Saturday, May 19, 2018 Last Updated 17 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Aug 2017 03.32 PM

എന്താണ് പഞ്ചശിരസ്? വാസ്തുദോഷത്തില്‍ പഞ്ചശിരസിന്റെ പ്രാധാന്യം എന്താണ്‌ ?

വാസ്തുശാസ്ത്രം - 19 പ്രശ്‌നോത്തരി
uploads/news/2017/08/132790/jyothi010817.jpg

ചോദ്യം: പഞ്ചശിരസ് സ്ഥാപിച്ചാല്‍ വാസ്തുദോഷത്തിന് പരിഹാരമാവുമെന്ന് കേട്ടിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ ?
---- നന്ദകുമാര്‍, തൊടുപുഴ

ഉത്തരം: ഗൃഹത്തിന്റെ മര്‍മ്മസ്ഥാനത്ത് ഭിത്തിയോ, തൂണോ വരുന്നത് നിമിത്തമുള്ള മര്‍മ്മപീഡയ്ക്ക് പരിഹാരമായിട്ടാണ് പഞ്ചശിരസ് സ്ഥാപിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന ജീവസന്ധിയാണ് മര്‍മ്മം. പീഡ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യശരീരത്തിലെ പ്രാണന്റെ പീഡ തന്നെയാണ്.

പീഡയും ആനന്ദവും ഉളവാകുന്നത് പ്രാണനുകള്‍ക്കാണ്. ശരീരത്തിലെ 5 പ്രാണനുകളും പഞ്ചകോശങ്ങളേയും പഞ്ചകോശങ്ങള്‍ 5 അന്തഃകരണങ്ങളേയും ആശ്രയിച്ച് അഞ്ചാമതായ ആനന്ദമയകോശത്തിലുള്ള ആനന്ദം സ്വീകരിച്ചാണ് നിലകൊള്ളുന്നത്.

അങ്ങനെ പ്രാണനുകള്‍ എപ്പോഴും ആനന്ദാവസ്ഥയില്‍ നിലകൊള്ളുന്നു. ഈ കോശങ്ങള്‍ അസന്തുലിതാവസ്ഥ പ്രാപിക്കുമ്പോള്‍ പീഡ സംജാതമാവുന്നു. ഗൃഹവും മനുഷ്യശരീരവും എപ്പോഴും സമരസപ്പെട്ടിരിക്കും.

അതായത് ഗൃഹത്തിന്റെ അവസ്ഥ മനുഷ്യനിലേക്ക് സംക്രമിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം നിര്‍മിച്ച വീടുകളില്‍ പോലും മര്‍മ്മപീഡ സംഭവിക്കാവുന്നതാണ്.

അതിനു പരിഹാരമായാണ് പഞ്ചശിരസ് സ്ഥാപിക്കുന്നത്. വാസ്തുശാസ്ത്രമനുസരിച്ചല്ലാതെ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് പഞ്ചശിരസ് സ്ഥാപിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.

എന്താണ് പഞ്ചശിരസ്?


ആന, സിംഹം, പോത്ത്, പന്നി, ആമ എന്നീ അഞ്ച് മൃഗശിരസുകളുടെ പ്രതീകങ്ങള്‍ സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ ഉണ്ടാക്കി; ആനയുടെ ശിരസ് കിഴക്കും സിംഹം പടിഞ്ഞാറും പോത്ത് തെക്കും പന്നി വടക്കും മദ്ധ്യഭാഗത്ത് ആമയും എന്നീ ക്രമത്തിലാണ് സ്ഥാപിക്കേണ്ടത്.

ഈ മൃഗങ്ങളും പഞ്ചകോശങ്ങളും തമ്മില്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു? അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം ഇവയാണ് പഞ്ചകോശങ്ങള്‍. ആന വളരെ ശരീരവ്യാപ്തിയുള്ള മൃഗമാണ്.

അന്നമയത്തിന്റെ അര്‍ത്ഥം ശരീരമെന്നാണ്. ആഹാരവും ഓജസും നല്‍കുന്ന ഉദയസൂര്യന്റെ ദിക്ക് കിഴക്കായതിനാല്‍ ആനയുടെ ശിരസ്സ് കിഴക്ക് വയ്ക്കുന്നു. ഇപ്രകാരം ഗൃഹത്തില്‍ അന്നപാനാദികളുടെ അഭാവം പരിഹരിക്കപ്പെടുന്നു.

