Saturday, July 29, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Saturday 29 Jul 2017 04.14 PM

മഴയഴകേ...

മഴ, പലര്‍ക്കും അതൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്. മനസ് കുളിര്‍പ്പിക്കുന്ന അനുഭവമാണ്. എങ്കിലും ചില സമയങ്ങളില്‍ മഴ ജീവിതത്തില്‍ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു.
uploads/news/2017/07/131888/mazhanostlagik.jpg

മഴ, അത് താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്‌നേഹവുമാണ്. മഴയ്ക്ക് മുഖങ്ങള്‍ പലതാണ്. ചന്നം ചിന്നം പെയ്തു തുടങ്ങി പിന്നെ എല്ലാം നനച്ച് ഭൂമിയെ കുളിര്‍പ്പിച്ച്, പച്ച പുതപ്പിച്ച്, തണുപ്പിച്ച്...

പിന്നെ പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയുടെ മുഖം. ദുരിതത്തിന്റെയും ദാരിദ്രത്തിന്റെയും മുഖം. ഒടുവില്‍ എല്ലാം തകര്‍ത്ത് കടപുഴക്കിക്കൊണ്ട് പോകുന്ന സംഹാര മുഖം. എങ്കിലും മഴയെ എല്ലാവര്‍ക്കും ഇഷ്ടമാണ്.

മനസില്‍ മയില്‍ത്തുണ്ടുപോലെ ഒളിപ്പിച്ച വികാരങ്ങളുടെ സമ്മേളനമാണ് മഴ. പുതുമഴയില്‍ ഒന്നു നനയാന്‍, മഴ മണ്ണില്‍ വീഴുമ്പോഴുള്ള സുഗന്ധം നുകരാന്‍ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല. ഗൃഹാതുരതയുടെ മണവും നിനവുമുള്ള മഴ ഓര്‍മ്മകളിലൂടെ...

ഓര്‍ഡിനറി യാത്ര


പ്രകൃതി ഒരുക്കിയ അത്ഭുതച്ചാര്‍ത്ത്. വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അത്ഭുതംതന്നെയാണ് ഗവി. ഋതുഭേദങ്ങള്‍ മാറിമറിയുമ്പോള്‍ ഗവിക്ക് ഓരോ ഭാവമാണ്.

അല്‍പം സാഹസികതയുണ്ടെങ്കിലും മഴക്കാലത്തെ ഗവി യാത്രയാണ് കൂടുതല്‍ സുന്ദരം. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടര്‍ കെ.സി ബാനര്‍ജി കണ്ട ഗവിയിലെ മഴയിലൂടെ...

ആങ്ങമൂഴി കഴിഞ്ഞാല്‍ പിന്നെ വനത്തിലൂടെയാണ് യാത്ര. റോഡ് എന്ന് പറയാന്‍ കഴിയില്ല, പൊട്ടിപ്പൊളിഞ്ഞ ഒരു പാത. വഴിയില്‍ വന്യമൃഗങ്ങളെ കാണാം. മിക്കവാറും ബസ് വരുന്ന വഴിയില്‍ ആനക്കൂട്ടം നില്‍പ്പുണ്ടാകും. വണ്ടി നിര്‍ത്തിയിടും. ആനകള്‍ പതിയെ കാടിനുള്ളിലേക്ക് നടന്നു നീങ്ങും.

ഇതുവരെ അവറ്റകള്‍ ഉപദ്രവങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. മഴക്കാലത്ത് റോഡുകളുടെ അവസ്ഥ ദയനീയമാണ്. മാത്രമല്ല മുളയും ചെറിയ മരങ്ങളുമെല്ലാം റോഡിലേക്ക് അടിഞ്ഞു കിടക്കും. അതെല്ലാം വെട്ടിമാറ്റി യാത്ര തുടരും. ചിലപ്പോഴെക്കെ വലിയ മരങ്ങളും റോഡിലേക്ക് വീണുകിടപ്പുണ്ടാകും. ആദിവാസി യാത്രക്കാരുടെ കൈയ്യിലുള്ള വാക്കത്തി കൊണ്ട് മരം മുറിച്ചുമാറ്റും.

ഇടയ്‌ക്കെങ്ങാനും വണ്ടി ബ്രേക്ക്ഡൗണായാല്‍ പെട്ടുപോകും. വനത്തിനുള്ളില്‍ ഫോണിന് റേഞ്ചില്ല. അത്യാവശ്യം വണ്ടിപ്പണിയൊക്കെ അറിയാവുന്നതുകൊണ്ട് കുഴപ്പമില്ല.

ഗവിയില്‍ എല്ലാ സമയത്തും മഞ്ഞാണ്. രാവിലെ കറുത്ത മഞ്ഞില്‍ മൂടി നില്‍ക്കുന്ന ഗവിയുടെ ഭംഗി കണ്ടാസ്വദിക്കണം. മഴക്കാലത്തു മാത്രമാണ് കോടമഞ്ഞില്ലാത്തത്. എങ്കിലും നല്ല തണുപ്പുണ്ടാകും. യാത്രയില്‍ ഒരു കമ്പിളിപ്പുതപ്പ് കയ്യില്‍ കരുതുന്നതാണ് നല്ലത്. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ശല്യം അട്ടകളാണ്. വണ്ടിയില്‍ അട്ടയെ കണ്ടാലുടന്‍ ഉപ്പ് വിതറും.

എന്തൊക്കെ പറഞ്ഞാലും പ്രകൃതിയെ അടുത്തറിഞ്ഞുള്ള ഈ യാത്രയുടെ സുഖം ഒന്നുവേറെയാണ്. ഒന്‍പത് വര്‍ഷമായി ഞാന്‍ ഈ റൂട്ടില്‍. ഇതുപോലെ ആസ്വദിച്ച ദിവസങ്ങള്‍ വേറെ ഉണ്ടാവില്ല. മഴയായാലും മഞ്ഞായാലും വേനലായാലും ഗവി സുന്ദരിയാണ്. മഴയത്തെ ഗവിക്ക് പ്രത്യേക അഴകും.
-------- കെ.സി ബാനര്‍ജി, കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍

പെയ്‌തൊഴിയാതെ


പെയ്തു തോരാത്ത മഴയുടെ സൗന്ദര്യം തേടി മരണത്തിന്റെ നിശബ്ദതയിലേക്ക് നടന്നടുത്ത വിക്ടര്‍ ജോര്‍ജ്. മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരിക്കെ 2001 ജൂലൈ ഒന്‍പതിന് ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രമെടുക്കാനാണ് വിക്ടര്‍ പോയത്. തോരാതെ പെയ്ത മഴയും ഉരുള്‍പൊട്ടലുമെല്ലാം വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു.

മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ടും മതിവരാതെ ഇരുള്‍ വന്ന വഴിയിലൂടെ നടന്ന വിക്ടറിനെ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചെടുത്തു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും കേരളത്തിലെ മണ്‍സൂണും വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. മഴയെ സ്‌നേഹിച്ച് ഒരു മഴക്കാലം തട്ടിയെടുത്ത വിക്ടറിന്റെ ഓര്‍മ്മകളിലൂടെ മലയാള മനോരമ മുന്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍.ദേവദാസ്.

ഞങ്ങള്‍ 12 വര്‍ഷം ഒരുമിച്ച് ജോലി ചെയ്തു. വിക്ടര്‍ എടുത്ത ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. 1996 ലെ ദേശീയ ഗെയിംസില്‍ അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ വിക്ടറിന് അവാര്‍ഡുകള്‍ നേടിക്കൊടുത്തു.

