Thursday, May 24, 2018 Last Updated 33 Min 26 Sec ago English Edition
Todays E paper
Ads by Google
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഗവ. ജില്ലാ ആശുപത്രി, പാലക്കാട്
Tuesday 01 Aug 2017 01.51 PM

വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അവന്‍ അപമര്യാദയായി പെരുമാറി... കാരണം, അവന്റെ രോഗമറിഞ്ഞ് വീട്ടുകാര്‍ ഞെട്ടി

എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന മലയാളിയുടെ മനസില്‍ മനോരോഗങ്ങളെക്കുറിച്ച് ഇന്നും പുരാതന ചിന്താഗതികളാണുള്ളത്.
uploads/news/2017/08/132772/Weeklyaskdr010817a1.jpg

ഞാന്‍ നാല്‍പ്പതു വയസുള്ള സ്ത്രീയാണ്. മുപ്പത്തെട്ടു വയസുള്ള സഹോദരനുവേണ്ടിയാണ് ഇതെഴുതുന്നത്. പഠിക്കുന്ന കാലത്ത് അവന്‍ ശരാശരിക്കാരനായിരുന്നു. ഞാന്‍ വളരെ മിടുക്കിയും. അന്ന് അവനെ എല്ലാവരും കളിയാക്കിയിരുന്നു. ഒമ്പതാം ക്ലാസ് മുതല്‍ അവന്‍ മുറിയടച്ചിരിക്കാന്‍ തുടങ്ങിയതോടെ ഞങ്ങളെല്ലാവരും പേടിച്ചു. പിന്നീടവന്‍ വളരെ അക്രമാസക്തനാവുകയും മരിക്കാനൊരുങ്ങുകയും ചെയ്തു. അങ്ങനെ സൈക്യാട്രിക് ചികിത്സ തുടങ്ങി. പത്താം ക്ലാസ് പാസായ അവനെ തുടര്‍ന്ന് പഠിപ്പിച്ചില്ല. ഇപ്പോഴും അവന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ പഴയതുപോലെ അക്രമസ്വഭാവവും ദേഷ്യപ്പെടലും ഒന്നുമില്ല. കുറേദിവസം മുമ്പ് വീട്ടില്‍ വന്ന ഒരു പെണ്‍കുട്ടിയോട് അവന്‍ മോശമായ രീതിയില്‍ പെരുമാറി. അവളും വീട്ടുകാരും അവനെതിരേ പ്രശ്‌നങ്ങളുണ്ടാക്കി. അവനെ കല്യാണം കഴിപ്പിക്കാത്തതിന്റെ കുഴപ്പമാണിതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇപ്പോള്‍ വീട്ടിലേക്ക് ആരും വരാറുമില്ല. ഞങ്ങള്‍ എന്തുചെയ്യണം ഡോക്ടര്‍?
----വിജയമ്മ, പാലക്കാട്

നിങ്ങളുടെ സഹോദരന് സ്‌കിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗമാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. രോഗത്തിന്റെ കാലപ്പഴക്കവും മരുന്നിന്റെ വര്‍ഷങ്ങളായുള്ള ഉപയോഗവും രോഗലക്ഷണങ്ങളുടെ തീവ്രതയും കാരണം മസ്തിഷ്‌കസംബന്ധവും ബുദ്ധിപരവുമായ പലതരം ശേഷിക്കുറവുകള്‍ ഈ വ്യക്തിയില്‍ ഇതിനോടകം പ്രകടമായിട്ടുണ്ടാവാം.

വീട്ടില്‍ അതിഥിയായി വന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും രോഗത്തിന്റെ ഭാഗമായിത്തന്നെ ആയിരിക്കും. ഇത്തരം രോഗങ്ങളെക്കുറിച്ചും അവയുടെ പ്രകൃതത്തെക്കുറിച്ചും സമ്പൂര്‍ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന കേരളീയര്‍ക്ക് വ്യക്തമായ ധാരണയില്ല എന്നതാണു വാസ്തവം. എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന മലയാളിയുടെ മനസില്‍ മനോരോഗങ്ങളെക്കുറിച്ച് ഇന്നും പുരാതന ചിന്താഗതികളാണുള്ളത്.

മികച്ച രീതിയിലുള്ള മനശാസ്ത്ര ചികിത്സകള്‍ സ്‌കിസോഫ്രീനിയ രോഗങ്ങളില്‍ മിക്കതിനെയും നിയന്ത്രിക്കാനും രോഗിയെ സാധാരണ നിലയിലേക്കു കൊണ്ടുവരാനും സഹായിക്കുന്നതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ രോഗങ്ങള്‍ ചികിത്സകളോട് നല്ലവണ്ണം പ്രതികരിക്കാറുമില്ല.

ഇലക്‌ട്രോ കംപള്‍സീവ് തെറാപ്പി(ഷോക്ക് ട്രീറ്റ്‌മെന്റ്) ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സകളും നല്‍കിയാലും രോഗത്തെ ഒരു പരിധിയിലധികം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുമുണ്ട്. ഇത്തരം രോഗാവസ്ഥകളില്‍ ചികിത്സ വിജയകരമാകാത്തതിന് പല കാരണങ്ങള്‍ പറയപ്പെടുന്നു.

മെല്ലെമെല്ലെ രോഗലക്ഷണങ്ങള്‍ വളരുന്നത്, രോഗത്തിനു മുമ്പ് സങ്കോചത്തോടെ ഉള്‍വലിയുന്ന വ്യക്തിത്വശൈലി, അശാന്തമായ ഗൃഹാന്തരീക്ഷം, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സ്‌കിസോഫ്രീനിയ ഉള്ളത്, വൈകിയുള്ള ചികിത്സ, ഉദാസീനതയും നിര്‍വികാരതയും, സാമൂഹികക്ഷമതയില്ലായ്മ തുടങ്ങിയ നെഗറ്റീവ് ലക്ഷണങ്ങളൊക്കെ അതില്‍പ്പെടും.

ജീവിതത്തിന്റെ എല്ലാത്തരത്തിലുമുള്ള വൈകല്യങ്ങള്‍ക്ക് സ്‌കിസോഫ്രീനിയ ഒരു പ്രധാന കാരണമായി കരുതപ്പെടുന്നു. പാരമ്പര്യ-ജനിതക ഘടകങ്ങളും മസ്തിഷ്‌ക ഘടനയും വ്യക്തിയുടെ ചുറ്റുപാടുകളുമൊക്കെ രോഗത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുവെന്നാണ് വൈദ്യസമൂഹത്തിന്റെ നിഗമനം.

മിക്കപ്പോഴും ഇതൊരു ആജീവനാന്ത രോഗാവസ്ഥയായി കാണപ്പെടാറുണ്ട്. അടുത്ത ബന്ധുക്കള്‍ക്കു രോഗമുള്ള സാഹചര്യത്തില്‍ കുടുംബത്തിലെ പുതുതലമുറയെ വിവിധ മനശാസ്ത്ര- മസ്തിഷ്‌ക ചികിത്സാ പരിശീലന മാര്‍ഗങ്ങളിലൂടെയും ലഹരിപദാര്‍ത്ഥങ്ങള്‍ അനുവദിക്കാതിരിക്കുന്നതിലൂടെയും പ്രതിസന്ധികളില്‍ പിന്തുണ നല്‍കുന്നതിലൂടെയും ഒരു പരിധിവരെ രക്ഷിക്കാം.

സഹോദരന് കൃത്യമായി മരുന്നുകള്‍ കൊടുക്കാനും അയാളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചികിത്സിക്കുന്ന ഡോക്ടറെ സമീപിച്ച്, ദുര്‍ബലപ്പെട്ടു കാണുന്ന വ്യക്തിക്ഷമതകളെ മെച്ചപ്പെടുത്തുന്നതിനുള്ള മനശാസ്ത്ര പരിശീലന മാര്‍ഗങ്ങളെക്കുറിച്ചും ആലോചിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW