Tuesday, September 05, 2017 Last Updated 8 Min 29 Sec ago English Edition
Todays E paper
Friday 28 Jul 2017 04.23 PM

വാസ്തു ശാസ്ത്രവും ഗൃഹനിര്‍മ്മാണവും

uploads/news/2017/07/131587/jyothi280717a.jpg

അനേക കോണുകളോടുകൂടിയ ഭൂമി നന്നല്ല. അങ്ങനെയുള്ള ഭൂമി ഡിവിഷന്‍ നടത്തി ചതുരാകൃതിയാക്കണം. കന്നിരാശി ഉയര്‍ന്നും വടക്കോട്ടും കിഴക്കോട്ടും ചരിവുള്ള ഭൂമി പ്രകൃത്യാ ഉത്തമം. വിപരീത സ്വഭാവമുള്ള ഭൂമി ചതുരശ്രമാക്കി താഴ്ചയുള്ള ഭാഗം മണ്ണിട്ടുയര്‍ത്തി ശുഭമാക്കാവുന്നതാണ്.

നാം അധിവസിക്കുന്ന പ്രകൃതിക്ക് ഒരു താളക്രമമുണ്ട്. ഈ താളക്രമത്തിന് അടിസ്ഥാനം പ്രധാനമായും രണ്ടു ഊര്‍ജ്ജപ്രവാഹങ്ങളുടെ സാന്നിധ്യമാണ്. ഭൂമിയുടെ സ്വയം ഭ്രമണം മൂലമുണ്ടാകുന്ന, കിഴക്കുനിന്നും പടിഞ്ഞാറോട്ടുള്ള ഗതികോര്‍ജ്ജമാണ് ഒന്ന്. ഉത്തരധ്രുവത്തില്‍നിന്നും ദക്ഷിണധ്രുവത്തിലേക്കുള്ള കാന്തികോര്‍ജ്ജ പ്രവാഹമാണ് മറ്റൊന്ന്. ഭൂമിയുടെ അച്ചുതണ്ടിന് 23 1/2 ഡിഗ്രി ചരിവുള്ളതിനാല്‍ ഗതികോര്‍ജ്ജ പ്രവാഹ ദിശ വടക്കുകിഴക്കുനിന്നും തെക്കുപടിഞ്ഞാറേക്കാണ്.

പരസ്പരാശ്രിതമായ ജീവിതത്തില്‍ സമാധാനവും അഭിവൃദ്ധിയും ഏതൊരു മനുഷ്യന്റെയും ന്യായമായ ആഗ്രഹവും അവകാശവുമാണ്. ഇതു സഫലമാക്കുന്നതില്‍ ഒരുവന്റെ വാസസ്ഥലത്തിന്റെയും ഭവനത്തിന്റെയും ശുഭാവസ്ഥയ്ക്ക് പ്രമുഖസ്ഥാനമാണുള്ളത്.

പ്രകൃതിയെ മനസ്സിലാക്കി ദോഷങ്ങളില്ലാത്ത സ്ഥാനനിര്‍ണ്ണയത്തിനും ഗൃഹനിര്‍മ്മാണത്തിനും മനുഷ്യനെ പ്രാപ്തനാക്കുന്നത് വാസ്തു ശാസ്ത്രമാണ്. ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഒന്നാണ് ഗൃഹനിര്‍മ്മാണം. വാസ്തു ശാസ്ത്രാധിഷ്ഠിതമായ ഗൃഹങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഐശ്വര്യവും സുഖാനുഭവങ്ങളുമുണ്ടാകും.

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിങ്ങനെ അഞ്ചു മൂലധാതുക്കളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം. ഈ പഞ്ചഭൂതങ്ങളുടെയും പ്രകടിത രൂപങ്ങളാണ് മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളും ഭൗതിക വസ്തുക്കളും പഞ്ചഭൂതങ്ങളുടെ രഹസ്യങ്ങളും.

വീടുകളില്‍ അവയുടെ ദിവ്യ പ്രവൃത്തികളെപ്പറ്റിയുള്ള അറിവ് വാസ്തുശാസ്ത്രം നമുക്ക് നല്‍കുന്നു. ഈ അറിവ് ആത്മാര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഭവനം സൗഭാഗ്യമുള്ളതാക്കാന്‍ കഴിയും.