9899 കാലഘട്ടത്തിലാണ് വിക്ടറിന്റെ ക്യാമറക്കണ്ണുകള്‍ പ്രകൃതിയിലേക്ക് തിരിഞ്ഞത്. വിക്ടറിന്റെ മഴച്ചിത്രങ്ങള്‍ ധാരാളമുണ്ട്. അതില്‍ എനിക്കേറ്റവും ഇഷ്ടമുള്ളത് തമിഴ്‌നാട്ടില്‍ മഴ നനഞ്ഞ് നിലം ഉഴുതുന്ന കര്‍ഷകന്റെ പടമാണ്. മീനച്ചില്‍ തീരത്തുകൂടിയൊരു മഴയാത്രാ ചിത്രപരമ്പര വിക്ടറിന്റെ മോഹമായിരുന്നു.

എനിക്ക് പിന്നീട് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫറായി. ഒരു ജൂലൈ ഒന്‍പതിന് നാഗര്‍കോവിലില്‍ വര്‍ക്ക് കഴിഞ്ഞ് ഓഫീസിലെത്തിയപ്പോഴാണ് വിക്ടറിനെ കാണാനില്ലെന്ന് അറിഞ്ഞത്. അന്ന് രാത്രിതന്നെ കോട്ടയത്തെത്തിയെങ്കിലും തൊടുപുഴയിലെത്താന്‍ കഴിഞ്ഞില്ല.

ഉരുള്‍പൊട്ടലില്‍ പെട്ടെങ്കിലും വിക്ടര്‍ തിരികെ വരുമെന്ന് പലരും പറഞ്ഞു. മൂന്നാം ദിവസമാണ് മൃതദേഹം കിട്ടിയത്. മഴയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താനുള്ള ആവേശത്തില്‍ നിശബ്ദമായെത്തിയ മരണത്തെ വിക്ടര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല..
------ പി.ആര്‍.ദേവദാസ്, മലയാള മനോരമ മുന്‍ ഫോട്ടോഗ്രാഫര്‍

പ്രകൃതിയുടെ പരിശുദ്ധി


പ്രകൃതിയുടെ അനുഗ്രഹമായ മഴയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍.

മഴ പെയ്യുന്ന സമയം, അല്ലെങ്കില്‍ മഴയ്ക്കുശേഷം,പ്രകൃതിയുടെ സൗന്ദര്യം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന സമയമിതാണ്. ഞാന്‍ മഴയുടെ ഒരുപാട് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. വെള്ളത്തുള്ളികള്‍ മുതല്‍ പുഴകളും വെള്ളച്ചാട്ടവുമെല്ലാം ഏറ്റവും സൗന്ദര്യമുള്ളതായി കാണുന്നത് മഴക്കാലത്താണ്.

നേച്ചര്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത് മഴക്കാലമാണ്. മഴ ടെക്‌നിക്കലായി ചില പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ക്യാമറയോ
ലെന്‍സുകളോ നനഞ്ഞാല്‍ പ്രശ്‌നമാണ്. അതൊന്നും നല്ല ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാറില്ല.

വെളിച്ചം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന കലയാണ് ഫോട്ടോഗ്രഫി. മഴക്കാലത്തെ ലൈറ്റും മിന്നലുമെല്ലാം നല്ല ചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്. സ്‌റ്റോറി ഓഫ് എ റെയിന്‍ ഡ്രോപ് എന്ന ഒരു സീരീസ് ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ശുദ്ധമായ ഒരു വെള്ളത്തുള്ളിയില്‍ തുടങ്ങി കടല്‍വരെയുള്ള വെള്ളത്തിന്റെ യാത്രയാണത്. വെള്ളത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമാണ് മഴ. മഴയില്ലെങ്കില്‍ പ്രകൃതിക്ക് തന്നെ ജീവിതമില്ല.

രണ്ട് മണ്‍സൂണുകള്‍ എന്ന നിലയിലാണ് കേരളീയര്‍ മഴയെ കാണുന്നത്. അമേരിക്കയിലെ യെല്ലോസ്‌റ്റോണ്‍ നാഷണല്‍പാര്‍ക്കില്‍ വച്ച് വ്യത്യസ്തമായ ഒരു മഴ കാണാന്‍ സാധിച്ചു. നോക്കെത്താ ദൂരത്തില്‍ കിടക്കുന്ന തുറന്ന ലാന്‍ഡ്‌സ്‌കേപ്പില്‍ പെയ്യുന്ന മഴ മഴയില്ലാത്ത സ്ഥലത്ത് നിന്ന് കാണാനാകും.

കേരളത്തില്‍ ഏറ്റവും സുന്ദരമായ മഴ കണ്ടത് മറയൂര്‍,കാന്തല്ലൂര്‍ ഭാഗത്താണ്. വെള്ളത്തുള്ളികളായല്ല. ആയിരക്കണക്കിന് സില്‍ക്ക് നൂലുകള്‍ താഴേക്ക് വീഴുന്നതുപോലെയാണ് അവിടെ മഴ പെയ്യുന്നത്. ഓരോ മഴയ്ക്കും അതിന്റേതായ ഭാവമുണ്ട്. തുലാവര്‍ഷത്തിന് രുദ്രഭാവമാണ്. ചെറിയ തുള്ളികളായി മഴ പെയ്യുന്നത് ഇടവപ്പാതിയിലാണ്.
------ ബാലന്‍ മാധവന്‍ , വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍

പെരുമഴക്കാലം


മഴയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ വാചാലനാകും. പ്രത്യേകിച്ച് പെരുമഴക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍. പെരുമഴക്കാലത്തിന്റെ കഥ ചര്‍ച്ച ചെയ്തപ്പോള്‍ റസാഖിനോട് ആദ്യം പറഞ്ഞത് ഇതൊരു മഴക്കാലത്തേക്ക് പ്ലേസ് ചെയ്യണമെന്നാണ്.

ഏറ്റവുമധികം സൗന്ദര്യമുള്ള ഒന്നാണ് മഴ. അതുകൊണ്ടാണ് സിനിമയിലും സാഹിത്യത്തിലുമെല്ലാം മഴയെ കലാകാരന്മാര്‍ ധാരാളമായി ഉപയോഗിക്കുന്നതും. വിരഹം വന്നാല്‍... പ്രണയം തോന്നിയാല്‍... കാമുകിക്കുവേണ്ടി അല്ലെങ്കില്‍ കാമുകനുവേണ്ടി കാത്തിരിക്കുമ്പോള്‍... കാത്തിരിക്കുന്നവര്‍ പിന്നെ കണ്ടുമുട്ടുമ്പോള്‍... എല്ലാം മഴയെ നമുക്ക് കണക്ട് ചെയ്യാം. വല്ലാത്തൊരു ഫീലാണ് അത് നമുക്ക് തരുന്നത്.

ഗൃഹാതുരതയുണര്‍ത്താനതിനു കഴിയും. മഴ ഉളവാക്കുന്ന ഒരുതരം ശബ്ദവിന്യാസമുണ്ട്. വളരെയധികം പ്രത്യേകതകളുണ്ട് അതിന്. സിനിമയിലായാലും ജീവിതത്തിലായാലും അതങ്ങനെയാണ്.

മുറി അടച്ചിരുന്നാലും മഴയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ് അറിയാതൊന്ന് തുടിക്കും. അതുപോലെയാണ് സ്‌ക്രീനില്‍ മഴപെയ്യുന്ന ശബ്ദവും.
അത്തരം ശബ്ദ വിന്യാസമുപയോഗിക്കുമ്പോള്‍ അനുഭവക്ഷമതയേറും. സിനിമ എന്ന മാധ്യമം അങ്ങനെയാണ്. ദൃശ്യത്തിലൂടെ മാത്രമല്ല,ശബ്ദത്തിലൂടെയും നമുക്കതിനെ പൊലിപ്പിക്കാനാവും.
------- കമല്‍, സംവിധായകന്‍ (കടപ്പാട് ഇന്റര്‍നെറ്റ് സൈറ്റ്)

അപകടക്കുരുക്ക്


മഴയായാലും വെയിലായാലും കോട്ടയം ടൗണില്‍ തിരക്കിനൊരു കുറവുമില്ല. തിരക്കേറിയ റോഡില്‍ ട്രാഫിക് നിയന്ത്രിക്കുന്ന കെ.സി ഷാജിമോന് മഴയൊന്നും ഒരു പ്രശ്‌നമല്ല.

