈറനോടെ, തല തുവര്‍ത്താതെ, വസ്ത്രങ്ങള്‍ മാറാതെ സീതാദേവി നദിക്കരയിലെ മണ്ണ് രണ്ട് കൈകള്‍കൊണ്ടും വാരിക്കൂട്ടിക്കുഴച്ച് ഒരു പിണ്ഡമാക്കി. എന്നിട്ട് ദശരഥനെ മനസ്സില്‍ ധ്യാനിച്ച് തര്‍പ്പണം നടത്തി.

സ്വന്തം മനഃസമാധാനത്തിനും ദുഃഖത്തെ ഇല്ലാതാക്കാനുമാണ് സീത ഇങ്ങനെ ചെയ്തത്. തര്‍പ്പണം ചെയ്ത് കഴിഞ്ഞപ്പോള്‍ ഒരു സംതൃപ്തി സീതാദേവിക്കനുഭവപ്പെട്ടു. സീത ദൂരെയായതിനാല്‍ പിണ്ഡതര്‍പ്പണം നടത്തിയത് ആരും കണ്ടതുമില്ല.

ശ്രീരാമന്‍ പിതൃതര്‍പ്പണം നടത്തുന്ന സമയം ബലിപിണ്ഡം പിതാവിനെ സ്മരിച്ചുകൊണ്ട് ഭക്തിപൂര്‍വം സമര്‍പ്പിക്കാനൊരുങ്ങി. അനുജന്മാരും ജ്യേഷ്ഠനോടൊപ്പം കര്‍മ്മങ്ങള്‍ ചെയ്ത് പിതാവിനെ സ്മരിച്ചു.

പക്ഷേ, ബലിപിണ്ഡം സ്വീകരിക്കാന്‍ ദശരഥന്റെ പിതൃ അവിടെ വന്നില്ല. ഗയയില്‍ തര്‍പ്പണം ചെയ്താല്‍ പിതൃക്കള്‍ പ്രത്യക്ഷപ്പെട്ട് ബലിപിണ്ഡം സ്വീകരിക്കുകയാണ് പതിവ്. ഇതാണ് ഗഗയിലെ പ്രത്യേകത.

ശ്രീരാമനും സഹോദരന്മാരും തര്‍പ്പണം നടത്തുമ്പോള്‍ പല ദേശത്തുനിന്നും വന്ന ജനങ്ങള്‍ അവിടെ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്.

അവരുടെയെല്ലാം പിതൃക്കള്‍ നേരിട്ട് വന്ന് ദൃശ്യരായി പിണ്ഡങ്ങള്‍ സ്വീകരിച്ച് മടങ്ങുന്നുമുണ്ട്. ശ്രീരാമന്റേയും സഹോദരന്മാരുടേയും പിതാവ് വന്ന് ബലിപിണ്ഡം സ്വീകരിക്കാത്തതില്‍ മറ്റുള്ളവര്‍ പരിഹാസത്തോടെ ചിരിക്കാന്‍ തുടങ്ങി.

ദേഷ്യത്തോടെ ദശരഥപുത്രന്മാര്‍ രാജമാതാക്കളോട് ചോദിച്ചു. ''ദശരഥ മഹാരാജാവ് തന്നെയാണോ ഞങ്ങളുടെ പിതാവ്?'' മൂന്ന് രാജമാതാക്കളും സര്‍വ്വ ഈശ്വരന്മാരേയും സാക്ഷിനിര്‍ത്തി ദശരഥന്‍ തന്നെയാണ് നിങ്ങളുടെ പിതാവെന്ന് വിതുമ്പലോടെ പറഞ്ഞു.

ശ്രീരാമന്‍ ഉടനെ ഹനുമാനെ മനസ്സില്‍ ധ്യാനിച്ചു. ക്ഷണനേരംകൊണ്ട് ഹനുമാന്‍ പ്രത്യക്ഷനായി. ശ്രീരാമന്‍ ഹനുമാനോട് കല്‍പ്പിച്ചു. ''വായുപുത്രാ എന്റെ പിതാവിനെ സ്വര്‍ഗ്ഗലോകത്തുനിന്നും എത്രയും വേഗം എന്റെ അരികെ കൊണ്ടുവരിക.'' ഹനുമാന്‍ സ്വര്‍ഗ്ഗലോകത്തേക്ക് പുറപ്പെട്ടു.

