Tuesday, October 31, 2017 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Aug 2017 04.20 PM

വീഡിയോ ഗെയിമിന്റെ തടവറയില്‍

''പഠന ഭാരത്തിന്റെ ഇടവേളയില്‍ ആരംഭിക്കുന്ന പല വീഡിയോ ഗെയിമുകളും, പിന്നീട് അഡിക്ഷനായി മാറാന്‍ അധികസമയം വേണ്ടി വരുന്നില്ല. കുട്ടികളുടെ മാനസിക സമ്മര്‍ദങ്ങള്‍ ഒരു പരിധി വരെ അതിജീവിക്കാന്‍ ഇവ സഹായിക്കുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇവയ്ക്ക് നിയന്ത്രണങ്ങളാവശ്യമാണ്. പ്രത്യേകിച്ചും അക്രമസ്വഭാവമുള്ള വീഡിയോ ഗെയിമുകളുടെ കാര്യത്തില്‍''
uploads/news/2017/08/132796/videogameaddtion.jpg

വേനലവധിക്ക് അമ്മവീട്ടില്‍ വന്നതാണ് വിനു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിനുവിന് കളിക്കൂട്ടുകാരനെയും കിട്ടി. അടുത്ത വീട്ടിലെ അപ്പു. വൈകുന്നേരം അപ്പുവിനെയും കൂട്ടി അവന്റെ അമ്മ വിനുവിന്റെ അമ്മയുടെ അടുക്കല്‍ എത്തി.

കളികള്‍ക്കിടെ വിനു, അപ്പുവിനെ ഉപദ്രവിച്ചു എന്നതായിരുന്നു അവരുടെ പരാതി. വിനുവിന്റെ അമ്മ ഞെട്ടലോടെയാണ് അത് കേട്ടത്. മുന്‍പ് സ്‌കൂളില്‍ നിന്നും ഇത്തരം പരാതികള്‍ പല തവണ പറഞ്ഞിരുന്നെങ്കിലും പ്രായത്തിന്റെ കുസൃതിയായി അതിനെ കണക്കാക്കി.

ഫ്‌ളാറ്റിലെ ഒഴിവു സമയങ്ങളില്‍ വിനുവിന് കൂട്ട് വീഡിയോ ഗെയിമുകള്‍ മാത്രമായിരുന്നു. അത് അവനില്‍ ആക്രമണസ്വഭാവം വളര്‍ത്തി.

കൂട്ടുകൂടാന്‍ വീഡിയോ ഗെയിമുകള്‍


ഒഴിവു സമയങ്ങളേറെയും കുട്ടികള്‍ ചെലവിടുന്നത് വീഡിയോ ഗെയിമുകളിലൂടെയാണ്. അവരുടെ ഉറ്റ സുഹൃത്തും ഇപ്പോള്‍ ഇത്തരം ഗെയിമുകളായി മാറിയിട്ടുണ്ട്. അവധി ദിനങ്ങള്‍ ഗെയിമുകള്‍ക്ക് മാത്രമായി ചെലവഴിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്.

പഠനഭാരത്തിന്റെ ഇടവേളയില്‍ ആരംഭിക്കുന്ന പല വീഡിയോ ഗെയിമുകളും, പിന്നീട് അഡിക്ഷനായി മാറാന്‍ അധികസമയം വേണ്ടി വരുന്നില്ല. കുട്ടികളുടെ മാനസിക സമ്മര്‍ദങ്ങള്‍ ഒരുപരിധി വരെ അതിജീവിക്കാന്‍ ഇവ സഹായിക്കുമെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ ഇവയ്ക്ക് നിയന്ത്രണങ്ങളാവശ്യമാണ്.

പ്രത്യേകിച്ചും അക്രമസ്വഭാവമുള്ള വീഡിയോ ഗെയിമുകളുടെ കാര്യത്തില്‍. അക്രമസ്വഭാവമുളവാക്കുന്ന വീഡിയോ ഗെയിമുകള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ പോലും മാറ്റങ്ങള്‍ സൃഷ്ടിക്കും.

കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍ വരെ


ചെറിയ കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ആക്രമണസ്വഭാവമുള്ള വീഡിയോ ഗെയിമുകളുടെ ഉപയോഗം കൂടാന്‍ സാധ്യത. ഗെയിമുകള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ വരുമ്പോഴാണ് അഡിക്ഷനായി മാറുന്നത്. കുട്ടികളും കൗമാരപ്രായക്കാരുമാണ് ഗെയിമുകള്‍ക്ക് പെട്ടെന്ന് അടിമപ്പെടുക.