പ്രാണമയകോശത്തിന്റെ പ്രതീകമായി സിംഹം വരുന്നു. രക്തത്തിലും മാംസത്തിലുമാണ് പ്രാണന്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ ജീവപ്രാണനെടുക്കുന്ന സിംഹത്തല പടിഞ്ഞാറ് ഭാഗത്തായി സ്ഥാപിക്കുന്നു. കാരണം പ്രാണന്‍ ജലത്തിലൂടെയാണ് നിലനില്‍ക്കുന്നത്. ജലത്തിന്റെ ദിക്കും പടിഞ്ഞാറാണല്ലോ ?

uploads/news/2017/08/132790/jyothi010817a.jpg

അടുത്തതായ മനോമയകോശത്തിന് പ്രതീകമായി പോത്തിന്റെ തല തെക്കുഭാഗത്തായി സ്ഥാപിക്കുന്നു. വാസനകളുടെയും ചിന്തകളുടെയും ഇരിപ്പിടം മനസ്സാണ്. അതിലൂടെ ധര്‍മ്മാധര്‍മ്മങ്ങള്‍ ഉടലെടുക്കുന്നു.

ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം തരുന്ന യമധര്‍മ്മന്‍ പോത്തിനെ വാഹനമാക്കിയിരിക്കുന്നു. തെക്കുഭാഗത്തായി പോത്തിന്റെ തല വരുന്നതിലൂടെ മനോജയം സാധിക്കുകയും അതുവഴി ധര്‍മ്മവും ശാന്തിയും ഗൃഹത്തില്‍ വിളയാടുകയും ചെയ്യുന്നു.

വിജ്ഞാനമയകോശത്തിന്റെ പ്രതീകമായി പന്നിത്തല സ്ഥാപിക്കുന്നു. പന്നി എപ്പോഴും മണ്ണ് തോണ്ടിക്കൊണ്ടിരിക്കുന്നതു പോലെയാണ് വിജ്ഞാനികള്‍ അറിവിനായി ജിജ്ഞാസയോടെ എവിടെയും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

വ്യാഴത്തിന്റെ സ്ഥാനമായ വടക്കുദിക്ക് ഉത്തമമായ അദ്ധ്യാത്മിക ജ്ഞാനത്തെ കുറിക്കുന്നു. അവിടെ പന്നിയുടെ ശിരസ്സ് വരുന്നതിലൂടെ ആ ഭവനത്തില്‍ ആത്മീയ ജ്ഞാനം പരിലസിക്കുന്നു.

ആനന്ദമയ കോശത്തെ പ്രതിനിധീകരിക്കുന്നത് ആമത്തലയിലൂടെയാണ്. ആമ എപ്പോഴും തന്റെ കാലുകളും ശിരസ്സും ഉള്ളിലേക്ക് വലിച്ച് ശാന്തമായി വര്‍ത്തിക്കുന്നു. ആനന്ദസ്വരൂപനായ ഒരു യോഗിയും ഇതുപോലെ ഏകാഗ്രമായി ധ്യാനിക്കുന്നു.

ക്ഷമയും ഏകാഗ്രതയും ഉണ്ടെങ്കില്‍ ജീവിതത്തില്‍ ആനന്ദം ഉണ്ടാകുമെന്ന് ഈ പ്രതീകത്തിലൂടെ ഉദ്‌ബോധിപ്പിക്കുന്നു. ആമ കരയിലും വെള്ളത്തിലും ഒരുപോലെ വസിക്കുന്നു. ആയുസ്സ് വളരെ കൂടുതലുമാണ്. ആയതിനാല്‍ ആമ പരബ്രഹ്മത്തെ ഓര്‍മ്മിപ്പിക്കുന്നു.

ബ്രഹ്മം സനാതനവും സര്‍വ്വവ്യാപകവുമാണ്. ആയതിനാല്‍ ആമയുടെ ശിരസ്സ് മദ്ധ്യത്തിലായി സ്ഥാപിക്കുന്നു. അങ്ങനെ ആ ഗൃഹത്തില്‍ ആനന്ദം നിലനില്‍ക്കുന്നു.

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്-ഷൂയിയില്‍ ദോഷപരിഹാരത്തിനായി പ്രതീകങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പ്രതീകങ്ങളിലൂടെയുള്ള പരിഹാരങ്ങള്‍ ഭാരതത്തില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്നു എന്നതിന് പഞ്ചശിരസ്സ് തെളിവായി നില്‍ക്കുന്നു.

വി.റ്റി. ബിനു (വാസ്തുഭൂഷണ്‍),തിരുവല്ല

Ads by Google
Ads by Google
Loading...
TRENDING NOW