മഴ പെയ്തുതുടങ്ങുമ്പോഴും മഴയ്ക്കുശേഷവും തിരക്ക് കൂടും. റെയിന്‍ കോട്ടിട്ടുകൊണ്ട് റോഡിലേക്കിറങ്ങും. അപ്രതീക്ഷിതമായി മഴ പെയ്താല്‍ പണിയാകും. കയ്യില്‍ റെയിന്‍കോട്ടുണ്ടാവില്ല, കുടയേ കാണു. കുട ചൂടിക്കൊണ്ട് ട്രാഫിക് നിയന്ത്രിക്കുക എളുപ്പമല്ല.

മഴയത്ത് ട്രാഫിക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. പ്രത്യേകിച്ച് പ്രധാന ജംഗ്ഷനുകളില്‍. മഴക്കാലത്ത് അപകടങ്ങള്‍ കൂടും. വണ്ടിയോടിച്ചു വരുന്നവരില്‍ പല സ്വഭാവക്കാരുണ്ട്. ചിലര്‍ക്ക് കാഴ്ച കുറവായിരിക്കും.

അവര്‍ സിഗ്നല്‍ കാണാതെ വാഹനം മുന്നോട്ട് എടുത്തെന്ന് വരാം. എല്ലാവരേയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ബ്ലോക്കുണ്ടാവാതെ വാഹനങ്ങള്‍ കടത്തിവിടുന്നത് അത്ര എളുപ്പമല്ല.
-----കെ.സി.ഷാജിമോന്‍ , ട്രാഫിക് സ്‌റ്റേഷന്‍, കോട്ടയം

വികൃതിമഴ


ഫ്‌ളൈറ്റിനുള്ളിലിരിക്കുമ്പോള്‍ മഴപെയ്യുന്നതറിയാന്‍ കഴിയില്ല. വെള്ളത്തുള്ളികള്‍ വിന്‍ഡോയില്‍ വീഴുന്നതുകാണുമ്പോഴാണ് മഴയാണെന്ന് മനസിലാകുന്നത്. ഇടിയും മിന്നലുമുണ്ടാകുമ്പോള്‍ വിമാനത്തിനുള്ളില്‍ കുലുക്കം അനുഭവപ്പെടും. ചിലപ്പോഴൊക്കെ മഴ മൂലം പണി കിട്ടാറുണ്ട്.

വേറൊന്നുമല്ല. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്ന സമയത്ത് മഴയുണ്ടെങ്കില്‍ പണിയാകും. യാത്രക്കാര്‍ കയറുന്ന സ്‌റ്റെപ് ലാഡറിലൂടെ വെള്ളം അകത്തേക്ക് കയറും. പിന്നെ അതൊക്കെ ക്ലീന്‍ ചെയ്യണം.

കനത്ത മഴയുണ്ടെങ്കില്‍ വിമാനം ടേക്ക് ചെയ്യാന്‍ പറ്റില്ല. ലാന്‍ഡിങ്ങിന്റെ സമയത്തും പ്രശ്‌നമാണ്. കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനം മഴമൂലം കോഴിക്കോടും തിരുവനന്തപുരത്തും ലാന്‍ഡ് ചെയ്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. ജോലിക്കിടയില്‍ ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും എനിക്ക് മഴ വലിയ ഇഷ്ടമാണ്.
----- അശ്വതി ജി നായര്‍ , എയര്‍ഹോസ്റ്റസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിശുദ്ധ ഗ്രന്ഥം


മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക് എടുക്കപ്പെടും. പിന്നെ അതിന്റെ പാരായണമാണ്.

മെല്ലെ മെല്ലെത്തുടങ്ങി, ഒടുവില്‍ ഉച്ചസ്ഥായിലെത്തി വീണ്ടും മന്ദഗതിയില്‍ ആകുന്ന ഹിന്ദുസ്ഥാനി സംഗീതം പോലെ..... ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം.... ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞുചേരുന്നത്.... പ്രകൃതി ഉര്‍വരമാകുന്നത്.... മനസ് തളിര്‍ക്കുന്നത്.

മഴയ്ക്ക് മൃദുലമായ അനേകം ഭാവങ്ങള്‍ ആവിഷ്‌ക്കരിക്കാനാവും. ഏത് വികാരങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ അതിന് കഴിയും. പ്രകൃതിയുടെ അത്ഭുതങ്ങളിലൊന്നാണ് മഴ. നവരസങ്ങള്‍ കാണിക്കുന്ന പ്രതിഭാസമാണ് മഴ.

എല്ലാവരും സൗഹൃദങ്ങളില്‍ ജീവിക്കുന്ന ഒരു കാലമുണ്ട്, കോളജ് പഠനകാലം. അതിനുശേഷം ഞാന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ഒരുപാടുണ്ടായി. ഒരു മഴക്കാലത്ത് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഴപ്പുസ്തകം എന്ന ആശയം മനസിലേക്ക് വരുന്നത്.

കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ആന്തോളജി പുസ്തകങ്ങളിലൊന്നാണ് മഴപ്പുസ്തകം. ഞാനും ഫൈസല്‍ ബിന്‍ അഹമ്മദും ചേര്‍ന്നാണ് തയ്യാറാക്കിയത്. മഴയുടെ ഭാവങ്ങള്‍ പോലെ തന്നെ പുസ്തകത്തിന്റെ ഉള്ളടക്കത്തേയും ഏകീകരിക്കാന്‍ ശ്രമിച്ചു.

തുലാവര്‍ഷം, ഇടവപ്പാതി, പുതുമഴ എന്നിങ്ങനെ മഴക്കവിതകളും, മഴയെക്കുറിച്ചുള്ള കഥകളെ മഴക്കഥകളായും മഴയെക്കുറിച്ചുള്ള ലേഖനങ്ങളെ മഴക്കുറിപ്പുകളായും തിരിച്ചു. മഴയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും കൂടിയായപ്പോള്‍ പുസ്തകം ഒരു സമ്പൂര്‍ണ്ണ സമാഹാരമായി.

2001 ഡിസംബര്‍ 31 കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്കു സമീപമാണ് പുസ്തകം പ്രകാശനം ചെയ്തത്, കത്തിച്ചുവച്ച മെഴുകുതിരികളെയും സാഹിത്യത്തെയും പ്രകൃതിയെ സ്‌നേഹിക്കുന്ന എഴുത്തുകാരേയും സാക്ഷിയാക്കി കഥാകൃത്ത് റോസ്‌മേരി കെ.പി.രാമനുണ്ണിക്ക് നല്‍കിക്കൊണ്ട്. പുസ്തകം വായിച്ചിട്ട് ഒരു സുഹൃത്ത് വിളിച്ചു. മഴ എല്ലാവര്‍ക്കും സൗന്ദര്യത്തിന്റെ വലിയ നായിക ഭാവങ്ങളാണ്. പക്ഷേ പല സമയത്തും മഴ എന്റെ ചോര്‍ന്നൊലിക്കുന്ന കൂരയാണ്് എന്ന് പറഞ്ഞു.
----- ടോണി ചിറ്റേട്ടുകളം , കഥാകൃത്ത്,സംവിധായകന്‍

കരകാണാക്കടല്‍ തേടി


കടലിന്റെ ആഴങ്ങളില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന പെണ്‍കരുത്ത്. രേഖ, കടലിലെ മഴ അനുഭവങ്ങളെക്കുറിച്ച്.
10 വര്‍ഷമായി മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്നു. ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് കടലില്‍ പോകുന്നത്. കരയിലേതുപോലല്ല കടലിലെ മഴ. ശക്തമായ കാറ്റാണവിടെ. തണുത്ത് വിറങ്ങലിക്കും. കാറ്റുള്ള സമയത്ത് ഫൈബര്‍ ബോട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണ്. വള്ളം മറിയുമെന്ന് തോന്നും.

മഴ കനക്കുകയാണെങ്കില്‍ വലയിടാതെ തിരികെ പോരും. ശക്തമായ മഴത്തുള്ളികള്‍ വീഴുമ്പോള്‍ ശരീരമാകെ വേദനിക്കും. ഒരിക്കല്‍ കടലില്‍ പോയ സമയത്ത് ശക്തമായ മിന്നലുണ്ടായിരുന്നു.

ഓരോ മിന്നലും ദേഹത്ത് പതിക്കുന്നതുപോലെയാണ് തോന്നിയത്. മിന്നലിന്റെ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ചുപോകും. തിരികെ പോരാന്‍ വഴിപോലും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല.
----- രേഖ , മത്സ്യബന്ധന തൊഴിലാളി, കൊല്ലം

കണ്ണീര്‍മഴ


മഴ ആഘോഷമാക്കി മാറ്റുന്നവര്‍ക്കിടയിലുണ്ട് ചില വേറിട്ട മുഖങ്ങള്‍. അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്നവര്‍. അവര്‍ക്ക് മഴ അനുഗ്രഹമല്ല,ശാപമാണ്. ആ കൂട്ടത്തിലൊരാളാണ് നിര്‍മ്മല. തിരുവനന്തപുരം പൂജപ്പുരയിലെ പത്രവില്‍പ്പനക്കാരി. മഴയില്‍ കുതിര്‍ന്ന നിര്‍മ്മലയുടെ ദിവസങ്ങളെക്കുറിച്ച്.

പത്രക്കെട്ടുകളെടുക്കാന്‍ രാത്രി രണ്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങും. മൂന്ന് മണിയോടെ പൂജപ്പുരയിലെത്തും. മഴപെയ് താല്‍ റോഡിലൊക്കെ വെള്ളമാകും. നടന്നുപോകുമ്പോള്‍ വണ്ടികളൊക്കെ ചെളിതെറിപ്പിച്ച് പോകും. റോഡില്‍വച്ച് വസ്ത്രം മാറാന്‍ കഴിയില്ലല്ലോ? പത്രം വിറ്റുതീരുന്നതുവരെ ചെളിയുള്ള വസ്ത്രങ്ങളുമായി ഇരിക്കും.

ഒരു മെഡിക്കല്‍ ഷോപ്പിന് മുമ്പില്‍ ഇരുന്നാണ് പത്രം വില്‍ക്കുന്നത്. ആ സമയത്തും ഇത്തരത്തില്‍ വെള്ളം തെറിപ്പിച്ച് വാഹനങ്ങള്‍ കടന്നുപോകും. വഴിയിരികില്‍ ആളുകളെ കണ്ടാലും സ്പീഡ് കുറയ്ക്കില്ല. ചിലപ്പോഴൊക്കെ സങ്കടം തോന്നും.കാരണം പത്രങ്ങളൊക്കെ നനഞ്ഞിട്ടുണ്ടാകും.

പക്ഷേ ആരോടും പരാതി പറയാന്‍ പറ്റില്ലല്ലോ? ശ്രദ്ധക്കുറവ് കൊണ്ട് പറ്റിയതല്ലേ? അന്നത്തെ നഷ്ടം സഹിക്കാതെ വേറെ വഴിയില്ലല്ലോ? മഴക്കാലത്ത് പത്രങ്ങള്‍ കഴിവതും പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയാണ് വില്‍പന.
---- നിര്‍മ്മല , പത്രവിതരണം, പൂജപ്പുര

** അപകടക്കാലം
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അപകടങ്ങള്‍ കൂടുന്ന സമയമാണ് മഴക്കാലം. മഴക്കാലത്ത് തീപിടുത്ത സാധ്യത കൂടുതലാണ്. മരം വീണുണ്ടാകുന്ന അപകടങ്ങളും കുറവല്ല. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും ഫയര്‍ഫോഴ്‌സ് എത്തിയാണ്് മരം മുറിച്ചു മാറ്റുന്നത്.
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് കിണര്‍ തേകാനിറങ്ങുന്നവര്‍ അപകടങ്ങളില്‍ പെടാറുണ്ട്. വെള്ളപ്പൊക്ക സമയത്ത് ഒറ്റപ്പെട്ട തുരുത്തുകളില്‍ താമസിക്കുന്നവരെ രക്ഷപെടുത്താനും ഫയര്‍ഫോഴ്‌സ് എത്തുന്നു.

ബുദ്ധിമുട്ടുള്ള ജോലിയാണ് ഞങ്ങളുടേത്. മഴക്കാലത്ത് അതു കൂടുതലാണെന്ന് മാത്രം. പലപ്പോഴും ഗുണഭോക്താക്കളുടെ അടുത്തെത്താന്‍ താമസം നേരിടാറുണ്ട്.
---- സുരേഷ് കുമാര്‍, ഫയര്‍മാന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ കോട്ടയം

പേടിയേതുമില്ലാതെ


വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ കെ.എം. ജലാലുദ്ദീന് ഡാമിന്റെ സുരക്ഷയെക്കുറിച്ച് പേടിയില്ല. മഴ കുറയുന്നതിനെക്കുറിച്ചാണ് ഇടുക്കിക്കാരുടെ ആശങ്ക. ഡാം സുരക്ഷിതമാണ് എന്ന് കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. എത്ര മഴപെയ്താലും ഇടുക്കി ഡാം പൊട്ടുമെന്ന ഭയമില്ല. ഞങ്ങളെ ഭയപ്പെടുത്തുന്നത് മുല്ലപ്പെരിയാര്‍ ഡാമാണ്. ഡാം പൊട്ടിയാല്‍ ആദ്യം വെള്ളമെത്തുന്നത് ഇടുക്കിയിലേക്കാണ്.

ഇടുക്കിയില്‍ ഇത്തവണ മഴ കുറവാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്തുപോലും മഴ തീരെ ഇല്ല. ഡാമിലിപ്പോള്‍ 10% വെള്ളമേ ഉള്ളു. അതുകൊണ്ട് പമ്പിങ് നടക്കുന്നില്ല. 25 വര്‍ഷത്തിനുള്ളില്‍ ഇത്രയും മഴ കുറയുന്നത് ആദ്യമായിട്ടാണ്. 10 വര്‍ഷം മുമ്പുവരെ മഴപെയ്യുമ്പോള്‍ ഞങ്ങളെ അലട്ടിയത് മലയിടിച്ചിലായിരുന്നു.

പേടിച്ചിട്ട് ഉറങ്ങാന്‍ പോലും പറ്റില്ല. ഇപ്പോള്‍ മഴ കുറവായതുകൊണ്ട് ആ പേടി ഇല്ല. മഴ ഇവിടുത്തുകാരെ കാര്യമായി ബുദ്ധിമുട്ടിച്ചിട്ടില്ല. വെള്ളം പൊങ്ങുന്ന സമയത്ത് മാത്രമേ പ്രശ്‌നമുള്ളു.

ആ സമയത്ത് ചെറുതോണി ഡാം വഴി വെള്ളം തുറന്നുവിടും. വെള്ളം കുത്തിയൊലിച്ച് റോഡ് ഇടിഞ്ഞുപോയതല്ലാതെ കാര്യമായ പ്രശ്‌നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
---- കെ.എം. ജലാലുദ്ദീന്‍ , പഞ്ചായത്ത് മെമ്പര്‍,വാഴത്തോപ്പ്,ഇടുക്കി

അശ്വതി അശോക്

Ads by Google
Saturday 29 Jul 2017 04.14 PM
YOU MAY BE INTERESTED
TRENDING NOW