ചെറിയ കുട്ടികളില്‍ നിസാര കാര്യങ്ങള്‍ക്ക് വരെ ദേഷ്യപ്പെടുക, എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുക തുടങ്ങിയ മാറ്റങ്ങള്‍ കണ്ടുവരുന്നു. കൗമാരപ്രായക്കാരെ സംബന്ധിച്ച് പഠനത്തെയായിരിക്കും ഇത് ബാധിക്കുക. കൂടുതല്‍ സമയവും വീഡിയോ ഗെയിമുകള്‍ക്കായി ചെലവിടുമ്പോള്‍ പഠനത്തില്‍ ശ്രദ്ധ കുറയും.

വീഡിയോ ഗെയിമുകളുടെ സ്വാധീനം കുട്ടികളെ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്ന് പൂര്‍ണമായും വിലയിരുത്താനാകില്ല. കൗമാരപ്രായക്കാരെ സംബന്ധിച്ച് അവരുടെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് ചില സ്വഭാവമാറ്റങ്ങള്‍ ഉണ്ടാകാം.

ദേഷ്യവും പകയും ഈ പ്രായത്തില്‍ ഉണ്ടാകാം. എന്നാല്‍ ഇവയൊക്കെ അധികരിക്കാന്‍ വീഡിയോ ഗെയിമുകള്‍ കാരണമാകുന്നു എന്നുമാത്രം. ആക്രമണസ്വഭാവമുള്ള വീഡിയോ ഗെയിമുകള്‍ കൂടുതലും ലക്ഷ്യമാക്കുന്നത് കുട്ടികളെയാണ്.

കുട്ടികളെ വളരെ വേഗം ആകര്‍ഷിക്കുന്ന തരത്തിലുള്ള വീഡിയോ ഗെയിമുകളാണിവ. വീഡിയോ ഗെയിമുകള്‍ക്കായി സമയം ചിലവിടുന്നത് കുട്ടികളുടെ ഇമാജിനേഷനുള്ള കഴിവ് കുറയ്ക്കും.

ഒഴിവു സമയങ്ങളില്‍ ഭാവനാത്മകമായി കാര്യങ്ങള്‍ ചിന്തിക്കാനുള്ള അവസരം ഇല്ലാതാകും. പഴയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനോ, പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കാനോ കുട്ടികള്‍ക്ക് സമയമില്ലാതായിട്ടുണ്ട്.

കുട്ടികളിലുണ്ടാകുന്ന സ്വഭാവമാറ്റങ്ങള്‍


ആക്രമണ സ്വാഭാവമുള്ള വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇത്തരം ഗെയിമുകള്‍ കുട്ടികളുടെ കോപം വര്‍ധിക്കുന്നതിനു ഇടയാക്കും. അമിത ബി.പി, ഹൈപ്പര്‍ വെന്റിലേഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.

ദിവസവും ആക്രമണസ്വഭാവമുള്ള ഗെയിമുകള്‍ കുട്ടികളില്‍ മരണത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ വേദനിപ്പിക്കുന്നതിനോ മടി ഇല്ലാതാകുന്നതും ഇവയുടെ അനന്തരഫലങ്ങളാണ്. ആക്രമണ സ്വഭാവമുണര്‍ത്തുന്ന വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്.

മറ്റുള്ളവരുടെ വേദനകളില്‍ കുട്ടികള്‍ക്കുള്ള സമീപനം പോലും വിപരീതമായിരിക്കും. മറ്റുള്ളവരെ സഹായിക്കാനോ, അവരുടെ വിഷമങ്ങളില്‍ സഹതപിക്കാനോ ഇവര്‍ക്ക് മനസുണ്ടാകില്ല. റോഡ് റെയ്‌സ് ഗെയിമുകള്‍ നിരന്തരം ശീലമാക്കിയാല്‍ മുതിര്‍ന്ന പ്രായമെത്തുമ്പോള്‍ അമിതവേഗത്തിലുള്ള ഡ്രൈവിങിനു വരെ സാധ്യതയുണ്ട്.

ചെറിയ പ്രായം മുതല്‍ ഇത്തരം ഗെയിമുകള്‍ കണ്ടും കളിച്ചും വളരുന്നവരില്‍ വാഹനമോടിക്കുമ്പോഴും ഇതേ മത്സരബുദ്ധി ഉണ്ടാകാം. വീഡിയോ ഗെയിമുകളിലെ പോയിന്റുകളാണ് കുട്ടികളെ ആകര്‍ഷിക്കുന്ന ഘടകം.

ഓരോ തവണ പോയിന്റ് ലഭിക്കുമ്പോഴും അത് കുട്ടികള്‍ക്കുള്ള റിവാര്‍ഡായി മാറുന്നു. അതുകൊണ്ട് തന്നെ അത്തരം പ്രവര്‍ത്തിയോട് മസ്തിഷ്‌കം കൂടുതല്‍ പ്രതികരിക്കും.

Advertisement
Advertisement
Ads by Google
TRENDING NOW