ലക്ഷണമൊത്ത ഒരു ഭവന നിര്‍മ്മാണത്തിന് സ്ഥാനനിര്‍ണ്ണയം, ഗൃഹദര്‍ശനം, വീടിന്റെ ചുറ്റളവ്, കിണറിന്റെ സ്ഥാനം, അടുക്കളയുടെ സ്ഥാനം, ടോയിലെറ്റിന്റെ സ്ഥാനം, ബ്രഹ്മസൂത്രം- യമസൂത്ര തത്വപാലനം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ചുരുങ്ങിയ വാക്കുകളിലൂടെ ഈ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണിവിടെ.

1. ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമിയുടെ സ്വഭാവം


കഴിവതും ചതുരാകൃതിയിലുള്ളതാവണം. അനേക കോണുകളോടുകൂടിയ ഭൂമി നന്നല്ല. അങ്ങനെയുള്ള ഭൂമി ഡിവിഷന്‍ നടത്തി ചതുരാകൃതിയാക്കണം. കന്നിരാശി ഉയര്‍ന്നും വടക്കോട്ടും കിഴക്കോട്ടും ചരിവുള്ള ഭൂമി പ്രകൃത്യാ ഉത്തമം. വിപരീത സ്വഭാവമുള്ള ഭൂമി ചതുരശ്രമാക്കി താഴ്ചയുള്ള ഭാഗം മണ്ണിട്ടുയര്‍ത്തി ശുഭമാക്കാവുന്നതാണ്.

2. വീടിന്റെ ചുറ്റളവ്


വീടിന്റെ ചുറ്റളവ് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ആവശ്യവും സാമ്പത്തികാവസ്ഥയും അനുസരിച്ച് വീട് വയ്ക്കുമ്പോള്‍ ഉത്തമമായ ചുറ്റളവിന് ശ്രദ്ധിക്കണം. മനുഷ്യന്റെ അവസ്ഥപോലെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം എന്നീ അവസ്ഥകള്‍ വീടിനും പറയണം. ഇതില്‍ തന്നെ കൗമാരവും, യൗവ്വനവും അവസ്ഥയിലുള്ള ഉത്തമ അളവുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

3. കിണര്‍


കിണറും വീടും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. വീടിന്റെ ശുഭരാശിയില്‍ തന്നെ കിണര്‍ വരണം. തെക്ക്, തെക്ക് പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, തെക്കുകിഴക്കു ഭാഗങ്ങളില്‍ കിണര്‍ ശുഭമല്ല. കഴിവതും കുംഭം, മീനം, മേടം രാശികളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം. ദോഷസ്ഥാനത്തുള്ള കിണര്‍ ചെറുമതില്‍ കെട്ടി തിരിച്ചു, വീടിന്റെ ജലരാശിയില്‍ ജലസാന്നിധ്യം ഉറപ്പാക്കി ദോഷമകറ്റാം.

4. അടുക്കള


ഒരു ഭവനത്തില്‍ അടുക്കളയുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. അഗ്നികോണ്‍, വായുകോണ്‍, പാര്‍ജന്യപദം എന്നിവ അടുക്കളയ്ക്ക് നന്ന്. കന്നിമൂലയും ഈശാനകോണും അനുയോജ്യമല്ല. രോഗദുരിതങ്ങളും ദുഃഖങ്ങളും ഇവ അന്തേവാസികള്‍ക്ക് നല്‍കും.

ഈശാന കോണിലെ അടുക്കള എന്തുകൊണ്ട് ശുഭമല്ല?


ഈശാനന്‍ എന്നാല്‍ ഈശ്വരന്‍ എന്നര്‍ത്ഥം. അതായത്, പൂജാമുറിക്ക് വിധിക്കപ്പെട്ട സ്ഥാനം. ഭൗമോപരിതലത്തിലെ വായുപ്രവാഹം നേര്‍കിഴക്ക് ദിശയില്‍ നിന്നല്ല. മറിച്ചു വടക്കുകിഴക്ക് ദിശയില്‍നിന്നും കന്നിരാശിയിലേക്കാണ്. കാരണം ഭൂമിയുടെ അച്ചുതണ്ടിന് 23 1/2 ഡിഗ്രി ചരിവുള്ളതാണ്. അപ്പോള്‍ ഈശാനകോണിലെ അടുക്കളയില്‍ നിന്നുള്ള പ്രതികൂല ഊര്‍ജ്ജം വീടിന്റെ ബ്രഹ്മസ്ഥാനത്തേക്ക് തള്ളിനീക്കപ്പെടുന്നതിനാല്‍ സുകൃതനാശം ഫലം.

5. ടോയ്‌ലെറ്റുകള്‍


വീടിന്റെ ഒരു മൂലയിലും ടോയിലെറ്റുകള്‍ നന്നല്ല. തെക്കുവശവും പടിഞ്ഞാറുവശവും നന്ന്. വടക്കുവശം മദ്ധ്യമം.

6. സെപ്ടിക് ടാങ്ക്


സെപ്ടിക് ടാങ്ക് ഒരു കാരണവശാലും കന്നിരാശിയില്‍ വരാതെ ശ്രദ്ധിക്കണം. മൂലരാശികള്‍ ഒഴിവാക്കി തെക്കും പടിഞ്ഞാറും ഇതിന് അനുയോജ്യം.

7. ഗൃഹദര്‍ശനം


നാലു ദിക്കിലേക്കും ഗൃഹദര്‍ശനം ആകാം. അതിന് അടിസ്ഥാനപരമായി എടുക്കേണ്ടത് രാജവീഥിയാണ്. അതായത് പുരയിടത്തിന്റെ പടിഞ്ഞാറുവശത്തു കൂടിയാണ് വഴിയെങ്കില്‍ ഗൃഹദര്‍ശനം പടിഞ്ഞാറു നന്ന്.

8. കോണിപ്പടികള്‍


കഴിവതും പ്രദിക്ഷണ രീതിയില്‍ കോണിപ്പടികള്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുക. അതായത് പടി കയറുന്ന ആള്‍ ഇടത്തേക്കു തിരിഞ്ഞു കയറുന്ന രീതി ഈശാനകോണ്‍, നിരൃതികോണ്‍, ബ്രഹ്മസ്ഥാനം, പ്രധാന വാതിലിന് അഭിമുഖമായി വരുന്ന ഭാഗം എന്നിവ കോണിപ്പടി നിര്‍മ്മാണത്തിന് നന്നല്ല.

9. ബ്രഹ്മസൂത്ര- യമസൂത്രങ്ങള്‍


ഗൃഹമധ്യത്തിലൂടെ കിഴക്കു പടിഞ്ഞാറായി രൂപപ്പെടുത്തുന്ന സങ്കല്‍പ്പ രേഖയാണ് ബ്രഹ്മസൂത്രം. കിഴക്കുനിന്നുള്ള ഗതികോര്‍ജ്ജം കടന്നുപോകാന്‍ വേണ്ടിയുള്ളതാണിത്.

ഗൃഹമധ്യത്തിലൂടെ വടക്കുനിന്നും തെക്കോട്ട് (യമദിക്ക്) കടന്നുപോകുന്ന സങ്കല്‍പ്പ രേഖയാണ് യമസൂത്രം. ഇതിലൂടെ കാന്തികോര്‍ജ്ജപ്രവാഹം ഉറപ്പുവരുത്താം. ഇവ രണ്ടും ഒരു ഭവനത്തിന്റെ ശ്വസന വ്യവസ്ഥകളാണ്. ഇതിന്റെ അഭാവം അന്തേവാസികള്‍ക്ക് വിപരീത ഫലങ്ങള്‍ നല്‍കും.

10. കന്നിരാശിയുടെ പ്രാധാന്യം


ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗമാണ് കന്നിരാശി. ഇവിടേക്ക് നീരൊഴുക്കുണ്ടായാല്‍ ധനനാശം പറയണം. കിണര്‍, കുളം, കുഴി, സെപ്ടിക് ടാങ്ക്, ടോയ്‌ലെറ്റ് തുടങ്ങിയവയൊന്നും ഈ ഭാഗത്ത് നന്നല്ല. ഈ ഭാഗം ശുചിത്വമുള്ളതായിരിക്കണം. അന്തേവാസികളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്നതിനാല്‍ ഈ ഭാഗത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

11. ബ്രഹ്മസ്ഥാനം


വീടിന്റെ ബ്രഹ്മസ്ഥാനത്ത് താഴ്ചയോ, തൂണോ, ബീമോ, ഭിത്തിയോ വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

12. പഠന സ്ഥാനം


വീടിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള മുറി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിയാക്കാവുന്നതാണ്. ഈ മുറിയില്‍ വടക്കോട്ടോ, കിഴക്കോട്ടോ അഭിമുഖമായിരുന്നുള്ള പഠനം ഗ്രഹണശേഷി വര്‍ദ്ധിപ്പിക്കുന്നു.

13. ശയനദിശ


ഒരാളിന്റെ ശയനദിശ കിഴക്കോട്ടായാല്‍ ഉത്തമം. തെക്കോട്ടും ശിരസ്സുവരത്തക്കവിധം കിടക്കാം. ഒരു കാരണവശാലും വടക്കോട്ട് ശിരസ്സുവച്ചുറങ്ങരുത്.

14. മാസ്റ്റര്‍ ബെഡ് റൂം


ഒരു വീടിന്റെ കന്നിമൂലയില്‍ വരുന്ന ശയനമുറിയാണിത്. വീട്ടുടമയ്ക്ക് സൗഭാഗ്യം നല്‍കുന്ന ശയനസ്ഥമാണത്.

15. ഈശാനകോണ്‍


വീടിന്റെ വടക്കു കിഴക്കു ഭാഗമാണിത്. ഗൃഹത്തിലേക്കുള്ള അനുകൂല ഊര്‍ജ്ജം വരുന്ന ദിക്കായതിനാല്‍ ടോയിലെറ്റ്, ബാത്ത്‌റൂം തുടങ്ങിയവ ഇവിടെ നന്നല്ല. തുളസി, മണ
മുള്ള പൂക്കള്‍ പിടിക്കുന്ന ചെടികള്‍ തുടങ്ങിയവ ഇവിടെ നട്ടുവളര്‍ത്തുന്നത് നന്നായിരിക്കും.

16. പൂജാസ്ഥാനം


ഈശാനകോണ്‍ ഉത്തമം. അഗ്നികോണ്‍ നിഷിദ്ധം. ബ്രഹ്മസ്ഥാനവും വടക്കുവശവും യോജ്യം തന്നെ. ഐശ്വര്യദീപം സിറ്റൗട്ടില്‍ നന്നല്ല.

17. പ്രധാന വാതില്‍


കഴിവതും ഒരിനം തടി ഉപയോഗിക്കണം. അതായത് കട്ടിളയ്ക്കുപയോഗിക്കുന്ന ഇനം തടി തന്നെ ഉപയോഗിച്ച് കതക് പണിയാന്‍ ശ്രദ്ധിക്കുക. മറ്റു വാതിലുകളേക്കാള്‍ അല്പം വലുതായിരിക്കണം. കതകില്‍ ജലതരംഗങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന ഡിസൈന്‍ കഴിവതും ഒഴിവാക്കണം. ഉത്തമസ്ഥാനത്തുവേണം പ്രധാനവാതില്‍ സ്ഥാപിക്കേണ്ടത്.

18. പ്രധാന ഗേറ്റ്


കോമ്പൗണ്ട് വാള്‍ കെട്ടുമ്പോള്‍ പ്രധാനഗേറ്റിന്റെ സ്ഥാനം നിര്‍ണ്ണായകമാണ്. നവഗ്രഹസ്ഥാന സങ്കല്‍പ്പം നടത്തി ഉത്തമസ്ഥാനത്തു ഗേറ്റ് സ്ഥാപിക്കണം. മതിലിന്റെ മധ്യഭാഗത്തുവരുന്ന ബുധ-വ്യാഴ-ശുക്ര മണ്ഡലങ്ങള്‍ ഗേറ്റിനുത്തമം.ഗൃഹനിര്‍മ്മാണവേളയില്‍ മേല്‍ വിവരിച്ച വസ്തുതകള്‍ ശ്രദ്ധിച്ചാല്‍ സന്തോഷവും ഐശ്വര്യവും ഒരു പരിധിവരെ ഉറപ്പുവരുത്താന്‍ കഴിയും.

ജി. സുരേന്ദ്രന്‍ ആചാരി MA. BEd
വാസ്തു ആസ്‌ട്രോ , കണ്‍സള്‍ട്ടന്റ്

Ads by Google
TRENDING NOW