സ്വര്‍ഗ്ഗലോകത്തെത്തിയ ഹനുമാന്‍ അവിടെയെങ്ങും ദശരഥനെ കാണാഞ്ഞ് ദേവേന്ദ്രനോട് ചോദിച്ചു. ദേവേന്ദ്രന്‍ പറഞ്ഞു: ''ദശരഥന്‍ സായൂജ്യമടഞ്ഞ് കുറച്ചുനേരം മുമ്പ് ബ്രഹ്മലോകത്തെത്തിക്കഴിഞ്ഞിരിക്കുന്നു.'' ഉടന്‍ തന്നെ ഹനുമാന്‍ ബ്രഹ്മലോകത്തെത്തി ദശരഥനെ ചുമലില്‍ വഹിച്ചുകൊണ്ട് ശ്രീരാമസന്നിധിയിലെത്തി.

മക്കള്‍ പിതാവിനെ നമസ്‌ക്കരിച്ചശേഷം ചോദിച്ചു: ''പിതാവേ, ഞങ്ങള്‍ ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ബലിപിണ്ഡം സ്വീകരിക്കാന്‍ അങ്ങ് വരാതിരുന്നത് എന്തുകൊണ്ടാണ്?''
''ഞങ്ങള്‍ അങ്ങയുടെ മക്കളല്ലേ?'' ദശരഥന്‍ പറഞ്ഞു.

''നിങ്ങള്‍ എന്റെ പുത്രന്മാരാണ്. നിങ്ങളുടെ അമ്മമാര്‍ പതിവ്രതകളുമാണ്. നിങ്ങള്‍ ബലികര്‍മ്മങ്ങള്‍ ചെയ്ത് തുടങ്ങുന്നതിന് മുമ്പ് രാമന്റെ പത്‌നി പുണ്യവതിയായ സീത എനിക്ക് നല്‍കിയ കര്‍മ്മങ്ങളും ബലിപിണ്ഡങ്ങളും ഞാന്‍ സ്വീകരിച്ചു. വളരെ സവിശേഷതയും, സമര്‍പ്പിതവുമായ കര്‍മ്മമായിരുന്നു സീതയുടേത്.

സര്‍വ്വരിലും ഉല്‍ക്കൃഷ്ടയായ സീതയുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതോടെ, എല്ലാ ഐഹികബന്ധങ്ങളും എന്നില്‍നിന്ന് വിട്ടൊഴിഞ്ഞു. അതോടുകൂടി സായൂജ്യം നേടി ഞാന്‍ ബ്രഹ്മലോകത്ത് എത്തിച്ചേര്‍ന്നു.

അതുകൊണ്ടാണ് എന്റെ പുത്രന്മാരുടെ പിണ്ഡം എനിക്ക് സ്വീകരിക്കാന്‍ കഴിയാതിരുന്നത്.'' ഇത്രയും പറഞ്ഞ് കഴിഞ്ഞ് ദശരഥന്റെ 'പിതൃഭാവം' ആകാശവീഥിയിലേക്ക് മറഞ്ഞുപോയി.

പുണ്യവതിയായ സീതാദേവി ചെയ്ത ബലികര്‍മ്മങ്ങള്‍ പരിപൂര്‍ണ്ണതയിലെത്തുകയാണുണ്ടായത്. ദശരഥന്‍ പിതൃഭാവത്തില്‍ വന്നത് മക്കള്‍ക്ക് നാലുപേര്‍ക്കുമല്ലാതെ മറ്റാര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ഇത്തരം ഒരു ദുഃഖം തനിക്കും അനുജന്മാര്‍ക്കും നേരിട്ടതില്‍ ശ്രീരാമന്‍ മനംനൊന്ത് ശപിച്ചു.

''ഇനിയുള്ള കാലം ഗയാതീര്‍ത്ഥക്കരയില്‍ ബലിപിണ്ഡം സ്വീകരിക്കാന്‍ വരുന്ന പിതൃക്കളെ ആരും കാണാതെ പോകട്ടെ.'' ഈ ശാപഫലമായി ഗയാതീര്‍ത്ഥക്കരയില്‍ പിണ്ഡം സ്വീകരിക്കാന്‍ വരുന്ന പിതൃക്കള്‍ അദൃശ്യരായി വന്ന് പിണ്ഡം സ്വീകരിച്ച് മടങ്ങുന്നു. ഇന്നും ശ്രീരാമന്റെ ശാപം അവിടെ വന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ പിന്‍തുടരുന്നു.

ഉഷാവര്‍മ്മ, പാലക്കാട്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW